തമിഴ്‌നാടിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരദ്ധ്യായമാണ് പുരട്ചി തലവി എന്ന് തമിഴ് മക്കള്‍ ആരാധനയോടെ വിളിച്ച ജയാമ്മയുടെ മരണത്തോടെ കാലയവനികക്കുള്ളില്‍ മറഞ്ഞത്. ക്രിമിനല്‍ അഴിമതിയുള്‍പ്പെടെ നിരവധി കേസുകളില്‍പ്പെട്ടെങ്കിലും, അവസാന കാലത്ത് സംസ്ഥാനത്ത് നടത്തിയ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. (മുന്‍ ചീഫ് സെക്രട്ടറിയും ജയയുടെ ഉപദേശകയും മലയാളിയുമായ ഷീലാ ബാലക്യഷ്ണന്റെ പൊടിക്കൈകളാണ് ക്ഷേമപ്രവര്‍ത്തനങ്ങളെന്ന്, അണിയറ സംസാരം).

ജയാമ്മക്ക് ആദരാഞ്ജലികളര്‍പ്പിച്ച് തെരുവിലിറങ്ങിയ സാധാരണക്കാര്‍ കുറഞ്ഞ വിലയ്ക്ക് അരിയും ഭക്ഷണവും മറ്റ് സൗജന്യങ്ങളും നല്‍കുന്ന 'അമ്മ'യോടുള്ള സ്‌നേഹമാണ് വൈകാരികമായി, നെഞ്ചത്തടിച്ചും നിലവിളിച്ചും പ്രകടിപ്പിച്ചത്. (എന്നാല്‍ കാമറയ്ക്കുമുന്നിലുള്ള അഭിനയമാണെന്നും ആക്ഷേപമുണ്ട്).

മനംനൊന്ത് ഹ്യദയസ്തംഭനവും മറ്റുമായി സംസ്ഥാനത്തുടനീളം 70 പേര്‍ മരിച്ചതായി അണ്ണാ ഡിഎംകെ അവകാശപ്പെടുന്നു. എന്നാല്‍ ജനങ്ങളെ മടിയന്മാരാക്കുന്ന സൗജന്യങ്ങളിലും ഭക്ഷണത്തിലും പാര്‍പ്പിടത്തിലും തങ്ങളുടെ അവകാശങ്ങളുടെ പരിധി അവസാനിക്കുന്നുവോ എന്നറിയാനുള്ള വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത വലിയൊരു ജനവിഭാഗം തമിഴ്‌നാട്ടിലുണ്ട്. ഇക്കാര്യങ്ങളൊക്കെ ഫലപ്രദമായി ചൂഷണം ചെയ്ത ജയലളിത, ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവത്തിലാണ് ഭരിച്ചതെന്ന് പറഞ്ഞാല്‍, ഒട്ടും അതിശയോക്തിയില്ല. അതുകൊണ്ടാണല്ലോ ജയലളിതയുടെ അഭാവത്തില്‍ രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന ഒ പനീര്‍ശെല്‍വം ഉള്‍പ്പടെയുള്ളവര്‍, അവരെക്കാണുമ്പോഴൊക്കെ ഓച്ഛാനിച്ചുനിന്നതും നിലത്തുവീണു കിടന്ന്, കാല് തൊട്ടുവന്ദിക്കുന്നതുമൊക്കെ. (ഇതിനും ജയലളിതയുടെ പ്രത്യേക നിര്‍ദ്ദേശമുണ്ടത്രേ).

ചന്ദ്രലേഖയിലൂടെ ശശികലയുടെ അരങ്ങേറ്റം


സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളോടെയാണ് ജയലളിതയുടെ വ്യക്തി ജീവിതത്തിലേക്കും രാഷ്ട്രീയ ജീവിതത്തിലേക്കും  ശശികലയെത്തുന്നത്. പിആര്‍ഡി ഉദ്ദ്യോഗസ്ഥനായ ശശികലയുടെ ഭര്‍ത്താവ് നടരാജന് ജില്ലാകലക്ടറായിരുന്ന ചന്ദ്രലേഖയുമായി പരിചയമുണ്ടായിരുന്നു. 1980ല്‍ ചന്ദ്രലേഖയാണ്, ശശികലയെ ജയലളിതയ്ക്കു പരിചയപ്പെടുത്തിക്കൊടുത്തത്. ജയലളിത പങ്കെടുക്കുന്ന പൊതുപരിപാടികളും വിവാഹങ്ങളും ചിത്രീകരിക്കാനുള്ള അനുവാദം ശശികലയുടെ സ്റ്റുഡിയോയ്ക്കു നല്‍കണമെന്ന ആവശ്യവുമായിരുന്നു ശശികലയെ, ചന്ദ്രലേഖ ജയാമ്മക്ക് പരിചയപ്പെടുത്തിയത്.

