അയാളുടെ വഞ്ചന വെളിച്ചത്തുവന്നതിനുശേഷം, ഫിസ്റ്ററിനെ, 1898 ഏപ്രിൽ 21 -ലെ ഒരു ഹിയറിംഗിൽ കോടതി വീണ്ടും തൂക്കിലേറ്റാൻ തീരുമാനിച്ചു. 

1895 -ൽ ഒറിഗോണിലെ ജോസഫിൻ കൗണ്ടിയിലെ ചാൾസ് ഫിസ്റ്റർ എന്നയാള്‍ കൊലപാതകത്തിന് ജയിലിലടയ്ക്കപ്പെട്ടു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അയാള്‍ക്കുപക്ഷേ മരിക്കാൻ ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. അതിൽനിന്ന് രക്ഷനേടാൻ അയാൾ ഒരു തന്ത്രം പയറ്റി. ഒരുപക്ഷേ, വധശിക്ഷയുടെ ചരിത്രത്തിൽത്തന്നെ ആരും പരീക്ഷിക്കാത്ത ഒരു ഉപായം. ജീവച്ഛവമായി കിടക്കുക എന്നതായിരുന്നു അത്. രണ്ട് വർഷത്തോളമാണ് അയാൾ ഇങ്ങനെ അഭിനയിച്ചത്. പക്ഷേ, ഒടുവിൽ അയാളെ തൂക്കിലേറ്റുകതന്നെ ചെയ്‍തു. വളരെ വിചിത്രവും, രസകരവുമാണ് ആ കഥ. 

22 വയസ്സുള്ളപ്പോഴാണ്, ചാൾസ് ഫിസ്റ്റർ ഭാര്യ നാൻസിയെ വിവാഹം കഴിച്ചത്. നാൻസിക്ക് അപ്പോൾ വെറും 13 വയസ്സായിരുന്നു. 30 വർഷക്കാലത്തെ ദാമ്പത്യജീവിതത്തിൽ അവർക്ക് 10 കുട്ടികൾ ജനിച്ചു. നാട്ടുകാർക്ക് അയാൾ മൃദുവായി സംസാരിക്കുന്നവനും കഠിനാധ്വാനിയുമായിരുന്നു. പക്ഷേ ശരിക്കും അയാള്‍ പുറമെകാണും പോലെയായിരുന്നില്ല. നാൻസിയെ അയാൾ ഉപദ്രവിക്കുമായിരുന്നു. ഒരിക്കൽ നാൻസി തന്റെ ഭർത്താവ് തന്നിലേൽപിച്ച മുറിവുകളും പരിക്കുകളും അയൽക്കാരെ കാണിച്ചപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. ഫിസ്റ്ററിന്റെ അതുവരെയാരും കാണാത്ത ഒരു ഇരുണ്ടമുഖം ആളുകൾ കാണാൻ തുടങ്ങി. പീഡനങ്ങൾ സഹിക്കാൻ കഴിയാതെ നാൻസി ഈ വിവാഹം ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവർ മറ്റൊരാളുമായി അടുപ്പത്തിലായി. അയാളുമായൊരു ജീവിതം സ്വപ്‍നം കാണാൻ തുടങ്ങിയ നാൻസി ഫിസ്റ്ററിനെ വിവാഹമോചനം ചെയ്യാൻ പദ്ധതിയിട്ടു. എന്നാൽ, ഇതറിഞ്ഞ അയാൾ നാൻസിയെ കൊന്നുകളയാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് ഇളയ കുട്ടികൾ ഭയത്തോടെ നോക്കിനില്‍ക്കുമ്പോൾതന്നെ, ഫിസ്റ്റർ നാൻസിയെ മുടിയിഴകളിൽ പിടിച്ച് ഒരു കുളത്തിലേക്ക് വലിച്ചിഴച്ച് അതിൽ മുക്കിക്കൊല്ലുകയായിരുന്നു. 

1895 സെപ്റ്റംബർ 30 -ന് ഫിസ്റ്റർ, ജോസഫിൻ കൗണ്ടിയിലെ കോടതിയിൽ കൊലപാതകക്കുറ്റത്തിന് ഹാജരായി. തന്റെ പ്രാരംഭ പ്രസ്‌താവനയ്‌ക്കിടെ, ഫിസ്റ്ററുടെ അഭിഭാഷകൻ ഫിസ്റ്റർ സമനിലതെറ്റിയ ഒരാളാണ് എന്ന് സമർത്ഥിക്കാൻ ശ്രമിച്ചു. നിയമപ്രകാരം, അനാരോഗ്യമുള്ള അല്ലെങ്കിൽ മനോനില തെറ്റിയ ഒരാളെ വധിക്കാൻ പാടില്ല എന്നാണ്. ഫിസ്റ്ററിന് ഭ്രാന്താണ് എന്നതിന് ജൂറിക്ക് മതിയായ തെളിവുകളില്ലായിരുന്നു. അതുകൊണ്ടുതന്നെ ഫിസ്റ്റർ കുറ്റക്കാരനാണെന്ന് കണ്ടെത്തി തൂക്കിക്കൊല്ലാന്‍ കോടതി വിധിച്ചു. 

