നാം ഉറക്കത്തിൽ സ്വപ്‍നങ്ങൾ കാണാറുണ്ടെങ്കിലും, പലപ്പോഴും അവയുടെ അർത്ഥം മനസ്സിലാക്കാൻ നമുക്ക് കഴിയാറില്ല. അവ നമ്മുടെ അടക്കിവച്ച ആഗ്രഹങ്ങളുടെ ആവിഷ്‍കാരമാണെന്നും, ഭാവിയുടെ ദിവ്യസന്ദേശങ്ങളാണെന്നും ഒക്കെ വ്യാഖ്യാനങ്ങളുണ്ട്. എന്തുകൊണ്ടാണ് നമ്മൾ സ്വപ്‌നം കാണുന്നത്? പലപ്പോഴും അത് വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. സൈക്കോതെറാപ്പിസ്റ്റായ ഫിലിപ്പ പെറി അടുത്തിടെ കൂട്ടുകാരോട് അവരുടെ സ്വപ്‍നങ്ങൾ ട്വിറ്ററിൽ പെറിക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയുണ്ടായി. ഒരുപാട് മറുപടികൾ അന്നവർക്ക് ലഭിച്ചു. സ്വപ്‍നങ്ങളിൽ പലപ്പോഴും പ്രകടമാവുന്നത് നമ്മുടെ വികാരങ്ങൾ തന്നെയാണ് എന്നാണവർ അത് വിശകലനം ചെയ്‍തിട്ട് പറഞ്ഞത്. എല്ലാക്കാലവും കലാകാരന്മാരെയും തത്വചിന്തകരെയും ഒരുപോലെ ആകർഷിച്ച ഒന്നാണ് സ്വപ്‌നങ്ങൾ. പല കലാകാരന്മാരും അവർ കണ്ട സ്വപ്‍നങ്ങളെ ചിത്രങ്ങളിലൂടെ ആവിഷ്‍കരിക്കാൻ ശ്രമിച്ചിട്ടുണ്ട്. 

 

പാശ്ചാത്യകലയിൽ ആദ്യമായി സ്വപ്‍നം വരകളിലൂടെ ചിത്രീകരിച്ച കലാകാരൻ ആൽബ്രെട്ട്റ്റ് ഡ്യുററാണ്. അദ്ദേഹത്തിന്റെ ഡ്രീം വിഷൻ (1525), ഉണരുമ്പോൾ തിടുക്കത്തിൽ വരച്ചതാണ് എന്ന് തോന്നിപ്പോകും. അദ്ദേഹത്തെ വിഴുങ്ങാനായി ആകാശത്ത് നിന്ന് കുതിച്ചിറങ്ങി വരുന്ന ജലപ്രവാഹമാണ് ആ ചിത്രത്തിൽ. വെള്ളം വികാരങ്ങളെയാണ് പ്രധിനിധീകരിക്കുന്നതെന്ന് ഫിലിപ്പ പെറി പറയുന്നു. “എന്റെ ശരീരം മുഴുവൻ വിറയ്ക്കുന്നുണ്ടായിരുന്നു, അതൊന്ന് നേരെയാക്കാൻ കുറേ സമയമെടുത്തു” ചിത്രകാരന്‍ തന്‍റെ സ്വപ്‍നത്തെ കുറിച്ച് എഴുതിയതിങ്ങനെയാണ്. ചിലപ്പോൾ അങ്ങനെയാണ് നമ്മൾ എഴുന്നേറ്റത്തിന് ശേഷവും ആ സ്വപ്നത്തിന്റെ വൈകാരികത നമ്മളിൽ തങ്ങി നിൽക്കും. എന്നാൽ, അന്നത്തെ കാലത്ത് ചിത്രീകരിച്ചിരുന്ന സ്വപ്‍നങ്ങളുടെ മിക്ക ചിത്രങ്ങളും വേദപുസ്‍തകത്തിൽ നിന്നുള്ളവയായിരുന്നു. ക്രിസ്ത്രീയ തത്വശാസ്ത്രവുമായി ഇഴുകിച്ചേർന്നവയാണ് അതെല്ലാം. യാക്കോബിന്റെ സ്വപ്‍നങ്ങളും, ഫറവോനുവേണ്ടി ജോസഫ് വ്യാഖ്യാനിച്ചതും അന്നത്തെ പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. 

എന്നിരുന്നാലും, ലോറൻസോ ലോട്ടോയുടെ സ്ലീപ്പിംഗ് അപ്പോളോ, മ്യൂസസ് വിത്ത് ഫെയിം (1549) പോലുള്ള ചിത്രങ്ങളിൽ, സ്വപ്‍നവും സർഗ്ഗാത്മകതയും തമ്മിലുള്ള അഭേദ്യമായ ബന്ധം കാണാം. അപ്പോളോ ഉറങ്ങുമ്പോൾ, കാവ്യദേവത വസ്ത്രങ്ങൾ വലിച്ചെറിഞ്ഞ് പുൽ‌മേടുകളിൽ നഗ്നയായി കിടക്കുന്നതാണ് ചിത്രത്തിൽ കാണുന്നത്. ദേവത ക്രിയാത്മകതയെ പ്രതിനിധീകരിക്കുന്നു. ഉറക്കത്തിൽ സ്വന്തന്ത്രമായി വിഹരിക്കുന്ന സർഗ്ഗാത്മകതയെയാണ് കലാകാരൻ അതുകൊണ്ട് ഉദ്ദേശിക്കുന്നത്.  