പിന്നീട് തമിഴകം സാക്ഷിയായത് അമ്മയുടെ വിശ്വസ്തയും മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമായി ശശികല, വളരെവേഗം മാറുന്ന കാഴ്ചയാണ്. രാഷ്ട്രീയത്തില്‍ ജയലളിത ഉയരങ്ങളുടെ പടവുകള്‍ ചവിട്ടിക്കയറുമ്പോള്‍ അവരുടെ നിഴല്‍പറ്റി, ശശികലയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ അനധിക്യതമായി കൈവശപ്പെടുത്തി മുന്നേറി. അഴിമതിയും അനധികൃത സ്വത്തുസമ്പാദനവുമെല്ലാം ജയയുടെ രാഷ്ട്രീയ ജീവിതത്തിന് കളങ്കം ചാര്‍ത്തിയയതും ഈ കാലത്താണ്. (ജയലളിതയുടെ സഹോദരപുത്രി ദീപ കഴിഞ്ഞ ദിവസം ഇത് തുറന്നുപറഞ്ഞിരുന്നു. ജയലളിത ജയിലിലായതിനും അഴിമതിക്കേസുകളില്‍പ്പെട്ടതിനും കാരണം ശശികലുയും കൂട്ടരുമാണെന്നാണ് ദീപ തുറന്നടിച്ചത്.) മന്നാര്‍ഗുഡി മാഫിയയെ നിയന്ത്രിക്കണമെന്ന് ജയലളിതയുടെ രാഷ്ട്രീയ ഉപദേശകനായ ചോ രാമസാമി നിരവധി തവണ ജയലളിതക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്വന്തം തോഴിയിലുള്ള അമിത വിശ്വാസംമൂലം ജയ ഇതൊന്നും ചെവിക്കൊണ്ടില്ല. ഒടുവില്‍ അവസാന കാലങ്ങളില്‍ കേസുകള്‍ ജയയെ വേട്ടയാടി.

ചന്ദ്രലേഖക്ക് ആസിഡാക്രമണം

എതിര്‍ക്കുന്നവരെ ദ്രോഹിച്ചും (ഉദ്യോഗസ്ഥരാണെങ്കില്‍) സ്ഥലം മാറ്റിയും ശാരീരികമായി ആക്രമിച്ചുമൊക്കെ ശത്രുത തീര്‍ക്കുന്ന ഒരു ഏകാധിപതിയും ജയയിലുണ്ടായിരുന്നുവെന്ന്, നിരവധി സംഭവവികാസങ്ങളിലൂടെ മനസിലാകും. ഇതില്‍ ഏറ്റവും പ്രധാനം ഒരുകാലത്ത് ജയയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയും ഇപ്പോള്‍ സുബ്രഹ്മണ്യം സ്വാമിയുടെ അനുയായിയുമായ വി. എസ് ചന്ദ്രലേഖയ്ക്കുണ്ടായ ദുരനുഭവമാണ്.

ജയലളിത സര്‍ക്കാര്‍ 1992ല്‍ സ്‌പിക്കിന്റെ ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനുള്ള തീരുമാനമെടുത്തു. എന്നാല്‍ അന്ന് വ്യവസായ സെക്രട്ടറിയായിരുന്ന ചന്ദ്രലേഖ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയില്ല. ഇക്കാര്യത്തില്‍ ജയലളിതയും ചന്ദ്രലേഖയും തമ്മില്‍ കടുത്ത തര്‍ക്കത്തിലായി. ഒടുവില്‍ ഇരുവരുടേയും തര്‍ക്കം 'സൗന്ദര്യ'ത്തില്‍ വരെയെത്തിയത്രേ. 'സൗന്ദര്യമാണ് മാനദണ്ഡമെങ്കില്‍ എനിക്കും മുഖ്യമന്ത്രിയാകാന്‍ കഴിയും' എന്ന് ചന്ദ്രലേഖ പറഞ്ഞത്രേ.

പിന്നീട് ചന്ദ്രലേഖ നേരിട്ടത് ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമാണ്. മുംബൈയില്‍ നിന്ന് വാടകയക്കെടുത്ത സുര്‍ലയെന്ന ഗുണ്ട നടത്തിയ ആസിഡ് ബള്‍ബാക്രമണത്തില്‍ അവരുടെ മുഖം പൊള്ളിയടര്‍ന്നു. ശാരീരികവും മാനസികവുമായി തകര്‍ന്ന ചന്ദ്രലേഖ അഭയം തേടിയത് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ക്യാമ്പില്‍. എന്നാല്‍ അതുകൊണ്ടൊന്നും അവര്‍ക്ക് നീതി ലഭിച്ചില്ല. വാടക ഗുണ്ടയെ അറസ്റ്റുചെയ്ത് ജയിലിലടച്ചതല്ലാതെ ആക്രമണത്തിലേക്കുള്ള കാരണങ്ങള്‍ തേടിപ്പോകാന്‍ പോലീസ് തയ്യാറായില്ല. സുപ്രീം കോടതി വരെ ചന്ദ്രലേഖ കേസിനുപോയെങ്കിലും ജയലളിതയുടെ സ്വാധീനം കൊണ്ടും വിലപേശല്‍ രാഷ്ട്രീയം കൊണ്ടും ഫലമുണ്ടായില്ലത്രേ. സി.ബി.ഐ അന്വേഷിച്ചിട്ടുപോലും കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താനായില്ല. സുര്‍ലയെ വിചാരണത്തടവുകാരനായി വെച്ചാണ് കേസ് നീട്ടിക്കൊണ്ടുപോയതെന്ന് പറയുന്നു. ഇതിനിടെ രോഗബാധിതനായി സുര്‍ല മരിച്ചതോടെ കേസ് എങ്ങുമെത്താതെ അവസാനിച്ചു. അതോടെ കേസിന്റെ ഫയലുകള്‍ ചവറ്റുകുട്ടയിലെറിയാന്‍ തലൈവിക്ക് കഴിഞ്ഞു.

