പ്രായമായവരെയാണ് കൊറോണ വൈറസ് എളുപ്പത്തിൽ കീഴ്‌പ്പെത്തുകയെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ലോകത്തെ ഭീതിയിലാഴ്ത്തിയ ആ മഹാമാരിയെ തോല്പിച്ചിരിക്കയാണ് 113 -കാരിയായ ഒരു മുത്തശ്ശി. കിഴക്കൻ സ്പെയിനിലുള്ള മരിയ ബ്രാൻ‌യാസ്, അങ്ങനെ കൊറോണ വൈറസ് അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മാറിയിരിക്കയാണ്. അവരെ കഴിഞ്ഞ ഏപ്രിലിലാണ് രോഗം കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആ നഴ്സിംഗ് ഹോമിലെ പതിനേഴ് പേർ കൊറോണ വൈറസ് ബാധിച്ച് മരിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ മരിയയെ ഒറ്റയ്ക്ക് ഒരു മുറിയിലാണ് കിടത്തിയിരുന്നത്.  

ഒരുപാട് അനുഭവങ്ങൾ പാകപ്പെടുത്തിയ ജീവിതമാണ് ഈ മുത്തശ്ശിയുടെത്. ഒന്നാം ലോകമഹായുദ്ധവും, അതിന് ശേഷം വന്ന രണ്ടാം ലോക മഹായുദ്ധവും, ഒടുവിൽ 1936 -നും 1939 -നും ഇടയിലുള്ള സ്പാനിഷ് ആഭ്യന്തര യുദ്ധവും അതിജീവിച്ച ആളാണ് അവർ. അതും പോരെങ്കിൽ 1918 ലും 1919 ലും ലോകത്തെ ബാധിച്ച സ്പാനിഷ് ഇൻഫ്ലുവൻസയെയും അവർ മറികടന്നു. ഏകദേശം 50 ദശലക്ഷം ആളുകളാണ് ആ മഹാമാരിയിൽ മരണപ്പെട്ടത്. മുത്തശ്ശി ചില്ലറകാരിയല്ലെന്ന്, ചുരുക്കം. 

1907 മാർച്ച് 4 -ന് അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലാണ് മരിയ ജനിച്ചത്. വടക്കൻ സ്പാനിഷ് പ്രദേശമായ നവരയിൽ നിന്നുള്ള പത്രപ്രവർത്തകയായിരുന്നു മരിയയുടെ പിതാവ്. അദ്ദേഹം മെക്സിക്കോയിൽ കുറച്ചു സമയം ചെലവഴിച്ച ശേഷം ജോലിക്കായി അമേരിക്കയിലേക്ക് പോവുകയായിരുന്നു. ന്യൂ ഓർലിയാൻസിൽ കഴിയുന്ന സമയത്താണ്, 1915 -ൽ അവരുടെ പിതാവിന്  ക്ഷയരോഗം പിടിപ്പെടുന്നത്. തുടർന്ന് ഒരു ബോട്ടിൽ അവർ സ്പെയിനിലേക്ക് മടങ്ങി, പക്ഷേ അദ്ദേഹം കപ്പലിൽ വച്ച് തന്നെ അദ്ദേഹം മരിച്ചു. ക്ഷയരോഗം ബാധിച്ച അദ്ദേഹത്തിന്റെ മൃതദേഹം കടലിലേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീട് അവർ സ്പെയിനിൽ തന്നെ തുടർന്നു. 

1931 -ൽ മരിയ ഡോക്ടർ ജോവാൻ മോറെറ്റിനെ വിവാഹം കഴിച്ചു. അവർക്ക് മൂന്ന് മക്കളും 11 പേരക്കുട്ടികളും, ആ പേരക്കുട്ടികൾക്ക് 13 മക്കളുമുണ്ട്. പേരക്കുട്ടികളിൽ ഒരാളുടെ വയസ്സ് കേട്ടാൽ ഒരുപക്ഷെ നിങ്ങൾ അത്ഭുതപ്പെട്ടേക്കാം, 70 വയസ്സാണ് അതിലൊരാൾക്ക്.  ഇപ്പോൾ അവർ മരിയയെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ടുപോകാൻ കാത്തിരിക്കയാണ്. താൻ ഇപ്പോൾ നല്ല ആരോഗ്യവതിയാണെന്നും, ചെറിയ വേദനകൾ ഉണ്ടായിരുന്നുവെങ്കിലും, കെയർ ഹോം ജീവനക്കാർ തന്നെ നന്നായി പരിചരിച്ചുവെന്നും മരിയ പറഞ്ഞു. നല്ല ആരോഗ്യമാണ് തന്റെ ദീഘായുസ്സിന്റെ രഹസ്യമെന്നും മരിയ പറഞ്ഞു. ഒരിക്കലും പുകവലിച്ചിട്ടില്ലെന്നും, ആരോഗ്യം നിലനിർത്താൻ സുഹൃത്തുക്കളുമായി നടക്കാൻ പോയിട്ടില്ലെന്നും മരിയ കൂട്ടിച്ചേർത്തു. ഈ മഹാമാരി വളരെ സങ്കടകരമാണെന്നും, ഇത് എവിടെ നിന്നാണ് സ്പെയിനിൽ എത്തിയതെന്ന് അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്പെയിനിൽ 271,095 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 27,104 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.