സ്വന്തമായതെല്ലാം ഉപേക്ഷിച്ച് തെരുവിലിറങ്ങാൻ വിധിക്കപ്പെട്ടവരാണ് സിറിയൻ ജനത. അവിടത്തെ നഗരങ്ങൾ ബോംബാക്രമണത്തിൽ തകർന്നു മണ്ണടിയുകയാണ്. അവിടെ നടക്കുന്ന കാര്യങ്ങൾ മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ജനങ്ങൾ പുഴുക്കളെ പോലെ ചത്തൊടുങ്ങുകയാണവിടെ. സിറിയൻ നഗരമായ ഇഡ്‌ലിബിൽ നടക്കുന്ന ബോംബാക്രമണങ്ങളിൽ നശിച്ചത് എഴുപതോളം ആശുപത്രികളാണ്. ആകെ അവശേഷിക്കുന്നത് ഒരു ആശുപത്രി മാത്രമാണ്. എപ്പോൾ വേണമെങ്കിലും അതും ഇല്ലാതാകാം. 

അവിടെ ഒരു 34 വയസുകാരിയും നവജാതശിശുവും ചികിത്സയിലാണ്. മരണത്തെ മുഖാമുഖം കാണുമ്പോഴും ആ അമ്മയും, ഒന്നുമറിയാത്ത കുഞ്ഞും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം രണ്ട് മുറിയിലാണ് കഴിയുന്നത്. സിറിയയിലെ കലാപഭൂമിയിൽ എല്ലാം നഷ്ടമായ ആയിരക്കണക്കിന് ആളുകളിൽ ഒരാളാണ് ആ അമ്മ, പേര് വാർഡ. 20 ദിവസം മുൻപാണ് അവർ കുഞ്ഞിനെ പ്രസവിച്ചത്. അമ്മയുടെ സ്നേഹവും ലാളനയും അനുഭവിക്കേണ്ട സമയത്ത് അമ്മയും കുഞ്ഞും വേറെ വേറെ മുറികളിൽ കഴിയുന്നു. 2011 -ലെ യുദ്ധം മുതൽ വാർഡയ്ക്ക് പത്ത് തവണ പലായനം ചെയ്യേണ്ടിവന്നു. ബോംബാക്രമണത്തിൽ നിന്ന് രക്ഷ നേടാനായി ആയിരക്കണക്കിന് ആളുകൾ തീവ്രമായി ശ്രമിക്കുന്നത് അവിടെ കാണാം. ബോംബാക്രമണം ഭയന്ന്, മനുഷ്യരാശിയുടെ ഒരു വലിയ നദി പലായനം ചെയ്തുക്കൊണ്ടിരിക്കുകയാണ് അവിടെ.

സിറിയയിൽ തനിക്കും, തന്റെ 10 മക്കൾക്കും സുരക്ഷിതമായ ഒരു സ്ഥലം കണ്ടെത്താൻ വാർഡ പാടുപെട്ടു. തെക്കൻ അലപ്പോ പ്രവിശ്യയിലെ വീട് വിട്ടിറങ്ങിയതിനുശേഷം ആറുതവണ അവർ പ്രസവിച്ചു. യുദ്ധം തുടങ്ങിയശേഷം എല്ലാ വർഷവും അവർ ഇങ്ങനെ മാറിത്താമസിക്കുകയാണ്. ഇപ്പോൾ അവരുടെ ഇളയ മകൾ ടെസ്ലീം തീവ്രപരിചരണത്തിലാണ്. കഷ്ടി ഒരുകിലോ മാത്രമാണ് അവൾക്ക് ഭാരം. ടെസ്ലീമിനെ പോലെ അനവധി കുട്ടികളാണ് അവിടെ ഇതുപോലെ ജനിക്കുന്നത്. നിരന്തരം നടക്കുന്ന ഷെല്ലാക്രമണത്തിന്റെ പരിഭ്രാന്തിയിൽ പല അമ്മമാരും നേരത്തെ കുട്ടികൾക്ക് ജന്മം നൽകുന്നു. "ഞങ്ങളുടെ വീട് ഷെല്ലാക്രമണത്താൽ നശിപ്പിക്കപ്പെട്ടു. ഞങ്ങൾക്ക് മാറേണ്ടിവന്നു. ഇത് വളരെ ബുദ്ധിമുട്ടായിരുന്നു. ഓരോ വർഷവും ഞങ്ങൾ താമസം മാറ്റിക്കൊണ്ടിരിക്കുന്നു. അതിനിടയിലാണ് ഞാൻ പ്രസവിച്ചത്. ഞങ്ങളെക്കൂടി താമസിപ്പിക്കുമോ എന്ന് എനിക്ക് ആളുകളോട് യാചിക്കേണ്ടി വന്നിട്ടുണ്ട്. ഞങ്ങൾ ക്യാമ്പിൽ നിന്ന് ക്യാമ്പിലേക്ക് മാറിക്കൊണ്ടിരുന്നു" വാർഡ പറഞ്ഞു.