മുഖ്യമന്ത്രിയുടെ സൗന്ദര്യമെന്ന മാനദണ്ഡത്തെ ചോദ്യം ചെയ്ത ഒരു ഐഎഎസുകാരിയോട് പ്രതികാരദാഹിയായ ഒരു വനിതാ മുഖ്യമന്ത്രിക്ക് മറ്റെന്താണ് ചെയ്യാനാവുക? വികൃതമായ മുഖവുമായി സുബ്രഹ്മണ്യംസ്വാമിയുടെ ക്യാമ്പിലെത്തിയ അവര്‍ക്ക് ജീവിതത്തില്‍ നീതി ലഭിച്ചിട്ടില്ല.

സുബ്രമണ്യന്‍ സ്വാമിക്കെതിരെ ജയലളിത

പിന്നീട് സുബ്രമണ്യന്‍ സ്വാമിയാണ് ജയക്കെതിരെ അഴിമതിക്കേസുമായെത്തിയത്. ആദ്യതവണ മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോള്‍ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചു എന്നാണ് ജയാമ്മക്കെതിരെ ഉള്ള കേസ്. ഒരു രൂപ ശമ്പളം വാങ്ങുന്ന കാലത്താണ് തലൈവി കോടികള്‍ വാരിക്കൂട്ടിയെന്നാണ് ആദ്യം മീഡിയക്കു മുന്നിലും പിന്നീട് കോടതിക്കു മുന്നിലും തന്റേടത്തോടെ സുബ്രഹ്മണ്യംസ്വാമി വിളിച്ചു പറഞ്ഞത്.

ജയാമ്മക്ക് ഒപ്പം നിന്ന തോഴി ശശികലയേയും സംഘത്തേയും കൂടി സ്വാമി കേസില്‍ കുരുക്കി താഴെയിട്ടു. അമ്മക്ക് നാലു വര്‍ഷത്തെ തടവും 100 കോടി രൂപ പിഴയും ബെംഗളൂരു പരപ്പന അഗ്രഹാര പ്രത്യേക കോടതി വിധിച്ചു. കൂട്ടു പ്രതികളായ ശശികല, സുധാകരന്‍, ഇളവരശന്‍ എന്നിവര്‍ക്ക് പത്തുകോടി രൂപ പിഴയും നാലുവര്‍ഷത്തെ തടവുമാണ് വിധിച്ചത്. കേസിപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 18 വര്‍ഷത്തോളമാണ് പല കാരണങ്ങള്‍ കാട്ടി ജയലളിതയും കൂട്ടരും കേസ് നീട്ടിക്കൊണ്ടുപോയത്.

ജയലളിതയുടെ ആക്രോശത്തിനു ഏറ്റവും അധികം പാത്രമായത് സുബ്രഹ്മണ്യസ്വാമിയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസ്സില്‍ പുരട്ചി തലവിയെ കോടതികയറ്റിയതും അദ്ദേഹമായിരുന്നു. പല തവണ സ്വാമിയെ അറസ്റ്റു ചെയ്ത് ജയിലിലടക്കാന്‍ ജയലളിത ശ്രമിച്ചെങ്കിലും സ്വാമി എല്ലാം മുന്‍കൂട്ടിക്കണ്ട് തന്ത്രപരമായി രക്ഷപ്പെട്ടു. ഒരു പക്ഷെ ജയയുടെ കെണിയില്‍പ്പെടാത്തയാള്‍ സ്വാമി മാത്രമായിരിക്കും.

മലയാളിക്കും രക്ഷയില്ല
 
മലയാളിയായ പാവം ചീഫ് സെക്രട്ടറി ജയാമ്മയുടെ ആസിഡ് ആക്രമണവും മറ്റും ഭയന്ന്, തമിഴകം വിട്ട് കേരളത്തില്‍ തിരിച്ചെത്തി. സര്‍വ്വീസ് തീരുന്നതിന് രണ്ട് വഷം മുമ്പ്, പാവത്തിന് ജോലി ഉപേക്ഷിക്കേണ്ടവന്നു. ചന്ദ്രലേഖക്ക് സമാനമായി, ജയാമ്മയുടെ തീരുമാനത്തിന് പച്ചക്കൊടി കാട്ടാത്തതായിരുന്നു പ്രശ്‌നം. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി സ്ഥലത്തേക്കാണ്, ജയ അദ്ദേഹത്തെ ഓടിച്ചത്.

കരുണാനിധിക്കൊപ്പവും ഇദ്ദേഹം ജോലി ചെയ്തിരുന്നു. എന്നാല്‍ വിമര്‍ശനങ്ങളോടും നിര്‍ദ്ദേശങ്ങളോടും, അദ്ദേഹം വളരെ സഹിഷ്ണുതയോടെയാണ് പ്രതികരിച്ചതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ജയാമ്മ അഭപ്രായങ്ങളോടും നിര്‍ദ്ദേശങ്ങളോടും പ്രതികരിക്കാതെ, പകവീട്ടുകയായിരുന്നു ചെയ്തിരുന്നത്. ജയാമ്മ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ടും ഇക്കാര്യങ്ങള്‍ തുറന്നു പറായാന്‍ അദ്ദേഹത്തിന് ധൈര്യമില്ല. അതുകൊണ്ടുതന്നെ തല്‍ക്കാലം പേര് വെളിപ്പെടുത്തുന്നില്ല. ഒരു പക്ഷെ രാജിവെച്ചില്ലായിരുന്നെങ്കില്‍ ഒരു ചന്ദ്രലേഖ കൂടി ബാക്കിയാവുമായിരുന്നു.

