ചാൾസ് ശോഭരാജ് എന്ന പേര് കേൾക്കാത്ത മലയാളികളുണ്ടാകില്ല. ഒരു കുപ്രസിദ്ധ മയക്കുമരുന്ന് വ്യാപാരിയും, കൊലപാതകിയുമൊക്കെയായിരുന്നു അയാൾ. ‘ദി സെർപെൻഡ്’, ‘ദി ബിക്കിനി കില്ലർ’ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെട്ട അയാൾ ഏഷ്യയിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സീരിയൽ കില്ലർ കൂടിയായിരുന്നു. കാഴ്ചയിൽ സുന്ദരനായിരുന്ന ശോഭരാജ് സംസാരത്തിലൂടെ ആരെയും കീഴ്‌പ്പെടുത്തുമായിരുന്നു. ചങ്ങാത്തം കൂടാനുള്ള കഴിവും, മറ്റുള്ളവരെ സ്വാധീനിക്കുന്ന പ്രകൃതവും അയാളെ ഒരു മാധ്യമ സെലിബ്രിറ്റിയാക്കി മാറ്റി. ഈ കൊടും കുറ്റവാളിയ്ക്ക് വേണ്ടി പൊലീസ് ലോകം മുഴുവൻ വലവിരിച്ചിട്ടും, വളരെ ലാഘവത്തോടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് അയാൾ പലവട്ടം രക്ഷപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് 20 കൊലപാതകങ്ങളെങ്കിലും അയാൾ നടത്തിയതായി കണക്കാക്കുന്നു. ഇപ്പോൾ നേപ്പാളിലെ ഒരു ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് അയാൾ.  

പകുതി ഇന്ത്യക്കാരനായ ചാൾസ് 1944 -ൽ വിയറ്റ്‌നാമിലെ സൈഗോണിലാണ് ജനിച്ചത്. അയാളുടെ അച്ഛൻ ഇന്ത്യാക്കാരനും, അമ്മ വിയറ്റ്‌നാമുകാരിയുമായിരുന്നു. ജനിച്ചപ്പോൾ ഇട്ട പേര് ഗുരുമുഖ് ശോഭരാജ് എന്നായിരുന്നു. പിന്നീടത് ഭരത് രാജ്പുരോഹിതെന്നും, ഒടുവിൽ ചാൾസ് ശോഭരാജുമെന്നുമായി മാറി. സൈഗോണിലെ തെരുവുകളിലിൽ ബാല്യകാലം ചിലവിട്ട ശോഭരാജ് പിന്നീട് അമ്മയോടൊപ്പം പാരീസിലേക്ക് താമസം മാറി. അവിടെ അയാൾ ഒരു ഫ്രഞ്ച് ബോർഡിംഗ് സ്കൂളിൽ ചേർന്നു. തീർത്തും അവഗണനയിൽ കഴിഞ്ഞ അയാൾ സ്കൂളിൽ നിന്നു പുറത്തിറങ്ങിയത്തോടെ ചെറിയ ചെറിയ കുറ്റകൃത്യങ്ങൾ ചെയ്യാൻ തുടങ്ങി. മോഷണക്കേസുകളിൽ പലവട്ടം പൊലീസ് ശോഭരാജിനെ അറസ്റ്റു ചെയ്തു. 

ജയിലിൽ കഴിയുമ്പോൾ സമ്പന്നനായ കുറ്റവാളി ഫെലിക്സ് ഡി എസ്‌കോഗ്നെയെ അയാൾ പരിചയപ്പെട്ടു. അതോടെ പാരീസിലെ തെരുവിൽ നിന്ന് ഉന്നത സമൂഹത്തിലേയ്ക്ക് അയാൾ അനായാസം കടന്ന് കയറി. അത്തരമൊരു സാമൂഹ്യ സാഹചര്യം മറയാക്കി അയാൾ തന്റെ ക്രിമിനൽ സാമ്രാജ്യം പടുത്തുയർത്തി. കാർ കള്ളക്കടത്ത് മുതൽ സായുധ കവർച്ച വരെ എല്ലാം അയാൾ ചെയ്തു. ഇതിന്റെ പേരിൽ പലവട്ടം ജയിലിൽ കിടന്നുവെങ്കിലും അവിടെ നിന്ന് പുറത്തേക്ക് പോകാനുള്ള മാർഗ്ഗങ്ങളും അയാൾ കണ്ടെത്തി. മിക്കപ്പോഴും അപ്പെൻഡിസൈറ്റിസ് ബാധിച്ചതായി കള്ളം പറഞ്ഞോ രക്തം ഛർദ്ദിച്ചതായി അഭിനയിച്ചോ അയാൾ ആശുപത്രിയിലെത്തി. ഒരിക്കൽ കാബൂളിൽ വച്ച് സിനിമാ സ്റ്റൈലിൽ തന്റെ മുറിക്ക് മുന്നിൽ കാവൽ നിന്ന ഉദ്യോഗസ്ഥനെ മയക്കുമരുന്ന് നൽകി ശോഭരാജ് ആശുപത്രിയിൽ നിന്ന് ചാടി പോവുകയുമുണ്ടായി. തന്നോട് അടുപ്പമുള്ളവരുടെ വിശ്വാസം ദുരുപയോഗം ചെയ്യാനുള്ള കഴിവ് അയാൾക്കുണ്ടായിരുന്നു.   

