പണ്ടൊക്കെ സ്വന്തം കുടുംബം പോലും മറന്ന് ജനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച കറകളഞ്ഞ നേതാക്കൾ നമുക്കിടയിലുണ്ടായിരുന്നു. അഴിമതിയിലും അധികാരദുർവിനിയോഗത്തിലും മുങ്ങിനിൽക്കുന്ന ഒന്നാണ് ഇന്ന് രാഷ്ട്രീയം എന്ന് പൊതുവെ ഒരാക്ഷേപമുണ്ട്. പലപ്പോഴും സമ്പന്നതയുടെ മടിത്തട്ടിൽ ജീവിക്കുന്ന നേതാക്കൾ,  സാധാരണക്കാരന്റെ പ്രശ്നങ്ങൾ തിരിച്ചറിയാതെ പോകുന്നുവെന്നും പരാതിയുണ്ട്. എന്നാൽ, ബീഹാറിലെ ബൈര്‍ഗച്ചി ഗ്രാമത്തിലെ ഈ കുടുംബം രാജ്യത്തിന്റെ രാഷ്ട്രീയജീവിതത്തിന് ഒരു പുതിയ ദിശാബോധം നൽകുന്നു. ബീഹാറിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയായിരുന്ന ഭോല പാസ്വാൻ ശാസ്ത്രിയുടെ കുടുംബം ഇപ്പോൾ കൊടും പട്ടിണിയിലാണ്. അദ്ദേഹത്തിന്റെ ലാളിത്യവും സത്യസന്ധതയും ആ കുടുംബത്തിന് നൽകിയത് ദാരിദ്ര്യമായിരുന്നു. എന്നിരുന്നാലും, ഇന്നും അവരുടെ പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ അദ്ദേഹത്തെ ഓര്‍ത്ത് അഭിമാനത്തോടെ കഴിയുകയാണ് ബിരഞ്ചി പാസ്വാനും ഭോലാ പാസ്വാന്‍ ശാസ്ത്രിയുടെ കുടുംബവും.  

അവിഭക്ത ബിഹാറിലെ മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ അനന്തരവനും അനൗപചാരികമായി ദത്തെടുത്ത മകനുമാണ് ബിരഞ്ചി പാസ്വാൻ. മെലിഞ്ഞ, വൃദ്ധനായ ബിരഞ്ചി 26 അംഗങ്ങളടങ്ങിയ കുടുംബത്തെ പോറ്റാൻ പാടുപെടുകയാണ് ഇന്ന്. ഈ ലോക്ക് ഡൗൺ കാലത്ത് കഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് ദരിദ്രരിൽ ഒരാളാണ് അദ്ദേഹവും. ഭോലാ പാസ്വാന്‍ ശാസ്ത്രി കുടുംബത്തിനായി സമ്പാദിച്ചത് പണവും, പൊന്നുമൊന്നുമല്ല. പകരം, ഏത് ദുരിതത്തിലും കൈവിടാത്ത സത്യസന്ധതയും, നീതിബോധവുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ന് ജീവിക്കാനായി ബിരഞ്ചിക്ക്  ഗ്രാമത്തിലെ പണമിടപാടുകാരിൽ നിന്ന് കടം വാങ്ങേണ്ട അവസ്ഥയാണ്. "ഞങ്ങളെ പോലുള്ളവരെക്കുറിച്ച് സർക്കാരിന് ഒരു ചിന്തയുമില്ല" അദ്ദേഹം പറഞ്ഞു. ഭോലാ പാസ്വാന് സ്‍മാരകം പണിയാൻ സർക്കാരിന് ഈ കുടുംബം ഏക്കറോളം ഭൂമിയാണ് ദാനമായി നൽകിയത്. എന്നാൽ, ഇപ്പോൾ സ്വന്തമായി ഒരുതുണ്ടു ഭൂമി പോലും അവർക്കില്ല. പോരാതെ, ലോക്ക് ഡൗൺ വന്നതോടെ, ഈ കുടുംബത്തിലെ അംഗങ്ങളുടെ ജോലിയും നഷ്ടമായി. "എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിയപ്പോൾ ഞങ്ങളുടെയെല്ലാം ജോലി പോയി. ഒരു മാസത്തേക്ക് ഞങ്ങൾ ഒരുവിധം പിടിച്ചുനിന്നു. ഒടുവിൽ പക്ഷേ, പട്ടിണി കിടക്കാനാകാതെ പണമിടപാടുകാരിൽ നിന്ന് 5,000 രൂപ കടം വാങ്ങാൻ ഞങ്ങൾ നിർബന്ധിതരാവുകയായിരുന്നു” ബിരാഞ്ചി പറഞ്ഞു.