ശശികല പുഷ്പ (രാജ്യസഭ എം.പി)ക്ക് കരണത്തടി

ജയലളിതയ്‌ക്കെതിരേ ശാരീരികമായി അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട് അടുത്ത കാലത്തൊരു ആരോപണമുണ്ടായി. എ.ഐ.എ.ഡി.എം.കെ രാജ്യസഭാ എം.പി ശശികല പുഷ്‌പയാണ് തന്നെ ജയലളിത കരണത്തടിച്ചതായി ആരോപിച്ച് രംഗത്തുവന്നത്. ഡി.എം.കെ എം.പി ശിവയുടെ കരണത്തടിച്ചത് ചോദ്യം ചെയ്യാനായി ശശികല പുഷ്പയെ പോയസ് ഗാറ്ഡനിലെ വേദനിലയത്തിലേക്ക് വിളിച്ചു വരുത്തി. കുപിതയായ ജയലളിത കരണത്തടിച്ചതായി ശശികല തന്നെയാണ് പേര് പരാമര്‍ശിക്കാതെ രാജ്യസഭയില്‍ പറഞ്ഞത്. ഈ സംഭവത്തെത്തുടര്‍ന്ന് ജയലളിത, ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും രാജ്യസഭാംഗത്വം രാജിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ രാജി ആവശ്യം നിരാകരിച്ച ശശികല, ഇപ്പോഴും രാജ്യസഭാംഗമാണ്. വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് ശശികല പുഷ്പക്കെതിരെ കേസുമെടുത്തു. ജയയുടെ ആവസാന ആശുപത്രിക്കാലത്തെപ്പറ്റി ദുരൂഹതയുള്ളതായി ശശികല പുഷ്പ അടുത്തിടെ ആരോപിച്ചിരുന്നു.

ഗംഗൈ അമരന് ബംഗ്‌ളാവ് നഷ്ടമായി

മനസ്സിനിണങ്ങുന്നതെന്തും ആരുടെയായാലും സ്വന്തമാക്കുകയായിരുന്നു ജയലളിതുടേയും ശശികലയുടേയും ആദ്യകാല വിനോദങ്ങള്‍. ബംഗ്ലാവുകളും ഫാം ഹൗസുകളും വാങ്ങിക്കൂട്ടുന്നതില്‍ ആയിരുന്നു പ്രധാന ശ്രദ്ധ.

സംഗീത സംവിധായകന്‍ ഇളയരാജയുടെ സഹോദരന്‍ ഗംഗൈ അമന്, ഓള്‍ഡ് മഹാബലിപുരം റോഡില്‍ പയ്യാനൂര്‍ എന്ന സ്ഥലത്ത്, ഒരു ഫാം ഹൗസ് ഉണ്ടായിരുന്നു. തന്റെ സംഗീതജോലികള്‍ ചെയ്യാനായാണ് അദ്ദേഹം പലരില്‍ നിന്നായി വാങ്ങിയ 23 ഏക്കര്‍ സ്ഥലത്ത്, സ്വന്തം അദ്ധ്വാനം കൊണ്ടുണ്ടാക്കിയ പണം കൊണ്ട്, ഫാം ഹൗസ് പണിതത്.

മ്യൂസിക് കംപോസ്‌ചെയ്യാനും തിരക്കഥയെഴുതാനും പാകത്തില്‍ സുന്ദരമായ ചെറിയൊരു വീടും നിര്‍മ്മിച്ചു. അതുവഴി കടന്നു പോയ ജയലളിതക്കും ശശികലക്കും അതങ്ങ് ബോധിച്ചു. 'അമ്മക്ക് താങ്കളുടെ ഫാം ഹൗസ് ഇഷ്ടമായി,' ശശികല ഗംഗൈ അമരനെ ഫോണില്‍ വിളിച്ചു പറഞ്ഞു. ശശികലയുടെ സഹോദരി വനിത (ശശികലയും ബന്ധുക്കളുമടക്കം 40 ഓളം പേര്‍ അപ്പോള്‍ വേദനിലയത്തിലേക്ക് താമസം മാറ്റിയിരുന്നു). ഒരുനാള്‍ ഗംഗൈ അമരനെ ജയലളിതയുടെ പയസ് ഗാര്‍ഡനിലെ വേദനിയലത്തിലേക്ക് വളിപ്പിച്ചു. ശശികലയാണ് അമ്മയുടെ ഇംഗിതത്തെപ്പറ്റി അദ്ദേഹത്തോടു സംസാരിച്ചത്. തനിക്ക് ഫാം ഹൗസ് വില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും കമ്പോസിംഗിനും തിരക്കഥയെഴുതാനുമായി വാങ്ങിയതാണെന്നും ഗംഗൈ അമരന്‍ പറഞ്ഞു. പക്ഷേ ജയലളിതയുടെ ദത്തുപുത്രന്‍ സുധാകരന്‍ വിടുന്ന കോളില്ല. അയാള്‍ ദിവസവും ഗംഗൈ അമരനെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തുകൊണ്ടേയിരുന്നു. ഒടുവില്‍ കോടികള്‍ വിലമതിക്കുന്ന ആ ഫാം ഹൗസ് ഭീഷണിയിലൂടെ, വെറും 13.1 ലക്ഷം രൂപക്ക് മന്നാര്‍കുടി മാഫിയ എഴുതി വാങ്ങിച്ചു.

