(ഉറ്റവരടക്കം 12 പേരെ കണ്‍മുന്നില്‍വെച്ച് അതിനിഷ്‍ഠൂരമായി കൊലപ്പെടുത്തുന്നു. ബ്ലോക്ക്‌ലാന്റ് കൊലപാതകങ്ങൾ എന്നത് വലിയ വാര്‍ത്തയായിരുന്നു അന്ന്. എന്നാല്‍, ആ കൊലപാതകികളോട് എന്‍റെ മുത്തച്ഛന്‍ ക്ഷമിച്ചു. അതെന്തിനായിരുന്നു... ദ ഗാര്‍ഡിയനില്‍ Lilli Heinemann എഴുതിയ അനുഭവം). 

എൻ്റെ അച്ഛമ്മയും അച്ഛച്ഛനുമായി എനിക്ക് കുട്ടിക്കാലം മുതലേ നല്ല അടുപ്പമായിരുന്നു. ഞാനും എൻ്റെ സഹോദരിയും അവരെ ഒമാ, ഓപ എന്ന് വിളിക്കുമായിരുന്നു. പതിവായി ഞങ്ങൾ അവരെ കാണാൻ പോകുമായിരുന്നു. പക്ഷേ, ഞങ്ങളുടെ  അമ്മയുടെ മാതാപിതാക്കളെ കുറിച്ച് ഞങ്ങൾക്ക് കാര്യമായ അറിവൊന്നും ഇല്ല. കാരണം ഞങ്ങൾ ജനിക്കുന്നതിന് മുൻപ് തന്നെ അവർ മരിച്ചുപോയി. എൻ്റെ അമ്മ മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന അവരുടെ ഒരു ഫോട്ടോ മാത്രമാണ് ഞങ്ങൾക്ക് അവരെക്കുറിച്ചുള്ള ഏക ഓർമ്മ. ചിത്രത്തിൽ, എൻ്റെ മുത്തശ്ശി ഉയർന്ന കഴുത്തുള്ള വസ്ത്രവും മുത്തുമാലയും, എൻ്റെ  മുത്തച്ഛൻ സ്യൂട്ടും, ടൈയും ധരിച്ചിരുന്നു. എൻ്റെ മുത്തശ്ശി ഒരു നഴ്‌സായിരുന്നുവെന്നും, എൻ്റെ മുത്തച്ഛൻ ഒരു ഫാർമസിസ്റ്റായിരുന്നുവെന്നും അവർ ജർമ്മനിയിലെ ബ്രെമെന് സമീപം ഒരു റിട്ടയർമെന്റ് ഹോം നടത്തിയിട്ടുണ്ടെന്നും എനിക്കറിയാം. എന്നാൽ, ഞങ്ങൾ ഒരിക്കലും അവരുടെ കല്ലറ സന്ദർശിച്ചിട്ടില്ല.

എന്തെന്നറിയാത്ത ഒരു ഭാരം എന്നെ എപ്പോഴും വീർപ്പുമുട്ടിക്കുമായിരുന്നു. കാരണമറിയാത്ത ഒരു ഭയം എന്നെ ചൂഴ്ന്നുനിന്നു. എൻ്റെ കുടുംബത്തിൽ എനിക്ക് മാത്രമല്ല ഇതുപോലെയുള്ള അനുഭവം. എൻ്റെ ഒരു ബന്ധു കൊച്ചുകുട്ടിയായിരുന്നപ്പോൾ ആവർത്തിച്ച് കാണാറുള്ള ഒരു പേടിസ്വപ്നത്തെ കുറിച്ച് പറഞ്ഞത് ഞാൻ ഓർക്കുന്നു. ചുറ്റുമുള്ള എല്ലാവരെയും ആരോ വെടിവച്ചു കൊല്ലുന്നു. അവൾ മരിച്ചതായി നടിച്ച്, രക്ഷപ്പെടുന്നു. ഇതായിരുന്നു അവൾ കാണാറുള്ള ദുഃസ്വപ്നം. കുടുംബത്തിൻ്റെ രണ്ട് ശാഖകളിലും ധാരാളം ദുരിതങ്ങൾ ഉണ്ടായിട്ടുണ്ട് - യുദ്ധം, കിഴക്കൻ പ്രഷ്യയിൽ നിന്ന് നിർബന്ധിതമായ പുറത്താക്കൽ, അക്രമം. എന്നാൽ ഇതിനെയെല്ലാം കവച്ചുവെക്കുന്ന ഏറ്റവും വലിയ ആഘാതം മറ്റൊന്നാണ്: കുടുംബത്തിലെ ഒമ്പത് പേരുടെ കൊലപാതകം.

