ലോകത്തെ മുഴുവൻ പിടിച്ച് കുലുക്കുന്ന കൊറോണ വൈറസിനെ പോലെ, പണ്ടും മഹാമാരികൾ ഇന്ത്യയുടെ മണ്ണിൽ ഭയത്തിന്റെ വിത്തുവിതച്ചിരുന്നു. അതിലൊന്നാണ് വസൂരി. ഇന്നത്തെപ്പോലെ ആശുപത്രികളൊന്നും ഒരുപാടില്ലാതിരുന്ന അക്കാലത്ത് വസൂരി വന്നാൽ പിന്നെ മരണമെത്തി എന്നാണ് കരുതിയിരുന്നത്. പലപ്പോഴും വസൂരി പടരാതിരിക്കാൻ രോഗികളെ ജീവനോടെ കുഴിച്ചിടുക പോലും ചെയ്തിരുന്നു. വസൂരിക്ക് പരിഹാരമായി ഒടുവിൽ വാക്‌സിൻ കണ്ടെത്തിയപ്പോൾ അത് ഇന്ത്യയിൽ പരീക്ഷിക്കാൻ ഈസ്റ്റ് ഇന്ത്യാ കമ്പനി തയ്യാറായി. എന്നാൽ, ഇന്ത്യയിൽ പലരും അതിനെ സംശയത്തോടെയാണ് കണ്ടത്. എന്നാൽ, ബ്രിട്ടീഷുകാരുടെ ആ പരിശ്രമത്തിന് ഒപ്പം നിന്ന ആളുകളിൽ ഒരാൾ, മൈസൂരിലെ മഹാറാണി ദേവജമ്മണിയാണ്. വാക്‌സിനെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി, അവർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു പെയിന്റിംഗിൽ മോഡലാവുകയുണ്ടായി. കാലത്തിന്റെ ഒഴുക്കിൽ അവരുടെ പരിശ്രമം മാഞ്ഞുപോയെങ്കിലും, കേംബ്രിഡ്ജ് സർവകലാശാലയിലെ ചരിത്രകാരനായ ഡോ. നിഗൽ ചാൻസലർ 1991 -ൽ ആ പെയിന്റിംഗിന്റെ ചരിത്രം വീണ്ടും പൊടിതട്ടിയെടുക്കുകയായിരുന്നു. അതുവരെ ചിത്രത്തിന് പിന്നിലുള്ള ചരിത്രം അധികമാർക്കും അറിയില്ലായിരുന്നു. 

1805 -ലാണ് ദേവജമ്മണി മൈസൂരിലെ കൊട്ടാരത്തിൽ എത്തിയത്. കൃഷ്ണരാജ വാഡിയാർ മൂന്നാമനെ വിവാഹം കഴിക്കാനായിരുന്നു അന്നവർ അവിടെ വന്നത്. ഇരുവർക്കും പ്രായം 12 വയസ്സ്. അദ്ദേഹം തെന്നിന്ത്യൻ രാജ്യത്തിന്റെ പുതിയ ഭരണാധികാരിയായിരുന്നു. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ ഒരു വലിയ ദൗത്യം റാണിയെ തേടി വന്നു. വസൂരി വാക്സിൻ പരസ്യപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈസ്റ്റ് ഇന്ത്യ കമ്പനി നിർമ്മിച്ച പെയിന്റിംഗിന്റെ ഭാഗമായി ദേവജമ്മണി മാറി. കേംബ്രിഡ്ജ് സർവകലാശാലയിലെ ചരിത്രകാരനായ ഡോ. നിഗൽ ചാൻസലർ പറയുന്നതനുസരിച്ച്, 1805 -ടെ വരച്ച ഈ പെയിന്റിംഗ് പ്രതിരോധ കുത്തിവയ്പ്പിനു വേണ്ടിയുള്ള രാജ്ഞിയുടെ പരിശ്രമത്തിന്റെ തെളിവാണ്.  

എഡ്വേർഡ് ജെന്നർ എന്ന ഇംഗ്ലീഷ് ഡോക്ടറാണ് വാക്‌സിൻ കണ്ടെത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ ഇത് ഇന്ത്യയിൽ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ, ഇന്ത്യക്കാർ ഇതിനെ വളരെ സംശയത്തോടെയാണ് നോക്കിക്കണ്ടത്. അത്തരമൊരു സന്ദർഭത്തിലാണ് ബ്രിട്ടീഷ് ശസ്ത്രക്രിയാ വിദഗ്ധർ, ഇന്ത്യൻ വാക്സിനേറ്റർമാർ, സ്കീമിംഗ് കമ്പനി മേധാവികൾ, രാജകുടുംബങ്ങൾ എന്നിവർ ആളുകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനായി ഇറങ്ങിപ്പുറപ്പെട്ടത്. അത്തരം പരിശ്രമത്തിന്റെ ഭാഗമായിരുന്നു ഈ പെയിന്റിംഗും.  ഈ ഛായാചിത്രം 2007 -ൽ സോതെബിയുടെ ലേലശാല വഴിയാണ് അവസാനം വിൽക്കപ്പെട്ടത്. അതിലെ രസകരമായ കാര്യം ചിത്രത്തിലെ പെൺകുട്ടികൾ ആരാണെന്ന് അതുവരെ ആർക്കും വ്യക്തമായിരുന്നില്ല. അത് നർത്തകികളാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. 