ടി.എന്‍ ശേഷനും രക്ഷഷയില്ല

തെരഞ്ഞടുപ്പു കമ്മീഷന്റെ പ്രാധാന്യം ജനങ്ങങള്‍ക്ക് മനസ്സിലാക്കികൊടുത്ത, മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി എന്‍ ശേഷനെതിരെയായിരുന്നു തലൈവിയുടെ മറ്റൊരു അധികാര പ്രയോഗം. ജയലളിതയുടെ ആവശ്യപ്രകാരമുള്ള ജനാധിപത്യ വിരുദ്ധമായ തെരഞ്ഞെടുപ്പു പ്രക്രിയകള്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച ശേഷനെതിരെയായിരുന്നു, പുരട്ചി തലവിയുടെ ഗുണ്ടാ വിളയാട്ടം. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തണമെന്ന് വാശിപിടിച്ചതിന് അദ്ദേഹത്തിന് താമസിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗസ്റ്റ് ഹൗസ് അനുവദിക്കാതെ ജയലളിത പകരം വീട്ടി. മുറി കൊടുത്തതിന്റെ പേരില്‍ താജ് കോറമാണ്ടല്‍ നക്ഷത്ര ഹോട്ടല്‍, ഓട്ടോറിക്ഷയിലെത്തിയ ഗുണ്ടകള്‍ അടിച്ചുതകര്‍ത്തു. തന്റെ അനുമതിയില്ലാതെ ചെന്നൈയിലെത്തിയ ശേഷനെ ചെന്നൈ വിമാനത്താവളം മുതല്‍ പാര്‍ട്ടി ഗുണ്ടകളെ അണിനിരത്തിയാണ് ഉപരോധിച്ചത്. ആയിരക്കണക്കിനു പേര്‍ ശേഷന്‍ കടന്നുവന്ന റോഡില്‍ കിടന്നും കല്ലെറിഞ്ഞുമാണ് പ്രതിക്ഷേധിച്ചത്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞിട്ടും ചീഫ് സെക്രട്ടറിയും ഡിജിപിയും അവരെ റോഡില്‍ നിന്നുമാറ്റാന്‍ തയ്യാറായില്ലത്രേ. തന്റെ ഡ്യൂട്ടി ചെയ്യാനാകാതെ ശേഷന്‍ മണിക്കൂറുകളോളം എയര്‍പ്പോര്‍ട്ടില്‍ കുടുങ്ങി. രാജ്യമെങ്ങും ആദരവോടെ കണ്ടിരുന്ന ശേഷന്, സ്വന്തം നാട്ടില്‍ ലഭിച്ച ഗുണ്ടാ ആക്രമണം ഏറെ വേദനിപ്പിച്ചിരുന്നു.

ജഡ്ജിമാര്‍ക്കെതിരെയും ഗുണ്ടാ ആക്രമണം

നീതിന്യായ കോടതികള്‍ക്കു നേരെയും ഗുണ്ടാക്രമണം കെട്ടഴിച്ചു വിട്ടുകൊണ്ടാണ് ജയലളിതയുടെ ആദ്യപഞ്ചവത്സര ഭരണം തകര്‍ത്താടിയത്. തനിക്കെതിരെ വിധി പ്രഖ്യാപിച്ച, ജസ്റ്റിസ് എ.ആര്‍ ലക്ഷ്മണനോട് ജയലളിത ചെയ്തതായി പറയുന്ന പ്രതികാരം കുറച്ചു കടന്ന കൈയായിപ്പോയി എന്ന് പറയാതെ വയ്യ.

ജഡ്ജിയുടെ മരുമകന്‍ കുമാര്‍ ടി നഗറിലെ പോണ്ടിബസ്സാറില്‍ കാറ് പാര്‍ക്ക് ചെയ്ത ശേഷം ഷോപ്പിംഗിനുപോയി. എന്നാല്‍ തിരിച്ചുവരുമ്പോള്‍ കാറില്‍ കഞ്ചാവ് സൂക്ഷിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റു ചെയ്തു ലോക്കപ്പിലാക്കി. ജയലളിതയുടെ ആജ്ഞാനുസരണം കാറിന്റെ ഡിക്കി അടിച്ചു തുറന്നായിരുന്നു പൊലീസ് കഞ്ചാവ് വച്ചത്. മയക്കുമരുന്നുകള്ളക്കടത്തിന്റെ വകുപ്പില്‍ ചാര്‍ജ്ജ് ഷീറ്റും തയ്യാറാക്കി.(ഒരു പക്ഷെ സിനിമകളില്‍ മാത്രം മലയാളികള്‍ കണ്ടിട്ടുള്ള രംഗങ്ങളാണ് അരങേറിയത്) തനിക്കെതിരെ വിധിയെഴുതിയ ജസ്റ്റിസ് എ ആര്‍ ലക്ഷ്മണനെതിരെ ഇതിനപ്പുറം എന്തു ചെയ്യാനാണ്.

