1978 -ലെ ഒരു വേനൽക്കാലത്തായിരുന്നു കൗമാരക്കാരൻ ജാദവ് പയംഗ് ആസ്സാമിലെ ബ്രഹ്മപുത്ര നദീതീരത്തുള്ള മജുലി ദ്വീപിലെ തന്റെ ജന്മസ്ഥലത്തേക്ക് മടങ്ങിയത്. അടുത്തുള്ള ഗ്രാമത്തിലെ ഒരു വിദ്യാലയത്തിൽ നിന്ന് പത്താം ക്ലാസ് പഠനം പൂർത്തിയാക്കി തന്റെ ജന്മനാട്ടിലേക്ക് തിരിച്ചുവന്നപ്പോൾ അവനെ കാത്തിരുന്നത് ഒരു വലിയ നിയോഗമാണ്. അതിലേയ്‌ക്കെത്തുന്ന സംഭവം ഇതാണ്. തിരിച്ചെത്തിയ അവൻ കണ്ടത്ത് തീർത്തും ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ്. വിജനമായ മണൽ തിട്ടകളിൽ നൂറിലധികം പാമ്പുകൾ‌ ചത്ത് കിടക്കുന്ന ഭയാനകമായ കാഴ്‍ചയാണ് അവനെ വരവേറ്റത്. വെള്ളപ്പൊക്കത്തിൽ പാമ്പുകൾ മണൽതിട്ടയിൽ വന്നടിയുകയും, മരങ്ങളുടെ തണലില്ലാതെ അസഹ്യമായ ചൂടിൽ അവ വെന്തു മരിക്കുകയും ചെയ്യുകയായിരുന്നു.

കാടും മരങ്ങളും പച്ചപ്പും നിറഞ്ഞുനിന്നിരുന്ന തന്റെ ഗ്രാമം ഇപ്പോൾ ഒരു മരുഭൂമികണക്കെ മാറിയത് ആ ബാലന്റെ ഹൃദയത്തെ തകർത്തു. മൊത്തം 1,000 ഹെക്ടർ വിസ്‍തൃതിയിലുള്ള അവിടം വ്യാപകമായി മണ്ണൊലിപ്പ് നടക്കുന്ന സ്ഥലമായിരുന്നു. ഇതിനൊരു പരിഹാരം കാണണം എന്ന് തീരുമാനിച്ച അവൻ അടുത്തുള്ള ഗ്രാമത്തിലേക്ക് പോയി. മരങ്ങൾ നട്ടുവളർത്തേണ്ട ആവശ്യകതയെ കുറിച്ച് ഗ്രാമവാസികളെ ഉദ്‌ബോധിപ്പിച്ചു. ഗ്രാമീണർ അവരുടെ അറിവിനൊപ്പം 50 വിത്തുകളും 25 മുളച്ചെടികളും അവന് നൽകി. അങ്ങനെ 1979 ഏപ്രിലിൽ, വെറും 15 വയസുള്ള ആ കുട്ടി തീർത്തും ഭാരമേറിയ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു മുന്നോട്ടുവന്നു. മണലും ചെളിയും നിറഞ്ഞ ദ്വീപിൽ അവൻ വിത്തുകളും, ചെടികളും പാകി. അങ്ങനെ 41 വർഷത്തിനുശേഷം അദ്ദേഹം ഒരു വനം തന്നെ അവിടെ ഉണ്ടാക്കിയെടുത്തു.  

ഇപ്പോൾ അമ്പതുകളുടെ മധ്യത്തിൽ എത്തിനിൽക്കുന്ന അദ്ദേഹത്തെ ലോകം ‘ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന് പ്രശംസിക്കുന്നു. ഒരു കാടിന്റെ മേൽനോട്ടക്കാരൻ, ഭൂമിയെ പുനരുജ്ജീവിപ്പിച്ചയാൾ, ഏക ഹരിത യോദ്ധാവ്, എന്നിങ്ങനെ അദ്ദേഹത്തിന്റെ നേട്ടത്തിന്റെ പട്ടിക നീണ്ടതാണ്. 13 സഹോദരങ്ങളിൽ മൂന്നാമനായ പയേങ്ങിന്റെ ജീവിതം കഷ്ടതകൾ നിറഞ്ഞതായിരുന്നു. അച്ഛൻ ലഖിറാമും അമ്മ അഫുലി പയേങ്ങും മക്കളെ പാൽവിറ്റ തുച്ഛമായ വരുമാനം കൊണ്ടാണ് പോറ്റിയിരുന്നത്. 1965 -ലെ പ്രളയം ആ ദ്വീപിനെ തകർക്കുകയും പയേങ്ങിന്റെ കുടുംബത്തെയും മറ്റുള്ളവരെയും 12 കിലോമീറ്റർ അകലെയുള്ള മജുലിയിലേക്ക് മാറ്റുകയും ചെയ്തു. അവിടേയ്ക്ക് മാറുന്നതിന് മുൻപ് തന്നെ, കടുത്ത ദാരിദ്ര്യം മൂലം മക്കളെ നോക്കാൻ പാടുപെട്ട ആ മാതാപിതാക്കൾ അഞ്ച് വയസ്സുള്ള പയേങ്ങിനെ ജൊഹാത്തിലെ ജില്ലാ കോടതിയിലെ കോടതി മാസ്റ്ററായ അനിൽ ബോർതാകൂരിന്റെ സംരക്ഷണയിൽ വിടാൻ നിർബന്ധിതരായി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവന്റെ അച്ഛനും അമ്മയും മരിക്കുന്നത്. അവരുടെ മരണത്തോടെ അനാഥരായ കന്നുകാലികളെ പരിപാലിക്കാൻ പയേങ് സ്കൂൾ പഠനം ഉപേക്ഷിച്ചു. ഇന്ന് അദ്ദേഹത്തിന് നൂറു പശുക്കളും എരുമകളും സ്വന്തമായുണ്ട്. അതുകൂടാതെ, 1,360 ഏക്കർ ഇടതൂർന്ന ഒരു വനവും അദ്ദേഹത്തിന് മാത്രം സ്വന്തം.  

