ജീവിതം എല്ലാവർക്കും രണ്ടാമതൊരവസരം നൽകും. ഇച്ഛാശക്തിയോടും ദൃഢനിശ്ചയത്തോടും കൂടി ആ അവസരത്തെ നമ്മൾ നേരിട്ടാൽ, വിജയം തീർച്ചയായും നമ്മെ തേടിയെത്തും. എത്ര വഴിതെറ്റി സഞ്ചരിക്കുന്ന ഒരാളായാലും, തിരികെ നേരായ വഴിയിലേക്ക് എത്തിച്ചേരാൻ ആ അവസരം നമ്മെ സഹായിക്കും. 16 വർഷത്തോളം ജയിലിൽ കിടന്ന ഒരു മുൻ മയക്കുമരുന്ന് കച്ചവടക്കാരൻ എങ്ങനെ യുകെയിലെ ഒരു സർവകലാശാലയിലെ ക്രിമിനോളജി പ്രൊഫസറായി മാറി എന്നത് ഇതിനൊരുദാഹരണമാണ്. ലോകം പുച്ഛത്തോടെ നോക്കിയിരുന്ന ഒരു കാലത്തിൽ നിന്ന്, ലോകം ബഹുമാനത്തോടെ ഉറ്റുനോക്കുന്ന ഒരു കാലത്തിലേക്ക് അദ്ദേഹം എത്തിച്ചേർന്നത് ഒരുപാട് കഷ്‍ടതകൾ സഹിച്ചാണ്. അതിന് പിന്നിൽ അദ്ദേഹത്തിന്റെ ഒരിക്കലും തളരാത്ത മനസ്സും, അടങ്ങാത്ത ആവേശവുമായിരുന്നു.

സ്റ്റീഫൻ അക്പബിയോ-ക്ലെമെന്റോവ്സ്കിയുടെ കൗമാരപ്രായത്തിലാണ് ഒരു കാറപകടത്തിൽപെട്ട് അച്ഛൻ മരണപ്പെടുന്നത്. അപ്രതീക്ഷിതമായ അച്ഛന്റെ വേർപാട് സ്റ്റീഫനെ വല്ലാതെ ഉലച്ചു. വഴിവിട്ട പല കൂട്ടുകെട്ടുകളിലും അവൻ ചെന്ന് ചാടി. നിയന്ത്രിക്കാനോ, ഭയക്കാനോ ആരുമില്ലാതിരുന്ന ആ കാലഘട്ടത്തിൽ ഏത് മാർഗ്ഗത്തിലൂടെയും തനിക്ക് പണം നേടണമെന്ന് അവൻ ആഗ്രഹിച്ചു. ഇതിന് മയക്കുമരുന്ന് പോലുള്ള നിയമവിരുദ്ധ മാർഗ്ഗങ്ങൾ തേടി സ്റ്റീഫൻ. എന്നാൽ മയക്ക് മരുന്ന് കച്ചവടത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്‍ത് ജയിലിൽ അടച്ചപ്പോൾ സ്റ്റീഫൻ നടുങ്ങി. ഇതെല്ലാം ചെയ്യുമ്പോഴും ഇങ്ങനെ ഒരു ദുർവിധി തനിക്ക് വന്നുചേരുമെന്ന് സ്റ്റീഫൻ സ്വപ്‍നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. 16 വർഷം തടവിന് കോടതി വിധിച്ചു.

"ജയിലിനകത്തെ ആദ്യ മൂന്നുമാസം ഞാൻ ആരോടും സംസാരിച്ചില്ല. അടുക്കളയിൽ ഒന്നും മിണ്ടാതെ ജോലികൾ ചെയ്‍ത് ഞാൻ ദിവസങ്ങൾ കഴിച്ചു. മനസ്സ് വല്ലാതെ മരവിച്ചിരുന്നു" സ്റ്റീഫൻ പറഞ്ഞു. എന്നാൽ, സാവധാനം അദ്ദേഹം ആ നാടുക്കത്തിൽ നിന്ന് പുറത്തു വരികയും, ആളുകളുമായി ഇടപഴകാൻ ആരംഭിക്കുകയും ചെയ്‍തു. ഏതാനും മാസങ്ങൾക്കുശേഷം, സ്റ്റീഫന് നന്നായി പഠിക്കാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കിയ അധികൃതർ അദ്ദേഹത്തെ ഒരു തുറന്ന സർവകലാശാലയിൽ ചേരാൻ പ്രോത്സാഹിപ്പിച്ചു. "എന്നാൽ ഏറ്റവും വലിയ കടമ്പ എനിക്ക് സ്‍കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കാനായില്ല എന്നതായിരുന്നു. എന്റെ ഭാവിയെ കുറിച്ചോർത്ത് ഞാൻ ഭയപ്പെട്ടു" അദ്ദേഹം പറഞ്ഞു.  എന്നിരുന്നാലും ഒരു കൈ നോക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. പകൽ മുഴുവൻ അടുക്കളയിൽ പണിയെടുത്ത അദ്ദേഹം രാത്രിയാകുമ്പോൾ പഠിക്കാനിരിക്കും. അതും ജയിലിനകത്ത് എവിടെയാണ് പഠിക്കാനുള്ള സൗകര്യം? രാത്രികാലങ്ങളിൽ സുഹൃത്ത് കൂർക്കം വലിച്ചുറങ്ങുമ്പോൾ, സ്റ്റീഫൻ കക്കൂസിൽ കതകടച്ചിരുന്ന് പഠിക്കുമായിരുന്നു.