1945 നവംബർ 20 രാത്രി... ആ നശിച്ച രാത്രിയിലാണ് ബ്രെമെൻ്റെ അടുത്തുള്ള ബ്ലോക്ക്‌ലാൻഡിലെ കൃഷിയിടത്തിൽ എൻ്റെ മുത്തച്ഛൻ്റെ  നാല് കുട്ടികളടക്കം മുഴുവൻ കുടുംബവും കൊല്ലപ്പെട്ടത്. കഠിനമായി പരിക്കേറ്റ മുത്തച്ഛൻ മാത്രമാണ് അന്ന് രക്ഷപ്പെട്ടത്. വർഷങ്ങൾക്കുശേഷം, അദ്ദേഹം രണ്ടാമത് കല്യാണം കഴിക്കുകയുണ്ടായി. ആ ശാഖയിലാണ് ഞാൻ ജനിച്ചത്. ചരിത്രത്തിൽ ബ്ലോക്ക്‌ലാന്റ് കൊലപാതകങ്ങൾ എന്നറിയപ്പെട്ട അത് അക്കാലത്തെ വലിയ വാർത്തയായിരുന്നു. എൻ്റെ മുത്തച്ഛൻ ആ രാത്രിയിലെ സംഭവങ്ങൾ ഒരു ചെറിയ പച്ച പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം ഒരിക്കലും എൻ്റെ അമ്മയോടും മറ്റ് കുട്ടികളോടും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ആ കൊലപാതകം എത്രത്തോളം റിപ്പോർട്ട് ചെയ്യപ്പെട്ടുവോ, അത്രത്തോളം കുടുംബത്തിനുള്ളിലെ നിശബ്ദത കൂടിവന്നു. എൻ്റെ മുത്തച്ഛൻ്റെ നാല് മക്കളിൽ ആരുംതന്നെ കൊല ചെയ്യപ്പെട്ട ആദ്യത്തെ കുടുംബത്തെക്കുറിച്ച്  സംസാരിച്ചേയില്ല, ആരും അതേപ്പറ്റി ഒരിക്കലും ചോദിച്ചിട്ടുമില്ല.

എൻ്റെ ഇരുപതുകളിൽ, ഞാൻ ബെർലിനിൽ ഫാഷൻ ഡിസൈനിങ് പഠിക്കുകയും, പിന്നീട് ലണ്ടനിലേക്ക് മാറുകയും ചെയ്തു. എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെ ഞാൻ അവിടെ കണ്ടുമുട്ടി. ആ സൗഹൃദത്തിൻ്റെയും, സ്നേഹത്തിൻ്റെയും ഇടയിൽപോലും എന്തെന്നില്ലാത്ത ഭയവും പരിഭ്രാന്തിയും എന്നെ കീഴടക്കിയിരുന്നു. എൻ്റെ മുപ്പതാം ജന്മദിനത്തിന് തൊട്ടുമുമ്പ്, എന്തുകൊണ്ടാണെന്നെനിക്കറിയില്ല, എൻ്റെ കുടുംബത്തിൻ്റെ ഭൂതകാലത്തിലേക്ക് കടന്നുചെല്ലാൻ  ഞാൻ തീരുമാനിച്ചു. എൻ്റെ വിവരണാതീതമായ ഭയത്തിൻ്റെ ഉറവിടം 1945 നവംബർ 20 രാത്രിയിലാണെങ്കിൽ, അത് കണ്ടെത്താൻ ഞാൻ നിശ്ചയിച്ചു. 