തന്റെ ഇഷ്ടത്തിന് വിധി പറയാതിരുന്ന ജസ്റ്റിസ് എം. ശ്രീനിവാസന്റെ വീട്ടിലേക്ക് ജയ ഗുണ്ടകളെ അയച്ച്, വീട് തല്ലിത്തകര്‍ത്തു. ഓട്ടോകളിലെത്തിയ നൂറു കണക്കിനു ഗുണ്ടകള്‍ വാഹനഹങ്ങളും തല്ലിത്തകര്‍ത്തു. വൈദ്ദ്യുതി കണക്ഷനും വാട്ടര്‍ കണക്ഷനും വിച്ഛേദിച്ചു. ജസ്റ്റിസ് എം ശ്രീനിവാസന്‍ വീട്ടിലില്ലാഞ്ഞതിനാല്‍ ആസിഡാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടു.

ദത്തുപുത്രനായി കോടികള്‍, ഒടുവില്‍  ജയിലിലും

91-96 കാലഘട്ടത്തില്‍ മഖ്യമന്ത്രിയായിരുന്നപ്പോഴാണ് അധികാരഭ്രാന്ത് ജയാമ്മയെ പിടികൂടുന്നത്. തോഴി ശശികലയുടെ സഹോദരന്റെ മകനും ജയാമ്മയുടെ ദത്തുപുത്രനുമായ വി എന്‍ സുധാകരന്റെ വിവാഹച്ചടങ്ങായിരുന്നു സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ധൂര്‍ത്ത്. വെള്ളിത്തിരയില്‍ നിന്നിറങ്ങിവന്ന തന്നെ, ദേവിയായാണ് നാട്ടുകാര്‍ കാണുന്നതെന്നായിരുന്നത്രേ ശശികല, ജയലളിതയെ പറഞ്ഞ് പറ്റിച്ചത്. അതുകൊണ്ടുതന്നെ ദേവലോകത്തിനു സമാനമായിരിക്കണമത്രേ വിവാഹം.

95ല്‍ മൂന്നു കോടി രൂപയാണ് ചെലവഴിച്ചത്. തന്റെ അധികാരത്തിന്റെ സര്‍വതലങ്ങളും, ഈ വിവാഹത്തിനായി അവര്‍ വിനിയോഗിച്ചു. അമ്പത് ഏക്കറിലാണ് വിവാഹപ്പന്തലും മറ്റും കെട്ടിപ്പൊക്കിയത്.

ഒന്നരലക്ഷം പേര്‍ പങ്കെടുത്ത വിവാഹസദ്യയില്‍ ഒരേ പന്തിയില്‍ 12,000 പേരാണ് ഉണ്ണാനിരുന്നത്. സദ്യ ഒരുക്കാന്‍ 35,000 പേര്‍. കാവലിനു 20,000 പൊലീസുകാരും അണിനിരന്നു. ചടങ്ങിനെത്തിയ വിഐപികള്‍ക്ക് വെള്ളിത്താലങ്ങളും കുങ്കുമച്ചെപ്പുകളും സില്‍ക്ക് സാരികളും ദോത്തികളുമൊക്കെ നല്‍കിയാണ് യാത്രയാക്കിയത്. വിവാഹാഘോഷത്തില്‍ സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാനും മന്‍ഡോലിന്‍ ശ്രീനിവാസനും സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. വെള്ളിയും സില്‍ക്കും കൊണ്ട് മോടി പിടിപ്പിച്ചതായിരുന്നു വിവാഹ ക്ഷണപ്പത്രിക. താമസിയാതെ സുധാകരനെ കേസുകളില്‍ കുടുക്കി വഴിയാധാരമാക്കുകയും ചെയ്തു. തന്റെ വീട്ടില്‍ നിന്ന് പണം അപഹരിച്ചു സ്ഥലംവിട്ട ദത്തുപുത്രന്‍ സുധാകരന്‍ ശശികലയുടെ ഭര്‍ത്താവ് നടരാജനുമായി ബന്ധം സ്ഥാപിച്ചു എന്നതിന്റെ പേരിലാണ് കടുത്ത ശിക്ഷ നല്‍കിയത്. മയക്കുമരുന്നു കള്ളക്കടത്തിന്റെ വകുപ്പില്‍ കേസ് ഫയല്‍ ചെയ്താണ് അയാളെ ജയിലില്‍ അടച്ചത്.

പി. ചിദംബരത്തിനും മണിശങ്കര്‍ അയ്യറിനും ഗുണ്ടാ ആക്രമണം

1996ല്‍ ജയലളിതയ്‌ക്കെതിരേ പ്രസംഗിച്ചതിന് പി. ചിദംബരത്തേയും എംഎല്‍എമാരേയും റോഡില്‍ തടഞ്ഞുനിര്‍ത്തി ജയയുടെ ഗുണ്ടകള്‍ ആക്രമിച്ച സംഭവവുമുണ്ടായി. സോണിയ ഗാന്ധിക്കെതിരെഅസംബന്ധങ്ങള്‍ വാരിയെറിഞ്ഞ ജയലളിതയെ വിമര്‍ശിച്ച മയിലാടുത്തുറൈ എം പി മണിശങ്കര്‍ അയ്യരേയും പാര്‍ട്ടി അണികളെന്ന ഗുണ്ടാകളെവിട്ട് ആക്രമിച്ചു പരിക്കേല്‍പ്പിച്ചു.  

