എല്ലാ വർഷവും, ഒക്ടോബർ അവസാനം, പതിനായിരക്കണക്കിന് ആളുകൾ ചൈനയിലെ ഒരു ബുദ്ധക്ഷേത്രത്തിലേക്ക് ഒഴുകി എത്തുന്നു. ക്ഷേത്രം കാണാനും, പ്രാർത്ഥിക്കാനും വേണ്ടി മാത്രമല്ല, അവർ അവിടെ വരുന്നത്. മറിച്ച് ജിങ്കോ ബിലോബ വൃക്ഷം അതിന്റെ മഞ്ഞ ഇലകൾ പൊഴിക്കുന്ന അതിമനോഹരമായ കാഴ്ച കാണാനും കൂടിയാണ്. ഇത് കാണാനെത്തുന്ന ആളുകളുടെ തിരക്ക് നിയന്ത്രിക്കാനാകാതെ ക്ഷേത്രത്തിന് ഒടുവിൽ റിസർവേഷൻ സൗകര്യം ഏർപ്പെടുത്തേണ്ടി വന്നു. മാത്രവുമല്ല ഇത് ഒരു നോക്ക് കാണാൻ മണിക്കൂറുകളോളമാണ് ആളുകൾ ക്ഷമയോടെ കാത്തിരിക്കുന്നത്.   

ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ സോങ്‌നാൻ പർവതനിരയിലെ ഗു ഗുവാനിൻ ബുദ്ധക്ഷേത്രത്തിലാണ് 1,400 വർഷം പഴക്കമുള്ള ഈ വൃക്ഷമുള്ളത്. ചൈനയിലെ ഏറ്റവും വലിയ ഭരണാധികാരികളിൽ ഒരാളായ ടാങ് രാജവംശത്തിലെ (618–907) ചക്രവർത്തിയായ ലി ഷിമിൻ നട്ടുപിടിപ്പിച്ചതാണ് ഇതെന്ന് ചിലർ പറയുന്നു. ഇത് ക്ഷേത്രത്തിന് മുകളിലൂടെ പടർന്ന് പന്തലിച്ച് നിൽക്കുന്നു. ഓരോ ശരത്കാലത്തും കുറച്ച് ദിവസത്തേക്ക് മാത്രം മഞ്ഞനിറത്തിലുള്ള ഇലകൾ ഒരു മഴപോലെ പെയ്യുന്നു. പൊഴിഞ്ഞുവീണ ഇലകൾ ക്ഷേത്രത്തിന്റെ മണ്ണ് സ്വർണ്ണ വർണ്ണമാക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇത്, ലോകത്തിലെ ഏറ്റവും മനോഹരമായ ജിങ്കോ ബിലോബ ട്രീ എന്നാണ് അറിയപ്പെടുന്നത്.  

ക്ഷേത്രത്തിലെ പുരാതനമായ ഈ മരം സന്ദർശിക്കുന്നത് എല്ലായ്പ്പോഴും നാട്ടുകാരുടെ പരമ്പരാഗത ശരത്കാല ആഘോഷങ്ങളുടെ ഒരു പ്രധാന ഭാഗമാണ്. എന്നാൽ, മനോഹരമായ വൃക്ഷത്തിന്റെ ഫോട്ടോകൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ മുതൽ, അവ കാണാൻ രാജ്യമെമ്പാടുമുള്ള വിനോദസഞ്ചാരികളും, വിദേശികളും മത്സരിക്കുകയാണ്. ഒക്ടോബർ അവസാനം മുതൽ ഡിസംബർ ആദ്യം വരെ 20 ദിവസത്തിനുള്ളിൽ 60,000 ആളുകൾ ഗു ഗുവാനിൻ ബുദ്ധക്ഷേത്രത്തിലെ സ്വർണമരം സന്ദർശിക്കാൻ വന്നതായി 2017 -ൽ ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് പ്രതിദിനം മൂവായിരത്തോളം സന്ദർശകരെയാണ് ക്ഷേത്രം അനുവദിച്ചത്. 

ഒടുവിൽ ആവശ്യക്കാർ കൂടിയപ്പോൾ, പ്രവേശനം ഉറപ്പാക്കാനായി ആളുകളോട് ഓൺലൈനിൽ റിസർവേഷൻ നടത്താൻ അധികൃതർ നിർദ്ദേശിച്ചു.  പ്രായമായവർക്ക് റിസർവേഷൻ വേണ്ടായെങ്കിലും മറ്റെല്ലാവർക്കും ആ മരം ഒന്നടുത്ത് കാണണമെങ്കിൽ റിസർവേഷൻ നടത്തണം. അതും മൂന്ന്, നാല് മണിക്കൂർ ക്യൂ നിന്നാൽ മാത്രമേ മരത്തെ ഒന്ന് കാണാൻ തന്നെ സാധിക്കുകയുള്ളു.  ഇപ്പോൾ സന്ദർശകരുടെ എണ്ണം പിന്നെയും വർദ്ധിപ്പിച്ചു. ക്ഷേത്രം ദിവസേനയുള്ള സന്ദർശകരുടെ എണ്ണം 7,200 ആയി ഉയർത്തിയിട്ടുണ്ട്. രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് സന്ദർശന സമയം.  2016 -ൽ ഈ വൃക്ഷം ഓൺലൈനിൽ വൈറലായപ്പോൾ മുതൽ, 1,400 വർഷം പഴക്കമുള്ള ജിങ്കോ ബിലോബയും അതിന്റെ 'സ്വർണ്ണ ഇലകളും' സോഷ്യൽ മീഡിയയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കയാണ്.