കൊറോണ വൈറസ് എന്ന മഹാമാരി ലോകമെമ്പാടുമുള്ള ആളുകളുടെ ജീവിതത്തെ വളരെ മോശമായിട്ടാണ് സ്വാധീനിക്കുന്നത്. ഇതുമൂലം ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയോ ശമ്പളം കുറയുകയോ ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഉപജീവനം കഴിക്കാൻ പാടുപെടുന്ന ഒരാളാണ് രാമാനന്ദ സർക്കാർ. ഈ മഹാമാരി സമയത്ത് ഒരുപക്ഷേ ആരും ഏറ്റെടുക്കാൻ ഭയക്കുന്ന ഒരു ജോലിയാണ് അദ്ദേഹം ഏറ്റെടുത്തത്. അസമിലെ ശ്‍മശാനത്തിൽ ജോലി ചെയ്യുന്ന 43 -കാരനായ രാമാനന്ദ സർക്കാർ കഴിഞ്ഞ കുറച്ചു മാസങ്ങളായി കൊവിഡ് -19 ബാധിച്ച രോഗികളുടെ മൃതദേഹങ്ങൾ കത്തിക്കുന്ന ജോലി ചെയ്തു വരികയാണ്. അദ്ദേഹം ഒരിക്കലും ആഗ്രഹിച്ച ഒരു തൊഴിലല്ല ഇതെങ്കിലും, കടക്കെണിയിൽപ്പെട്ടുവലയുന്ന അദ്ദേഹത്തിന്റെ മുന്നിൽ ഇതല്ലാതെ മറ്റൊരു വഴിയുമില്ല.  

അസം സംസ്ഥാനത്തെ ഒരു വിദൂരഗ്രാമത്തിൽ ജനിച്ചു വളർന്ന അദ്ദേഹം കടം വാങ്ങിയാണ് വഴിയോരത്ത് കരിമ്പിൻ ജ്യൂസ് കച്ചവടം ചെയ്യാൻ തുടങ്ങിയത്. എന്നാൽ, അതിൽ നിന്ന് പ്രതീക്ഷിച്ച വരുമാനമൊന്നും ഇല്ലാതിരുന്ന അദ്ദേഹത്തിന് വായ്പ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഒടുവിൽ കടക്കെണി മൂലം നിൽക്കക്കളിയില്ലാതെ നാടുവിടുകയായിരുന്നു. രണ്ടുവർഷം മുമ്പാണ് ഗുവാഹത്തിയിലെ ഒരു ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ജോലി അദ്ദേഹത്തിന് ലഭിക്കുന്നത്. പണ്ടേ മൃതദേഹം ദഹിപ്പിക്കുന്നവരെ സമൂഹം മറ്റൊരു കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്. അതിനൊപ്പം ഇപ്പോൾ കൊറോണ വൈറസ് ബാധിച്ച് മരിച്ച രോഗികളെ ദഹിപ്പിക്കുക എന്നത് കൂടിയാകുമ്പോൾ ആളുകൾ അദ്ദേഹത്തെ തീർത്തും ഒറ്റപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. തന്റെ ജോലിയെ കുറിച്ച് സ്വന്തം ഭാര്യയോട് പോലും ആദ്യം തുറന്നു പറയാൻ അദ്ദേഹത്തിന് ഭയമായിരുന്നു. 

മെയ് മാസത്തിലാണ് അദ്ദേഹം ആദ്യമായി കൊവിഡ്-19 മൂലം മരിച്ച ഒരു വ്യക്തിയുടെ ശവസംസ്കാര ചടങ്ങുകൾ ചെയ്യുന്നത്. ആ വ്യക്തി കൊറോണ വൈറസിന്റെ ഇരയാണെന്ന് അറിയാതെയാണ് അദ്ദേഹം ആ മൃതദേഹം ദഹിപ്പിച്ചത്. പതുക്കെ ആളുകൾ ഇതേക്കുറിച്ചറിയാൻ തുടങ്ങിയപ്പോൾ, അദ്ദേഹത്തിന്റെ പരിചയക്കാർ തന്നെ അദ്ദേഹത്തെ ഒഴിവാക്കാൻ തുടങ്ങി. പോകുന്നിടത്തെല്ലാം അപമാനവും, അവഗണയുമാണ് അദ്ദേഹത്തിന് ലഭിച്ചത്. അധികാരികൾ അദ്ദേഹത്തോട് കുറച്ചുദിവസം ക്വാറന്റൈനിൽ പോകാൻ പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചു. എന്നിരുന്നാലും, ആ ശ്മശാനഭൂമിയിൽ അത്തരമൊരു ജോലി ചെയ്യാൻ മറ്റാരും തയ്യാറാകാത്തതിന്റെ പേരിൽ കാലാവധി തീർന്നപ്പോൾ അദ്ദേഹത്തെ വീണ്ടും ജോലിക്കെടുത്തു. 

