ഇന്നത്തെ കാലത്ത് ചിലർക്കെങ്കിലും, മൊബൈൽഫോണും, ഇന്റർനെറ്റുമൊന്നുമില്ലാതെ ഒരുദിവസം പോലും തള്ളിനീക്കാൻ സാധിക്കില്ല. എന്നാൽ, ഇതൊന്നുമില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് എപ്പോഴെങ്കിലും ആലോചിട്ടുണ്ടോ? അയർലൻഡ് സ്വദേശിയായ മാർക്ക് ബോയൽ അത്തരമൊരു ജീവിതം നയിക്കുന്ന ആളാണ്. അദ്ദേഹം തന്റെ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിട്ട്, സുഹൃത്തുകൾക്ക് മെയിൽ അയച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിൽ നേരം കളയാനായി ടിവി ഇല്ല, അത്തരം ആധുനിക സുഖസൗകര്യങ്ങളൊന്നും തന്നെയില്ല. എന്നിട്ടും അദ്ദേഹം പൂർണ്ണ സന്തോഷവാനാണ്. ഒരിക്കലെങ്കിലും നിങ്ങൾ ഇങ്ങനെയൊന്ന് ജീവിച്ചു നോക്കണമെന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹം ആദ്യം ഉപേക്ഷിക്കുന്നത് സാങ്കേതികവിദ്യയല്ല, മറിച്ച് പണമാണ്. അദ്ദേഹത്തെ പരക്കെ അറിയപ്പെടുന്നത് തന്നെ "The Moneyless Man" എന്നാണ്. പണം ആളുകൾക്കിടയിൽ അന്തരം സൃഷ്ടിക്കുന്നു എന്നദ്ദേഹത്തിന് ഒരിക്കൽ തോന്നി. തുടർന്ന് 2008 -ലാണ് അദ്ദേഹം പണത്തിന്റെ ഉപയോഗം ജീവിതത്തിൽ കുറക്കാൻ തീരുമാനിക്കുന്നത്. നഗരത്തിന്റെ ബഹളങ്ങളിൽ നിന്ന് മാറി അദ്ദേഹം കാട്ടിൽ ഒരു വീട് നിർമ്മിച്ചു ആദ്യം. തുടർന്ന് അദ്ദേഹത്തിനാവശ്യമുള്ള പഴങ്ങളും, പച്ചക്കറികളും എല്ലാം സ്വയം കൃഷി ചെയ്യാൻ തുടങ്ങി. കൂടാതെ മീൻ പിടിത്തവും, കോഴിവളർത്തലും തുടങ്ങി. ഇപ്പോൾ കുറച്ച് വർഷമായി അദ്ദേഹം സാങ്കേതികവിദ്യയും പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. ഗാർഡിയൻ സൈറ്റിൽ അദ്ദേഹം തന്റെ രസകരമായ ജീവിതത്തെ കുറിച്ച് ഒരു കോളം എഴുതുന്നുണ്ട്. അത് കൂടാതെ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് നിരവധി പുസ്തകങ്ങളും എഴുതുന്നുണ്ട്. മാർക്കിന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസിലും ബിരുദമുണ്ട്. മുൻപ് ബ്രിസ്റ്റോളിലെ ഒരു ഓർഗാനിക് ഫുഡ് കമ്പനിയിൽ മാനേജരായി അദ്ദേഹം ജോലി ചെയ്തിരുന്നു. 2016 -ലാണ് മാർക്ക് ഒരു 'ടെക്നോളജി ഫ്രീ' ജീവിതം നയിക്കാൻ തീരുമാനിച്ചത്.  

ഇതിനെ തുടർന്ന്, 40 -കാരനായ മാർക്ക് കഴിഞ്ഞ നാല് വർഷമായി വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒന്നും തന്നെ ഉപയോഗിക്കുന്നില്ല. ടിവിയോ, മ്യൂസിക് പ്ലെയറോ, റേഡിയോയോ, ഗ്യാസോ, പൈപ്പ് കണക്ഷനോ ഒന്നും അവിടെയില്ല. ഏറ്റവും ലളിതമായ ജീവിതമാണ് അദ്ദേഹത്തിന്റേത്. നഗരം ഉപേക്ഷിച്ചത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. തുടക്കത്തിൽ എനിക്ക് കാപ്പിയും, നാടും, സൗഹൃദങ്ങളും എല്ലാം വല്ലതെ മിസ്സ് ചെയ്‌തു. എന്നാൽ, ഇപ്പോൾ പ്രകൃതിയുടെ സംഗീതമാണ് ചുറ്റിലും എന്നദ്ദേഹം പറയുന്നു. വേട്ടയാടിയും, മീൻപിടിച്ചും, കൃഷി ചെയ്തും അദ്ദേഹം ഭക്ഷണം കണ്ടെത്തുന്നു. സ്വന്തമായി ടൂത്ത് പേസ്റ്റ് ഉണ്ടാക്കുന്നു. വസ്ത്രങ്ങൾ വൃത്തിയാക്കാൻ അദ്ദേഹം ഒരുതരം ചെടി ഉപയോഗിക്കുന്നു. 'ടെക്നോളജി ഫ്രീ' ജീവിതാനുഭവങ്ങളെക്കുറിച്ച് 'ദി വേ ഹോം: ടെയിൽസ് എ ലൈഫ് വിത്ത് ടെക്നോളജി' എന്ന പുസ്തകം അദ്ദേഹം എഴുതി. എഴുതാൻ ഉപയോഗിക്കുന്ന പെൻസിലും പേപ്പറും മാത്രമാണ് അദ്ദേഹത്തിന്റെ കൈയിൽ ആകെയുള്ള സ്റ്റേഷനറി സാധനങ്ങൾ.  

