മാനസികാസ്വാസ്ഥ്യമുള്ള ആളുകളെ കുടുംബങ്ങൾ പൂട്ടിയിടുന്ന കേസുകൾ നൈജീരിയയിൽ കൂടിവരികയാണെന്ന് ബിബിസിയുടെ റിപ്പോര്‍ട്ട്. അതിൽ മാതാപിതാക്കളാണ് കൂടുതലും ഈ ക്രൂരത കാണിക്കുന്നതെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. മാനസികപ്രയാസങ്ങളുള്ള ചില മുതിർന്നവരെ കാലിൽ ഇരുമ്പുചങ്ങല കൊണ്ട് ബന്ധിച്ച് അനങ്ങാൻ സാധിക്കാത്ത അവസ്ഥയിലും കണ്ടെത്തിയിരുന്നു. അവർ ഇരുന്നിടത്തു തന്നെയാണ് ഭക്ഷണം കഴിച്ചതും, ഉറങ്ങിയതും, മലമൂത്രവിസർജ്ജനം നടത്തിയതും എല്ലാം. മറ്റൊരു കേസ്, വടക്കുപടിഞ്ഞാറൻ കാനോ സംസ്ഥാനത്തുള്ള ഒരു 32 വയസുകാരനെ മാതാപിതാക്കൾ കഴിഞ്ഞ ഏഴു വർഷമായി ഗാരേജിൽ ചങ്ങലയ്ക്കിട്ടതായിരുന്നു. രണ്ടാനമ്മമാരുടെയോ ബന്ധുക്കളുടെയോ സംരക്ഷണയിൽ ആയിരിക്കുമ്പോൾ കുട്ടികൾ ആക്രമണങ്ങൾക്ക് വിധേയമാകുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. കാനോയിലെ ഒരു വീട്ടിൽ വെച്ച് ഒരു ഏഴ് വയസുകാരനെ രണ്ടാനമ്മ വെട്ടിക്കൊലപ്പെടുത്തിയെന്നാരോപിച്ച് സെപ്റ്റംബറിൽ നടന്ന ഏറ്റവും പുതിയ കേസ് ഇതിന് ഒരു ഉദാഹരണമാണ്.  

നൈജീരിയയിലുടനീളം കുട്ടികളോട് അപമര്യാദയായി പെരുമാറിയ കേസുകളുണ്ടെങ്കിലും, അടുത്തിടെ വളരെ ശ്രദ്ധ നേടിയ ഒരു കേസാണ് കേബി സംസ്ഥാനത്ത് ഒരു 11 വയസുകാരനെ കോഴിക്കൂട്ടിൽ പൂട്ടിയിട്ട സംഭവം. അച്ഛനും രണ്ടാനമ്മയും വീട്ടിൽ സുഖമായി കഴിഞ്ഞപ്പോൾ കുഞ്ഞിനെ കോഴികളുടെ കൂടെ പൂട്ടിയിടുകയായിരുന്നു. അവരിരുവരും ഇപ്പോൾ കോടതിയിൽ വിചാരണ നേരിടുകയാണ്. "ഈ കേസിന് ശേഷം ഞങ്ങൾക്ക് ഇത്തരം നിരവധി കേസുകളെ കുറിച്ചറിയാൻ സാധിച്ചു. അതിൽ പന്ത്രണ്ടോളം പേരെ രക്ഷപ്പെടുത്താനും ഞങ്ങൾക്കായി" സർക്കാരിതര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് നെറ്റ്‌വർക്ക് (എച്ച്ആർഎൻ) മേധാവി ഹരുണ അയാഗി പറഞ്ഞു. രക്ഷപ്പെടുത്തിയവരിൽ, ഏഴ് കുട്ടികളും കാനോ സംസ്ഥാനത്ത് നിന്നുള്ളവരാണ്. തലസ്ഥാനമായ അബുജയിൽ രണ്ട് കുട്ടികളെ ടോയ്‌ലറ്റിലായിരുന്നു പൂട്ടിയിട്ടിരുന്നത് എന്നും അവർ പറഞ്ഞു.  

