Asianet News MalayalamAsianet News Malayalam

കയറിൽ കയറി അപ്രത്യക്ഷമാകുന്ന കുട്ടി, റോപ് ട്രിക്കിന്റെ തുടക്കവും ഒടുക്കവും എവിടെയാണ്?

ഇതിനെ സംബന്ധിക്കുന്ന മറ്റൊരു കണ്ടെത്തൽ തികച്ചും വിചിത്രമായ ഒന്നാണ്. ഈ അഭ്യാസം ഒരു കൺകെട്ട് വിദ്യ മാത്രമാണ്.  ഒരുപക്ഷേ റോപ്പ് ട്രിക്ക് ഒരിക്കലും സംഭവിക്കുന്നില്ല എന്നതാണത്. 

The Great Indian Rope Trick
Author
India, First Published May 4, 2020, 10:25 AM IST

പണ്ടുകാലത്ത് തെരുവുകളിൽ ജാലവിദ്യകൾ കാണിച്ചിരുന്ന അനവധിപ്പേരെ കാണാറുണ്ട്. അവരുടെ പല അഭ്യാസപ്രകടനങ്ങളും നമ്മിൽ കൗതുകം ഉണർത്താറുമുണ്ട്. വടക്കേ ഇന്ത്യയിലാണ് ഇത് കൂടുതലായും കണ്ടുവന്നിരുന്നത്. അവരുടെ ജാലവിദ്യകളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് കയർ കൊണ്ടുള്ള ചെപ്പടിവിദ്യ. അതെങ്ങനെയെന്നാൽ, ആദ്യം തന്നെ ജാലക്കാരൻ ഇതിനായി നീളമുള്ള കയർ അടങ്ങിയ ഒരു കൊട്ട തുറസ്സായ ഒരിടത്ത് വയ്ക്കുന്നു. ജാലവിദ്യകാരൻ ആ കയറിനെ മാന്ത്രിക വടി ഉപയോഗിച്ച് വായുവിലേക്ക് ഉയർത്തുന്നു. അത് ഒരു നീളമുള്ള വടി കണക്കെ വായുവിൽ ഉയർന്നു പൊങ്ങും. തുടർന്ന് തന്റെ കൂടെയുള്ള കുട്ടിയോട് കയറിൽ പിടിച്ച് മുകളിലേയ്ക്ക് കയറാൻ ആവശ്യപ്പെടും. ഒരു വടിയിൽ എന്നപോലെ ആ കുട്ടി നിവർന്ന് നിൽക്കുന്ന ആ കയറിൽ പിടിച്ച് അറ്റം വരെ കയറും. കുട്ടി ഏത് നിമിഷവും താഴെ വീണേക്കാമെന്ന പേടിയിൽ ശ്വാസം അടക്കിപ്പിടിച്ച് അത്ഭുതത്തോടെയാണ് ആ കാഴ്‌ച കാണാറുള്ളത്. എന്നാൽ, കാലം കടന്നുപോയത്തിനൊപ്പം അതും അപ്രത്യക്ഷമായി തുടങ്ങി. ഇന്ന് കൂടുതൽ സാഹസികമായ, രസിപ്പിക്കുന്ന വിനോദങ്ങൾ നമ്മൾക്ക് ചുറ്റിലും വന്നു തുടങ്ങിയപ്പോൾ തെരുവ് മായാജാലങ്ങളില്ലാതാവാൻ തുടങ്ങി.

ലോകത്തിലെ ഏറ്റവും വലിയ മായാജാലമെന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇപ്പോഴും അതിന്റെ ശാസ്ത്രീയത വിശദീകരിക്കാൻ പ്രയാസമാണ്. കയറിനൊരിക്കലും നിവർന്ന് വടി പോലെ നിൽക്കാൻ സാധിക്കില്ല എന്നത് നമുക്കറിയാം. പിന്നെ എങ്ങനെയാണ് അവർ അത് ചെയ്തിരുന്നത്? ആളുകളെ വിസ്മയത്തിലാഴ്ത്തിയിരുന്ന, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ചിരുന്ന ആ റോപ് ട്രിക്കിന്റെ ഉത്ഭവം എവിടെനിന്നാണ്? എന്ന് മുതലാണ് അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായത്?  

പത്തൊൻപതാം നൂറ്റാണ്ടിനുമുമ്പ് ഇന്ത്യയിൽ നടന്ന ആഘോഷങ്ങളുടെ ഒരു ഭാഗമായിരുന്നു ഇതെന്ന് പറയപ്പെടുന്നു. ഒൻപതാം നൂറ്റാണ്ടിലെ നിരവധി വിവരണങ്ങൾ അത്തരമൊരു വിശ്വാസത്തെ ബലപ്പെടുത്തുന്നു. ആദി ശങ്കരന്റെ മാണ്ഡൂകോപനിഷത്തിൽ ഈ കയർ തന്ത്രത്തെക്കുറിച്ച് ചർച്ചചെയ്യുന്നുണ്ട്. അതുപോലെ തന്നെ പതിനാലാം നൂറ്റാണ്ടിലെ മൊറോക്കൻ പര്യവേഷകനും പണ്ഡിതനുമായ ഇബ്നു ബത്തുത്ത ചൈനയിൽ ഇത്തരമൊരു തന്ത്രം നടത്തിയതായി എഴുതിയിട്ടുണ്ട്. അതേസമയം, 17-ാം നൂറ്റാണ്ടിലെ ഇന്ത്യൻ ചക്രവർത്തിയായ ജഹാംഗീറാണ് ഇന്ത്യയിൽ ഈ അഭ്യാസത്തെ കുറിച്ച് പരാമർശിച്ചത്. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ആദ്യമായി വിവർത്തനം ചെയ്തത് 1829 -ലാണ്.  ആകാശത്തേക്ക് ഒരു ചരട് എറിയുകയും പിന്നീട് അതിൽ പിടിച്ച് മുകളിലേക്ക് കയറുകയും ചെയ്യുന്ന ഭോജ രാജാവിന്റെ കഥയിൽനിന്ന്  പ്രചോദിതമായിരിക്കാം ഇത്.

