ഇംഗ്ലണ്ടിലെ അതിമനോഹരായ ഒരു അരുവിയാണ് ബോൾട്ടൻ സ്ട്രിഡ്. പർവ്വതനിരകളുടെ താഴെ പായൽ മൂടിയ കല്ലുകൾക്കിടയിലൂടെ ഒഴുകുന്ന അതിന് വല്ലാത്തൊരു സൗന്ദര്യമാണ്. എന്നാൽ, ഈ മനോഹരമായ അരുവിക്ക് മറ്റൊരു പേരും കൂടിയുണ്ട്, 'ആളെക്കൊല്ലി'. കാരണം ഈ നീരൊഴുക്ക് അങ്ങേയറ്റം അപകടകാരിയാണ്. ഇതിന്റെ ആഴങ്ങളിൽ പതിയിരിക്കുന്ന നീർച്ചുഴികളിൽപ്പെട്ടാവരാരും പിന്നെ തിരിച്ചു വന്നിട്ടില്ല. നൂറു ശതമാനമാണ് ഇതിന്‍റെ മരണനിരക്ക്. അരുവിയുടെ കരയിൽ ഒരു മുന്നറിയിപ്പ് ഫലകം കാണാം. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: 'സ്ട്രിഡ് അപകടകാരിയാണ്. മുൻകാലങ്ങളിൽ ഒരുപാട് പേരുടെ ജീവനെടുത്തിട്ടുണ്ട് ഇത്. നന്നായി പിന്നോട്ട് നിൽക്കുക, വഴുക്കുള്ള പാറകളെ സൂക്ഷിക്കുക.'

ഈ അപകടകരമായ അരുവിലേക്ക് വീണുപോയവര്‍ മിക്കവരും ജീവനോടെ പുറത്തുവന്നിട്ടില്ലെന്നു മാത്രമല്ല, അവരുടെ ശരീരം പോലും തിരിച്ചു കിട്ടാറില്ല. പുരാതന മഠമായ ബോൾട്ടൺ പ്രിയറിയുടെ ശാന്തമായ അരികിലൂടെ കടന്നുപോകുന്ന വാർഫ് നദിയുടെ ഒരു ഭാഗമാണ് ദി സ്ട്രിഡ്. സ്ട്രിഡിൽ നിന്ന് ഏതാനും മൈൽ മുകളിലേക്ക് നദി ആഴമില്ലാത്തതും വീതിയുള്ളതുമാണ്. എന്നാൽ, കുറച്ചുകൂടി പോകുമ്പോൾ നദി പതിയെ ഇടുങ്ങിയതാവാൻ തുടങ്ങുന്നു. അവിടെയാണ് അപകടം ആരംഭിക്കുന്നത്. വീതിയുള്ളതും ആഴവുമില്ലാത്തതാകുന്നതിനും പകരം, അത് ഇടുങ്ങിയതും ആഴമേറിയതുമായി മാറുന്നു. ഒരു ഇടുങ്ങിയ വിടവിലൂടെ ഒഴുകുന്ന വെള്ളം വളരെയധികം വേഗതയും ആഴവും കൈവരിക്കുന്നു. രണ്ട് കരകളും തമ്മിലുള്ള ദൂരം കുറയുമ്പോൾ നദിയുടെ ബാക്കി വെള്ളമെല്ലാം അടിയിലുള്ള ഗുഹകളുടെയും തുരങ്കങ്ങളുടെയും വിടവിൽ മറഞ്ഞിരിക്കുന്നു. സ്ട്രിഡ് എത്ര ആഴത്തിൽ പോകുന്നുവെന്ന് ആർക്കും ശരിക്കും അറിയില്ല. ഇതാണ് ബോൾട്ടൺ സ്ട്രിഡിനെ കൂടുതൽ ഭയാനകമാക്കുന്നത്. 

ഉപരിതലത്തിൽ സ്ട്രിഡ് വളരെ മനോഹരവും ആഴമില്ലാത്തതുമാണ്. മുൻകാലങ്ങളിൽ നിരവധി സന്ദർശകർ ഇതുകണ്ട് അതിലേക്ക് എടുത്തു ചാടാറുണ്ട്. എന്നാൽ, അതിന്റെ ആഴങ്ങളിൽ പതിയിരിക്കുന്ന പാറക്കെട്ടുകളിൽ തലയിടിച്ചോ, വിള്ളലുകളിൽ കുടുങ്ങിയോ അവർ മരണപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രദേശത്തെ മരങ്ങളിൽ നിറയെ മുന്നറിയിപ്പ് അടയാളങ്ങൾ കാണാം. മരണസംഖ്യ ആരും ഔദ്യോഗിക സൂക്ഷിക്കുന്നില്ലെങ്കിലും, ഇതിനെ ലോകത്തിലെ ഏറ്റവും മാരകമായ അരുവി എന്നാണ് വിളിക്കുന്നത്. അതിൽ ഏറ്റവും മറക്കാനാകാത്ത സംഭവം 1998 -ൽ അപ്രത്യക്ഷരായ മധുവിധു ആഘോഷിക്കാനായെത്തിയ ദമ്പതികളാണ്. പെട്ടെന്നു വന്ന അതിശക്തമായ മഴയിൽ വാർഫ് നദി കുത്തിയൊഴുകാൻ തുടങ്ങിയപ്പോൾ അവർ അതിൽ മുങ്ങിമരിക്കുകയായിരുന്നു.  

ഈ ആളെക്കൊല്ലി അരുവിയെ കുറിച്ച് സാഹിത്യത്തിലും പരാമർശിക്കപ്പെടുന്നുണ്ട്. 1800 -കളുടെ തുടക്കത്തിൽ വില്യം വേഡ്‍സ് വര്‍ത്ത് തന്റെ 'ദ ഫോഴ്‌സ് ഓഫ് പ്രയർ' എന്ന കവിതയിൽ സ്ട്രിഡിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. അരുവിയിലേക്ക് കുതിക്കാൻ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന ഒരു ചെറുപ്പക്കാരനെക്കുറിച്ചാണ് അദ്ദേഹം അതിൽ എഴുതിയിരിക്കുന്നത്. 1896 -ൽ അമേരിക്കൻ എഴുത്തുകാരനായ ഗെർ‌ട്രൂഡ് ആതർ‌ട്ടൺ എഴുതിയ 'ദി സ്‌ട്രൈഡിംഗ് പ്ലേസ്' എന്ന ചെറുകഥയിലും ഈ സ്ഥലമുണ്ട്. അതിൽ അദ്ദേഹം എഴുതി: 'പ്രേതങ്ങളുണ്ടെങ്കിൽ, ഇത്രയധികം പ്രേതങ്ങളെ അവകാശപ്പെടാൻ സാധിക്കുന്ന അങ്ങേയറ്റം ഏകാന്തമായ മറ്റൊരു സ്ഥലമില്ല ഇംഗ്ലണ്ടിൽ.' ഇടറി വീഴുന്ന ജീവനുകളെ കവർന്നെടുക്കുന്ന വേഗതയിൽ സ്ട്രിഡ് ഇപ്പോഴും ശാന്തമായി ഒഴുകുന്നു.