ആദ്യം, ഫിസ്റ്റർ ഇത് ഗൗരവമായി എടുത്തില്ല; തീരുമാനം അസാധുവാക്കാമെന്നും അല്ലെങ്കിൽ ശിക്ഷയിൽ ഇളവ് നൽകുമെന്നും അയാൾ പ്രതീക്ഷിച്ചു. അയാൾ പ്രതീക്ഷിച്ചതുപോലെ, വധശിക്ഷ നടപ്പാക്കുന്നതിന് ദിവസങ്ങൾക്കുമുമ്പ്, സംസ്ഥാന സുപ്രീംകോടതി അയാളുടെ വധശിക്ഷയ്ക്ക് സ്റ്റേ പുറപ്പെടുവിച്ചു. അയാളുടെ മാനസികനില പരിശോധിക്കാനും, ആരോഗ്യകരമാണെങ്കിൽ അയാളെ തൂക്കിക്കൊല്ലാനും അതിൽ പരാമർശിച്ചിരുന്നു. 

അതയാൾ പ്രതീക്ഷിച്ചിരുന്നില്ല. വധശിക്ഷ ഉണ്ടാകാമെന്ന ഭീതി ചാൾസ് ഫിസ്റ്ററിനെ പിടികൂടി. ഒടുവിൽ ഒരുപാട് ആലോചിച്ച് അദ്ദേഹം ഒരു പദ്ധതിയിട്ടു. ഒരു ജീവച്ഛവമായി അഭിനയിക്കുക. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി, ശരീരം തളർന്ന ഒരാളായി അയാൾ അഭിനയിക്കാൻ തുടങ്ങി. അയാൾ വെറുതെ തന്റെ സെല്ലിൽ ഉത്തരത്തിലേയ്ക്ക് നോക്കി കിടക്കാൻ തുടങ്ങി. തന്നോട് ഇടപഴകാൻ ശ്രമിച്ച ആരോടും അദ്ദേഹം സംസാരിക്കുകയോ പ്രതികരിക്കുകയോ ചെയ്‍തില്ല. കോടതിയിൽ ജോലി ചെയ്തിരുന്ന ഒരു മനഃശാസ്ത്രജ്ഞൻ ഫിസ്റ്ററെ പരിശോധിച്ച് അയാൾ ഭ്രാന്തനാണെന്ന് പ്രഖ്യാപിച്ചു. ഫിസ്റ്റർ പ്രതീക്ഷിച്ചതുപോലെ, അദ്ദേഹത്തിന്റെ വധശിക്ഷ നിർത്തലാക്കി. അദ്ദേഹത്തിന്റെ പദ്ധതി വിജയം കണ്ടു. എന്നാൽ, അയാൾ പ്രതീക്ഷിച്ചതുപോലെ അയാൾക്കെതിരെ വന്ന വിധി കോടതി പൂർണ്ണമായും റദ്ദാക്കുകയോ അയാളെ അഭയകേന്ദ്രത്തിലേക്ക് അയക്കുകയോ ചെയ്തില്ല. പകരം, ഫിസ്റ്റർ ജോസഫിൻ കൗണ്ടി ജയിലിൽ തന്നെ താമസിച്ചു. ജയിലിലെ ജീവനക്കാർ അയാൾക്ക് ഭക്ഷണം നൽകുകയും മറ്റ് കാര്യങ്ങൾ നോക്കുകയും ചെയ്‍തു. 