സമയമറിയാൻ അദ്ദേഹത്തിന് നമ്മളെ പോലെ ക്ലോക്കിന്റെ ആവശ്യമില്ല. പ്രകൃതിയുടെ ക്ലോക്കിൽ നോക്കിയാണ് അദ്ദേഹം സമയം അറിയുന്നത്. സൂര്യപ്രകാശത്തെ ആശ്രയിച്ചാണ് അദ്ദേഹത്തിന്റെ ദിനചര്യ. കാലത്ത് കിളികളുടെ ചിലപ്പ് കേട്ടിട്ടാണ് അദ്ദേഹം ഉണരുന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനായി കാട്ടിൽ നിന്ന് വിറകു കൊണ്ടുവരും. അടുത്തുള്ള നീരുറവയിൽ നിന്ന് വെള്ളവും. ഈ വ്യത്യസ്‍തമായ ജീവിതം നയിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത് മഹാത്മാഗാന്ധിയോടുള്ള അകമഴിഞ്ഞ ആരാധനയാണ്. മാർക്ക് ഗാന്ധിജിയുടെ ജന്മസ്ഥലമായ പോർബന്ദറിൽ കുറച്ച് നാൾ ചെലവഴിക്കുകയുണ്ടായി. മഹാത്മാഗാന്ധിയുടെ ഉപ്പ് സത്യാഗ്രഹം അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ എളിയ ജീവിതം അദ്ദേഹത്തിന് വളരെ പ്രചോദനമായി. പ്രകൃതിയോടുള്ള മാർക്കിന്റെ സ്നേഹവും മറ്റൊരു കാരണമാണ്. മനുഷ്യർ ഭൂമിക്ക് വളരെയധികം നാശമുണ്ടാക്കിയിട്ടുണ്ടെന്ന് മാർക്ക് പറയുന്നു. "വ്യവസായവൽക്കരണം മൂലം ഭൂമിയിലെ ജീവിതം പ്രതിസന്ധിയിലാണ്. നമ്മുടെ കടലുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. വനങ്ങൾ നശിപ്പിക്കപ്പെടുന്നു. കഴിഞ്ഞ 50 വർഷത്തിനിടയിൽ ഭൂമിയുടെ 60 ശതമാനം വന്യജീവികൾക്കും വംശനാശം സംഭവിച്ചു. ജീവിതം യഥാർത്ഥത്തിൽ എങ്ങനെയുള്ളതാണെന്ന് അറിയാൻ ഞാൻ ആഗ്രഹിച്ചു, അങ്ങനെയാണ് ഞാൻ അത് തേടി ഇറങ്ങിയത്" അദ്ദേഹം പറഞ്ഞു.

"എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നമ്മുക്ക് സമ്മർദ്ദം നൽകുന്നു. ഇവയെല്ലാം ഉപേക്ഷിച്ചപ്പോൾ എനിക്ക് ജീവിതത്തെ  കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. ഭൂമിയുമായും അയൽവാസികളുമായും ഉള്ള യഥാർത്ഥ ബന്ധം ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു. കഴിഞ്ഞ 20 വർഷമായി ഞാൻ ഒരു ഡോക്ടറെ പോലും കണ്ടിട്ടില്ല" അദ്ദേഹം കൂട്ടിച്ചേർത്തു. വൈദ്യുതിയോ, മറ്റ് ആധുനിക സൗകര്യങ്ങളോ ഇല്ലെങ്കിലും തനിക്ക് സമാധാനം വേണ്ടുവോളമുണ്ട് എന്നദ്ദേഹം പറയുന്നു. ഇപ്പോൾ പ്രകൃതിയുടെ ഓരോ സ്പന്ദനവും അദ്ദേഹത്തിനറിയാം. കാറ്റും, മഴയും, വെയിലും എല്ലാം അദ്ദേഹം ആസ്വദിക്കുന്നു.