Asianet News MalayalamAsianet News Malayalam

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിക്കൊന്നത് ഭര്‍ത്താക്കന്മാരടക്കം നിരവധിപ്പേരെ, 'ജോളി ബ്ലാക്ക് വിഡോ'യുടെ രീതി ഇങ്ങനെ

പ്രിയപ്പെട്ടവരെ ഭക്ഷണത്തിൽ വിഷം കലർത്തിയ കൊല്ലുകയെന്നതായിരുന്നു ഡോസിന്റെ ഇഷ്‍ട വിനോദം. ഭർത്താക്കന്മാരെ കൂടാതെ, 11 പേരെ അവർ കൊന്നതായി അധികൃതർ സംശയിക്കുന്നു.

The giggling Nannie who murdered her 4 husbands
Author
Alabama, First Published Jun 21, 2020, 1:23 PM IST

‘മുത്തശ്ശി’ എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ കടന്നുവരുന്നത് സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ ചിരിക്കുന്ന മുഖമായിരിക്കും. എന്നാൽ, ചരിത്രത്തിൽ സീരിയൽ കില്ലറായിരുന്നു ഒരു മുത്തശ്ശിയുണ്ടായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരുന്ന അവർ ‘ചിരിക്കുന്ന മുത്തശ്ശി’ എന്നാണ് അറിയപ്പെട്ടിരുന്നത്. പക്ഷേ, വെളുത്തതെല്ലാം പാലല്ല എന്ന് പറയുംപോലെ ഈ ചിരിക്കുന്ന മുത്തശ്ശിയുടെ ഉള്ളിലും ഒരു ചെകുത്താനുണ്ടായിരുന്നു. അവർ 11 കുടുംബാംഗങ്ങളെ കൊന്നതായി സംശയിക്കുകയും അഞ്ച് ഭർത്താക്കന്മാരിൽ നാലുപേരെ കൊന്നതായി സമ്മതിക്കുകയും ചെയ്‍തിട്ടുണ്ട്. ഇതിനെ തുടർന്ന് അവർക്ക് 'ജോളി ബ്ലാക്ക് വിഡോ' എന്ന വിളിപ്പേരും ലഭിക്കുകയുണ്ടായി.  

നാനി ഡോസ് എന്നാണ് അവരുടെ യഥാർത്ഥ പേര്. അവർ സ്നേഹമയിയായ ഒരമ്മയായിരുന്നു. എല്ലായ്പ്പോഴും പുഞ്ചിരിച്ചു കൊണ്ടിരിക്കുന്ന അവർ വിവാഹം കഴിച്ച്, നാല് മക്കളോടും, കൊച്ചുമക്കളോടൊപ്പം സമയം ചെലവഴിച്ചിരുന്നു. എന്നാൽ, 1920 മുതൽ 1954 വരെ നീണ്ടുനിന്ന മരണത്തിന്‍റെയും കൊലപാതകത്തിന്‍റെയും നീണ്ടകഥയായിരുന്നു അവരുടെ ജീവിതം. മിക്ക കൊലപാതകികളെയുംപോലെ ഇവർക്കും വളരെ വേദനിപ്പിക്കുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു. 1905 -ൽ അലബാമയിലെ ബ്ലൂ മൗണ്ടെയ്‌നിൽ ഒരു കർഷക കുടുംബത്തിലാണ് ഡോസ് ജനിച്ചത്. സ്‍കൂളിൽ പോകുന്നതിനുപകരം, വീട്ടുജോലികൾ ചെയ്‍തും, കുടുംബ കൃഷിസ്ഥലത്തെ കാര്യങ്ങൾ നോക്കിയും അവൾ വളർന്നു. ഏഴാമത്തെ വയസ്സിൽ ട്രെയിനിൽ കയറുന്നതിനിടെ ഡോസിന് തലയ്ക്ക് സാരമായ പരിക്കേറ്റു. അതോടെ അവരുടെ ജീവിതം എന്നെന്നേക്കുമായി മാറി. വീടിനകത്ത് ചെലവഴിച്ച സമയം അവളെ സംബന്ധിച്ചിടത്തോളം വേദനയുടെ നാൾവഴികളായിരുന്നു. അവളുടെ അച്ഛൻ വളരെ ക്രൂരമായി അവളെ ഉപദ്രവിക്കുമായിരുന്നു. പ്രതികരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട അമ്മ പക്ഷേ അതിനുനേരെ കണ്ണടച്ചു. അവളുടെ പുറംലോകത്തേക്കുള്ള ഏക വാതിൽ പൈങ്കിളി വാരികകളായിരുന്നു. അതിലെ കഥകൾ വായിച്ച് വളർന്ന അവൾ ഒരു എപ്പോഴും ഒരു സ്വപ്‍നലോകത്തിലായിരുന്നു. എന്നെങ്കിലും ഈ നരകത്തിൽ നിന്ന് തന്നെ രക്ഷിക്കാൻ ഒരു രാജകുമാരൻ വരുമെന്ന് അവൾ സ്വപ്‍നം കണ്ടു. സ്‌നേഹനിർഭരമായ ഒരു ദാമ്പത്യജീവിതം അവൾ ആഗ്രഹിച്ചു. 