കുടുംബത്തിനുള്ളിൽ നിലനിന്നിരുന്ന പതിറ്റാണ്ടുകളുടെ നിശബ്ദത തകർക്കലായിരിക്കും അത് എന്നെനിക്കറിയാമായിരുന്നു. 1960 -കളിൽ പ്രസിദ്ധീകരിച്ച എൻ്റെ മുത്തച്ഛൻ എഴുതിയ ചെറിയ പച്ച പുസ്തകം 'പൊറുക്കുക, പകവീട്ടലല്ല' ഞാൻ വായിക്കാൻ ആരംഭിച്ചു. അതിൻ്റെ 40 പേജുകളിൽ, ആ രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം വിശദമായി വിവരിക്കുന്നു. ഞാൻ എൻ്റെ അമ്മയോടും അവരുടെ മൂന്ന് സഹോദരങ്ങളോടും സംസാരിച്ചു, അവരിൽ ചിലരെ ഞാൻ കുട്ടിക്കാലം മുതലേ കണ്ടിട്ടില്ലായിരുന്നു. എൻ്റെ മുത്തച്ഛൻ്റെ ഒരു നല്ല സുഹൃത്തിനെയും, ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത എൻ്റെ മുത്തശ്ശിയുടെ സഹോദരിയെയും ഞാൻ കണ്ടു. ബ്രെമെൻ ലൈബ്രറിയിൽ ഞാൻ ദിവസങ്ങൾ ചെലവഴിച്ചു, ഫയലുകൾ വായിച്ചു, പത്ര ലേഖനങ്ങളിലൂടെ കണ്ണോടിച്ചു, ക്രൂരമായ കൊലപാതകങ്ങളുടെ വിശദാംശങ്ങൾ പഠിച്ചു. എന്നെ  ഏറ്റവും ആശ്ചര്യപ്പെടുത്തിയ  കാര്യം, എൻ്റെ മുത്തച്ഛൻ കൊലപാതകികളോട് ക്ഷമിക്കുകയും, ചില സന്ദർഭങ്ങളിൽ അവരുടെ ജീവപര്യന്തം തടവ് മാറ്റണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു എന്നതാണ്.

അന്നുരാത്രി സംഭവിച്ചതെന്ത്?

1945 -ൻ്റെ അവസാനത്തിൽ  43 വയസ്സുള്ള എൻ്റെ മുത്തച്ഛൻ വിൽഹെം ഹാമെൽമാൻ കുടുംബത്തോടൊപ്പം വിദൂര പ്രദേശമായ ബ്ലോക്ക്‌ലാൻഡിൽ താമസിക്കുകയായിരുന്നു. പരന്നതും വെള്ളക്കെട്ടുള്ളതുമായ സ്ഥലങ്ങൾ കുഴികളും കനാലുകളും കൊണ്ട് നിറഞ്ഞിരുന്നു. ഫാമുകൾ വളരെ ദൂരെയായിരുന്നു. നവംബർ 20 വൈകുന്നേരം, മുത്തച്ഛനും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.

അദ്ദേഹത്തിൻ്റെ ഭാര്യയുടെ മാതാപിതാക്കളായ വിൽഹെം, മെറ്റാ ഫ്ലോത്ത്മിയർ; അദ്ദേഹത്തിൻ്റെ മാതാപിതാക്കളായ ഹെൻ‌റിക്, ബെർട്ട ഹാമെൽമാൻ; അദ്ദേഹത്തിൻ്റെ ഭാര്യ മാർഗരറ്റ്; അവരുടെ നാലു മക്കൾ: രൂത്ത്, മാർത്ത, ലിഷെൻ, വില്ലി തുടങ്ങിയവരും, ബീറ്റ ഗെർഡെസ് എന്ന പേരിൽ ഒരു സന്ദർശകനും; മെറ്റാ ഹൊവാൾഡ് എന്ന വീട്ടുജോലിക്കാരിയും തോട്ടത്തിലെ തൊഴിലാളിയായിരുന്ന ഫ്രിറ്റ്സ് ഹൈറ്റ്മാൻ എന്നിങ്ങനെ ആകെ 13 പേരുണ്ടായിരുന്നു അവിടെ. അവർ ഒരുമിച്ച് സായാഹ്നം ചെലവഴിക്കുകയും, പത്ത് മണിയോടെ ഉറങ്ങുകയും ചെയ്തു.

