ദിനോസറുകൾ... ചരിത്രാതീതകാലത്ത് ഭൂമിയെ അടക്കി വാണിരുന്ന ജീവിവർഗ്ഗം. ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അവയെ കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ടെങ്കിലും, 1993 -ലെ സ്റ്റീവൻ സ്പിൽബർഗിന്‍റെ ജുറാസിക് പാർക്ക് എന്ന സിനിമയിലൂടെയാണ് നാം അവയെ കാണുന്നത്. ദിനോസറുകളുടെ ഭീമാകാരമായ ആനിമേറ്റഡ് രൂപം ആദ്യമായി സ്‌ക്രീനിൽ കാണുന്ന ആരും ഒന്ന് ഭയന്ന് പോകും. ദിനോസറുകളുടെ വലിയ രൂപവും, ചുവന്ന കണ്ണുകളും, കൂർത്ത പല്ലുകളും നമ്മൾ വിസ്‍മയത്തോടെ നോക്കിയിരുന്നിട്ടുണ്ട്. കൗതുകമുളവാക്കുന്ന ആ ജീവിവർഗ്ഗത്തെ കുറിച്ചറിയാൻ ഗവേഷകർ തമ്മിൽ എന്നും കടുത്ത മത്സരമായിരുന്നു. നൂറ്റാണ്ടുകളായി അവയുടെ ഉത്ഭവത്തെ കുറിച്ചും, പരിണാമത്തെക്കുറിച്ചും അനവധി പഠനങ്ങളാണ് നടന്നുവരുന്നത്. 

പക്ഷികളുടേതുപോലുള്ള തൂവലുണ്ടായിരുന്നോ?

ദിനോസറുകൾ എപ്പോഴും പരിണാമത്തിന് വിധേയമായിരുന്നു. അവയെ കുറിച്ചുള്ള ഓരോ പുതിയ കണ്ടെത്തലുകളും അതുവരെയുള്ള അനുമാനങ്ങളെ തിരുത്തിക്കൊണ്ടേയിരുന്നു. അവയുടെ പരിണാമത്തെ കുറിച്ചുള്ള പഠനത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഭൂമിയിലവശേഷിച്ച അവയുടെ ഫോസിലുകളുടെ എണ്ണം മാത്രമാണ്. ലഭ്യമാകുന്ന ഫോസ്സിലുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ദിനോസറുകളെ കുറിച്ച് നമുക്കെന്തെങ്കിലും അറിയാൻ കഴിയൂ. ഇത് പലവിധ അനുമാനങ്ങളിലേക്കും, ഊഹാപോഹങ്ങളിലേക്കുമാണ് നയിച്ചത്. 

ഈ അടുത്ത കാലത്തായി ദിനോസറുകളെ കുറിച്ചുള്ള ഒരു പുതിയ ഗവേഷണ പ്രകാരം, അവയ്ക്ക് പക്ഷികളുടേതുപോലെ നേർത്ത തൂവലുകളുണ്ടായിരുന്നു എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, എല്ലാവരും ഇത് അംഗീകരിക്കുന്നില്ല കേട്ടോ. ഉദാഹരണത്തിന്, വരാനിരിക്കുന്ന ജുറാസിക് വേൾഡ് 3 എന്ന ചിത്രത്തിൽ 90 -കളിൽ നമ്മൾ കണ്ട് പരിചയിച്ച രൂപത്തിലാണ് അവയെ അവതരിപ്പിക്കുന്നത്. എല്ലാവരും അവരുടേതായ ഭാവനകളും, നിറങ്ങളും ചാലിച്ചാണ് എപ്പോഴും ഈ ദിനോസറുകളെ ചിത്രീകരിയ്ക്കാൻ താല്‍പര്യപ്പെടുന്നത്. മുഖ്യധാരാ ബുക്ക്‌ഷോപ്പുകളിൽ ഒന്നായ വാട്ടർസ്റ്റോൺസ് അവരുടെ  'ടൂ ബിഗ് ടു വാക്ക്' എന്ന പുതിയ പുസ്‍തകത്തിൽ ദിനോസറുകളെ പ്രധാനമായും ജലജീവികളായിട്ടാണ് പരാമർശിക്കുന്നത്. സ്വതന്ത്ര ഗവേഷകനായ ബ്രയാൻ ജെ ഫോർഡി (Brian J. Ford) -ന്‍റെ പഠനത്തെ പിന്തുടർന്നാണ് അവർ ഇത്തരമൊരു നിഗമനത്തിലെത്തിയത്.   

