മനുഷ്യര്‍ക്ക് വെളുപ്പ് നിറത്തിനോടുള്ള ഇഷ്‍ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കറുപ്പിന് ഏഴഴകാണ് എന്ന് പറയുമ്പോഴും വിപണി കീഴടക്കുന്ന ഫെയർനെസ് ക്രീമുകളുടെ നീണ്ടനിര വെളുപ്പിനെയാണ് സൗന്ദര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ്. എന്തിനേറെ, ഇന്ത്യയിൽ വിൽക്കപ്പെടുന്ന ബ്രാൻഡുകളുടെ പേരുകളിൽ പോലും അത് വ്യക്തമാണ്. യഥാർത്ഥ സൗന്ദര്യം എന്നത് വെളുപ്പാണ് എന്ന ചിന്ത വളരെക്കാലമായി നിലനിൽക്കുന്ന ഒന്നാണ്. കറുപ്പുനിറം ഒരു വലിയ കുറവായി കണക്കാക്കുന്ന ഒരു ലോകത്ത് പലനിറത്തിലും, രൂപത്തിലുമുള്ള ഫെയർനെസ് ക്രീമുകൾ വിപണി കീഴടക്കി മുന്നേറുകയാണ്. എന്നാൽ, ഇന്ത്യയുടെ ആദ്യത്തെ സൗന്ദര്യവർദ്ധക ക്രീമിനെ കുറിച്ചാണ് ഇവിടെ പറയാൻ പോകുന്നത്. 'അഫ്‍ഗാൻ സ്നോ' എന്ന ഇന്ത്യയുടെ ആദ്യത്തെ ബ്യൂട്ടി ക്രീം ഇന്നത്തെ മറ്റ് ക്രീമുകളെക്കാളും വളരെ വ്യത്യസ്‍തമായിരുന്നു.  

ഏറ്റവും രസകരമായ കാര്യം, അതിന്റെ പരസ്യങ്ങളിൽ ഒരിക്കലും നിറങ്ങളുടെ ഏറ്റക്കുറച്ചിലുകൾ ഒരു വിഷയമായിരുന്നില്ല എന്നതാണ്. അതിന്റെ വാണിജ്യപരസ്യങ്ങളൊന്നും ക്രീം ഒരാളുടെ കറുപ്പ് നിറം കുറയ്ക്കുമെന്നോ, വെളുപ്പാണ് മികച്ച നിറമെന്നോ അവകാശപ്പെട്ടിരുന്നില്ല, പകരം ഇത് ഒരു 'സൗന്ദര്യസഹായം' എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. അതായത് പൊടിയും അഴുക്കും ശുദ്ധീകരിച്ച് ഒരാളുടെ ചർമ്മ സൗന്ദര്യത്തെ വർദ്ധിപ്പിക്കുകയും അതിനെ പോഷിപ്പിക്കുകയും ചെയ്യും എന്ന് മാത്രമായിരുന്നു അതിന്റെ അവകാശവാദം. 