ഇങ്ങനെ അയാൾ 515 ദിവസത്തോളം ജയിൽ ജീവനക്കാരെ പറ്റിച്ച് അയാള്‍ അവിടെ കഴിഞ്ഞു. എന്നായാലും സത്യം പുറത്തു വരികതന്നെ ചെയ്യുമല്ലോ! ഫിസ്റ്ററിന്റെ തട്ടിപ്പ് 1897 മെയ് 10 -ന് പിടിക്കപ്പെട്ടു. അയാളുടെ മക്കളായ വില്യം (26), ജോൺ (18) എന്നിവരെ ഒരു മോഷണക്കുറ്റത്തിന് പിടികൂടി ജയിലിൽ അടച്ചു. വില്യമിനെ പിതാവിന്റെ സെല്ലിലാണ് കിടത്തിയത്. അടുത്ത രാത്രിയിൽ അച്ഛനും മകനും തമ്മിൽ സംസാരിക്കുന്നത് മറ്റുള്ളവർ കേൾക്കാനിടയായി. അങ്ങനെ അയാളുടെ പെരുമാറ്റത്തിൽ സംശയം ഉയർന്നു. പിറ്റേന്ന് രാവിലെ, ഫിസ്റ്ററിന് ഭക്ഷണം നൽകാൻ നിയോഗിച്ച ജയിൽ ജീവനക്കാരൻ ഭക്ഷണത്തിന്റെ ട്രേ തൊട്ടടുത്തുള്ള മേശപ്പുറത്തുവച്ചു. "ഇനി മുതൽ ഭക്ഷണം എടുത്ത് തരുന്നില്ല. വേണമെങ്കിൽ എടുത്ത് കഴിച്ചോ" എന്ന് പറഞ്ഞ് ഫിസ്റ്ററിനെ പരീക്ഷിക്കാനായി മാറിനിന്നു. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ ആ പ്ലേറ്റ് ഫിസ്റ്റർ കാലിയാക്കി. തിരിച്ചുവന്ന ജീവനക്കാരൻ ഒഴിഞ്ഞ പാത്രം കണ്ടെത്തിയപ്പോൾ ഇങ്ങനെ പറഞ്ഞു, “ഓൾഡ് മാൻ, നിങ്ങളുടെ അഭിനയം വളരെ നന്നായിരുന്നു. നിങ്ങൾ വളരെ നന്നായി കളിച്ചു.” ഏതാണ്ട് രണ്ട് വർഷത്തിന് ശേഷമാണ് ഫിസ്റ്റർ ഇതിനോട് പ്രതികരിച്ചത്, "പക്ഷേ അങ്ങനെ അഭിനയിച്ച് ജീവിക്കുക ഒട്ടും എളുപ്പമായിരുന്നില്ല" എന്നായിരുന്നു പ്രതികരണം. കഴിഞ്ഞ 43 മാസവും താൻ അഭിനയിക്കുകയായിരുന്നു എന്ന് അയാൾതന്നെ തുറന്ന് സമ്മതിച്ചു. 

അയാളുടെ വഞ്ചന വെളിച്ചത്തുവന്നതിനുശേഷം, ഫിസ്റ്ററിനെ, 1898 ഏപ്രിൽ 21 -ലെ ഒരു ഹിയറിംഗിൽ കോടതി വീണ്ടും തൂക്കിലേറ്റാൻ തീരുമാനിച്ചു. വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ച ദിവസം രാവിലെ ഉദ്യോഗസ്ഥര്‍ ഫിസ്റ്ററിന്റെ സെല്ലിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഇതായിരുന്നു. കണ്ണുകൾ പുറത്തേയ്ക്ക് തള്ളി, ശ്വാസമെടുക്കാന്‍ പാടുപെടുന്ന ഫിസ്റ്റര്‍... 

ഫിസ്റ്റർ മരിക്കാറായി എന്ന് കരുതിയ ഉദ്യോഗസ്ഥര്‍, തൂക്കിക്കൊല്ലൽ മാറ്റിവച്ചു. പക്ഷേ, കുറച്ച് മണിക്കൂറുകൾ മാത്രം. രണ്ട് വർഷത്തോളമായി ഫിസ്റ്റർ ആളുകളെ പറ്റിച്ചു, എന്നാൽ, വീണ്ടും വഞ്ചിതരാകുമെന്ന് ജയിൽ അധികൃതർക്ക് ഭയം ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയായിട്ടും ഫിസ്റ്ററിന് ജീവൻ ഉണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥർ അയാളെ തൂക്കുമരത്തിലേക്ക് കൊണ്ടുപോയി. അബോധാവസ്ഥയിലായിരുന്ന ഇയാളെ അങ്ങനെത്തന്നെ തൂക്കിലേറ്റി. ഒറിഗൺ സംസ്ഥാനത്ത് അബോധാവസ്ഥയിൽ തൂക്കിലേറ്റപ്പെട്ട ഏക വ്യക്തിയായി ചാൾസ് ഫിസ്റ്റർ. അയാൾ യഥാർത്ഥത്തിൽ ശ്വാസം കിട്ടാൻ പ്രയാസപ്പെടുകയായിരുന്നോ, അതോ അഭിനയമായിരുന്നോ എന്ന് ഇന്നും അറിയില്ല. പക്ഷേ, ഇനിയും സ്വയം വഞ്ചിതരാകാൻ ഒരുക്കമല്ലാതിരുന്ന ജയിൽ അധികൃതർ അയാളെ ആ അവസ്ഥയിൽ തന്നെ തൂക്കിക്കൊല്ലുകയായിരുന്നു.