രാജശേഖരനെ ചൂല് കൊണ്ടടിച്ചോടിച്ചു

ഏതോ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ തങ്ങളുടെ ഓഡിറ്റര്‍ രാജശേഖറിനെ പൊയസ് ഗാര്‍ഡനില്‍ ജയലളിതയും ശശികലയും കൂടി പരസ്യമായി വീട്ടുമുറ്റത്തിട്ടു ചൂലുകൊണ്ടടിച്ചു. അടിയും ചവിട്ടുമേറ്റ രാജശേഖരന്‍ രക്തമൊലിപ്പിച്ചുകൊണ്ട് പോയസ് തോട്ടത്തിലെ കത്തീഡ്രല്‍ റോഡിലൂടെ ഓടിരക്ഷപ്പെട്ടപ്പോള്‍ മാധ്യമപ്പട ചുറ്റിലുമുണ്ടായിരുന്നു.

ചെന്നൈയിലെ അല്‍വാര്‍പ്പെട്ടിലെ രംഗാചാരി റോഡിലെ വയോധികനായ ഡോക്ടറേയും ഭാര്യയേയും എഐഎഡിഎംകെ ഗുണ്ടകള്‍ വീട്ടില്‍ക്കയറി ആക്രമിക്കുമ്പോള്‍ നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. തങ്ങളുടെ വീട് ശശികല ആവശ്യപ്പെട്ട തുച്ഛമായ വിലക്ക് നല്‍കാന്‍ അനുവദിക്കാത്തതിനാണ്, ആ പവങ്ങളെ പോയസ് തോട്ടത്തില്‍ നിന്നുള്ള പാര്‍ട്ടി ഗുണ്ടകള്‍ അടിച്ചു അവശരാക്കിയത്. (ജയലളിതയും കൂട്ടരും ഇതിനായി പ്രത്യേക ഗുണ്ടകളെ തീറ്റിപ്പോറ്റിയിരുന്നു).

2001ല്‍ നടന്ന സംഭവത്തില്‍ ജയലളിതയെയാണ് കുറ്റപത്രത്തില്‍ ഒന്നാം പ്രതിയായി ചേര്‍ത്തത്. ശശികലയായിരുന്നു രണ്ടാം പ്രതി. എന്നാല്‍ പതിവുപോലെ കേസ് സ്വാഹാ.

മാനനഷ്ടക്കേസുകള്‍
 
കരുണാനിധി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നൂറുകണക്കിനു കേസ്സുകളാണ് ജയലളിത വിവിധ കോടതികളില്‍ ഫയല്‍ ചെയ്തത്. നിയമസഭയിലെ പ്രതിപക്ഷനേതാവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സഖ്യകക്ഷിയായ വിജയകാന്തിനെതിരെയും നിരവധി മാനനഷ്ടകേസ്സുകള്‍ നിലവിലുണ്ട്. പത്രമാധ്യമങ്ങള്‍ക്കെതിരെയും നിരവധി കേസുകളെടുത്തു. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് പലതും റദ്ദാക്കിയത്. കോടതി ജയലളിത സര്‍ക്കാരിന് കര്‍ശന താക്കീതും നല്‍കി. മാനനഷ്ടകേസ്സുകളാണ് വിപ്ലവത്തിന്റെ തുടക്കമെന്നാണ്, ജയലളിതയുടെ വിശ്വാസം.

പ്രതികാരത്തിന്റെ ആള്‍രൂപമാണ് പുരട്ച്ഛി തലൈവി. ആരെങ്കിലും തനിക്കെതിരെ ചൂണ്ടുവിരല്‍ അനക്കുന്നതു പോലും അവര്‍ക്ക് രസിക്കില്ല.

അപൂര്‍വമായി നടക്കാറുള്ള പത്രസമ്മേളനങ്ങളില്‍ ആരെങ്കിലും തന്നോട് രസിക്കാത്ത എന്തെങ്കിലും ചോദിച്ചാല്‍ സദസ്സില്‍ തന്നെയുള്ള ഗുണ്ടകളാകും അയാളെ പൊക്കിയെടുത്തുപുറത്തേക്ക് കൊണ്ടുപോകുക. (എന്നാല്‍ ഇക്കാര്യത്തില്‍ എംജിആറിനേക്കാള്‍ എത്രയോ ഭേദമാണ് ജയയെന്നാണ് പഴമക്കാര്‍ പറയുന്നത്. ചെന്നൈയിലെ എംജിആര്‍ ഇല്ലത്തിന്റെ പറമ്പില്‍ ഇതിനുള്ള തെളിവുകളുണ്ടത്രേ).