അർദ്ധരാത്രിക്ക് തൊട്ടുമുമ്പാണ് ഉച്ചത്തിലുള്ള ഒരു ശബ്‍ദം കേട്ട് അവർ ഉണർന്നത്. എൻ്റെ മുത്തച്ഛൻ എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു. അവിടെ അദ്ദേഹം ഒരു കൂട്ടം സായുധധാരികളായ ആളുകൾ നിരന്നു നില്കുന്നതാണ് കണ്ടത്... പോളണ്ടിൽ നിന്നുള്ള മുൻ നിർബന്ധിത തൊഴിലാളികളായിരുന്നു അവര്‍. അവരെ നയിച്ചത് ജർമ്മൻ സംസാരിക്കുന്ന ഒരാളായിരുന്നു. അയാൾ എൻ്റെ മുത്തച്ഛൻ്റെ നേരെ തോക്ക് ചൂണ്ടി വീട്ടിലെ എല്ലാവരെയും ആ ഹാളിലേക്ക് കൊണ്ടുവരാൻ നിർബന്ധിച്ചു. അവർ ടെലിഫോൺ ലൈൻ വിച്ഛേദിച്ചു, തലയിണകൾ ഉപയോഗിച്ച് ജനാലകൾ മറച്ചു. അലമാര, ഡ്രോയറുകൾ എന്നിവ വലിച്ചുവാരി. വസ്ത്രങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ, ആഭരണങ്ങൾ എന്നിവ  കൊള്ളയടിച്ചു. അതിനുശേഷം നേതാവ് എൻ്റെ മുത്തച്ഛനോടും മറ്റുള്ളവരോടും നിലവറയിലേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു.

ആ ഇടുങ്ങിയ മുറിയുടെ ഉത്തരം താഴ്ന്നതായിരുന്നു. അതിനാല്‍, അവർ നനഞ്ഞ തറയിൽ മുട്ടുകുത്തി നിന്നു. നേതാവും മൂന്ന് കൂട്ടാളികളും പൊലീസിൽ ഇതൊന്നും അറിയിക്കില്ലെന്ന് സത്യം ചെയ്യാൻ എൻ്റെ മുത്തച്ഛനോട് ആവശ്യപ്പെട്ടു. ഇത് റിപ്പോർട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം മറുപടിയും പറഞ്ഞു. എന്നിട്ടും, നേതാവ് വെടിയുണ്ടകൾ നിറച്ച തോക്ക് മറ്റൊരാൾക്ക് കൈമാറി. അവർ തൻ്റെ തോക്ക് മുത്തച്ഛൻ്റെ നേരെ നീട്ടി. മുത്തച്ഛൻ്റെ തല ലക്ഷ്യമാക്കി പാഞ്ഞ വെടിയുണ്ട ലക്ഷ്യം തെറ്റി ശ്വാസകോശത്തിൽ തറച്ചു കയറി. അദ്ദേഹം വെടിയേറ്റ് നിലത്തു വീണു. മറ്റെല്ലാവരെയും അവർ ഇതുപോലെ വെടിവച്ചു കൊന്നു.

(തുടർന്നു നടന്ന വിചാരണയിൽ, വെടിവച്ച ആളുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല, പക്ഷേ രണ്ട് വ്യത്യസ്ത ഗണത്തിലുള്ള വെടിയുണ്ടകൾ പോലീസ് കണ്ടെത്തിയിരുന്നു. നിലത്തു കിടന്ന എൻ്റെ മുത്തച്ഛൻ്റെ ഇടതു കാലിലും, വലതുകൈയിലും, പുറകിലും വെടിയേറ്റിട്ടുണ്ടായിരുന്നു.) 

