ജപ്പാനില്‍ പ്രസിദ്ധമായ ഒരു ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഒരു ദ്വീപുണ്ട്. സ്ത്രീകൾക്ക് പ്രവേശന വിലക്ക് നിലനില്‍ക്കുന്ന ദ്വീപാണിത്. ജപ്പാനിലെ ക്യുഷു തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ് ഒകിനോഷിമ. ഈ ദ്വീപിന്‍റെ പ്രത്യേകത ഇവിടെ നിങ്ങൾക്ക് ഒരു സ്ത്രീയെ പോലും കാണാൻ കഴിയില്ല എന്നതാണ്. കാരണം കടലിന്‍റെ ദേവതയെ പൂജിക്കുന്ന ഒരു പുണ്യക്ഷേത്രമുള്ള ഈ ദ്വീപ് സന്ദർശിക്കാൻ പുരുഷന്മാർക്ക് മാത്രമേ അനുമതിയുള്ളൂ എന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. 

നാലാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനുമിടയിൽ, നാവികർ യാത്രയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ഇവിടെ വന്ന് വഴിപാടുകൾ നടത്തുമായിരുന്നുവത്രെ. എന്തുകൊണ്ടാണ് ഒകിനോഷിമയിൽ സ്ത്രീകളെ അനുവദിക്കാത്തത് എന്നതിന്‍റെ കാരണം ആർക്കും വ്യക്തമായി അറിയില്ല. പക്ഷേ, ഈ നിയമം പുരാതനകാലം മുതലുള്ളതാണെന്ന് ഗവേഷകർ പറയുന്നു. ദുർഘടമായ വഴിയിലൂടെ യാത്ര ചെയ്യുന്നത് പ്രസവിക്കുന്ന സ്ത്രീകൾക്ക് വളരെ അപകടകരമാണെന്നാണ് ഒരു കൂട്ടര്‍ വിശ്വസിക്കുന്നത്. മറ്റൊന്ന് സ്ത്രീകളുടെ ആർത്തവം അശുദ്ധമായി കണക്കാക്കുന്നത് കൊണ്ട് സ്ത്രീ തീർത്ഥാടകർക്ക് പ്രവേശനം നിഷേധിക്കുന്നതുമാകാം എന്നതാണ്. 

 

വര്‍ഷം തോറും നടക്കുന്ന പ്രത്യേക ഉത്സവദിവസങ്ങളില്‍ മാത്രമാണ് ഇവിടെ പ്രവേശനം. ഇനി അവിടെ സന്ദർശിക്കുന്ന പുരുഷന്മാർക്കും ചുമ്മാ അങ്ങ് കയറിച്ചെല്ലാൻ സാധിക്കില്ല. വ്രതവും, ചിട്ടകളും കൃത്യമായി പാലിക്കുന്നവർക്ക് മാത്രമേ അവിടെ പ്രവേശനമുള്ളൂ. പുരുഷ സന്ദർശകർക്ക് പിന്തുടരേണ്ട കർശനമായ മാർഗ്ഗനിർദ്ദേശങ്ങളിൽ ഒന്ന്: അവർ ദ്വീപിലെത്തിക്കഴിഞ്ഞാൽ, വസ്ത്രങ്ങൾ അഴിച്ച് ശുദ്ധീകരണ ചടങ്ങ് നടത്തേണ്ടതുണ്ട് എന്നതാണ്. അഴുക്കുകൾ കഴുകിക്കളയാൻ, കടലിൽ നഗ്നരായി കുളിക്കുന്ന ചടങ്ങാണ് അത്. ഇങ്ങനെ കടലില്‍ കുളിച്ച് പൂര്‍ണ നഗ്നരായാണ് ആരാധനാലയത്തിലേക്ക് കയറുന്നത്. കൂടാതെ, ദ്വീപിൽ നിന്ന് വലുതോ ചെറുതോ ആയ ഏതെങ്കിലും സാധനങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാനോ അല്ലെങ്കിൽ വീട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ അവരുടെ യാത്രയെക്കുറിച്ച് സംസാരിക്കാനോ അവർക്ക് അനുവാദമില്ല. 

ചൈനയിലെ വെയ് രാജവംശത്തിന്റെ കാലത്തുള്ള കണ്ണാടികൾ, കൊറിയൻ ഉപദ്വീപിൽ നിന്നുള്ള സ്വർണമോതിരങ്ങൾ, പേർഷ്യയിൽ നിന്നുള്ള ഗ്ലാസ് പാത്രത്തിന്റെ കഷണങ്ങൾ എന്നിവ ഉൾപ്പെടെ ദേശീയ നിധികളായി കണക്കാക്കപ്പെടുന്ന 80,000 വസ്‍തുക്കൾ 240 ഏക്കറോളം പരന്നു കിടക്കുന്ന ആ ദ്വീപിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇത് കാണാൻ വേണ്ടി മാത്രം പലരും ദ്വീപിൽ എത്തുന്നത് സമീപത്ത് താമസിക്കുന്നവരെ ആശങ്കാകുലരാക്കുന്നുണ്ട്. വിനോദസഞ്ചാരികൾ ദ്വീപിന്‍റെ പവിത്രത ഇല്ലാതാക്കുമോ എന്നവർ ഭയക്കുന്നു.  

അടുത്തകാലത്തായി ട്രാവൽ ഏജൻസികളിൽ നിന്ന് ഒരുപാട് വിളികൾ വരുന്നുണ്ടെങ്കിലും, ഇതൊരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും, സ്ത്രീകൾക്കുള്ള നിരോധനം എല്ലാക്കാലവും നിലനിൽക്കുമെന്നും ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ തകായുകി ആഷിസു പറഞ്ഞു. “യുനെസ്കോ സാംസ്‍കാരിക പൈതൃക പട്ടികയിൽ ഒകിനോഷിമ ഉൾപെട്ടിട്ടുണ്ടെങ്കിലും, പൊതുജനങ്ങൾക്കായി ഇത് തുറന്നു കൊടുക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ആളുകൾ ജിജ്ഞാസകൊണ്ട് മാത്രം ഇവിടേയ്ക്ക് വരരുത്” ആഷിസു മുൻപ് ജപ്പാൻ ടൈംസിനോട് പറയുകയുണ്ടായി.