മിക്ക കേസിലും പ്രതി രണ്ടാനമ്മയായിരിക്കും. ഒരു ഏഴുവയസ്സുകാരിയെ രണ്ടാനമ്മ തല്ലുകയും, പൊള്ളിക്കുകയും, പട്ടിണിക്കിടുകയും ചെയ്തത് വാർത്തയായിട്ട് അധികമായില്ല. കാനോയിൽ നിന്ന് രക്ഷപ്പെടുത്തിയ പെൺകുട്ടിയും മറ്റ് കുട്ടികളും ഇപ്പോൾ സർക്കാർ പരിചരണ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. അതേസമയം പ്രതികളായ ചില മാതാപിതാക്കളെയും രക്ഷിതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ കോടതിയിൽ കുറ്റം ചുമത്തിയിട്ടില്ല. കുട്ടികളുടെ അവകാശങ്ങൾ പരിരക്ഷിക്കുന്ന 2003 -ലെ ഒരു ഫെഡറൽ നിയമം 'അവഗണിക്കപ്പെടുകയോ മോശമായ പെരുമാറ്റം നേരിടുകയോ' ചെയ്യുന്നു എന്ന് സംശയിക്കപ്പെടുന്ന ഒരു കുട്ടിയെ സർക്കാരിന് ഏറ്റെടുക്കാനുള്ള അധികാരം നൽകുന്നു. എന്നാൽ, കാനോ ഉൾപ്പെടെ 11 വടക്കൻ സംസ്ഥാനങ്ങൾ ഇതുവരെ ഈ നിയമം പാസാക്കിയിട്ടില്ല. ഈ പ്രദേശത്ത് നടക്കുന്ന ബാലവിവാഹങ്ങളെ പിന്തുണക്കുന്നതിന് വേണ്ടിയാണ് ഇതെന്നൊരു ആരോപണവുമുണ്ട്. 

“കുട്ടികൾക്കെതിരായ അതിക്രമങ്ങളൊന്നും വലിയ കാര്യമല്ല എന്ന മനോഭാവവും, ദുഷിച്ച പ്രവർത്തനവും അടിസ്ഥാന മനുഷ്യാവകാശങ്ങളെകുറിച്ചുള്ള അജ്ഞതയെയാണ് സൂചിപ്പിക്കുന്നത്” സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾക്കായി പ്രചാരണം നടത്തുന്ന വോട്ട്ക്ലെഫ് എന്ന സംഘടനയുടെ തലവൻ ഇമാബോംഗ് ലാഡിപോ സാനുസി പറഞ്ഞു. ഇതിനെതിരെ വ്യക്തമായ ബോധവൽക്കരണം ആവശ്യമാണ് എന്നും അവർ പറയുന്നു. 

ചികിത്സ ആവശ്യമുള്ള ആളുകളുടെ എണ്ണത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, 200 ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യത്ത് 300 -ൽ താഴെ സൈക്യാട്രിസ്റ്റുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത് എന്നത് ഒരു വസ്തുതയാണ്. ഇതുമൂലം കുടുംബങ്ങൾ പലപ്പോഴും പരമ്പരാഗത രോഗശാന്തി കേന്ദ്രങ്ങളിലേക്കും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതികളേയ്ക്കും വഴിമാറുന്നു. “മിക്ക ആളുകളും മാനസികരോഗത്തെ ഒരു ആത്മീയ പ്രശ്‌നമായിട്ടാണ് കാണുന്നത്. അവർ ആത്മീയ നേതാക്കളെയും, പരമ്പരാഗത രോഗശാന്തിക്കാരെയും തേടിപ്പോകുന്നു" കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. ഒലുസുൻ ഒഗുനുബി പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടികൾ എടുത്തില്ലെങ്കിൽ കുട്ടികളുടെ മാനസികാരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും അവർ പറഞ്ഞു.  

(കടപ്പാട്: ബിബിസി, ചിത്രം പ്രതീകാത്മകം)