Asianet News MalayalamAsianet News Malayalam

ജനനനിയന്ത്രണങ്ങളെ കുറിച്ച് ബോധവത്കരണം നടത്തിയ, ഡോ. അംബേദ്‍കറിന്‍റെ പോരാട്ടങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വനിത...

സുലോചനബായിയുടെ ഏറ്റവും വിപ്ലവകരമായ സംഭാവനകളിലൊന്നാണ് ജനന നിയന്ത്രണത്തെക്കുറിച്ചുള്ള അവരുടെ പ്രഭാഷണം. ജനന നിയന്ത്രണത്തെക്കുറിച്ച് മാത്രമല്ല, വിദ്യാഭ്യാസം, സ്വാതന്ത്ര്യം, തിരഞ്ഞെടുപ്പ് തുടങ്ങിയ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചും അവർ അവബോധം സൃഷ്ടിച്ചു.

The Great Dalit Woman Leader who advocated birth control
Author
India, First Published Jan 13, 2020, 3:25 PM IST
  • Facebook
  • Twitter
  • Whatsapp

"അമ്മയുടെ ആരോഗ്യം ഇല്ലാതാക്കിയിട്ട്, രോഗികളായ, പോഷകാഹാരമില്ലാത്ത, നിരക്ഷരരായ കുട്ടികളെ പ്രസവിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണ്?  ഈ തിന്മ തടയാൻ, ഓരോ സ്ത്രീയും ഈ കാര്യം ഗൗരവമായി പരിഗണിക്കുകയും, അതിനെതിരെ പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. ഈ പ്രശ്നം പരിഹരിക്കുന്നതിന്, വിപുലമായ തോതിൽ സ്ത്രീ വിദ്യാഭ്യാസം അത്യാവശ്യമാണ്."

നമ്മളിൽ പലരും മേൽപ്പറഞ്ഞ വരികൾ വായിക്കുകയും അതിനോട് യോജിക്കുകയും ചെയ്യുന്നവരാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ ഈ പ്രസ്താവന വളരെയധികം പ്രസക്തമാണ്. എന്നാൽ, ഈ വരികൾ പറഞ്ഞ വ്യക്തിയെ അധികമാരും അറിയാൻ വഴിയില്ല. സ്ത്രീകളുടെ ഉന്നതിക്കായി പരിശ്രമിച്ച ദളിത് ഫെമിനിസ്റ്റായ സുലോചനബായ് ഡോംഗ്രെയുടെ വാക്കുകളാണിവ. 1942 ജൂലൈ 20 ന്‌ നടന്ന ചരിത്രപരമായ അഖിലേന്ത്യാ  വനിതാ സമ്മേളനത്തിലാണ് ഡോംഗ്രെ ഇത് പറഞ്ഞത്. 77 വർഷങ്ങൾക്ക് കഴിഞ്ഞിട്ടും ഇപ്പോഴും അതിൻ്റെ പ്രാധാന്യം അല്പം പോലും കുറഞ്ഞിട്ടില്ല. 

ആരാണ് സുലോചനബായ് ഡോംഗ്രെ?

ഡോ. അംബേദ്കറുടെ സ്ത്രീ ശാക്തീകരണ പോരാട്ടങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിച്ച ഒരാളായിരുന്നു സുലോചനബായ് ഡോംഗ്രെ. ജനനനിയന്ത്രണത്തിൻ്റെ ആവശ്യകതയെ കുറിച്ച് രാജ്യവ്യാപകമായി അവബോധം ഉണ്ടാക്കാൻ ശ്രമിച്ച ആദ്യത്തെ ദളിത് വനിതയാണ് അവർ. സ്ത്രീകൾ തനിയെ വീടിന് പുറത്തുപോകാൻ പോലും മടിക്കുന്ന ഒരു കാലഘട്ടത്തിലാണ്, സുലോചനബായ്, ഒരു സ്ത്രീയുടെ ശരീരത്തെ സംബന്ധിക്കുന്ന അവകാശത്തെക്കുറിച്ച് സംസാരിക്കാൻ ധൈര്യപ്പെട്ടത്. ഒരു സ്ത്രീയെന്നനിലയിൽ മാത്രമല്ല, അവർ വെല്ലുവിളികൾ നേരിട്ടത്. അടിച്ചമർത്തപ്പെട്ട ഒരു സമൂഹത്തിൻ്റെ പ്രതിനിധിയായിരുന്നു അവർ. പിന്നോക്ക വിഭാഗത്തിൻ്റെ പോരായ്മകളെ പൊരുതിത്തോൽപ്പിച്ചും, ഒരു സ്ത്രീയെന്ന നിലയിലെ പരിമിതികളെ മറികടന്നും, ആ ദളിത് വിപ്ലവകാരി ദലിത് ഫെമിനിസത്തിൻ്റെയും, സ്ത്രീ വിമോചനത്തിൻ്റെയും ഒരു വക്താവായി മാറി. അവരുടെ കാഴ്ചപ്പാടുകൾ സമൂഹത്തിൽ നവോത്ഥാനത്തിൻ്റെ വെളിച്ചം പകർന്നു നൽകി.  

