2020 ഓഗസ്റ്റ് 15 -ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് 73 ആണ്ടുകൾ തികയുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രക്തരൂക്ഷിതമായ അടിച്ചമർത്തലിനെതിരെ ഇന്ത്യ ഒരു കൊടുംകാറ്റായി മാറിയതിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ് ഇന്ന്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ സ്വാതന്ത്ര്യത്തിനായി സഹിച്ച ത്യാഗവും, വേദനകളും മറക്കരുതാത്ത ദിവസം. എന്നാൽ, ഇന്ത്യ മാത്രമാണോ ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്? അല്ല. ഇന്ത്യയെ പോലെ കോളനിവത്കരണത്തെ ചെറുത്തു തോൽപിച്ച മറ്റ് അഞ്ച് രാജ്യങ്ങൾ കൂടിയുണ്ട് ലോകഭൂപടത്തിൽ.

ഉത്തര കൊറിയ

1945 ഓഗസ്റ്റ് 15 -നാണ് ഉത്തര കൊറിയ ജപ്പാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയത്. 1945 ഓഗസ്റ്റ് 15 -ന് ജപ്പാൻ കീഴടങ്ങിയതോടെ, രണ്ടാം ലോക മഹായുദ്ധം അവസാനിച്ചു. തുടർന്ന്, കൊറിയൻ ഉപദ്വീപിൽ വർഷങ്ങളായി നിലനിന്നുവന്ന ജാപ്പനീസ് അധിനിവേശം യുഎസും സോവിയറ്റ് സേനയും അവസാനിപ്പിച്ചു. മൂന്ന് വർഷത്തിന് ശേഷം 1948 ഓഗസ്റ്റ് 15 -ന് കൊറിയ സ്വതന്ത്ര സർക്കാർ രൂപീകരിക്കുകയും രാജ്യം ഔദ്യോഗികമായി ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്ന് നാമകരണം ചെയ്യുകയും ചെയ്‍തു. സോവിയറ്റ് അനുകൂല കിം ഇൽ-സുംഗ് രാജ്യത്തെ ആദ്യത്തെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ചോഗുഖെബാംഗുയി നാഷണൽ അല്ലെങ്കിൽ ലിബറേഷൻ ഓഫ് ഫാദർലാന്‍റ് ദിനം എന്നും അറിയപ്പെടുന്നു.  

ദക്ഷിണ കൊറിയ

രണ്ടാം ലോക മഹായുദ്ധ സമയത്ത്, കൊറിയയിൽ സോവിയറ്റ് യൂണിയൻ നിയന്ത്രിത മേഖല പരാജയപ്പെടുകയും, അമേരിക്കൻ നിയന്ത്രണ മേഖല ഏകീകരിക്കുകയും ചെയ്‍തതിനെത്തുടർന്ന് 1948 ഓഗസ്റ്റ് 15 -ന് ദക്ഷിണ കൊറിയയിൽ ഒരു യുഎസ് അനുകൂല സർക്കാർ രൂപീകരിക്കപ്പെട്ടു. ദക്ഷിണ കൊറിയയെ റിപ്പബ്ലിക് ഓഫ് കൊറിയ എന്നാണ് ഔദ്യോഗികമായി നാമകരണം ചെയ്‍തിരിക്കുന്നത്. സിങ്‌മാൻ റീ ദക്ഷിണ കൊറിയയുടെ പ്രസിഡന്റായി മാറി. സ്വാതന്ത്ര്യദിനത്തെ 'പ്രകാശം പുനഃസ്ഥാപിക്കപ്പെട്ട സമയം' എന്നർത്ഥം വരുന്ന ‘ഗ്വാങ്‌ബോക്ജിയോൾ’ എന്നും വിളിക്കുന്നു.  

ബഹ്‌റൈൻ

1971 ഓഗസ്റ്റ് 15 -നാണ് ബഹ്‌റൈൻ ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികളിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നത്. ഐക്യരാഷ്ട്രസഭ നടത്തിയ ബഹ്‌റൈൻ ജനസംഖ്യ സർവേയ്ക്ക് ശേഷമായിരുന്നു ഇത്. സൗഹൃദ ഉടമ്പടിയിൽ ഒപ്പുവെക്കാൻ ഇരുവിഭാഗവും മുന്നോട്ട് വന്നു. എന്നിരുന്നാലും, മുൻ ഭരണാധികാരി ഈസ ബിൻ സൽമാൻ അൽ ഖലീഫ സിംഹാസനത്തിലേറിയ ദിവസം എന്ന നിലയ്ക്ക് ഡിസംബർ 16 -നാണ് ബഹ്‌റൈൻ ദേശീയദിനമായി ആഘോഷിക്കുന്നത്.

റിപ്പബ്ലിക് ഓഫ് കോംഗോ

1960 ഓഗസ്റ്റ് 15 -ന് കോംഗോ റിപ്പബ്ലിക്ക് ഫ്രഞ്ച് കൊളോണിയൽ ഭരണാധികാരികളിൽ നിന്ന് സ്വാതന്ത്ര്യം നേടി. 1891 -ലാണ് ഫ്രഞ്ചുകാർ കോംഗോയിൽ തങ്ങളുടെ കൊളോണിയൽ ഭരണം സ്ഥാപിച്ചത്. തുടർന്ന് രാജ്യം ആദ്യം ഫ്രഞ്ച് കോംഗോ എന്നും 1903 -ൽ മിഡിൽ കോംഗോ എന്നും അറിയപ്പെട്ടു. ഫുൾബർട്ട് യൂലൂവാണ് രാജ്യത്തെ ആദ്യത്തെ പ്രസിഡന്‍റ്. 1963 വരെ അദ്ദേഹത്തിന്റെ ഭരണമായിരുന്നു. ഇന്ന് കോംഗോയ്ക്ക് സ്വാതന്ത്ര്യ ലഭിച്ചിട്ട് അറുപത് വർഷം തികയുകയാണ്.  

ലിച്ചെൻ‌സ്റ്റൈൻ

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ലിച്ചെൻ‌സ്റ്റൈൻ. 1866 -ൽ ജർമ്മൻ ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടുകയും 1940 മുതൽ ഓഗസ്റ്റ് 15 ദേശീയ ദിനമായി ആചരിക്കുകയും ചെയ്യുന്നു. ഓഗസ്റ്റ് 16 -നാണ് ഫ്രാൻസ്-ജോസഫ് രണ്ടാമൻ രാജകുമാരന്റെ ജന്മദിനം. ദേശീയ ദിനവും, രാജകുമാരന്റെ ജന്മദിനവും ഒരുമിച്ച് ഓഗസ്റ്റ് 15 -ന് ലിച്ചെൻ‌സ്റ്റൈൻ ആഘോഷിക്കുന്നു. രാജകുടുംബവുമായി സംവദിക്കാൻ സാധാരണജനങ്ങളെ അനുവദിക്കുന്ന ദിവസമാണ് അന്ന്.