അതുപോലെ തന്നെ ആ ക്രീമിനെ സംബന്ധിച്ച് ഏറ്റവും അത്ഭുതകരമായ ഒരു കാര്യം അതിന്റെ വിശ്വാസ്യത പരസ്യപ്പെടുത്തിയത് സാക്ഷാൽ മഹാത്മാ ഗാന്ധി തന്നെയായിരുന്നു എന്നതാണ്. അതിന് പിന്നിൽ ഒരു കാരണമുണ്ട്. പക്ഷേ, അത് പറയുന്നതിന് മുൻപ് അതിന്റെ തുടക്കത്തെ കുറിച്ച് പറയേണ്ടതുണ്ട്. 1919 -ൽ അഫ്ഗാനിസ്ഥാൻ രാജാവ് ഇന്ത്യ സന്ദർശിച്ചപ്പോൾ ബോംബെയിൽ ഒരു കൂട്ടം യുവ സംരംഭകരെ അദ്ദേഹം കണ്ടുമുട്ടുകയുണ്ടായി. അവരിൽ ഒരാൾ രജ്‍പുത്താനയിൽ നിന്നുള്ള സുഗന്ധദ്രവ്യങ്ങളും സൗന്ദര്യവർദ്ധക ഉൽപന്നങ്ങളും നിർമ്മിക്കുന്ന ബിസിനസുകാരനായ ഇബ്രാഹിം സുൽത്താനാലി പതൻവാലയായിരുന്നു. താൻ നിർമ്മിച്ച ഉൽ‌പ്പന്നങ്ങൾ‌ അദ്ദേഹം രാജാവിന് സമ്മാനിച്ചു. അതിൽ പേരൊന്നും വയ്ക്കാത്ത ഒരു വെളുത്ത ക്രീമും ഉണ്ടായിരുന്നു. ഇത് അഫ്ഗാനിലെ മഞ്ഞിനെ ഓർമ്മപ്പെടുത്തുന്നുവെന്ന് രാജാവ് അഭിപ്രായപ്പെട്ടു. പ്രിയപ്പെട്ട ഗാർഹിക ഉത്‍പന്നമായി മാറിയ ക്രീമിന് മഞ്ഞിന്റെ പേര് തന്നെ നൽകാൻ രാജാവ് തീരുമാനിച്ചു. അങ്ങനെ അതിന് അഫ്‍ഗാൻ സ്നോ എന്ന് പേര് വീണു. അത് ഒരു ഓൾ പർപ്പസ് ക്രീമായിരുന്നു. ഒരു മേക്കപ്പ് ബേസും, മോയ്‌സ്‍ചറൈസറും, സൺസ്ക്രീനും എല്ലാം അടങ്ങിയതായിരുന്നു അത്.  

പെട്ടെന്നു തന്നെ വിപണി പിടിച്ചെടുക്കാൻ ആ ക്രീമിനായി. എന്നാൽ, അങ്ങനെ ഇരിക്കുമ്പോഴാണ് മറ്റൊരു പ്രശ്‍നം തലപൊക്കുന്നത്. സ്വാതന്ത്ര്യ പോരാട്ടങ്ങൾക്കിടയിൽ സ്വദേശി പ്രസ്ഥാനം വേര് പിടിച്ച സമയമായിരുന്നു അത്. ക്രീമിന്റെ വിദേശനാമവും പാക്കേജിംഗും കാരണം (ക്രീമിനുള്ള ഗ്ലാസ് ബോട്ടിലുകൾ പുറത്തുനിന്ന് ഇറക്കുമതി ചെയ്‍തതാണ്) ഇന്ത്യക്കാർ ക്രീം ബഹിഷ്‍കരിക്കാന്‍ തുടങ്ങി. പതൻവാല ആകെ കുഴപ്പത്തിലായി. ദിവസം ചെല്ലും തോറും അദ്ദേഹത്തിന്റെ ക്രീം വിറ്റുപോകാതായി. ഒടുവിൽ നിവ‍ൃത്തിയില്ലാതെ തന്റെ ദുഃഖം മഹാത്മാഗാന്ധിയോട് പങ്കുവയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. ഒടുവിൽ ഗാന്ധിജി ആ ക്രീമിനെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റാൻ രംഗത്തെത്തി. അങ്ങനെ പൊതുജനം പുറത്തുനിന്നുള്ളതാണെന്ന് തെറ്റിദ്ധരിച്ച ആ ഉൽപ്പന്നം ഉപയോഗിക്കാൻ ഗാന്ധിജി തന്നെ ഒരു പരസ്യം നൽകുകയായിരുന്നു.   

ഇതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് 'അഫ്‌ഗാൻ സ്നോ' ഇന്ത്യയുടെ ആദ്യത്തെ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് എന്നതായിരിക്കാം. പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ ഇതിലും വലിയ പരസ്യ ബജറ്റുകളും ആധുനിക പാക്കേജിംഗും ഉള്ള വലിയ ബ്രാൻഡുകൾ വിപണിയിൽ എത്തിയപ്പോൾ അവയെ എതിർത്ത് നില്‍ക്കാന്‍ 'അഫ്‌ഗാൻ സ്നോ' എന്ന ഇന്ത്യൻ ക്രീമിനായില്ല. പഴയ പ്രതാപം ഇല്ലെങ്കിലും, ഒരു രാജാവ് നാമകരണം ചെയ്യുകയും ഗാന്ധിജി അംഗീകരിക്കുകയും ചെയ്ത ഒരു ക്രീം എന്ന നിലയിൽ അത് തീർത്തും മതിപ്പുളവാക്കിയ ഒന്ന് തന്നെയായിരുന്നു.