അങ്ങനെ ആദ്യത്തെ സെമസ്റ്റർ കഴിഞ്ഞു. സ്റ്റീഫന് കുറച്ച് കൂടി പ്രതീക്ഷയും, ലക്ഷ്യബോധവും കൈവന്നു. ഇനി ഒരിക്കലും ആ പഴയ അഴുക്കുചാലിലേയ്ക്ക് തിരികെ പോകില്ലെന്ന് അദ്ദേഹം തീർച്ചപ്പെടുത്തി. ജയിലുള്ള കൂട്ടുകാർ 'എന്തിനാണ് ഇങ്ങനെ സമയം കളയുന്നതെന്ന്' ചോദിച്ച് അദ്ദേഹത്തെ കളിയാക്കുമായിരുന്നു. എന്നാൽ, അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല. പഠിപ്പ് താൻ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം അന്ന് തിരിച്ചറിഞ്ഞു. അത് മതിയായിരുന്നു അദ്ദേഹത്തിന് അവിടത്തെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ. പതിനാറ് വർഷത്തിന് ശേഷം, സ്റ്റീഫൻ ഒരു പുതിയ മനുഷ്യനായി മാറി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസശേഷിയും നല്ല പെരുമാറ്റവും, ശിക്ഷയിൽ ഇളവ് നേടാനും എട്ട് വർഷത്തിന് ശേഷം ജയിൽ വിടാനും സ്റ്റീഫനെ സഹായിച്ചു. അപ്പോഴേക്കും അദ്ദേഹം മൂന്ന് ഡിഗ്രി പൂർത്തിയാക്കിയിരുന്നു, അതിൽ രണ്ടെണ്ണം മാസ്റ്റർ ലെവൽ ആയിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം സ്റ്റീഫൻ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി ജോലിക്ക് കയറി. ജയിലുകളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം പ്രവർത്തിക്കാൻ തുടങ്ങി. അവരുടെ മനസ്സ് അദ്ദേഹത്തിന് നല്ലപോലെ അറിയാമായിരുന്നു. ജയിലിനുമപ്പുറം ഒരു പുതിയ ലോകത്തേയ്ക്ക് അവരെ കൂട്ടിക്കൊണ്ടുപോകാൻ അദ്ദേഹം ആഗ്രഹിച്ചു. ഒരധ്യാപകനായ ശേഷം ആദ്യമായി ജയിൽ ചെന്നപ്പോൾ, ഗവർണർ തന്നെ നേരിട്ടെത്തി തനിക്ക് കൈതന്നത് ഇന്നും അഭിമാനത്തോടെ സ്റ്റീഫൻ ഓർക്കുന്നു. ഇന്ന് അദ്ദേഹത്തിന് നല്ലൊരു കുടുംബവും, ജോലിയും, ജീവിതവുമുണ്ട്, ഒപ്പം ഒരു പിഎച്ച്ഡി വിദ്യാർത്ഥികൂടിയാണ് അദ്ദേഹം. തന്റെ കഥ മറ്റ് തടവുകാർക്കും ഒരു പ്രചോദനമാകുമെന്ന് സ്റ്റീഫൻ പ്രതീക്ഷിക്കുന്നു. "നമ്മുടെ ഓരോരുത്തരുടെയും ഉള്ളിൽ ഒരു നിധി മറഞ്ഞുകിടപ്പുണ്ട്. അതിനെ പൊടിതട്ടിയെടുക്കുക എന്നതാണ് നമ്മുടെ ദൗത്യം. എനിക്കത് ചെയ്യാമെങ്കിൽ എല്ലാവർക്കും അത് സാധിക്കും" സ്റ്റീഫൻ പറഞ്ഞു.