A Critical Insight On Status Of Dalit Women In India (2018), എന്ന ഗവേഷണ പ്രബന്ധത്തിൽ ഡോ. ജയശ്രീ സിങ്ങും ഗാർഗി വസിഷ്ഠയും എഴുതിയത്തിങ്ങനെയാണ്, “ഇന്ത്യയിലെ ദലിത് സ്ത്രീകൾ നൂറ്റാണ്ടുകളായി നിശബ്ദരായിരുന്നു. അവർക്ക് സ്വന്തം ശരീരത്തിലും, വരുമാനത്തിലും, ജീവിതത്തിലും അവകാശങ്ങളില്ലായിരുന്നു. പകരം, മറ്റുള്ളവർ അവരെ നിയന്ത്രിച്ചു.  ജാതിയുടെ ഭാരവും, ലൈംഗികതയെ അടിസ്ഥാനമാക്കിയുള്ള തൊഴിൽ വിഭജനവും ദലിത് സ്ത്രീകളുടെ ജീവിതം നരകതുല്യമാക്കി. ദരിദ്രരും, നിരക്ഷരരുമായ അവർ, ലൈംഗിക പീഡനങ്ങൾക്കും ജാതീയ അതിക്രമങ്ങൾക്കും ഇരയായി.”

രമാബായ് അംബേദ്കറിനെപ്പോലുള്ള മറ്റ് ദളിത് വനിതാ നേതാക്കളെപ്പോലെ സുലോചനബായിയും അഖിലേന്ത്യാ പിന്നോക്ക വനിതാ കോൺഗ്രസിലെ അംഗമായിരുന്നു. താമസിയാതെ രമാബായിയും മറ്റ് ദളിത് ഫെമിനിസ്റ്റുകളും ചേർന്ന് സമ്മേളനത്തിൽ നിന്ന് പുറത്തുപോകാൻ തീരുമാനിച്ചു. ദേശീയ വനിതാ പ്രസ്ഥാനത്തിൽ നിന്ന് ദളിത് ഫെമിനിസ്റ്റുകൾ പിരിഞ്ഞുപോകാൻ പ്രധാന കാരണമായത് അതിനുള്ളിൽ നിലനിന്നിരുന്ന ജാതീയ വിവേചനമായിരുന്നു. 1937 -ൽ നടന്ന പിന്നോക്ക വനിതാ സമ്മേളനത്തിൽ വിദ്യാഭ്യാസ വിദഗ്ധൻ ജയ്ബായ് ചൗധരി ദളിത് സ്ത്രീകൾക്ക് ഭക്ഷണ സമയത്ത് പ്രത്യേക സീറ്റുകൾ നൽകിയത് അതിലൊരു സംഭവം മാത്രം. 

ദളിത് സ്ത്രീകളുടെ ദേശീയ പ്രസ്ഥാനവും, സവർണ്ണ സ്ത്രീകളുടെ ദേശീയതയും തമ്മിൽ പ്രത്യയശാസ്ത്രപരമായി വലിയ അന്തരമുണ്ടായിരുന്നു. സവർണ്ണ സ്ത്രീകൾ ഹിന്ദു പാരമ്പര്യങ്ങളായ സതിയെയും സാവിത്രിയെയും മഹത്വപ്പെടുത്തുകയും, ജാതി വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്തു. അതേസമയം, സുലോചനബായിയുടെ നേതൃത്വത്തിലുള്ള ദളിത് സ്ത്രീകൾ തങ്ങളുടെ വിദ്യാഭ്യാസം, ലൈംഗികവും, സാമ്പത്തികവുമായ സ്വാതന്ത്ര്യം എന്നിവക്കായി പോരാടുകയായിരുന്നു.   

എ.ഐ.ഡബ്ല്യു.സിയിൽ നിന്നുള്ള ദളിത് സ്ത്രീകളെ കൂട്ടത്തോടെയുള്ള പിരിഞ്ഞുപോക്ക് ക്രമേണ ദളിത് മഹിള ഫെഡറേഷൻ്റെ രൂപീകരണത്തിന് വഴിയൊരുക്കി. 1942 -ൽ അഖിലേന്ത്യാ പട്ടികജാതി ഫെഡറേഷൻ്റെ  ഭാഗമായിരുന്ന അതിൻ്റെ അധ്യക്ഷ സ്ഥാനം വഹിച്ചത് സുലോചനബായിയായിരുന്നു. 