അവസാന വെടിയും ഉതിർത്ത ശേഷം, അവർ ലൈറ്റ് അണച്ച് നിലവറ വിട്ടു. ആരും അനങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ അവരുടെ നേതാവ് മൂന്ന് തവണ തിരികെവന്നു നോക്കി. അവസാനം അവൻ എൻ്റെ  മുത്തച്ഛൻ്റെ അടുത്ത് വന്ന്, മുത്തച്ഛൻ്റെ പരിക്കേൽക്കാത്ത വലതുകാൽ ഉയർത്തി, ഷൂ ഊരിയെടുത്തു, കാൽ തറയിലേക്ക് വലിച്ചെറിഞ്ഞു. കാലിൽ നിന്ന് രക്തം ഒഴുകികൊണ്ടിരിക്കയായിരുന്നു. ഇടതുകാലും അയാൾ അങ്ങനെ തന്നെ ചെയ്തു. വേദന ഉണ്ടായിരുന്നിട്ടും, ആക്രമണകാരികൾ കൃഷിസ്ഥലം വിടുന്നതുവരെ എൻ്റെ മുത്തച്ഛൻ മരിച്ചതായി അഭിനയിച്ചു അവിടെ തന്നെ കിടന്നു. പരിക്കേൽക്കാത്ത ഇടതുകൈയും വലതു കാലും ഉപയോഗിച്ച് ഇരുട്ടിൽ അദ്ദേഹം സ്വീകരണമുറിയിലേക്ക് കുടുംബത്തിലെ മൃതദേഹങ്ങൾക്ക് മുകളിലൂടെ ഇഴഞ്ഞു നീങ്ങി.  വല്ലവിധേനയും കുട്ടികൾ ഉപയോഗിക്കുന്ന ഒരു ചെറിയ സൈക്കിളിൽ 2 കിലോമീറ്റർ അകലെയുള്ള ഒരു  ഫാമിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. അക്രമകാരികൾ കൊണ്ടുപോകാത്ത ഏക വാഹനം അതായിരുന്നു. അവിടെയെത്തിയ അദ്ദേഹം പോലീസിനെ വിളിച്ചു. മുത്തച്ഛനെ പിന്നീട് ബ്രെമെനിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം സുഖം പ്രാപിച്ചു.

എന്തുകൊണ്ട് മുത്തച്ഛന്‍ അവരോട് ക്ഷമിച്ചു? 

ഞാൻ ഇതിനെ കുറിച്ച് കൂടുതലായി അന്വേഷിക്കാൻ പുറപ്പെട്ടു. എൻ്റെ മുത്തച്ഛൻ ഒരു തികഞ്ഞ മതവിശ്വാസിയായിരുന്നു. ഫാർമസിസ്റ്റായി ജോലി ചെയ്യുന്നതിനു പുറമേ ബ്രെമെനിലെ ഒരു പള്ളിയുടെ ഭരണസമിതിയിലും അദ്ദേഹം ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത്, നാസി ഭരണകൂടത്തിനെതിരെ നിലകൊള്ളുകയും, പ്രൊട്ടസ്റ്റന്റ് മതത്തിൻ്റെ വിന്യാസത്തെ ചെറുക്കുകയും ചെയ്ത ഒരു പ്രതിഷേധ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരുന്നു അദ്ദേഹം.     .

അയൽക്കാരനെ സ്നേഹിക്കാനുള്ള കൽപ്പനയായിരുന്നു അദ്ദേഹത്തിൻ്റെ വിശ്വാസത്തിൻ്റെ അടിത്തറ. അദ്ദേഹത്തിൻ്റെ ഒരു നല്ല സുഹൃത്ത് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്  “അദ്ദേഹം ഒരു ചിന്തകനായിരുന്നു. അധികം സംസാരിക്കാറില്ല, പക്ഷേ ആളുകളുടെ കഷ്ടപ്പാടുകയിൽ അവരെ സഹായിക്കണമെന്ന് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു."  

