വിളക്കിൻ ചോട്ടിലിരുന്ന് പഠിച്ച എബ്രഹാം ലിങ്കന്റെ കഥ എല്ലാവർക്കും സുപരിചിതമാണ്. കഠിനാധ്വാനം ഒരിക്കലും പാഴാകില്ലെന്നും, ശ്രമിച്ചാൽ നടക്കാത്തതായി ഒന്നും തന്നെയില്ലെന്നും ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കുകയാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നുള്ള സോണൽ ശർമയുടെ ജീവിതം. ഒരു പാൽ വിൽപ്പനക്കാരന്റെ മകളായ ആ 26 -കാരി 2018 -ലെ ജുഡീഷ്യൽ സർവീസ് പരീക്ഷ ആദ്യശ്രമത്തിൽ തന്നെ പാസ്സായി. ഒരു വർഷത്തെ പരിശീലനത്തിനുശേഷം ഇപ്പോൾ സോണൽ സെഷൻസ് കോടതിയിൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായി തീർന്നിരിക്കയാണ്.    

"വളരെ കഷ്ടപ്പെട്ടിട്ടാണ് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചത്. അച്ഛൻ ദിവസവും പുലർച്ചെ നാലുമണിക്ക് ഉറക്കമുണരും. ജോലിയൊക്കെ കഴിഞ്ഞ് ഉറങ്ങുമ്പോൾ അർദ്ധരാത്രി കഴിയും. എന്റെ ഓർമ്മ വച്ച കാലം മുതൽ അച്ഛൻ കഷ്ടപ്പെടുകയാണ്. മടുപ്പിക്കുന്ന തന്റെ ദിനചര്യയിൽ നിന്ന് ഒരു ദിവസം പോലും അദ്ദേഹം അവധി എടുത്തില്ല. തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി അദ്ദേഹം പലതവണ വായ്പയെടുത്തിട്ടുണ്ട്. പക്ഷേ, അതിനെപ്പറ്റി അദ്ദേഹം ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. ഇനി എന്റെ അച്ഛന് വിശ്രമിക്കാം. അവർക്ക് സുഖപ്രദമായ ഒരു ജീവിതം നൽകാൻ എനിക്ക് ഇന്ന് കഴിയും” സോണൽ പറഞ്ഞു. 

എന്നാൽ, അച്ഛന്റെ ആ കഷ്ടപ്പാടുകളിൽ കൂട്ടായി അവളുമുണ്ടായിരുന്നു. ഇന്ന് മിക്ക കുട്ടികളും ചെയ്യാൻ മടിക്കുന്ന പല ജോലികളും അവൾ മുഖം ചുളിക്കാതെ ചെയ്‌തു. വെളുപ്പിനെ നാലുമണിക്ക് അവൾ അച്ഛനൊപ്പം ഉണർന്നു. പാൽ കറക്കാനും, ചാണകം കോരാനും, കറന്ന പാൽ വീടുകളിൽ എത്തിക്കാനും അവൾ പരിശ്രമിച്ചു. ഇതിനിടയിൽ പഠിക്കാനും അവൾ സമയം കണ്ടെത്തി. അവളുടെ തൊഴിലിടവും, പഠനമുറിയും എല്ലാം ആ കാലിത്തൊഴുത്തായിരുന്നു. സോണൽ ഒരിക്കലും കോച്ചിം​ഗിനോ, ട്യൂഷനോ പോയിട്ടില്ല. എന്നിട്ടും ബി‌എക്കും, എൽ‌എൽ‌ബിക്കും, എൽ‌എൽ‌എമ്മിനും ഒന്നാം സ്ഥാനം നേടിയതിന് മൂന്ന് സ്വർണമെഡലുകൾ കരസ്ഥമാക്കുകയുണ്ടായി.    

വിലകൂടിയ പുസ്തകങ്ങൾ വാങ്ങാൻ പണമില്ലാത്തതിന്റെ പേരിൽ മണിക്കൂറുകൾ ചിലവിട്ട് നോട്ടുബുക്കിൽ പ്രധാന ഭാഗമെല്ലാം പകർത്തി എഴുതുമായിരുന്നു അവൾ. ലൈബ്രറിയിൽ മണിക്കൂറുകളോളം ചെലവഴിക്കാൻ സൈക്കിൾ ചവിട്ടി നേരത്തെ കോളേജിൽ എത്തുമായിരുന്നു. തൊഴുത്തിൽ എണ്ണ ക്യാനുകൾ ചേർത്ത് വച്ച് ഉണ്ടാക്കിയ മേശയിലായിരുന്നു അവളുടെ എഴുത്തും പഠിത്തവുമെല്ലാം. ആ ഇരുണ്ട വെളിച്ചത്തിൽ അവൾ രാത്രി മുഴുവൻ ഇരുന്ന് പഠിച്ചു. 

പിന്നീട് 2018 -ൽ രാജസ്ഥാൻ ജുഡീഷ്യൽ സർവീസ് (ആർ‌ജെ‌എസ്) പരീക്ഷയ്ക്ക് ഹാജരായി. വെറും ഒരു മാർക്ക് കുറഞ്ഞതിന്റെ പേരിൽ, അന്ന് അവൾക്ക് യോഗ്യത നേടാനായില്ല. അവളെ വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്തി. ഭാഗ്യവശാൽ, ചേരാൻ ഉദ്ദേശിച്ച ഏഴുപേർ ചേർന്നില്ല. സെപ്റ്റംബറിൽ സോണൽ രാജസ്ഥാൻ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തു. അതിനെ തുടർന്ന് സേവനത്തിൽ ചേരാൻ ആവശ്യപ്പെട്ട് അവൾക്ക് ഹൈക്കോടതിയിൽ നിന്ന് അടുത്തിടെ ഒരു അറിയിപ്പ് ലഭിച്ചു. "മിക്കപ്പോഴും, എന്റെ ചെരുപ്പിൽ ചാണകം പുരണ്ടിരിക്കും. സ്കൂളിൽ പഠിക്കുമ്പോൾ, ഞാൻ ഒരു പാൽക്കാരന്റെ കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന് പറയാൻ എനിക്ക് ലജ്ജ തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ, എന്റെ മാതാപിതാക്കളെക്കുറിച്ച് ഓർത്ത് എനിക്ക് അഭിമാനം തോന്നുന്നു" അവർ പറഞ്ഞു.