Asianet News MalayalamAsianet News Malayalam

സൈന്യത്തില്‍ ചേരാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല; പുരുഷവേഷത്തില്‍ യു എസ് ആര്‍മ്മിയില്‍ ചേര്‍ന്ന സ്ത്രീ...

രണ്ട് വർഷത്തിലേറെ അടുത്തിടപഴകാൻ അനേകം സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും, ഡെബോറ ഒരു സ്ത്രീയാണ് എന്ന സത്യം ആരും കണ്ടുപിടിച്ചില്ല. ഒരു വാളിൻതുമ്പുകൊണ്ട് നെറ്റിയിൽ മുറിവ് ഉണ്ടായപ്പോഴും, ഇടത് തുടയിൽ വെടിയേറ്റപ്പോഴും അവൾ സ്വയം ചികിത്സിച്ചു. 

The first woman in the US army
Author
Plympton, First Published Jul 7, 2020, 2:35 PM IST

ചരിത്രത്തിലുടനീളം ധീരരായ എണ്ണമറ്റ സ്ത്രീകളുണ്ടെങ്കിലും, ഡെബോറ സാംപ്‌സൺ അവരിൽ നിന്നെല്ലാം വേറിട്ടുനിൽക്കുന്നു. സ്ത്രീകൾക്ക് വീടിന് വെളിയിൽ പോലും ഇറങ്ങാൻ അനുവാദമില്ലാത്ത സമയത്ത് അവർ യു എസ് ആര്‍മ്മിയില്‍ ചേർന്നു. സ്ത്രീകൾക്ക് അന്നത്തെ കാലത്ത് സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ അനുവാദമില്ലായിരുന്നിട്ടു കൂടി അവർ അത് സാധിച്ചെടുത്തു. എങ്ങനെയെന്നല്ലേ? 1782 -ൽ ഒരു പുരുഷനായി വസ്ത്രം ധരിച്ച് റോബർട്ട് ഷർട്ടിൽഫ് എന്ന പേരിൽ അവർ കോണ്ടിനെന്റൽ സൈന്യത്തിൽ ചേരുകയായിരുന്നു. അങ്ങനെ യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ച ആദ്യ വനിതയായി അവർ ചരിത്രത്തിൽ ഇടം നേടി. 

1760 ഡിസംബർ 17 -ന് മസാച്യുസെറ്റ്സിലാണ് ഡെബോറ ജനിച്ചത്. കടുത്ത ദാരിദ്ര്യത്തിന് നടുവിലേക്കാണ് അവൾ പിറന്നു വീണത്. അവൾ കുട്ടിയായിരിക്കുമ്പോൾ കടലിൽ പോയ അച്ഛൻ മടങ്ങി വന്നില്ല. അച്ഛന്റെ അഭാവത്തിൽ വീട്ടുകാര്യങ്ങൾ നോക്കാൻ അമ്മ പണിപ്പെട്ടു. മകൾക്ക് കൊടുക്കാൻ ആ പാവപ്പെട്ട അമ്മയുടെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല. ഒടുവിൽ അവർ തന്റെ ഏഴു മക്കളെയും വിവിധ വീടുകളിൽ വീട്ടുജോലിക്കായി കൊണ്ടുപോയി വിട്ടു. എന്നാൽ ഡെബോറയുടെ മനസ്സിൽ അപ്പോഴും ഉയരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അവൾ ഒഴിവുസമയങ്ങളിൽ സ്വയം പഠിക്കാൻ തുടങ്ങി. തുടർന്ന് വായിക്കാൻ പഠിച്ച അവൾ ഒരു അദ്ധ്യാപികയായി മാറുകയായിരുന്നു. 1782 -ൽ അമേരിക്കൻ റെവല്യൂഷനറി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഡെബോറ തന്റെ രാജ്യത്തെ സേവിക്കാൻ വളരെ ഉത്സുകയായി. അങ്ങനെ തന്റെ 22-ാം വയസ്സിൽ, അവൾ സാംപ്‌സൺ റോബർട്ട് ഷർട്ടിൽഫ് എന്ന പേരിൽ ഒരാണിന്‍റെ വേഷത്തിൽ നാലാമത്തെ മസാച്യുസെറ്റ്സ് റെജിമെന്‍റിൽ ചേർന്നു. 