"കൂടാരത്തിൽ എന്‍റെ കുട്ടികൾ തണുത്ത് വിറക്കുമായിരുന്നു. പ്ലാസ്റ്റിക് ചാക്കുകളും പഴയ വസ്ത്രങ്ങളും കത്തിച്ച് കുഞ്ഞുങ്ങളെ തണുപ്പിൽ നിന്ന് രക്ഷിക്കേണ്ടി വന്നിട്ടുണ്ട് എനിക്ക്. എല്ലായ്‍പ്പോഴും ഭയം മാത്രമാണ് മനസ്സിൽ. എന്റെ കുട്ടികളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. അവർക്ക് പഠിക്കാൻ സാധിക്കുന്നില്ല.  ഓരോ കുട്ടിക്കും പഠിക്കാനും കളിക്കാനും അവകാശമുണ്ടായിരിക്കണം. എന്നാൽ ഇവർക്ക് ഇപ്പോൾ നല്ലൊരു ജീവിതം നൽകാൻ എനിക്ക് കഴിയുന്നില്ല. ഭാവിയിലും നല്ലൊരു ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയും എനിക്കില്ല" അവർ പറഞ്ഞു. 

ഇഡ്‌ലിബ് നഗരത്തിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലെ ഒരു കൂടാരത്തിലാണ് അവർ താമസിക്കുന്നത്. വാർഡയും അവരുടെ ഭർത്താവ് മുഹമ്മദും മറ്റ് ഒമ്പത് മക്കളും മറ്റ് രണ്ട് കുടുംബങ്ങളുമൊത്ത് ആ ചെറിയ കൂടാരത്തിൽ കഴിഞ്ഞു. അവിടെ താമസിക്കുന്നൊരു കുടുംബത്തിലെ അംഗമാണ് അബ്ദുല്ല എന്ന മൂന്നു വയസ്സുകാരന്‍. "എന്റെ അടുത്ത് ബോംബ് പൊട്ടിയപ്പോൾ എനിക്ക് പേടിയായി. ഷെല്ലിങ്ങോ വ്യോമാക്രമണമോ ഉണ്ടാകുമ്പോള്‍ ഞാൻ പേടിച്ച് പുതപ്പിനടിയിൽ ഒളിക്കും" ആ കുഞ്ഞ് പറയുന്നു. കൂടാരത്തിലെ മുതിർന്നവർ അത് കേട്ട് കണ്ണീർ തുടച്ചു. എന്ത് ജീവിതമാണ് തന്റെ മക്കൾ ജീവിക്കുന്നതെന്നോർത്ത് അവർ വിലപിച്ചു. അവൻ ജനിച്ച മൂന്ന് വർഷത്തിനിടയിൽ ബോംബുകളും, ഷെല്ലാക്രമണവും, ഭയവും കൂടാതെ മറ്റൊന്നും അബ്ദുല്ലയ്ക്ക് അറിയില്ല. കളിപ്പാട്ടങ്ങളില്ല, കളികളില്ല, പഠിപ്പില്ല. സന്തോഷത്തിന്റെ പൊട്ടിച്ചിരികളില്ല, പകരം ബോംബിന്റെയും, ഷെല്ലിന്റെയും കാതടപ്പിക്കുന്ന ശബ്‌ദം മാത്രം ആ കുഞ്ഞ് എപ്പോഴും കേട്ടുകൊണ്ടിരുന്നു. 