അക്രമികളുടെ നേതാവ് സിഗ്മണ്ട് ആ രാത്രിയിൽ ഓടിപ്പോയി, പിന്നീട് ഒരിക്കലും അയാൾ പിടിക്കപ്പെട്ടില്ല. വിചാരണ കഴിഞ്ഞ് കുറച്ച് വർഷങ്ങൾക്ക് ശേഷം, എൻ്റെ മുത്തച്ഛൻ അയാൾ എവിടെയാണ് താമസിക്കുന്നതെന്ന് മനസിലാക്കിയെങ്കിലും അയാളെ തേടിച്ചെന്നില്ല.  “എനിക്ക് അവനെ പിന്തുടരേണ്ട ആവശ്യമില്ല. ഞാൻ ആ പാവത്തെ എൻ്റെ നാഥനെ ഏൽപ്പിച്ചിരിക്കുന്നു. അവൻ്റെ ഹൃദയം ദൈവത്തിനു സമർപ്പിക്കത്തക്കവണ്ണം നാഥൻ അവന് കരുണ നൽകട്ടെ.” എന്നാണ് അദ്ദേഹം എഴുതിയത്.

എൻ്റെ മുത്തച്ഛൻ്റെ ക്ഷമ അദ്ദേഹത്തിൻ്റെ വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കാം, പക്ഷേ അതിൽ ഒരു രാഷ്ട്രീയവുമുണ്ടായിരുന്നു. ജർമ്മനിയിലേക്ക് കൊണ്ടുവന്ന ചൂഷണം ചെയ്യപ്പെട്ട നിർബന്ധിത തൊഴിലാളികളായിരുന്നു കൊലപാതകം നടത്തിയിരുന്ന ആ ചെറുപ്പക്കാർ. അവർ അനുഭവിച്ച കഷ്ടപ്പാടുകളും യാതനകളുമായിരിക്കും അവരെ ഇത്തരത്തിലൊരു കാര്യം ചെയ്യാൻ പ്രേരിപ്പിച്ചത് എന്നദ്ദേഹം വിശ്വസിച്ചു. 1967 ഏപ്രിലിലെ ഒരു പത്രലേഖനത്തിൽ, എൻ്റെ മുത്തച്ഛൻ ഇങ്ങനെ പറഞ്ഞു: “ഈ ആളുകൾ ജീവിച്ചത് പ്രയാസകരമായ അനുഭവങ്ങളിലൂടെയാണ്, അവരിൽ വെറുപ്പ് നിറഞ്ഞിരിക്കുന്നു. യുദ്ധത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ആളായിരുന്നു സംഘത്തിൻ്റെ നേതാവ്."

കവർച്ച നടത്താൻ ഉദ്ദേശിച്ചവർ എന്തിനാണ് കൊലപാതകത്തിലേക്ക് തിരഞ്ഞത് എന്നത് ഇപ്പോഴും ഒരു ദുരൂഹതയാണ്. അവർക്ക് എൻ്റെ മുത്തച്ഛനും കുടുംബവുമായും യാതൊരു ബന്ധവുമില്ല.പക്ഷേ, നിലവറയിൽ എന്താണ് സംഭവിച്ചതെന്ന് സിഗ്മണ്ടിനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്, 'ഒടുവിൽ ആ  കുടുംബത്തോട് ഞാൻ പ്രതികാരം ചെയ്തു' എന്നാണ്.

മാസങ്ങൾക്കുശേഷം വിചാരണ ആരംഭിച്ചു. എൻ്റെ മുത്തച്ഛൻ തൻ്റെ  പുസ്തകത്തിൽ എഴുതി, തലേദിവസം പബ്ലിക് പ്രോസിക്യൂട്ടർ തന്നോട് എട്ട് അക്രമകാരികൾക്കും വധശിക്ഷ നൽകുമെന്ന് പറഞ്ഞു. എൻ്റെ  മുത്തച്ഛൻ അദ്ദേഹത്തോട് നേതാവിനും, വെടിവയ്പ്പ് നടത്തിയ ആളുകൾക്കും മാത്രം ശിക്ഷ നല്കണമെന്നും, മറ്റുള്ളവർക്ക് കുറഞ്ഞ പിഴ മാത്രം നല്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. 

