'കുട്ടികളെ പീഡിപ്പിക്കുന്നോടാ, നിന്നെയൊക്കെ ഇന്ന് ഞാൻ കൊല്ലും' അമ്പതുകാരനായ ജോർജ്ജ് പോർട്ടോ-സിയറ അലറിക്കൊണ്ട് തന്റെ കൈയിലുള്ള പെട്രോൾ ക്യാൻ തുറന്ന് ആ മോട്ടലിന് ചുറ്റും ഒഴുക്കാൻ തുടങ്ങി. കയ്യിലുണ്ടായിരുന്ന സിഗരറ്റ് കത്തിച്ച് അവിടം ചാമ്പലാക്കാൻ അയാള്‍ ആഗ്രഹിച്ചു. എന്നാൽ, അയാളുടെ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുൻപ് പൊലീസ് സംഭവസ്ഥലത്ത് എത്തി. കുട്ടികളെ പീഡിപ്പിക്കുന്ന കുറച്ചുപേര്‍ അവിടെ താമസിക്കുന്നുവെന്നും അവരെ കൊല്ലാനാണ് താൻ മോട്ടലിൽ എത്തിയതെന്നും ജോർജ്ജ് പൊലീസിനോട് പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്ന എല്ലാ ദുഷ്ടരെയും തനിക്ക് കൊല്ലണമെന്നും അയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, അയാളുടെ തീരുമാനം നടപ്പിലാക്കുന്നതിന് മുൻപ് തന്നെ പൊലീസ് അയാളെ അറസ്റ്റ് ചെയ്‍തു. സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നാല് കൊലപാതകശ്രമങ്ങൾ ചുമത്തിയിട്ടുണ്ട്. 

ജോർജ്ജ് ഭീഷണി മുഴക്കിയതായും, 'ബാലപീഡകരെ ഞാൻ കൊല്ലാൻ പോകുന്നു' എന്ന് അക്രോശിച്ചതായും സാക്ഷികൾ അവകാശപ്പെടുന്നു. എന്നാൽ, അയാൾ ഈ പറഞ്ഞതിൽ വല്ല സത്യവുമുണ്ടോ എന്ന് ആർക്കും സംശയം തോന്നാം. ആരാണ് അവിടെ യഥാർത്ഥത്തിൽ ഉണ്ടായിരുന്നത്? ഫ്ലോറിഡയിലെ ഓസ്‌കോല കൗണ്ടിയിലെ ഒരു മോട്ടലിൽ വച്ചാണ് സംഭവം നടക്കുന്നത്. ലൈംഗിക കുറ്റവാളികളുടെ ഒരു കേന്ദ്രമാണ് ഓസ്‌കോല കൗണ്ടി. പല നഗരങ്ങളും ലൈംഗിക കുറ്റവാളികളെ സ്‍കൂളുകൾ, പള്ളികൾ, കളിസ്ഥലങ്ങൾ അല്ലെങ്കിൽ ബസ് സ്റ്റോപ്പുകൾ എന്നിവിടങ്ങളിൽ നിന്നും 1,000 അല്ലെങ്കിൽ 2,500 അടി മാറി താമസിക്കാൻ നിർദേശിക്കുന്നു. ഈ നിയന്ത്രണങ്ങൾ ഒന്നുമില്ലാത്ത മേഖലകളിൽ അവർ കൂട്ടമായി താമസിക്കുന്നു. സ്‌കൂളുകൾ, കളിസ്ഥലങ്ങൾ, പള്ളികൾ എന്നിവയുടെ പരിധിയിൽ വരാത്ത ഒരിടമാണ് ഓസ്‌കോല കൗണ്ടി. അതുകൊണ്ട് തന്നെ ലൈംഗിക കുറ്റവാളികളും തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ് അത്. അവിടെയുള്ള ഫ്രണ്ട്‌ലി വില്ലേജ് ഇൻ ആന്‍ഡ് മോട്ടൽ അവരുടെയൊക്കെ വീടും. 

സംഭവസമയത്ത് ഈ പ്രദേശത്ത് നാന്നൂറ്റിമുപ്പതോളം ലൈംഗിക കുറ്റവാളികൾ താമസിച്ചിരുന്നുവെന്ന് ഇൻക്വിസിറ്റർ പറയുന്നു. കൂടാതെ, ഏകദേശം 20 പേർ ഫ്രണ്ട്‌ലി വില്ലേജ് ഇൻ ആന്‍ഡ് മോട്ടലിനെ അവരുടെ വീട്ടുവിലാസമായി പട്ടികപ്പെടുത്തിയിട്ടുമുണ്ട്. പ്രദേശത്തുള്ള ലൈംഗിക കുറ്റവാളികളെ കുറിച്ചറിഞ്ഞ ജോർജ്ജ് അവരെ എല്ലാം ചുട്ടെരിക്കാൻ ആഗ്രഹിച്ചു. എന്നാൽ, അതിന് മുൻപേ പൊലീസ് അവിടെ എത്തി, അറസ്റ്റ് ചെയ്യുകയാണുണ്ടായത്. കൊലപാതകശ്രമത്തിന്റെ ഇടയിൽ പരിക്കേറ്റ നാലുപേരിൽ രണ്ടുപേരെങ്കിലും ലൈംഗിക കുറ്റവാളികളാണെന്ന് ഡബ്ല്യുആർ‌എൽ പറയുന്നു. ഏതായാലും നിയമം കയ്യിലെടുക്കാനോ ശിക്ഷ നടപ്പിലാക്കാനോ ജനങ്ങള്‍ക്ക് അവകാശമില്ല എന്ന സത്യം ഉള്‍ക്കൊണ്ടേ മതിയാവൂ. അതിനാല്‍ത്തന്നെയാണ് ജോര്‍ജ്ജ് അറസ്റ്റ് ചെയ്യപ്പെട്ടതും. ബോണ്ടില്ലാതെ അദ്ദേഹത്തെ ഓസ്‌കോല കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കയാണ് ഇപ്പോൾ. 2022 -ല്‍ അയാൾ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.