റിച്ചാര്‍ഡ് ഓവനും ഗിദിയോൻ മാന്‍ഡലും പിന്നെ ഹക്സ്‍ലിയും

ദിനോസറുകളെക്കുറിച്ച് നമ്മോട് ആദ്യമായി പറഞ്ഞത് ബ്രിട്ടനിലെ ആദ്യത്തെ പാലിയന്റോളജിസ്റ്റുകളിലൊരാളായ റിച്ചാർഡ് ഓവനാ (Richard Owen) -ണ്. പുരാതന ഫോസ്സിലുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര വിഭാഗമാണ് പാലിയന്റോളജി. 1842 -ൽ 'ദിനോസൗറിയ' എന്ന പദം ഉപയോഗിച്ചാണ് ആദ്യമായി ഈ മൃഗങ്ങളെ അദ്ദേഹം അഭിസംബോധന ചെയ്‍തത്. ഓവന്‍റെ കാലത്ത് ഫോസിൽ തെളിവുകൾ താരതമ്യേന കുറവായിരുന്നു. അതുകൊണ്ടുതന്നെ സസ്‍തനികളെ പോലെ കൈകാലുകളുള്ള എന്നാൽ, പല്ലികളുടെ നാലിരട്ടി വലുപ്പമുള്ള ഒരു ജീവിവർഗ്ഗമായിട്ടാണ് ദിനോസറുകളെ അദ്ദേഹം സങ്കൽപ്പിച്ചത്. 

 

'ഒരൊറ്റ അസ്ഥി മതി, അതില്‍നിന്ന് ആ ജീവിയുടെ രൂപം വർണ്ണിക്കാൻ തനിക്കാവു'മെന്ന് അദ്ദേഹം അവകാശപ്പെട്ടു. അതോടെ ഓവന്‍ ഭയങ്കര കഴിവുള്ളൊരാളാണ് എന്ന ധാരണയും ഉടലെടുത്തു. മാധ്യമങ്ങളുമായി നല്ല ചങ്ങാത്തമുണ്ടായിരുന്നതിനാല്‍ത്തന്നെ അവരും ഓവനെ പ്രശസ്‍തനാക്കി. അതുകൂടാതെ എഴുത്തുകാരായ ചാൾസ് ഡിക്കൻസുമായും, വില്യം മെയ്ക്ക്പീസ് താക്കറെയുമായുമുണ്ടായ ചങ്ങാത്തവും അദ്ദേഹത്തിന് കൂടുതൽ സഹായകമായി. ഓവൻ കണ്ടെത്തിയ ദിനോസറുകളിലൊന്നായ മെഗലോസറസിനെ പരാമർശിച്ചാണ് ഡിക്കൻസിന്‍റെ 'ബ്ലീക്ക് ഹൗസ്' എന്ന നോവൽ ആരംഭിക്കുന്നതുതന്നെ. ഏതായാലും ഈ രണ്ട് നോവലിസ്റ്റുകളും സ്വന്തം എഴുത്തിനെ ഓവന്‍റെ പാലിയന്റോളജിക്കൽ ടെക്നിക്കുകളുമായി താരതമ്യപ്പെടുത്തിയിരുന്നു. ഇത് അദ്ദേഹത്തിന്‍റെ പ്രശസ്‍തി പിന്നെയും വർധിപ്പിച്ചു. 

എന്നാൽ, ശാസ്ത്രസമൂഹത്തിൽ, ഓവന്‍റെ ദിനോസർ ഗവേഷണം ആദ്യം നിഷേധിച്ചത്‌ അദ്ദേഹത്തിന്‍റെ കടുത്ത എതിരാളിയായ ശസ്ത്രക്രിയാവിദഗ്ദ്ധനും ഇഗ്വാനോഡോൻ എന്ന ദിനോസറിനെ അവതരിപ്പിച്ചയാളുമായ ഗിദിയോൻ മാന്‍ഡലാണ്. മാന്‍ഡലിന്‍റെ മരണശേഷം, യുവശാസ്ത്ര പരിഷ്‍കർത്താവായ തോമസ് ഹെൻറി ഹക്സ്‍ലി ഈ വിഷയം ഏറ്റെടുത്തു. അതോടെ ഓവനും ഹക്സ്‍ലിയും തമ്മില്‍ ദിനോസറിനെച്ചൊല്ലിയുള്ള പോരുമാരംഭിച്ചു.

ഓവന്‍റെ ദിനോസർ സങ്കല്‍പങ്ങളെ ചോദ്യചെയ്യുക മാത്രമല്ല ഹക്സ്‍ലി ചെയ്‍തത്. ലണ്ടനിൽ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഉണ്ടാക്കാനുള്ള ഓവന്‍റെ ആഗ്രഹത്തെയും ഹക്സ്‍ലി ശക്തമായി എതിർത്തു. പല ദിനോസറുകളിലും പറക്കാനുള്ള സ്വഭാവസവിശേഷതകൾ ഉണ്ടെന്ന് സംശയിച്ച് മാന്‍ഡലും, ഹക്സ്‍ലിയും ദിനോസറുകളെ ആനകളുടെ വലുപ്പമുള്ള പല്ലിവർഗ്ഗമായിട്ടാണ് സങ്കൽപ്പിച്ചിരുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ എല്ലാ ആകൃതിയിലും വലുപ്പത്തിലുമുള്ള ദിനോസറുകളെക്കുറിച്ചുള്ള അവശേഷിച്ച വിവരങ്ങള്‍ കണ്ടെത്തിയപ്പോൾ ഈ സംശയങ്ങൾക്ക് കൂടുതൽ വിശ്വസനീയത വന്നു.  