അഖിലേന്ത്യാ പിന്നോക്ക വനിതാ കോൺഗ്രസ്സിന് നേതൃത്വം നൽകിയ സുലോചനബായ് 1942 ജൂലൈയിൽ നാഗ്പൂരിൽ നടന്ന സമ്മേളനത്തിൻ്റെ അദ്ധ്യക്ഷത വഹിച്ചു. അങ്ങനെ 25,000 ത്തിലധികം സ്ത്രീകൾ ദളിത് പോരാട്ടത്തിൻ്റെ ഭാഗമായി തീർന്നു. ഡോ. ബി ആർ അംബേദ്കർ നയിച്ച വിശാല ദളിത് പ്രസ്ഥാനത്തിൻ്റെ ഭാഗമായി നടന്ന സ്ത്രീകളുടെ ലൈംഗിക, പ്രത്യുത്പാദന അവകാശങ്ങൾക്കായി പോരാട്ടത്തിൽ ഈ സ്ത്രീകളും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. 

സുലോചനബായിയുടെ ഏറ്റവും വിപ്ലവകരമായ സംഭാവനകളിലൊന്നാണ് ജനന നിയന്ത്രണത്തെക്കുറിച്ചുള്ള അവരുടെ പ്രഭാഷണം. ജനന നിയന്ത്രണത്തെക്കുറിച്ച് മാത്രമല്ല, വിദ്യാഭ്യാസം, സ്വാതന്ത്ര്യം, തിരഞ്ഞെടുപ്പ് തുടങ്ങിയ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചും അവർ അവബോധം സൃഷ്ടിച്ചു. വിദ്യാഭ്യാസത്തെ ഒരു പ്രേരകശക്തിയായി വിശേഷിപ്പിച്ച സുലോചനബായി, മതത്തിൻ്റെയും, പാരമ്പര്യത്തിൻ്റെയും ചങ്ങലകൾക്കെട്ടുകൾ പൊട്ടിച്ചെറിയാൻ സ്ത്രീകളോട് ആഹ്വാനം ചെയ്‌തു. 

"വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ നമ്മൾ ഇപ്പോഴും വളരെ പിന്നോക്കാവസ്ഥയിലാണ്. ഇന്നത്തെ പെൺകുട്ടി നാളത്തെ അമ്മയാണ്. തൊട്ടിലാട്ടുന്ന അവൾ ലോകത്തെ സ്വതന്ത്രമാക്കുന്നു. അതിനാൽ പെൺകുട്ടികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളെ എങ്ങനെ വളർത്താമെന്ന് പെൺകുട്ടി അറിഞ്ഞിരിക്കണം. വിദ്യാഭ്യാസമില്ലെങ്കിൽ, ഒരാളുടെ സദ്ഗുണങ്ങളും കഴിവുകളും വികസിപ്പിക്കാൻ കഴിയില്ല. എല്ലാ ജില്ലയിലും തഹസിൽ ലോക്കൽ ബോർഡിലും വനിതകളുടെ പ്രാതിനിധ്യം ഉണ്ടാകണം. നിയമസഭയിലെ 20 പേരിൽ പലരും വിദ്യാഭ്യാസമില്ലാത്ത പുരുഷന്മാരാണ്. ഈ സീറ്റുകളിൽ ചിലത്  വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് നൽകിയിരുന്നെങ്കിൽ, നമ്മുടെ സ്ഥിതി മെച്ചപ്പെടുമായിരുന്നു.” അവർ പറഞ്ഞു.

ഒരുപാട് വിപ്ലവകരമായ മാറ്റങ്ങൾക്ക് വേണ്ടി പോരാടിയ സുലോചനബായ് അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ശബ്‌ദവും, വെളിച്ചവുമായി മാറി. സ്ത്രീകളുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തുക, അവരുടെ വിദ്യാഭാസ്യം ഉറപ്പാക്കുക, നിയമനിർമ്മാണ വ്യവസ്ഥയിലും, ഭരണമേഖലയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ സ്ത്രീകളുടെ ആവശ്യങ്ങൾക്കായി അവർ പോരാടി. ഒരിക്കലും പതറാത്ത ആത്മവിശ്വാസവും, വിപ്ലവ വീര്യവും അവരുടെ സമരങ്ങളെ ചരിത്രത്തിൽ വേറിട്ട് നിർത്തി. ജാതീയ വിവേചനകൾക്കെതിരെയും, സ്ത്രീകളുടെ ദുരിതങ്ങൾക്കെതിരെയും അവർ നടത്തിയ പോരാട്ടങ്ങൾ സമൂഹത്തിൽ ഒരു പുതിയ കാഴ്ചപ്പാടിനും, ജീവിത ദർശനത്തിനും വഴിവച്ചു.  

Follow Us:
Download App:
  • android
  • ios