കൊറോണ വൈറസ് പടരാതിരിക്കാൻ ശുചിത്വവും സാമൂഹിക അകലവും പാലിക്കണമെന്ന് നമ്മൾ പറയുമ്പോഴും, രാജ്യത്തെ ഒരു വിഭാഗം വരുന്ന ആളുകൾക്ക് പക്ഷേ അതിന് കഴിയുന്നില്ല. എപ്പോൾ വേണമെങ്കിലും വൈറസിന് കീഴ്‌പ്പെടാവുന്ന ഭവനരഹിതരായ ആയിരക്കണക്കിനാളുകളാണ് ഇന്ത്യയുടെ പ്രധാന നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നത്. പലർക്കും ഈ വിപത്തിന്റെ കാഠിന്യം ഇനിയും മനസ്സിലായിട്ടില്ല. എന്നാൽ, മനസ്സിലാക്കിയവർക്കാകട്ടെ അതിന് വേണ്ട മുൻകരുതലുകൾ എടുക്കാൻ സാധിക്കുന്നുമില്ല. മാസ്‍കും, സാനിറ്റൈസറും വാങ്ങാൻ ആളുകൾ പരക്കം പായുമ്പോൾ, അവർ മാത്രം അതിന് നിവൃത്തിയില്ലാതെ, രോഗത്തെ ഭയന്നു കഴിയുകയാണ്. പലപ്പോഴും സുരക്ഷ ഉറപ്പാക്കാനുള്ള മാർഗ്ഗങ്ങൾ പിന്തുടരാൻ ആവശ്യമായ പണം അവരുടെ പക്കൽ ഇല്ല. ലോകം മുഴുവൻ പടർന്നുപിടിക്കുന്ന കൊറോണ വൈറസ് മനുഷ്യർ തമ്മിലുള്ള അകലം മാത്രമല്ല സാമ്പത്തിക അന്തരവും കൂട്ടുകയാണ്.       

ദില്ലിയിലെ ചേരികളിൽ കുട്ടികളുൾപ്പെടെയുള്ള ആളുകൾ പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും നിറഞ്ഞ അഴുക്കുചാലിനരികിലാണ് താമസിക്കുന്നത്. ആ അഴുക്കുകൂനക്കുള്ളിൽ എന്ത് ശുചിത്വം പാലിക്കാനാണവർ? ഇന്ത്യയിലാണെങ്കിൽ കൊറോണ വൈറസ് ബാധിച്ച ആളുകളുടെ എണ്ണം അനുദിനം വർധിച്ച് വരികയാണ്. ഇതിനിടയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ, വെള്ളമോ നല്ല ആഹാരമോ ലഭിക്കാതെ ജീവിതം തള്ളി നീക്കുന്ന അവരുടെ കാര്യം തീർത്തും ആശങ്കാജനകമാണ്. 

പല പ്രധാന നഗരങ്ങളിലും കുടിവെള്ളം ഒരു പ്രശ്നമാണ്. സമ്പന്നർക്ക് പണം കൊടുത്ത്  സ്വകാര്യ സ്രോതസ്സുകളിൽ നിന്ന് വെള്ളം വാങ്ങാം. എന്നാൽ, പാവപ്പെട്ടവർക്ക് അത് താങ്ങാനാവില്ല. സർക്കാരിന്റെ വാട്ടർ ട്രക്കുകളിൽ നിന്ന് വെള്ളം നിറയ്ക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും വരിയിൽ കാത്തുനിൽക്കുന്നത്. ആശുപത്രികളും സ്‍കൂളുകളിലും ശുദ്ധജലത്തിനായി പൊരുതുമ്പോൾ, വൃത്തിഹീനമായ വെള്ളത്തിൽ പാത്രങ്ങളും വസ്ത്രങ്ങളും കഴുകാൻ നിർബന്ധിതരാവുകയാണ് ഇന്ത്യയുടെ ചേരികളിൽ താമസിക്കുന്ന ജനങ്ങൾ.  

