കോടികളുടെ ആസ്തിയുള്ള ചൈനീസ് നിക്ഷേപകൻ സോഷ്യൽ മീഡിയയിലൂടെ തനിക്ക് അനുയോജ്യയായ വധുവിനെ തേടുന്നു. താൻ ഒരു തികഞ്ഞ ദേശീയവാദിയാണെന്നും സ്നേഹവും കരുതലും ഉള്ള ഒരു പങ്കാളിയെയാണ് വേണ്ടതെന്നും യുവാവ്. 

തനിക്ക് പറ്റിയ പങ്കാളിയെ തേടി ചൈനയിൽ നിന്നുള്ള കോടികളുടെ ആസ്തിയുള്ള നിക്ഷേപകൻ. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, 10 ബില്യൺ യുവാനിൽ (1.4 ബില്യൺ ഡോളർ) കൂടുതൽ ആസ്തിയുള്ള നിക്ഷേപകനാണ് ലിയു സിൻ. തനിക്ക് പറ്റിയ വധുവിനെ കണ്ടെത്താനായി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലാണ് ലിയു പരസ്യം നൽകിയിരിക്കുന്നത്. 1990 -കളിൽ ജനിച്ച താൻ ഒരു പ്രൊഫഷണൽ നിക്ഷേപകനാണെന്നും പത്തിലധികം കമ്പനികളിലെ ഏറ്റവും വലിയ 10 വ്യക്തിഗത ഓഹരി ഉടമകളിൽ ഒരാളാണെന്നും ലിയു അവകാശപ്പെട്ടു.

താൻ ഏറെ ആരാധിക്കുന്ന യുഎസ് നിക്ഷേപകനായ വാറൻ ബഫറ്റിനെ മറികടക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ലിയു മാധ്യമങ്ങളോട് പറഞ്ഞു. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ഇണയെ തിരഞ്ഞെടുക്കുക എന്നതാണ് എന്ന് ബഫറ്റ് പറഞ്ഞതായും ലിയു പറയുന്നു. താൻ ജോലിയിലാണ് കൂടുതൽ ശ്രദ്ധ നൽകിയത് എന്നതിനാൽ പ്രണയത്തിൽ വലിയ പരിചയമൊന്നും ഇല്ല. എന്നാൽ, പ്രണയത്തിൽ വളരെ വൈകാരികമായും ആഴത്തിലും ഇറങ്ങിച്ചെല്ലുന്ന ആളാണ് താൻ എന്നും ലിയു പറയുന്നുണ്ട്.

അങ്ങേയറ്റം ദേശസ്നേഹവും ദേശീയതയും ഉള്ള ആളാണ് താൻ, അതുപോലെ ആയിരിക്കണം തന്റെ ഭാവി വധുവും, അതുപോലെ സ്നേഹവും കരുതലും ഉള്ള ആളാവണം, കുട്ടികൾ വേണം തുടങ്ങിയ കാര്യങ്ങളും ലിയു മുന്നോട്ട് വയ്ക്കുന്നു. സാമ്പത്തികമായി തനിക്ക് തുല്ല്യമായ ഒരു പങ്കാളിയെ അന്വേഷിക്കുന്നതിൽ കാര്യമില്ല എന്നും ലിയു പറയുന്നു. താൻ തടിച്ചിട്ടാണ് പക്ഷേ വിരൂപനല്ല എന്നും ലിയു കുറിച്ചു. ലിയുവിന്റെ പോസ്റ്റിന് താഴെ നിരവധി സ്ത്രീകൾ തങ്ങളുടെ ചിത്രങ്ങളും വിവരവും പങ്കുവച്ചു. അതേസമയം, ലിയുവിനെ വിമർശിക്കുന്നവരും ഈ പരസ്യത്തിന് പിന്നിൽ വേറെന്തോ കാരണമായിരിക്കാം ഉള്ളത് എന്ന് പറയുന്നവരും ഉണ്ട്.