ആർക്കും സംശയം തോന്നാതിരിക്കാൻ, ഡെബോറ മുടി മുറിക്കുകയും, സ്വയം ഒരു പുരുഷന്‍റെ സ്യൂട്ട് തുന്നുകയും, അവളുടെ മാറിടം മറക്കുകയും ചെയ്‍തു. ഭാഗ്യത്തിന് അവളുടെ യൗവനമാർന്ന രൂപവും രോമങ്ങളില്ലാത്ത മുഖവും ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഒരു സ്ത്രീയാണ് തങ്ങളുടെ കൂടെ സൈന്യത്തിൽ ചേർന്നതെന്ന് ആരുമറിഞ്ഞില്ല. ഡെബോറയ്ക്ക് അഞ്ചടി എട്ട് ഇഞ്ച് ഉയരമുണ്ടായിരുന്നു. അക്കാലത്തെ ശരാശരി സ്ത്രീയെക്കാളും പുരുഷനേക്കാളും ഉയരമുണ്ടായിരുന്നു അവൾക്ക്. ഇത് അവൾക്കൊരു അനുഗ്രഹമായി. പല അപകടകരമായ ദൗത്യവും അവൾ സ്വയം ഏറ്റെടുത്തു വിജയകരമായി പൂർത്തിയാക്കി. 

രണ്ട് വർഷത്തിലേറെ അടുത്തിടപഴകാൻ അനേകം സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും, ഡെബോറ ഒരു സ്ത്രീയാണ് എന്ന സത്യം ആരും കണ്ടുപിടിച്ചില്ല. ഒരു വാളിൻതുമ്പുകൊണ്ട് നെറ്റിയിൽ മുറിവ് ഉണ്ടായപ്പോഴും, ഇടത് തുടയിൽ വെടിയേറ്റപ്പോഴും അവൾ സ്വയം ചികിത്സിച്ചു. എന്നാൽ, ഒടുവിൽ അവൾ പിടിക്കപ്പെടുക തന്നെ ചെയ്‌തു. ഫിലാഡൽഫിയയിൽ ഒരു പകർച്ചവ്യാധിയെത്തുടർന്ന് ബോധം നഷ്ടപ്പെട്ടപ്പോൾ അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. അവളെ ചികിത്സിച്ച ഡോക്ടർ അവൾ ഒരു പുരുഷനാണെന്ന കാര്യം മനസിലാക്കി. അദ്ദേഹം ഡെബോറയുടെ രഹസ്യം ഉദ്യോഗസ്ഥരെ അറിയിച്ചു. ജയിൽവാസം ഭയപ്പെട്ട അവർക്ക് പകരം ലഭിച്ചത് വീരസേവനത്തിന് മാന്യമായ വിരമിക്കലായിരുന്നു. പിന്നീട് അവർ കർഷകനായ ബെഞ്ചമിൻ ഗാനെറ്റിനെ വിവാഹം കഴിക്കുകയും മൂന്ന് മക്കളുണ്ടാകുകയും ചെയ്‍തു. 1827 -ൽ ഡെബോറ അന്തരിച്ചു.

ഡെബോറ മരിച്ച് നാല് വർഷത്തിനുശേഷം, ഒരു സൈനികന്റെ ഭർത്താവായതിനാൽ പെൻഷൻ വേണമെന്ന് ബെഞ്ചമിൻ ആവശ്യപ്പെടുകയുണ്ടായി. സേവനസമയത്ത് ദമ്പതികൾ വിവാഹിതരായിരുന്നില്ലെങ്കിലും, ഡെബോറയുടെ ധീരതയ്ക്കും, സേവനത്തിനുമുള്ള ആദരസൂചകമായി പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ നോക്കിയാൽ, അമേരിക്കൻ റെവല്യൂഷനറി യുദ്ധത്തിൽ പങ്കെടുത്തത്തിന് ഒരു മുഴുവൻ സൈനിക പെൻഷൻ നേടുന്ന ഒരേയൊരു സ്ത്രീയും അവരാണ്.  

Follow Us:
Download App:
  • android
  • ios