യുദ്ധം കാരണം വടക്കുപടിഞ്ഞാറൻ സിറിയയിലെ വീടുകളിൽ നിന്ന് പലായനം ചെയ്യപ്പെട്ട 900,000 പേരിൽ കുറച്ചുപേർ മാത്രമാണ് വാർഡയുടെയും അബ്ദുല്ലയുടെയും കുടുംബങ്ങൾ. ഒളിച്ചോടുകയും, മുന്നേറുന്ന സൈന്യത്തിൽ നിന്ന് പലായനം ചെയ്യുകയും ചെയ്‍ത ആ ജനസംഖ്യ ബർമിംഗ്ഹാമിലെ ജനസംഖ്യയോളം വരും. കുട്ടികളുടെ എണ്ണം മാഞ്ചസ്റ്ററിലെ ജനസംഖ്യയോളവും. വളരെ വലിയ മാനുഷിക പ്രതിസന്ധിയാണ് അവിടെ. 

യുദ്ധം അവരുടെ വീടുകളിൽ വന്നപ്പോൾ, ഈ കുടുംബങ്ങളിൽ ഓരോരുത്തർക്കും അവരുടെ സാധനങ്ങളുമായി ബന്ധുക്കളുടെയോ, അതുമല്ലെങ്കിൽ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കോ പോകാൻ മൈലുകളോളം സഞ്ചരിക്കേണ്ടിവന്നു. കുറേ ആളുകൾ തുർക്കി നിയന്ത്രണത്തിലുള്ള വടക്കൻ സിറിയയിലെ അഫ്രിനിലേക്ക് പോയി. ദാരത് ഇസ്സയിൽ ഷെല്ലാക്രമണവും ബോംബാക്രമണവും നടന്നിരുന്ന സ്ഥലങ്ങളിൽ പലരും പറ്റാവുന്ന സ്ഥലങ്ങളിൽ ഒതുങ്ങിക്കൂടി- സ്പെയർ പാച്ചുകളിൽ, റോഡരികുകളിൽ, ഉപയോഗിക്കാത്ത റെയിൽ‌വേകളിൽ. എന്നാൽ, ഇപ്പോൾ സിറിയൻ ഭരണകൂടം ലക്ഷ്യമിടുന്നത് കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ നിറഞ്ഞ ക്യാമ്പുകളെയാണ്. പല കൂടാരങ്ങളിലും ഷെല്ലാക്രമണം നടക്കുന്നു. “സിറിയയിൽ ഇപ്പോൾ ഒരിടവും സുരക്ഷിതമല്ല” ഒരാൾ പറഞ്ഞു.

എല്ലാവരുടെയും വികാരങ്ങൾ അവരുടെ മുഖത്ത് കാണാം. ചിലർ കോപിച്ചു. മറ്റുള്ളവർക്ക് വിവരിക്കാനാവാത്ത സങ്കടവും. ചിലർ ഇപ്പോഴും ശുഭാപ്തിവിശ്വാസം പുലർത്തി. അവർക്ക് സുരക്ഷിതമായ ഒരു സ്ഥലം ലഭിക്കുമെന്ന പ്രതീക്ഷയിൽ അവർ നടന്നുനീങ്ങി. എന്നിരുന്നാലും എല്ലാവർക്കും വലിയ തോതിലുള്ള ഭയം ഉണ്ടായിരുന്നു. മിക്കവാറും എല്ലാവർക്കും പോകാൻ ഇടമില്ല എന്നതാണ് സത്യം. അതിർത്തി അടച്ചിരിക്കുന്നു, ഏകദേശം നാല് ദശലക്ഷം ആളുകൾ ഇതിനകം തുർക്കിയിൽ തമ്പടിച്ചിട്ടുണ്ട്. അലപ്പോ, ഹോംസ്, ദാര, മറ്റ് നിരവധി നഗരങ്ങളിൽ നിന്നുള്ള സിറിയക്കാർ ഇതിനകം തന്നെ തങ്ങളുടെ നേതാവിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നു. 'ബഷർ അൽ അസദ് എന്ന ആ നേതാവ് ഒരു ദിവസം ആറ് മൈൽ (10 കിലോമീറ്റർ) വേഗതയിൽ ബോംബാക്രമണവും ഷെല്ലാക്രമണവും നടത്തുന്നു. ഭ്രാന്തനും ദുഷ്ടനുമായ കൊലപാതകിയാണയാള്‍' എന്ന് ജനങ്ങള്‍ പറയുന്നു. 