അവസാനിക്കാത്ത ഗവേഷണം

ഗവേഷണം അവിടെ തീര്‍ന്നില്ല, ദിനോസറുകളുടെ രൂപത്തെ ചൊല്ലിയുള്ള പോരും... അതിനുശേഷംവന്ന പാലിയന്‍റോളജിക്കൽ എതിരാളികളായിരുന്നു ഒ സി മാർഷും, ഇഡി കോപ്പും. ഈ ഫോസിലുകൾ പരമാവധി പഠിക്കാനും, വിവരിക്കാനും അവരിരുവരും ശ്രമിച്ചു. ആരാദ്യം കണ്ടുപിടിക്കുമെന്ന അവരുടെ മത്സരം ബ്രിട്ടീഷ് ശാസ്ത്രത്തിന് ദിനോസറുകളെ കുറിച്ചുള്ള വിവരങ്ങളടങ്ങുന്ന വലിയ സംഭാവനകളാണ് നൽകിയത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ  പ്രീമിയർ പാലിയന്‍റോളജിസ്റ്റാകാൻ നിരന്തരം പോരാടിക്കൊണ്ടിരുന്നു അവരിരുവരും. ഫോസിൽ വസ്‍തുക്കളുടെ ഉടമസ്ഥാവകാശം നേടിയെടുക്കാനായി അവർ മത്സരിച്ചു. 

 

പല ആകൃതിയിലും, വലുപ്പത്തിലുമുള്ള ദിനോസറുകളുണ്ടെന്ന അറിവ് പൊതുജനങ്ങൾ‌ക്ക് പറഞ്ഞുകൊടുക്കുകയെന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. ബ്രിട്ടനിൽ അമേരിക്കൻ ദിനോസറുകളെ കുറിച്ച് ആദ്യമായി പുസ്‍തകങ്ങൾ പ്രസിദ്ധീകരിച്ചത് ഹെൻ‌റി ഹച്ചിൻസൺ എന്ന സയൻസ് ജേണലിസ്റ്റാണ്. അതുപോലെതന്നെ, വർഷങ്ങൾക്കുമുമ്പ്, ബ്രിട്ടീഷ് പാലിയന്റോളജിസ്റ്റ് ഹാരി സീലി ദിനോസറുകളെ രണ്ടായി തരം തിരിച്ചിരുന്നു: പക്ഷികളുടേതുപോലെ ഉള്ളവയും, പല്ലികളെ പോലെയുള്ളവയും. ഈ രണ്ട് ഗ്രൂപ്പുകളും വിദൂര ബന്ധമുള്ളവയാണെന്നും അദ്ദേഹം വാദിച്ചു. 

ഇന്നത്തെ ദിനോസറിന്‍റെ രൂപം ഉരുത്തിരിയുന്നത് ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലാണ്. ഏറ്റവും വലിയ ഫോസിൽ-വേട്ട പര്യവേഷണങ്ങളും, മ്യൂസിയം പ്രദർശനങ്ങളും നടക്കുന്നത് അപ്പോഴാണ്‌. അനവധി അന്വേഷണങ്ങൾക്കൊടുവിൽ ദിനോസറുകളുടെ വീണ്ടും കൂട്ടിച്ചേർത്ത അസ്ഥികൂടങ്ങൾ കാണാൻ ജനങ്ങൾക്ക് അവസരവുമുണ്ടായി. 

വംശനാശം സംഭവിച്ച ദിനോസറുകൾ ഏകദേശം 700 ഇനമുണ്ട് എന്നാണ് അനുമാനം. മാംസം ഭക്ഷിക്കുന്ന ദിനോസറുകളായ തെറോപോഡുകളിൽനിന്നാണ് ഇന്നുകാണുന്ന പക്ഷികൾ പരിണമിച്ചത് എന്നും ഒരു സിദ്ധാന്തം നിലനിൽക്കുന്നുണ്ട്. എന്തൊക്കെയായാലും ഇന്നും അവയെക്കുറിച്ച് കൂടുതലായി അറിയാനുള്ള ശ്രമത്തിലാണ് ഗവേഷകർ.  

(വിവരങ്ങള്‍ക്ക് കടപ്പാട്: സ്ക്രോള്‍)