മൂന്ന് ദിവസത്തിന് ശേഷം ജഡ്ജിമാർ ശിക്ഷ വിധിച്ചു. സിഗ്മണ്ട്, അസാന്നിധ്യത്തിൽ ശിക്ഷിക്കപ്പെട്ടു. മറ്റ് നാല് പേരെ ഫയറിംഗ് സ്ക്വാഡിന്‍റെ വധശിക്ഷയ്ക്ക് വിധിച്ചു. മൂന്നുപേർക്ക് ജീവപര്യന്തം തടവും, മറ്റൊരാൾക്ക് 40 വർഷം തടവും വിധിച്ചു. ഒൻപതാമത്തെ പ്രതിയെ മ്യൂണിക്കിൽ മാസങ്ങൾക്കുശേഷം അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. കൊലപാതകം നടത്തിയ ആയുധങ്ങൾ ഒരിക്കലും കണ്ടെത്തിയിട്ടില്ലെങ്കിലും രണ്ട് സംശയാസ്പദമായ വിരലടയാളം ഉൾപ്പെടെയുള്ള മറ്റ് തെളിവുകളും ഉണ്ടായിരുന്നു. എൻ്റെ  മുത്തച്ഛന് അഞ്ച് പ്രതികളെ കോടതിയിൽ തിരിച്ചറിയാൻ കഴിഞ്ഞു. എന്നാൽ, കൊലപാതകത്തിൽ പ്രതികളാരും കുറ്റസമ്മതം നടത്തിയില്ല.  

കൊലപാതകത്തിൽ പങ്കെടുക്കാതെ കവർച്ചയിൽ മാത്രം ഭാഗമായിരുന്ന ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട മൂന്നുപേരെ കാണാൻ മുത്തച്ഛൻ ജയിൽ പോയിരുന്നു. അദ്ദേഹം അവരോട് ക്ഷമിക്കാൻ തയ്യാറായിരുന്നു. രണ്ടുപേർ അത് ചെവികൊണ്ടില്ല. എന്നാൽ, മൂന്നാമത്തെയാൾ അദ്ദേഹത്തോട് മാപ്പിരക്കുകയും, മുത്തച്ഛൻ അയാൾക്ക് ഒരു ജോലി വാങ്ങിക്കൊടുക്കുകയും ചെയ്തു. വല്ലാത്ത ആശയക്കുഴപ്പത്തിൽ അറിയാതെ തെറ്റ് സംഭവിച്ചതായിരിക്കും എന്നും, പശ്ചാത്തപിക്കുന്ന ഒരു മനുഷ്യൻ കരുണ അർഹിക്കുന്നുവെന്നുമാണ് മുത്തച്ഛൻ അയാളെ കുറിച്ച് പറഞ്ഞത്. 

ഏതായാലും മുത്തച്ഛന്‍റെ കുടുംബത്തില്‍ നടന്ന ആ കൊലപാതകത്തെ കുറിച്ച് പൂര്‍ണമായും അറിഞ്ഞതോടെ അകാരണമായ എന്‍റെ ഭയം കുറഞ്ഞിരുന്നു. പക്ഷേ, ഇപ്പോഴും പല ചോദ്യങ്ങൾക്കും എനിക്ക് ഉത്തരം ലഭിച്ചിട്ടില്ല. എൻ്റെ മുത്തച്ഛൻ അവരോടു ക്ഷമിച്ചത് അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്. പക്ഷേ, അദ്ദേഹത്തിന് അത് എങ്ങനെ കഴിഞ്ഞു എന്നത് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല. ഒരുപക്ഷേ, ക്ഷമിക്കുക എന്നത് അദ്ദേഹത്തിൻ്റെ ഒരു അതിജീവന തന്ത്രമായിരിക്കാം, ജീവിക്കാനുള്ള ഏക മാർഗ്ഗം. എന്നാൽ, അദ്ദേഹത്തിൻ്റെ ദേഷ്യം എവിടെപ്പോയി? ഉറ്റവരെല്ലാം കണ്‍മുന്നില്‍ കൊല്ലപ്പെട്ടതിന്‍റെ വേദന അദ്ദേഹം എങ്ങനെ സഹിച്ചു?