കാത്തിരിപ്പിനൊടുവിൽ പതിനാറാമത്തെ വയസ്സിൽ, ഡോസ് നാലുമാസം മാത്രം പരിചയമുള്ള ഒരാളെ വിവാഹം കഴിച്ചു. ചാർലി ബ്രാഗ്‌സിനും ഡോസിനും അതിൽ നാല് മക്കളുണ്ടായി. സന്തുഷ്‍ടരായ ദമ്പതികൾ ബ്രാഗ്‌സിന്റെ അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ, ഡോസിന്റെ അച്ഛനെ പോലെ ബ്രാഗ്‌സിന്റെ അമ്മയും അവളോട് മോശമായാണ് പെരുമാറിയത്. ഒരുപക്ഷേ, അവളുടെ അമ്മായിയമ്മയായിരിക്കും അവളെ ഇത്തരം കൊലപാതകങ്ങൾ നടത്താൻ പ്രേരിപ്പിച്ചത്. അവരുടെ നാല് മക്കളിൽ രണ്ടുപേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെ തുടർന്ന് 1928 -ൽ ദമ്പതികൾ വിവാഹമോചനം നേടി. തികച്ചും ആരോഗ്യവാന്മാരായിരുന്ന കുട്ടികൾ, കാരണമില്ലാതെ പെട്ടെന്ന് മരണപ്പെടുകയായിരുന്നു. ബ്രാഗ്സ് തന്റെ മൂത്ത മകളായ മെൽവിനെ കൂടെ കൊണ്ടുപോവുകയും, നവജാതശിശുവായ ഫ്ലോറിനെ ഡോസിനൊപ്പം വിടുകയും ചെയ്യ്തു.  

വിവാഹമോചനം നേടി ഒരു വർഷത്തിനുശേഷം ഡോസ് രണ്ടാമത് വിവാഹം കഴിച്ചു. ഭർത്താവായ റോബർട്ട് ഹാരെൽസൺ ഒരു മദ്യപാനിയായിരുന്നു. അദ്ദേഹം ഡോസിനെ ഉപദ്രവിച്ചിരുന്നുവെങ്കിലും, ആ വിവാഹജീവിതം 16 വർഷം വരെ നീണ്ടുനിന്നു. ഇതിനിടയിൽ, ജനിച്ച് ഏതാനും ദിവസങ്ങൾ മാത്രം പ്രായമുള്ള സ്വന്തം ചെറുമകളെ ഡോസ് തലച്ചോറിൽ ഒരു ഹെയർപിൻ കുത്തിക്കയറ്റി കൊലപ്പെടുത്തി. ചെറുമകളുടെ മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം, അവരുടെ രണ്ട് വയസ്സുള്ള ചെറുമകൻ റോബർട്ടും ഡോസിന്റെ പരിചരണത്തിനിടെ ശ്വാസംമുട്ടി മരിച്ചു. 

അവരുടെ അടുത്ത ലക്ഷ്യം ഹാരെൽസണായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ഒരു രാത്രിയിൽ മദ്യപിച്ച് കയറിവന്ന അദ്ദേഹത്തിന്റെ ഭക്ഷണത്തിൽ ഡോസ് എന്തോ കലർത്തിക്കൊടുത്തു. ഒരാഴ്‍ചയ്ക്കുള്ളിൽ അദ്ദേഹം മരിച്ചു. ഭക്ഷ്യവിഷബാധ മൂലമാണ് അദ്ദേഹം മരിച്ചതെന്ന് ആളുകൾ അനുമാനിച്ചു. അതേസമയം, ഹാരെൽസന്‍റെ മരണത്തെ തുടർന്ന് ലഭിച്ച ഇൻഷുറൻസ് തുക ഉപയോഗിച്ച് ഒരു സ്ഥലവും വീടും ഡോസ് വാങ്ങി.  പിന്നീട് വിവാഹം ചെയ്‍ത രണ്ടു ഭർത്താക്കന്മാരേയും ഇതുപോലെ വിഷം ചേർത്ത ഭക്ഷണം നൽകി അവർ കൊന്നു. ഒക്‌ലയിലെ സാമുവലായിരുന്നു ഡോസിന്റെ അവസാന ഇര. അദ്ദേഹം മദ്യപിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യാത്ത ഒരാളായിരുന്നു.