ഹൗസിംഗ് ആൻഡ് ലാൻഡ് റൈറ്റ്സ് നെറ്റ്‌വർക്ക് പ്രകാരം, ഇന്ത്യയിൽ, കുറഞ്ഞത് നാല് ദശലക്ഷം ആളുകളാണ് നഗരപ്രദേശങ്ങളിൽ ഭവനരഹിതരായിട്ടുള്ളത്. അതുപോലെ തന്നെ, 70 ദശലക്ഷത്തിലധികം ആളുകളാണ് ചേരികളിലും മറ്റും താമസിക്കുന്നത്. കൈ കഴുകുന്നത് വൈറസിനെതിരായ ഏറ്റവും പ്രധാന മുൻകരുതലാണ്. എന്നാൽ, ലോകജനസംഖ്യയുടെ 40 ശതമാനം പേർക്കും വെള്ളവും സോപ്പും ലഭ്യമല്ലെന്നാണ് യുണിസെഫ് പറയുന്നത്.  

ദില്ലിയുടെ തെരുവിൽ റിക്ഷാ തൊഴിലാളിയാണ് 48 -കാരനായ സലിം ഖാൻ. ഗുജറാത്തിൽ നിന്നുള്ള ഖാൻ, പകൽ മുഴുവൻ ജോലിചെയ്യുന്നു.   വഴിയാത്രക്കാരിൽ ഭൂരിഭാഗവും മാസ്‍ക് ധരിക്കുമ്പോൾ, ആ ചൂടിലും വിയർപ്പിലും അദ്ദേഹം മാസ്‍ക് ധരിക്കാതെയാണ് ജോലിചെയ്യുന്നത്. എന്തുകൊണ്ടാണ് ഫെയ്‌സ് മാസ്‍ക് വാങ്ങാത്തതെന്ന് ചോദിച്ചപ്പോൾ, ഖാൻ പറഞ്ഞു, ''ഞാൻ 12 വർഷത്തിലേറെയായി റിക്ഷ വലിക്കുകയാണ്, കഠിനമായ മലിനീകരണത്തിനിടയിലാണ് ഞാൻ ജീവിക്കുന്നത്. ഇനി ഇപ്പൊ, ഈ വൈറസ് കൂടുതലായി എന്ത് ചെയ്യാനാ?”. ദില്ലിയുടെ തെരുവുകളിൽ മാത്രം ഓരോ വർഷവും തിരിച്ചറിയാൻ കഴിയാത്ത രണ്ടായിരത്തിലധികം മൃതദേഹങ്ങളാണ് കണ്ടെടുക്കുന്നത്. 

അതിർത്തികൾ അടയ്ക്കുകയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തിട്ടും, കോവിഡ് -19 പടരുന്നത് നിയന്ത്രിക്കാൻ പാടുപെടുകയാണ് വികസിത രാജ്യങ്ങൾ. എന്നാൽ, മറുവശത്ത് ഇന്ത്യയിലെ ഭവനരഹിതർ തെരുവോരത്ത് ഇതൊന്നുമറിയാതെ സമാധാനമായി ഉറങ്ങുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അവരിൽ പലരും അറിയുന്നില്ല. ജനസാന്ദ്രത കൂടുതലുള്ള ചേരികളും, മറ്റ് വാസസ്ഥലങ്ങളും അണുബാധയുടെ പ്രധാന കേന്ദ്രങ്ങളായി മാറുകയാണ്. വൈറസിന്റെ വ്യാപനത്തെ ചെറുക്കാൻ  വേണ്ടത്ര മുൻകരുതലുകൾ അവരുടെ പക്കൽ ഇല്ല. ഒരുപക്ഷേ തെരുവിലെ ജനങ്ങളെ അത് ബാധിക്കാൻ തുടങ്ങിയാൽ വലിയൊരു ദുരന്തമായിരിക്കും നമ്മെ കാത്തിരിക്കുന്നത്.