ആദ്യം താല്പര്യത്തിന്റെ പേരിൽ ആരംഭിച്ച ചെടികളോടുള്ള സ്നേഹം, പയേങ്ങിന് പിന്നീട് അടക്കാനാകാത്ത ഒരാസക്തിയായി മാറി. 
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഫലഭൂയിഷ്ഠമായ കാലയളവിൽ അദ്ദേഹം ചെടികൾ നട്ടു.വർഷങ്ങൾക്കുശേഷം മുളകൾ, ബഹേഡ, തേക്ക്, കസ്റ്റാർഡ് ആപ്പിൾ, സ്റ്റാർ ഫ്രൂട്ട്, ഗുൽമോഹർ, പുളി, മൾബറി, മാങ്ങ, ചക്ക, ഔഷധ സസ്യങ്ങൾ എന്നുവേണ്ട തീർത്തും വൈവിധ്യമാർന്ന ചെടികളടങ്ങിയ ഒരു മനുഷ്യനിർമ്മിത വനമായി അത്  മാറി.  

“അഞ്ചുവർഷത്തിനുള്ളിൽ ഞാൻ ഒരു കിലോമീറ്ററോളം ഭൂമി ഇങ്ങനെ വനമാക്കി മാറ്റി. മരങ്ങളുടെ ആധിപത്യമുള്ള ഇടതൂർന്ന സസ്യജാലങ്ങളാൽ ആ ഭൂമി മൂടപ്പെട്ടു” അദ്ദേഹം പറഞ്ഞു. അവിടത്തെ ആളുകള്‍ അദ്ദേഹത്തെ ‘വനം’ എന്നർഥമുള്ള ‘മൊലൈ’ എന്ന് വിളിയ്ക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ വനഭൂമിയെ ‘മൊലൈ ഫോറസ്റ്റ്’ എന്നും അവർ വിളിച്ചു. 35 വർഷത്തെ കഠിനധ്വാനത്തിന്റെ ഫലമായി ഏകദേശം 1,360 ഏക്കർ വനഭൂമിയാണ് മൊലൈ വനം ഇപ്പോൾ ഉൾക്കൊള്ളുന്നത്. 15 ഫുട്ബോൾ സ്റ്റേഡിയങ്ങൾക്ക് സമമാണത്. റോയൽ ബംഗാൾ കടുവകൾ, ആനകൾ, കാണ്ടാമൃഗങ്ങൾ, കടുവകൾ, കാട്ടുപന്നി, ഉരഗങ്ങൾ, മാൻ, കഴുകൻ എന്നിവയുടെ ആവാസ കേന്ദ്രമാണ് ആ വനം ഇപ്പോൾ. എല്ലാ ദിവസവും വെളുപ്പിനെ മൂന്നുമണിക്ക് പയേങ്ങ് എഴുന്നേൽക്കും. എന്തിനെന്നോ എത്രയും പെട്ടെന്ന് തന്റെ ജോലികൾ തീർത്ത് വനത്തിലേക്കെത്താൻ. വെയിലുദിക്കുമ്പോഴേക്കും വനത്തിലെത്തുന്ന അദ്ദേഹം തന്റെ പ്രിയപ്പെട്ട ചെടികളെ താലോലിച്ചും, പരിചരിച്ചും വൈകുന്നേരം വരെ വനത്തിനുള്ളിൽ കഴിയും. 

അദ്ദേഹത്തിന്റെ ഈ അതുല്യമായ പ്രവർത്തനത്തിന് അദ്ദേഹത്തെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. കൂടാതെ ജവഹർലാൽ നെഹ്‌റു സർവകലാശാല ഭൗമദിനത്തിൽ പയേങ്ങിനെ  ‘ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന പദവി നൽകി ആദരിക്കുകയും ചെയ്‍തു. പരിസ്ഥിതി ശാസ്ത്രത്തെ നിർബന്ധിത വിഷയമാക്കണമെന്നും, ചെറുപ്പത്തിൽ തന്നെ പ്രകൃതിസ്നേഹം കുട്ടികളിൽ വളർത്തണമെന്നും അദ്ദേഹം പറയുന്നു. ഒരിക്കൽ കിറുക്കനെന്നും, വട്ടനെന്നും പറഞ്ഞു കളിയാക്കിയിരുന്നു അദ്ദേഹത്തെ ഇപ്പോൾ ഒരു നാട് മുഴുവൻ ആദരിക്കുകയാണ്. ഇതിനുകാരണം അദ്ദേഹത്തിന്റെ പ്രകൃതിയോടുള്ള അകമഴിഞ്ഞ സ്നേഹം മാത്രമാണ്.