തനിക്ക് പൈങ്കിളി കഥകളൊന്നും കാണാൻ താല്‍പര്യമില്ലെന്നും താൻ ടെലിവിഷൻ കാണുന്നത് വിദ്യാഭ്യാസകാര്യങ്ങളെ കുറിച്ചറിയാനായിട്ട് മാത്രമാണെന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞതാണ് അദ്ദേഹം ചെയ്‍ത ഏക തെറ്റ്. ഡോസിന് അത് ഇഷ്‍ടപ്പെട്ടില്ല. അവർ വിഷം ചേർത്ത് ഒരു പ്രൂൺ കേക്ക് അയാളെക്കൊണ്ട് കഴിപ്പിച്ചു. എന്നാൽ, അദ്ദേഹം മരിച്ചില്ല. സാമുവൽ ആശുപത്രിയിൽ ഒരു മാസം ചെലവഴിച്ചശേഷം സുഖം പ്രാപിച്ചു തിരികെവന്നു. വീട്ടിലെത്തി കുറച്ചുദിവസങ്ങൾക്കുശേഷം ഡോസ് വീണ്ടും അയാളെ കൊല്ലാനായി തുനിഞ്ഞു. ഇപ്രാവശ്യം വളരെ കൃത്യതയോടെയാണ് അവർ അത് നിറവേറ്റിയത്. വിഷം കലർന്ന കാപ്പി കൊടുത്താണ് അവർ അദ്ദേഹത്തെ കൊന്നത്. എന്നാൽ ഡോസിന്റെ കണക്കുകൂട്ടലുകൾ പിഴച്ചു. സാമുവലിന്റെ മരണത്തിൽ സംശയം തോന്നിയ ഡോക്ടർ പോസ്റ്റുമാർട്ടം നടത്തിയപ്പോൾ ശരീരത്തിൽ വലിയ അളവിൽ ആർസെനിക് കണ്ടെത്തി. അദ്ദേഹം ഉടനെ പൊലീസിനെ വിവരം അറിയിച്ചു. 1954 -ൽ നാനി ഡോസ് അറസ്റ്റിലായി.

 

The giggling Nannie who murdered her 4 husbands


പ്രിയപ്പെട്ടവരെ ഭക്ഷണത്തിൽ വിഷം കലർത്തിയ കൊല്ലുകയെന്നതായിരുന്നു ഡോസിന്റെ ഇഷ്‍ട വിനോദം. ഭർത്താക്കന്മാരെ കൂടാതെ, 11 പേരെ അവർ കൊന്നതായി അധികൃതർ സംശയിക്കുന്നു. അവരിൽ ഭൂരിഭാഗവും രക്തബന്ധുക്കളാണ്. അതേസമയം, ചിരിച്ചുകൊണ്ട് തന്റെ ഭർത്താക്കന്മാരെ കൊന്ന കഥകൾ പറഞ്ഞ അവർക്ക് പത്രപ്രവർത്തകർ നൽകിയ പേരാണ് ചിരിക്കുന്ന മുത്തശ്ശി. കൊലപാതകങ്ങൾ ചെയ്യാനുള്ള അവരുടെ ന്യായീകരണം വിചിത്രമായിരുന്നു. "ഞാൻ അനുയോജ്യനായ ഒരു ഇണയെ തിരയുകയായിരുന്നു. ജീവിതത്തിലെ യഥാർത്ഥ പ്രണയത്തെ അന്വേഷിക്കുകയായിരുന്നു" അവർ പറഞ്ഞു. എന്തായാലും അവരുടെ തിരച്ചിൽ പൊലീസ് ഇടപെട്ട് നിർത്തിച്ചതുകൊണ്ട് മരിച്ച ആളുകളുടെ എണ്ണം നാലിൽ ഒതുങ്ങി. 1964 -ൽ, ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടെ ജയിലിൽ വച്ചാണ് നാനി ഡോസ് മരിച്ചത്.  
 

Follow Us:
Download App:
  • android
  • ios