2020 പലർക്കും ഒരു ദുരിതകാലമാണ്. ലോകമെങ്ങും ദുരിതങ്ങളും, വ്യാധിയും പടർന്നുപിടിക്കുന്ന സമയത്ത് സന്തോഷം എന്ന വാക്കിന്‍റെ അർത്ഥം പോലും നമ്മൾ പലപ്പോഴും മറന്നു പോകുന്നു. എന്നാൽ, അതൊന്ന് ഓർമ്മിപ്പിക്കാനെന്നോണം ഡെൻമാർക്കിൽ ഹാപ്പിനെസ് മ്യൂസിയം (Happiness Museum) എന്ന പേരിൽ ഒരു പുതിയ മ്യൂസിയം തുറന്നിരിക്കയാണ്. പേര് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും അതെന്തിനുള്ളതാണ് എന്ന്. സന്തോഷം എന്ന ആശയത്തെ കുറിച്ചും, നൂറ്റാണ്ടുകളായി അതിനെ എങ്ങനെ ലോകം കാണുന്നു എന്നതിനെക്കുറിച്ചും മ്യൂസിയത്തിൽ പറയുന്നു. ഡെന്മാർക്ക് ലോകത്തിലെ ഏറ്റവും സന്തോഷകരമായ രണ്ടാമത്തെ രാജ്യമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ 'ഹാപ്പിനെസ് മ്യൂസിയം' തുടങ്ങാൻ ഇതിലും അനുയോജ്യമായ മറ്റൊരു സ്ഥലമുണ്ടാകില്ല.    

ഇത്തരം വ്യത്യസ്‍തമായ ഒരാശയത്തിന് പിന്നിൽ പ്രവർത്തിച്ചത് ഒരു സ്വതന്ത്രചിന്താകേന്ദ്രമായ ഹാപ്പിനെസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്. അടുത്ത കാലത്തായി, സന്തോഷം കൂടുതൽ ആസൂത്രിതമായി അളക്കാൻ ഹാപ്പിനെസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സംഘടനകൾ സഹായിക്കുന്നു. നിർദ്ദിഷ്ട രാജ്യങ്ങളിലെ മൊത്തത്തിലുള്ള ക്ഷേമം നിർണ്ണയിക്കാൻ ജിഡിപി, തൊഴിലില്ലായ്‍മ, പലിശനിരക്ക്, അതുപോലെതന്നെ ജീവിതസംതൃപ്‍തി എന്നിവപോലുള്ള സ്വതന്ത്ര ഡാറ്റാ സംഘടന വിശകലനം ചെയ്യുന്നു. തുടർന്ന്, ആ സമൂഹം മറ്റുള്ളവരെക്കാൾ കൂടുതൽ സന്തുഷ്ടരാകാൻ എന്താണ് കാരണം എന്ന് അവർ കണ്ടെത്തുന്നു. "ഞങ്ങളുടെ സ്ഥാപനം ഏതോ അത്ഭുതലോകമാണെന്നാണ് ആളുകൾ കരുതിയിരുന്നത്. നായ്ക്കുട്ടികളോ, ഐസ്ക്രീമുകളോ നിറഞ്ഞ ഒരു മുറിയാണ് ഞങ്ങളുടെ ഓഫീസ് എന്ന് എല്ലാവരും കരുതി. എന്നാൽ, ഞങ്ങൾ എട്ടുപേരും കമ്പ്യൂട്ടറുകളും മാത്രമാണ് ഇവിടെയുള്ളത്"  സിഇഒ മെയ്ക്ക് വൈക്കിംഗ് തമാശയായി പറഞ്ഞു.

ഓഫീസ് സന്ദർശിക്കാൻ നിരവധി ആളുകൾ താല്പര്യം കാണിച്ചപ്പോഴാണ് ഇത്തരമൊരു ആശയത്തോട് കമ്പനിയ്ക്ക് താല്പര്യം തോന്നിയത്. "മനുഷ്യരുടെ സന്തോഷം എന്താണെന്നതിനെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ കഴിയുന്ന ഒരു സ്ഥലം ആളുകൾ ആഗ്രഹിക്കുന്നെങ്കിൽ, എന്തുകൊണ്ട് അത് നൽകിക്കൂടാ എന്ന് ഞങ്ങൾ ചിന്തിച്ചു" അദ്ദേഹം പറഞ്ഞു. അങ്ങനെ 2020 ജൂലൈ 14 -ന് മഹാമാരിക്കിടയിൽ COVID-19 പ്രോട്ടോക്കോളുകൾ പാലിച്ച് 2,585 ചതുരശ്രയടിയിൽ ഈ മ്യൂസിയം സ്ഥാപിതമായി. നിലവിലെ പരമാവധി ഒരു സമയത്ത് ഉള്‍ക്കൊള്ളിക്കാനാവുക 50 പേരെയാണ്. ആഗോള കാഴ്ചപ്പാടിൽ സന്തോഷത്തെ വിശകലനം ചെയ്യാൻ സന്ദർശകർക്ക് ഇവിടെ അവസരമുണ്ട്. അതിൽ യുഗങ്ങളായി സന്തോഷത്തിന്റെ ആശയം എങ്ങനെ വികസിച്ചുവെന്നതിനെക്കുറിച്ചും, വ്യത്യസ്‍ത പ്രാദേശിക സംസ്‍കാരങ്ങളിൽ സന്തോഷം എന്താണ് എന്നുള്ള ചരിത്രപരമായ ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കുന്നു.    

"നമ്മൾ ഡാനിഷോ, അമേരിക്കനോ, ചൈനീസോ ആരുമാകട്ടെ നമുക്ക് സന്തോഷം തരുന്നത് ഒരേ കാര്യങ്ങളാണ്. എക്സിബിഷനിൽ ആളുകൾ അത് കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് ചില രാജ്യങ്ങളിൽ ഭൂമിയിലെ ഏറ്റവും ഉയർന്ന സന്തോഷം റിപ്പോർട്ട് ചെയ്യുന്നത് എന്നും മ്യൂസിയം അന്വേഷിക്കുന്നു. നിരവധി ഘടകങ്ങൾ അതിന് കാരണമാണ്. പരസ്പരവിശ്വാസവും, പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള കഴിവും അതിൽപ്പെടുന്നു. ഹാപ്പിനെസ് മ്യൂസിയത്തിൽ എട്ട് പ്രത്യേക മുറികളുണ്ട്. അവിടെ ഒരു രാജ്യത്തിന്റെ സമ്പത്തും രാഷ്ട്രീയവും പൗരന്മാരുടെ സന്തോഷത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അന്വേഷിക്കുന്നു. ലോകത്തിലെ ഏറ്റവും സന്തുഷ്ടരായ ആളുകളുടെ അഭിപ്രായങ്ങൾ വായിക്കാനും, ചുറ്റുമുള്ള ലോകത്തെ മറ്റൊരു കോണിലൂടെ നോക്കിക്കാണാനും അവിടെ നമുക്ക് കഴിയുന്നു. ആളുകളുടെ സന്തോഷകരമായ ഓർമ്മകളും അവിടെ റെക്കോർഡ് ചെയ്യുന്നു. കൂടാതെ ഒരു മുറിയിൽ, അതിഥികൾക്ക് മുൻ‌കൂട്ടി റെക്കോർഡു ചെയ്‌ത ചിരികളും കേൾക്കാൻ കഴിയും. ഇതെല്ലാം കണ്ട് അവിടെ നിന്ന് പുറത്തിറങ്ങുമ്പോൾ, സന്തോഷത്തെ കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാട് നമുക്ക് ലഭിക്കുന്നു.