ഗ്രേറ്റ് ഇന്ത്യൻ റോപ്പ് ട്രിക്കിന്റെ നിരവധി പതിപ്പുകൾ ഉണ്ട്. എന്നാൽ, ഏറ്റവും പ്രസിദ്ധവും ഏറ്റവും ജനപ്രിയമായതുമായ രീതി മുകളിൽ കയറിയ കുട്ടി വായുവിലേക്ക് അപ്രത്യക്ഷമാകുന്നതാണ്. കുട്ടിയെ തിരഞ്ഞു ജാലവിദ്യക്കാരൻ മുകളിൽ കയറുമ്പോൾ ആൾക്കൂട്ടത്തിനിടയിൽനിന്ന് കാണാതായ കുട്ടി നടന്ന് വരുന്നത് കാണാം. ഇത് ജോൺ വില്ലി 1890 -ൽ റെക്കോർഡുചെയ്‌ത് ചിക്കാഗോ ട്രിബ്യൂണിൽ പ്രസിദ്ധീകരിച്ചിരുന്നു.  

വ്യക്തമായ തെളിവുകൾ കണ്ടെത്താനാകാത്തതിന്റെ പേരിൽ ഇത് വെറും തട്ടിപ്പാണ് എന്ന് ചിലർ പറയുന്നുണ്ട്. കുറച്ചെങ്കിലും യുക്തി സഹജമായ വിശദീകരണം കണ്ടെത്താൻ സാധിച്ചത് മാന്ത്രികൻ, ജാസ്പർ മേക്കർലിനാണ്. കയർ യഥാർത്ഥത്തിൽ പരസ്പരം ഇണക്കിയ മുള കഷണങ്ങളായിരിക്കാം എന്ന് അദ്ദേഹം വിശദീകരിക്കുന്നു. കയറിന്റെ രൂപത്തിൽ അതിനെ മാറ്റിയെടുത്തതാകാം എന്നും, അതുകൊണ്ടാകാം അത് വായുവിൽ നിവർന്ന് നിൽക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കയർ മുപ്പത് അടിയെങ്കിലും ഉയരമുള്ളതായിരിക്കും. അതുകൊണ്ട് തന്നെ ചുറ്റും കൂടി നിൽക്കുന്നവർക്ക് കടുത്ത സൂര്യപ്രകാശത്തിൽ കയറിന്റെ അറ്റം കാണാൻ പ്രയാസമായിരിക്കും. കുട്ടി അപ്രത്യക്ഷമാകുന്നു എന്നത് കണ്ണുകൊണ്ട് കാണാൻ അവർക്ക് ആ പ്രകാശത്തിൽ അസാധ്യമാകുന്നു. ഈ സമയത്ത് കുട്ടി തന്ത്രപൂർവം രക്ഷപ്പെടുന്നതായിരിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഇതിനെ സംബന്ധിക്കുന്ന മറ്റൊരു കണ്ടെത്തൽ തികച്ചും വിചിത്രമായ ഒന്നാണ്. ഈ അഭ്യാസം ഒരു കൺകെട്ട് വിദ്യ മാത്രമാണ്.  ഒരുപക്ഷേ റോപ്പ് ട്രിക്ക് ഒരിക്കലും സംഭവിക്കുന്നില്ല. അതെ, മാന്ത്രികന് ആ സംഭവങ്ങളെല്ലാം കണ്ടുവെന്ന് വിശ്വസിക്കാൻ ആളുകളെ ഹിപ്നോട്ടിസ് ചെയ്യുന്നതുമാകാം. പലരും ഇതിനെ കുറിച്ച് പഠിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ന് ഇത് ചെയ്യാൻ കഴിവുള്ള ആളുകളെ കണ്ടെത്താൻ സാധിക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്‌നമാണ്. ഇന്ന് ഇത്രയേറെ ചർച്ചചെയ്യപ്പെടുന്ന ഈ മാന്ത്രികവിദ്യ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരുന്ന ആ മാന്ത്രികർ പക്ഷെ അവരുടെ സമയത്ത് വേണ്ടത്ര അംഗീകരിക്കപ്പെടാതെ, ദാരിദ്ര്യത്തിലും പട്ടിണിയിലും ഒടുങ്ങി എന്നതും സങ്കടകരമായ ഒന്നാണ്.  

Follow Us:
Download App:
  • android
  • ios