അവർ അവരുടെ ഗ്രാമങ്ങളിലേക്ക് മാറിയാൽ അയാൾ അവരെ കൂട്ടക്കൊല ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നു. അവരോടും അവരുടെ കുടുംബങ്ങളോടും പ്രതികാരം ചെയ്യുമെന്നും അവർ ഭയപ്പെടുന്നു. പാശ്ചാത്യ നേതാക്കളായ ബോറിസ് ജോൺസൺ, ഏഞ്ചല മെർക്കൽ എന്നിവരെ പരാമർശിച്ച് ടെസ്ലീമിനെ പരിചരിക്കുന്ന ഡോക്ടർ പറഞ്ഞു: "ഈ ലോകത്ത് മനുഷ്യത്വം എന്നൊന്നില്ലേ? ആളുകൾ എങ്ങനെ രാത്രിയിൽ സമാധാനത്തോടെ ഉറങ്ങുന്നു? ഇവിടെ നടക്കുന്നത് അവർക്കറിയാഞ്ഞിട്ടല്ല. അവർ വർഷങ്ങളായി ഇത് കാണുന്നു. ബോംബിങ്ങും ഷെല്ലാക്രമണവും എല്ലാം അവർ കണ്ടിട്ടുണ്ട്. എല്ലാ ആശുപത്രികളെയും ടാർഗറ്റുചെയ്യുന്നത് അവർ കണ്ടിട്ടുണ്ട്, എല്ലാ ആളുകളും ജീവനുംകൊണ്ട് ഓടി ഒളിക്കുന്നത് അവർ കാണുന്നു. കുട്ടികൾ തണുപ്പ് മൂലം മരിക്കുകയാണ്. ബോംബെറിഞ്ഞും ഷെല്ലാക്രമണമാണെന്ന് അറിഞ്ഞുംകൊണ്ട് രാത്രിയിൽ അവർക്ക് എങ്ങനെ ഉറങ്ങാൻ കഴിയുന്നു? അവർ ഒന്നും തന്നെ ചെയ്യുന്നില്ല. അവർ ഞങ്ങൾക്ക് ഒരു പുതപ്പ് പോലും നൽകുന്നില്ല."