 

പല മുൻ മുഖ്യമന്ത്രിമാരും അധികാരത്തിൽ നിന്നൊഴിഞ്ഞതിനു ശേഷവും വർഷങ്ങളോളം സർക്കാർ ബംഗ്ലാവുകളിൽ താമസിക്കുന്നു. പിന്നെ അദ്ദേഹത്തിന് മാത്രം ഈ ഗതി എങ്ങനെ വന്നു?  ബിരഞ്ചിയെ സംബന്ധിച്ചിടത്തോളം ഉത്തരം ഒന്നേ ഉള്ളൂ. സ്വാതന്ത്ര്യസമരസേനാനിയായി ജീവിതം ആരംഭിച്ച അച്ഛനിൽ നിന്നും പകർന്ന് കിട്ടിയതാണ് ഈ സത്യസന്ധതയും, ആദർശവും. മൂന്ന് ഹ്രസ്വകാലങ്ങളിലായി മൊത്തം 11 മാസത്തോളം ശാസ്ത്രി ബീഹാർ ഭരിച്ചു. കൂടാതെ രാജ്യസഭാ അംഗവുമായിരുന്നു അദ്ദേഹം. മക്കളില്ലാത്ത ശാസ്ത്രി തന്റെ മകനായി ബിരഞ്ചിയെ ദത്തെടുത്തു. ശാസ്ത്രിയുടെ അവസാന കർമ്മങ്ങൾ നടത്തിയത് ബിരഞ്ചിയായിരുന്നു. എന്നാൽ, അന്ത്യകർമ്മങ്ങൾ ചെയ്യാനുള്ള തുക പോലും ബാങ്കിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.  

"മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരിക്കൽ ഗ്രാമത്തിലേക്ക് ഒരു ടാർ റോഡ് പണിയാൻ അച്ഛനോട് ഞാൻ ആവശ്യപ്പെട്ടു. എന്നാൽ, തന്റെ ജീവിതം കളങ്കമില്ലാത്തതാണെന്നും ആളുകൾ തന്റെ നേർക്ക് വിരൽ ചൂണ്ടാൻ  അവസരം നൽകില്ലെന്നും അന്നദ്ദേഹം പറയുകയുണ്ടായി" ബിരഞ്ചി ഓർത്തു. ഒടുവിൽ ശാസ്ത്രി മരിച്ചതിന് ശേഷമാണ് ഗ്രാമത്തിൽ ടാറിട്ട റോഡ് വന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ പേരിൽ ഒരു സ്‍കൂളും തുറന്നു. “എല്ലാ സെപ്റ്റംബർ 21 -നും അദ്ദേഹത്തിന്‍റെ ജന്മവാർഷികം ആഘോഷിക്കാൻ പണം ചിലവാക്കുന്ന സർക്കാരിന് ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സഹായിക്കാൻ എന്തുകൊണ്ടാണ് ഈ വിമുഖത” ബിരഞ്ചി ചോദിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന് വാർധക്യ കാല പെൻഷനായ 400 രൂപ മാത്രമാണ് സർക്കാരിൽ നിന്നും ലഭിക്കുന്നത്. എന്നാൽ, ബിരഞ്ചിയുടെ ഈ ദുരിതകഥ അറിഞ്ഞ് പല രാഷ്ട്രീയ നേതാക്കളും അദ്ദേഹത്തെ സഹായിക്കാൻ ഇപ്പോൾ മുന്നോട് വരുന്നുണ്ട് എന്നത് പ്രതീക്ഷാവഹമാണ്.