ഡോ. ചാൻസലറാണ് ചിത്രത്തിന് പിന്നിലുള്ള മറഞ്ഞുകിടന്ന ഇന്ത്യയുടെ ചരിത്രം പുറത്തു കൊണ്ടുവന്നത്. പെയിന്റിംഗിൽ വലതുവശത്തുള്ള സ്ത്രീ ഇളയ രാജ്ഞിയായ ദേവജമ്മണിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അവരുടെ സാരി സാധാരണ ഇടത് കൈ മറയ്ക്കുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അത് തുറന്നുകാട്ടിയത് വാക്സിനേഷൻ നൽകിയ സ്ഥലം കാണിക്കാനായിരിക്കാം എന്നദ്ദേഹം പറയുന്നു. ഇടതുവശത്തുള്ള സ്ത്രീ, രാജാവിന്റെ ആദ്യ ഭാര്യയായ ദേവജമ്മണി ആണെന്നും അദ്ദേഹം വിശ്വസിക്കുന്നു. മൂക്കിനു കീഴിലും, വായ്ക്ക് ചുറ്റുമുള്ള നിറവ്യത്യാസം വസൂരി വൈറസ് വാക്‌സിനിന്റെ സൂചനയാണ് എന്നും ഡോ. ചാൻസലർ പറയുന്നു. അദ്ദേഹം 2001 -ൽ ഒരു ലേഖനത്തിലാണ് ആദ്യമായി തന്റെ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതിനുള്ള വിശദാംശങ്ങൾ നൽകിയത്. ഒന്ന്, പെയിന്റിംഗ് തീയതിയും വാഡിയാർ രാജാവിന്റെ വിവാഹത്തീയതിയും പൊരുത്തപ്പെട്ടു പോകുന്നു. രണ്ട്, മൈസൂർ ചരിത്രത്തിലെ ഒരു വിദഗ്ദ്ധനെന്ന നിലയിൽ ചിത്രത്തിൽ സ്ത്രീകൾ  ധരിച്ചിരിക്കുന്ന ആഭരണങ്ങളും ശിരോവസ്ത്രങ്ങളും വാഡിയാർ രാജ്ഞികളുടേതാണ് എന്നദ്ദേഹം ഉറപ്പിച്ച് പറയുന്നു. കൂടാതെ, തോമസ് ഹിക്കി എന്ന കലാകാരൻ നേരത്തെ വാഡിയാറുകളെയും കൊട്ടാരത്തിലെ മറ്റ് അംഗങ്ങളെയും വരച്ചിരുന്നു.

രാജാവിന്റെ മുത്തശ്ശി ലക്ഷ്മി അമ്മാനിയാണ് ഈ ഛായാചിത്രത്തിന് അനുവാദം കൊടുത്തത് എന്നാണ് പറയുന്നത്. അവരുടെ ഭർത്താവ് വസൂരി ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് സ്ത്രീകളിൽ നടുക്കുള്ളത് അവരാണെന്ന് ഡോ. ചാൻസലർ പറഞ്ഞു. അവരുടെ വാക്കിനെ എതിർക്കാൻ തീരെ ചെറുപ്പമായ രാജാവിനും, രാജ്ഞിമാർക്കും സാധിച്ചില്ല. എന്നാൽ, പതുക്കെ വാക്‌സിനേഷന്റെ പ്രയോജനങ്ങൾ ആളുകൾ മനസ്സിലാക്കിയതോടെ നിരവധിപ്പേർ വാക്സിനേഷൻ എടുക്കാൻ തുടങ്ങി. 1807 ആയപ്പോഴേക്കും ഒരു ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. ക്രമേണ, പെയിന്റിംഗ് ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും പൊതുജനങ്ങളില്‍ നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. 1991 -ൽ ഡോ. ചാൻസലർ ഒരു എക്സിബിഷനിൽ അത് വീണ്ടും കണ്ടെത്തുകയും, ലോകത്തിലെ ആദ്യകാല വാക്‌സിൻ  പ്രചാരണത്തിന്‍റെ മുൻപന്തിയിൽ നിന്ന ഒന്നായി ആ ചിത്രത്തിനെ കണക്കാക്കുകയും ചെയ്‌തു.