വാര്‍ത്താ ഏജന്‍സിയിലെ മലയാളിയായ റിപ്പോര്‍ട്ടര്‍ ഒരിക്കല്‍ പറയുന്നതു കേട്ടു: 'ഞാന്‍ പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പല മുഖ്യമന്ത്രിമാരെയും കണ്ടിട്ടുണ്ട്. പക്ഷേ ഹിറ്റ്‌ലറെ പോലെ അടിച്ചമര്‍ത്തുന്ന ഒരു നേതാവിനെ ആദ്യം കാണുകയാണ്. ഇപ്പോള്‍ ചെന്നൈയിലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ പലര്‍ക്കും ഇതുപോലുള്ള നിരവധി അനുഭവങ്ങളുണ്ടയിട്ടുണ്ട്.

2011ലെ മുല്ലപ്പെരിയാര്‍ സംഘര്‍ഷത്തില്‍പ്പെട്ട് പാവപ്പെട്ട നിരവധി മലയാളികള്‍ക്കാണ് വീടും കടയുമെല്ലാമുപേക്ഷിച്ച് കേരളത്തിലേക്ക് പോരേണ്ടിവന്നത്. ചെന്നൈയിലടക്കം മലയാളികളുടെ നിരവധി സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു. പോലീസ് നോക്കുകുത്തിയാകുന്നുവെന്ന് സ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഈ ലേകനോട് പലരും കരഞ്ഞ് പറഞ്ഞിരുന്നു.

ധര്‍മ്മപുരി ബസ് കത്തിച്ച് മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു

2000 ഫെബ്രുവരിയിലാണ് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസിന് പെട്രോള്‍ ഒഴിച്ച് തീവെച്ചത്. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ ബസിനകത്ത് പൊള്ളലേറ്റ് മരിച്ചു. മറ്റുവിദ്യാര്‍ത്ഥികള്‍ ഇതിനിടെ ചാടി രക്ഷപ്പെടുകയായിരുന്നു.

കൊടൈക്കനാലിലെ പ്ലസന്റ് സ്‌റ്റേ ഹോട്ടല്‍ കേസില്‍ അന്നത്തെ മുഖ്യമന്ത്രികൂടിയായ ജയലളിതയ്ക്ക് തടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്നായിരുന്നു അക്രമം. പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. എന്നാല്‍ ആ  പെണ്‍കുട്ടികള്‍ക്കുവേണ്ടി ഒരിറ്റ് കണ്ണീര്‍ പൊഴിക്കാന്‍ തമിഴകത്തിന്റെ സ്വന്തം 'അമ്മ' തയ്യാറായില്ല.

കോടിക്കണക്കിന് രൂപയുടെ അഴിമതിക്കേസിനും രാഷ്ട്രീയ എതിരാളികളെ വിവിധ കേസുകളില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനും പുറമേയാണ് അധികാര ദുര്‍വിനിയോഗം നടത്തി ജയ ഈ കൃത്യങ്ങള്‍ ചെയ്തത്.

പുരട്ശ്ചിത്തലൈവിയുടെ വിപ്ലവ വിളയാട്ടങ്ങള്‍ തമിഴ് ജനത മറന്നെന്നിരിക്കാം. എന്നാല്‍ അത് നേരിട്ട് അനുഭവിച്ചവരുടെ കണ്ണുനീര്‍ അത്രവേഗം അസ്തമിച്ചെന്നു വരില്ല. ഒരു പക്ഷേ അപ്പോളൊയിലെ അവസാനത്തെ 72 നാളുകളില്‍ ധര്‍മ്മപപുരിയിലെ പെണ്‍കുട്ടികളുടെയും ചന്ദ്രലേഖയുടേതുമടക്കം നിരവധി മുഖങ്ങള്‍ ജയയുടെ മനസ്സിലൂടെ കടന്നു പോയിരിക്കാം.

ജയലളിത മുഖ്യമന്ത്രിയായിരിക്കെ ഗുണ്ടകളെ അമര്‍ച്ച ചെയ്യാനെന്ന പേരില്‍ നടത്തിയ എന്‍കൗണ്ടര്‍ കൊലപാതകങ്ങല്‍ മുതല്‍ പ്രതികാര കഥകളുടെ ചുരുളഴിയുമ്പോള്‍ ജനാധിപത്യത്തിലെ ഭരണാധികാരിയായിരുന്നില്ല, അധികാരമോഹിയും ശത്രുസംഹാരിണിയുമായ ഏകാധിപതിയായി ജയലളിതയെ ചരിത്രം വിലയിരുത്തും. ജയലളിത ഇല്ലാതായതോടെ ആ കഥകളെല്ലാം കൂടുതല്‍ വെളിപ്പെടും. ഇരകള്‍ക്ക് അവരനുഭവിച്ച ദുരന്തങ്ങള്‍ തുറന്നു പറയാനുള്ള അവസരം ജയലളിത ഇല്ലാതായതോടെ ഉണ്ടായിക്കഴിഞ്ഞു. എന്നാല്‍ ജയയുഗം അവസാനിച്ചിട്ടില്ലെന്നാണ് ചെന്നൈയില്‍ നിന്നുള്ള ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയയുടെ പ്രതിരൂപമായ ശശികല, അധികാരത്തിന്റെ ഉത്തുംഗശ്യംഗത്തിലേക്കുമെത്തുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ എല്ലാം ആവര്‍ത്തിക്കുമെന്നുറപ്പ്. കാത്തിരിക്കാം...