 

പകർച്ചവ്യാധി ബാധിച്ചവർക്കായി പ്രാദേശിക അധികാരികൾ മാറ്റിവെച്ച ഒരു പ്രത്യേക ശ്മശാനത്തിലാണ് ഇപ്പോൾ അദ്ദേഹം പ്രവർത്തിക്കുന്നത്. ഇന്ന് മുഖത്ത് മാസ്കും, ചുണ്ടിൽ പ്രാർത്ഥനയുമായി സംരക്ഷിത സ്യൂട്ടുകളിൽ കൊണ്ടുവരുന്ന മൃതദേഹങ്ങൾ അദ്ദേഹം സംസ്ഥാന സർക്കാറിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്‌കരിക്കുന്നു. "ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിക്കുന്ന ജോലി പൂർത്തിയാകുമ്പോഴേക്കും പിറ്റേന്നു വെളുപ്പിനെ മൂന്ന് മണിയാകും. മൃതദേഹങ്ങൾ ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കും. എനിക്ക് ഒട്ടും വിശ്രമമില്ല. മുൻപ്, കൊവിഡ്-19 രോഗികളുടെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യാൻ എനിക്ക് ഭയമായിരുന്നു, എന്നാൽ ഇന്ന് ആ ഭയം ഇല്ല” സർക്കാർ പറഞ്ഞു.  

ജനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായി സേവനം നടത്തുന്ന അദ്ദേഹത്തിന് എന്നിട്ടും സമൂഹം തിരിച്ചു കൊടുക്കുന്നത് വെറുപ്പും, അവഗണയുമാണ്. “ആളുകൾ എന്നെ വെറുക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഞാൻ മൃതദേഹങ്ങൾ കത്തിച്ചതുകൊണ്ടാണോ? ഞാൻ ഇത് ചെയ്തില്ലെങ്കിൽ, പിന്നെ ആരാണ് ഇത് ചെയ്യുക?” സർക്കാർ ചോദിക്കുന്നു. സർക്കാറിന്റെ ജോലിയെക്കുറിച്ച് വീട്ടുടമസ്ഥൻ അറിഞ്ഞപ്പോൾ, അയാൾ സർക്കാരിനെ പിടിച്ച് പുറത്താക്കി. ഒടുവിൽ സർക്കാരിന്റെ അവസ്ഥ കണ്ടു ദയ തോന്നി ഒരു ജില്ലാ ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന് ഒരു ഹോട്ടൽ മുറിയിൽ താമസിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്തത്. 

കുടുംബത്തെ കാണാനായി സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാൻപോലും അദ്ദേഹത്തെ ആളുകൾ അനുവദിക്കുന്നില്ല. ആദ്യം എതിർപ്പുമായി എത്തിയത് ഗ്രാമത്തലവൻ തന്നെയാണ്, തുടർന്ന് പ്രാദേശിക അധികാരികൾ ഇടപെട്ടപ്പോൾ ഗ്രാമം ഒന്നടങ്കം എതിർത്തു. രാജ്യത്തുടനീളം കൊവിഡ്-19 ബാധിച്ച് മരിക്കുന്ന വ്യക്തികളുടെ മൃതദേഹത്തോട് കാണിക്കുന്ന അനാദരവ് മാധ്യമങ്ങള്‍ പലപ്പോഴും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. അത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം ചെയ്യുന്ന സേവനം ഒരിക്കലും വിലകുറച്ചു കാണാൻ സാധിക്കില്ല.