ദിനോസർ എന്ന് പറയുമ്പോൾ തന്നെ ആദ്യം നമ്മുടെ മനസ്സിൽ തെളിയുന്നത് കൂർത്ത പല്ലുകളും, താടിയെല്ലുകളുമുള്ള ഭീമാകാരമായ ഒരു രൂപമാണ്. എന്നാൽ അത് മാത്രമല്ല, പക്ഷികളുടെ രൂപത്തിനോട് സാദൃശ്യമുള്ളതും, പല്ലികളെ പോലെ ഇരിക്കുന്നവയും എന്തിന്‌ കോഴിയുടെ വലുപ്പത്തിലുള്ള ദിനോസറുകൾ വരെയുണ്ട്. അടുത്തകാലത്തായി ഒരു പുതിയ ഇനം ദിനോസറുകളുടെ ഫോസ്സിൽ കണ്ടെത്തുകയുണ്ടായി. അവയുടെ ഏറ്റവും വലിയ പ്രത്യേകത അവയ്ക്ക് പല്ലുകളില്ല എന്നതാണ്. 

2015 -ൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ കേപ് ഓട്ട്‌വേയ്ക്കടുത്ത് ഒരു കുഴിയെടുക്കുന്നതിനിടെ ഒരു സന്നദ്ധപ്രവർത്തകനായ ജെസീക്ക പാർക്കറാണ് ഇതിന്റെ ഫോസിൽ കണ്ടെത്തിയത്. എന്നാൽ, അത് ഏതിനമാണ് എന്ന് തിരിച്ചറിയാനുള്ള അന്വേഷണമായിരുന്നു പിന്നീട്. ഒടുവിൽ  സ്വിൻ‌ബേൺ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി പാലിയന്റോളജിസ്റ്റ് ഡോ. സ്റ്റീഫൻ പോറോപാറ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് എലാഫ്രോസർ എന്നയിനമാണ് എന്ന് കണ്ടെത്തിയത്. 'ചെറിയ കാലുകളുള്ള പല്ലി' എന്നർത്ഥമുള്ള എലാഫ്രോസർക്ക് കഴുത്തിൽ അഞ്ച് സെന്റിമീറ്റർ നീളമുള്ള കശേരുക്കളുണ്ട്‌. ടൈറനോസൊറസ് റെക്സ്, വെലോസിറാപ്റ്റർ എന്നീ ഇനങ്ങളുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ഓസ്‌ട്രേലിയയിൽ കണ്ടെത്തിയ ആദ്യത്തെ എലാഫ്രോസർ അസ്ഥിയാണിത്.

ഒരു ദിനോസറിൽ നിന്ന് വ്യത്യസ്‍തമായ ഇത് ആദ്യം പറക്കാനും ഇഴയാനുമാവുന്ന ഏതോ ഒരു ജന്തുവിന്‍റെ അസ്ഥിയാണ് എന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ഇത് ഒരു ദിനോസറിന്റേതാണെന്നു ശാസ്ത്രജ്ഞർക്ക് മനസ്സിലായത്.  ഇവയ്ക്ക് രണ്ട് മീറ്റർ (6.5 അടി) നീളമുണ്ടെന്ന് ഫോസിൽ സൂചിപ്പിച്ചു. എന്നിരുന്നാലും, മുമ്പ് ടാൻസാനിയ, ചൈന, അർജന്റീന എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയ മറ്റ് എലാഫ്രോസറസിന്റെ ഫോസിലുകൾക്ക് ആറ് മീറ്റർ വരെ നീളമുണ്ടായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രേലിയൻ എലാഫ്രോസറിന് നീളമുള്ള കഴുത്തും ചെറിയ കൈകളുള്ള താരതമ്യേന ഭാരം കുറഞ്ഞ ശരീരമാണുള്ളത് എന്നദ്ദേഹം പറഞ്ഞു. 

“അവയുടെ തലയോട്ടികൾ പരിശോധിച്ചാൽ പ്രായം കുറഞ്ഞവയ്ക്ക് പല്ലുകളുണ്ടെങ്കിലും വലുതാവുന്തോറും പല്ലുകൾ നഷ്ടപ്പെടുകയും പകരം അതിന്റെ സ്ഥാനത്ത് കൊമ്പ് പോലെ തോന്നിപ്പിക്കുന്ന ഒരു കൊക്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇവ മാംസം കഴിക്കില്ലെന്നാണ് അനുമാനിക്കുന്നത്. പല്ലുകൾ ഉണ്ടായിരുന്ന സമയത്ത് ഇത് ഒരു മാംസഭുക്കായിരുന്നിരിക്കാം എന്നും, വലുതായപ്പോൾ അവ സസ്യഭുക്കുകൾ ആയി മാറിയിട്ടുണ്ടാകാ''മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.