അജയ് ചൗധരി എന്ന യുവാവിനൊപ്പം ചേർന്നായിരുന്നു അയാളുടെ ആദ്യത്തെ കൊലപാതകം. 1975 -ൽ തായ്‌ലൻഡിൽ വച്ച് സിയാറ്റിലിൽ നിന്നുള്ള തെരേസ നോൾട്ടനെ അയാൾ കൊന്നു. നോൾട്ടൺ ബിക്കിനി ധരിച്ചിരുന്നു. ഇതോടെയാണ് അയാൾക്ക് ബിക്കിനി കില്ലർ എന്ന വിളിപ്പേര് ലഭിക്കുന്നത്.  അയാൾക്ക് വളരെ ആകർഷകമായ വ്യക്തിത്വമുണ്ടായിരുന്നു. വൈകാരികമായി ഓരോ ഇരയെയും ആകർഷിക്കാൻ അയാൾക്ക് സാധിച്ചു. അയാൾ അവരുമായി ചങ്ങാത്തം കൂടുകയും പിന്നീട് അവരെ കൊല്ലുകയും ചെയ്തു. തുടർന്ന് അയാൾ അവരുടെ സാധനങ്ങൾ മോഷ്ടിക്കുകയും അവരുടെ പണത്തിലും പാസ്‌പോർട്ടിലും യാത്ര ചെയ്യുകയും ചെയ്യുമായിരുന്നു. പല രാജ്യങ്ങളിൽ യാത്ര ചെയ്ത് പല ഭാഷകളും പഠിച്ചെടുത്തു. ഇക്കാലയളവിൽ തന്റെ കുറ്റകൃത്യങ്ങൾ ദക്ഷിണേഷ്യയിലേക്കും അയാൾ വ്യാപിപ്പിച്ചു. കൊലപാതകി എന്നതിലുപരി പല പല വേഷങ്ങളിൽ അയാൾ തട്ടിപ്പുകൾ തുടർന്നു. ചിലപ്പോൾ ഒരു രത്ന വ്യാപാരിയായി, ചിലപ്പോൾ കള്ളക്കടത്ത് രാജാവായി, മറ്റ് ചിലപ്പോൾ മയക്ക് മരുന്ന് ഡീലറായി... ഒടുവിൽ ഡൽഹിയിലെത്തിയ ഒരു കൂട്ടം ഫ്രഞ്ചു ടൂറിസ്റ്റുകൾക്ക് വിഷം നൽകിയതിനും ഇസ്രയേലി ടൂറിസ്റ്റിനെ കൊന്നതിനും ശോഭരാജിനും ഭാര്യയ്ക്കുമെതിരേ ഇന്ത്യൻ പൊലീസ് കുറ്റം ചുമത്തി. 

ശോഭരാജിനെ അറസ്റ്റ് ചെയ്തു തിഹാർ ജയിലിലാക്കി. തീഹാർ ജയിലിൽ വിഐപി പരിഗണനയായിരുന്നു അയാൾക്ക് ലഭിച്ചിരുന്നത്. അത്രത്തോളം കഴിവും സ്വാധീനവും അയാൾക്കുണ്ടായിരുന്നു. എന്നാൽ 1986 -ൽ അവിടെ നിന്ന് ശോഭാരാജ് സമർഥമായി രക്ഷപ്പെട്ടു. എന്നാൽ ഒരുമാസത്തിനു ശേഷം വീണ്ടും പിടിയിലായി. 1997 വരെ ഇന്ത്യയിലെ തിഹാർ ജയിലിൽ കഴിഞ്ഞ അയാൾ അതിനെ തുടർന്ന് പാരിസിലേയ്ക്ക് പറന്നു. അവിടെ ആഡംബര ജീവിതം നയിച്ച അയാൾ എന്നാൽ 2004 -ൽ നേപ്പാളിൽ വച്ച് വീണ്ടും അറസ്റ്റിലായി. 1975 -ൽ നടത്തിയ ഇരട്ട കൊലപാതകത്തിന് നേപ്പാളിലെ കാഠ്മണ്ഡുവിലെ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിച്ചു കൊണ്ടിരിക്കയാണ് അയാൾ.  

 

അയാളുടെ പേരിൽ നിരവധി സിനിമകളും, ഡോക്യൂമെന്ററികളും, പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. വൻ തുകയാണ് ഇതിൽ നിന്നെല്ലാം അയാൾ ഉണ്ടാക്കിയതെന്ന് പറയുന്നു. കൂടാതെ ജയിലിൽ കിടക്കുന്ന സമയത്ത് അയാളെ അഭിമുഖം ചെയ്യാൻ വന്ന വിദേശ മാധ്യമങ്ങളോട് അയാൾ പണം ആവശ്യപ്പെട്ടുവെന്നും ആ രീതിയിൽ നല്ലൊരു തുക സമ്പാദിച്ചുവെന്നും പറയുന്നു. തന്റെ ഇത്തരം കാര്യങ്ങൾ നോക്കാൻ മാത്രം ഒരു മാനേജരേയും അയാൾ നിയമിച്ചിരുന്നു. ഇന്നും ചാൾസ് ശോഭരാജ് എന്ന പേര് ആളുകളിൽ ഭയം കലർന്ന ഒരു ജിജ്ഞാസയാണ് ഉണ്ടാക്കുന്നത്.