സുഖകരമായ സ്വപ്‍നങ്ങൾ മാത്രമല്ല, ദുസ്വപ്‍നങ്ങളും കലാകാരൻമാർ വരയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. ഹൈറോണിമസ് ബോഷ് വരച്ച പെയിന്‍റിംഗുകളുടെ ഉള്ളടക്കം പേടിസ്വപ്‍നങ്ങളാണ്. മാനസാന്തരപ്പെടാൻ വിസമ്മതിക്കുന്ന പാപികളെ ഉദ്ദേശിച്ചാണ് അദ്ദേഹം ആ ചിത്രങ്ങൾ വരച്ചിട്ടുള്ളത്. ഭാവിയിൽ അവരെ കാത്തിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഉപദേശക ചിത്രങ്ങളാണ് അവ. ബോഷിന്റെ 'ദ വിഷൻ ഓഫ് ടുണ്ടേലി'ൽ (സി 1520-30) ഇത് വ്യക്തമാക്കുന്നു. അതിൽ പാപിയായ യോദ്ധാവ് നരകത്തെക്കുറിച്ചുള്ള പേടിപ്പിക്കുന്ന സ്വപ്‍നം കാണുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്.       

 

കലാപരമായ ആവിഷ്‌കാരത്തിന്റെ മുൻ‌നിരയിലേക്ക് സ്വപ്‍നങ്ങളെ കൊണ്ടുവന്നത് അതിന്റെ നിഗൂഢതയാണ്. ഗുസ്‍താവ് മോറൊ, ഒഡിലോൺ റെഡൺ തുടങ്ങിയ കലാകാരന്മാരെ സംബന്ധിച്ചിടത്തോളം സ്വപ്‍നങ്ങൾ യാഥാർത്ഥ്യത്തെയും നിഗൂഢതയെയും മനസ്സിലാക്കുന്നതിനുള്ള ഒരു രീതിയായിരുന്നു. ഫ്രോയിഡ് പറയുന്നതനുസരിച്ച്, നമ്മുടെ ഉള്ളിൽ അടക്കി വച്ചിരിക്കുന്ന ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് സ്വപ്‍നങ്ങൾ. ഉണരുമ്പോൾ സ്വപ്‍നം കാണുന്നയാൾക്ക് അതിന്റെ അർത്ഥം മനസ്സിലാക്കിയെടുക്കാൻ പ്രയാസമാവുന്നു. എന്നാൽ, അതിൽ  മറഞ്ഞിരിക്കുന്ന അർത്ഥം കണ്ടെത്തുന്നതിലൂടെ രോഗികളെ ബാധിക്കുന്ന ഏതസുഖവും സുഖപ്പെടുത്താമെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്.  

ജർമ്മൻ സൈക്യാട്രിസ്റ്റ് ഫ്രിറ്റ്സ് പേൾസ് ആരംഭിച്ച ഗെസ്റ്റാൾട്ട് തെറാപ്പി പിന്തുടർന്നാണ് പെറി രോഗികളെ ചികിത്സിക്കുന്നത്. അതനുസരിച്ച് നമ്മുടെ മനസ്സ് നമുക്കയക്കുന്ന സന്ദേശങ്ങളാണ് സ്വപ്‍നങ്ങൾ. നിങ്ങളുടെ സ്വപ്‍നം നിങ്ങളുടെ തന്നെ ഭാഗമാണ്. അതുകൊണ്ട് തന്നെ ആ സ്വപ്‍നങ്ങളുടെ അർത്ഥം മനസ്സിലാക്കാൻ കഴിഞ്ഞാൽ, നിങ്ങളെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ മികച്ച ധാരണ ഉണ്ടാകുന്നു. “നിങ്ങൾ സ്വപ്‍നങ്ങൾ വരയ്ക്കുക, സ്വപ്‍നങ്ങൾ എഴുതുക. സ്വപ്‍നത്തിലെ വികാരങ്ങൾ വിശകലനം ചെയ്യുക. ഇതെല്ലാം നിങ്ങളെ സഹായിക്കും. അങ്ങനെ നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കും” അവർ പറയുന്നു. ഇതുവരെ നമ്മൾ പോലും അറിയാതെ നമ്മുടെ ഉള്ളിൽ മയങ്ങിക്കിടക്കുന്ന സർഗ്ഗാത്മകതയെ ഉണർത്താൻ ഒരുപക്ഷേ സ്വപ്‍നങ്ങൾക്ക് കഴിഞ്ഞെങ്കിലോ?