സിറിയയുടെ സഖ്യകക്ഷികൾ നടത്തിയ ബോംബാക്രമണത്തിന് ഒരു മണിക്കൂറിനുശേഷം അടുത്തൊരു വീട്ടിലെ ഒരു വൃദ്ധയെ സന്നദ്ധസംഘടനയായ 'വൈറ്റ് ഹെൽമെറ്റി'ലെ ഒരു അംഗം രക്ഷപ്പെടുത്തുകയുണ്ടായി. ആ വൃദ്ധയുടെ വീടിനുള്ളിൽ, കഴുകാത്ത പാത്രങ്ങളില്‍ വിഭവങ്ങളുടെ അവശിഷ്ടങ്ങൾ കിടന്നിരുന്നു. അവരുടെ ജനാലകൾ, വാതിലുകൾ, എല്ലാം തകർന്നു. അവർ മരിക്കാതെ രക്ഷപ്പെട്ടുവെന്നത് തന്നെ ഒരു അത്ഭുതമായിരുന്നു. ദാരത് ഇസ്സയിലെ ആ വീട്ടിൽ വിണ്ടുകീറിയ സ്ഫോടകവസ്തുക്കളുടെ ഗന്ധം നിറഞ്ഞുനിന്നു. തൊട്ടടുത്ത് ഉണ്ടായിരുന്ന ആശുപത്രിയും തകർന്നിരുന്നു. അൽ കിനാന ആശുപത്രിയുടെ മതിലുകൾ തകർത്തെങ്കിലും അതിനുള്ളിലെ കാര്യങ്ങൾ അപ്പോഴും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഒരു മുറിയിൽ ഫാൻ ഓണായിരുന്നു, ഒടിഞ്ഞ പൈപ്പിൽ നിന്ന് വെള്ളം ഒഴുകുന്നു. ചില ലൈറ്റുകൾ പോലും ഓണായിരുന്നു. എല്ലായിടത്തും, ഉള്ളിലുള്ളവർ പലായനം ചെയ്യാൻ നിർബന്ധിതരായി എന്നതിന്റെ സൂചനകളുണ്ടായിരുന്നു.

ഒരു മുറിയിൽ, ഒരു ജോടി ചെറിയ കുട്ടികളുടെ ഷൂസും കത്തിയ പുതപ്പും ഉണ്ടായിരുന്നു. താഴത്തെ നിലയിൽ, ബേസ്മെന്റിലെ ഓപ്പറേറ്റിംഗ് റൂമിൽ, ശസ്ത്രക്രിയാ ഉപകരണങ്ങൾ നിരത്തി, ഉപയോഗിക്കാൻ തയ്യാറാക്കി വച്ചിരുന്നു. അടുത്തിടെ പായ്ക്കുകളിൽ നിന്ന് പുറത്തെടുത്ത ശസ്ത്രക്രിയാ മാസ്കുകളും കാണാമായിരുന്നു. കട്ടിലിനടിയിൽ, രക്തം കട്ടപിടിച്ച് കിടന്നിരുന്നു. ബോംബാക്രമണ ദിവസം അവർ രോഗികളെ ചികിത്സിക്കാനായി തയ്യാറാവുകയായിരുന്നു. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളാണ് രോഗികളിൽ ഉണ്ടായിരുന്നത്. വൃദ്ധയായ സ്ത്രീയെ രക്ഷപ്പെടുത്താൻ സഹായിച്ച വൈറ്റ് ഹെൽമെറ്റ് അംഗം ഇസ്മായിൽ അൽ അബ്ദുല്ല പറഞ്ഞതിങ്ങനെയാണ്, "ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല, ഞങ്ങൾ കരയുന്നത് ആരും കേൾക്കുന്നില്ല. എന്തുകൊണ്ടാണ് ബഷർ അൽ അസദ് നമ്മെയെല്ലാം കൊല്ലാത്തത്, എന്തുകൊണ്ടാണ് അദ്ദേഹം ഞങ്ങളെ ഈ പീഡനത്തിന് ഇരയാക്കുന്നത് എന്നവർ ചോദിച്ചു കൊണ്ടിരുന്നു..." 

ആരും വ്യക്തമായി ഒന്നും ചെയ്യുന്നില്ല എന്നതാണ് വ്യക്തം. യുഎൻ, ബ്രിട്ടീഷ് സർക്കാർ, അമേരിക്കൻ സർക്കാർ, തുർക്കി സർക്കാർ എന്നിവരിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടും, ആവശ്യമുള്ളവരെ സഹായിക്കാൻ ആർക്കും കഴിയുന്നില്ല. കടന്നുപോകുന്ന ഓരോ മണിക്കൂറിലും, കടന്നുപോകുന്ന ഓരോ മിനിറ്റിലും, സിറിയയിലെ എണ്ണമറ്റ ആളുകൾ കഷ്ടതയനുഭവിക്കുകയും ഭയാനകമായ അവസ്ഥയിൽ കഴിയുകയും ചെയ്യുന്നു.