Asianet News MalayalamAsianet News Malayalam

സ്വാതന്ത്ര്യസമരപോരാട്ടത്തില്‍ സജീവമായിരുന്ന ഈ നര്‍ത്തകിമാര്‍ ചരിത്രപുസ്‍തകത്തിലില്ലാത്തതെന്തുകൊണ്ട്?

ഈ നിബന്ധന പാലിക്കുന്നതിൽ ഗാന്ധിജി പരാജയപ്പെട്ടുവെങ്കിലും, വരുമാനത്തിൻ്റെ പകുതിയും ഗൗഹർ ജാൻ പ്രസ്ഥാനത്തിലേക്ക് നൽകി, വിക്രം സമ്പത്തിൻ്റെ ' മൈ നെയിം ഈസ് ഗൗഹർ ജാൻ' എന്ന പുസ്തകത്തിൽ പറയുന്നു.

The role of Tawaifs in the freedom struggle
Author
India, First Published Feb 1, 2020, 3:49 PM IST

കോളനിവൽക്കരണത്തിനെതിരെ പോരാടാൻ ഇന്ത്യ ഒറ്റക്കെട്ടായി നിന്ന കാലം... 1857 -ൽ  സ്വാതന്ത്ര്യത്തിനായുള്ള യുദ്ധം ആരംഭിച്ച സമയം. ആ ചരിത്ര പോരാട്ടങ്ങളെ നയിച്ച മുൻനിര നേതാക്കളെ നമുക്കറിയാം. എന്നാൽ, ഈ സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ പ്രത്യക്ഷമല്ലെങ്കിലും, പരോക്ഷമായി പങ്കെടുത്ത സമൂഹത്തിലെ മുഖ്യധാരയിൽനിന്ന് മാറിനിൽക്കുന്ന ഒരു സമൂഹമുണ്ടായിരുന്നു. കാലം കടന്നപ്പോൾ അവരുടെ സംഭാവനകളും ചരിത്രത്തിൽനിന്ന് മാഞ്ഞുപോയി.  

ഇന്ത്യയിലെ ധീരകളായ ചില കൊട്ടാരം നര്‍ത്തകികളാണ് ആ പോരാളികൾ. അവരുടെ ആത്മത്യാഗകഥകൾ  അധികമാരും  കേട്ടുകാണില്ല. എന്നിട്ടും, അസീസുൻ‌ബായിയുടെ ധീരതയുടെ കഥ അവഗണിക്കാനാകാത്തവിധം ചരിത്രവഴികളിൽ നിറഞ്ഞുനിൽക്കുന്നു. രാജ്യമെമ്പാടുമുള്ള ഇന്ത്യൻ സൈനികർ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കാൻ ആരംഭിച്ചത് രാജ്യത്ത് വലിയ പിരിമുറുക്കമാണ് സൃഷ്ടിച്ചത്. 1857 ജൂണിൽ, ഇന്ത്യൻ സൈനികർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബ്രിട്ടീഷ് പട്ടാളക്കാരെ കാൺ‌പൂരിൽ  ഉപരോധിക്കുകയുണ്ടായി. അക്കാലത്ത്, ഇന്ത്യൻ സൈനികരോടൊപ്പം യുദ്ധം ചെയ്യാൻ ഒരു കൊട്ടാര നര്‍ത്തകിയുമുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. 

അത് മറ്റാരുമായിരുന്നില്ല. അസീസുൻ‌ബായിയായിരുന്നു. പുരുഷൻ‌മാരുടെ വേഷം ധരിച്ച്, മെഡലുകളും, പിസ്റ്റളുകളും ധരിച്ച് കുതിരപ്പുറത്ത് അവരുമുണ്ടായിരുന്നു. കൗതുകകരമായ ഈ കഥ പാഠപുസ്തകങ്ങളിൽ പക്ഷേ പരാമർശിക്കപ്പെട്ടില്ല. എന്നിരുന്നാലും അതിൻ്റെ ഭാഗങ്ങൾ പ്രാദേശിക ഇതിഹാസങ്ങളിലും, ചരിത്ര റിപ്പോർട്ടുകളിലും, ഗവേഷണ പ്രബന്ധങ്ങളിലും കാണാം. ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസിലെ അസോസിയേറ്റ് പ്രൊഫസർ ലത സിംഗ് എഴുതിയ പ്രബന്ധം അതിനൊരു ഉദാഹരണമാണ്.

"അനവധി ചരിത്രകാരന്മാർ ആ സ്ത്രീകളുടെ അടിപതറാത്ത ധീരതയെ എഴുത്തുകളിൽ പ്രശംസിച്ചിട്ടുണ്ട്. കലാപത്തിൽ അസിസുൻ‌ബായിയുടെ പങ്കിനെക്കുറിച്ചും, പ്രത്യേകിച്ച് രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി അവർ നടത്തിയ പോരാട്ടത്തെ കുറിച്ചും, ചരിത്രകാരന്മാർ പ്രശംസിക്കുന്നു. നാനാ സാഹിബിൻ്റെ പ്രാരംഭ വിജയം ആഘോഷിക്കുന്നതിനായി കാൺപൂരിൽ പതാക ഉയർത്തിയ ദിവസം അവർ ഘോഷയാത്രയിൽ പങ്കുചേർന്നതായി കണക്കാക്കുന്നുണ്ട്. കാൺപൂരിൽ അസിസുൻ്റെ പേര് ആളുകളുടെ ഓർമ്മയിൽ മായാതെ കിടപ്പുണ്ട്” സിംഗ് എഴുതി. ലഖ്‌നൗവിൽ മറ്റൊരു കൊട്ടാരനര്‍ത്തകിയുടെ മകളായിത്തന്നെയാണ് അവര്‍ ജനിച്ചതും. ചാരവനിതയും, സന്ദേശവാഹകയും, പോരാളിയുമായി അസീസുബായ്. പിന്നീട്, കാൺപൂരിലെ ഒമ്രാവു ബീഗത്തിൻ്റെ വീടായ ലുർക്കി മഹലിലേക്ക് അവർ താമസം മാറി.

ലഖ്‌നൗവിലെ സാംസ്കാരിക കേന്ദ്രത്തിൽ നിന്ന് കാൺപൂരിലെ സൈനിക കന്റോൺമെന്റിലേക്ക് അവർ മാറിയത് സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടാകാമെന്ന് സിംഗ് അഭിപ്രായപ്പെടുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൻ്റെ ശിപായിമാരുമായി അസീസുൻബായ് വളരെ അടുപ്പത്തിലായിരുന്നുവെന്നും സിംഗിൻ്റെ പ്രബന്ധത്തിൽ പറയുന്നുണ്ട്. പ്രത്യേകിച്ച്, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള യുദ്ധത്തിൽ പ്രധാന പങ്കുവഹിച്ച രണ്ടാം കുതിരപ്പടയിലെ ഷംസുദ്ദീൻ ഖാനുമായുള്ള അടുപ്പം.

“ശിപായിമാർ ഒത്തുചേരുന്നത് അസിസുൻ്റെ വീട്ടിലായിരുന്നു. ആയുധം ധരിച്ച പുരുഷന്മാരെ പ്രോത്സാഹിപ്പിക്കാനും, അവരുടെ മുറിവുകളിൽ മരുന്ന് വയ്ക്കാനും, ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നതിനുമായി നിർഭയരായ ഒരു സ്ത്രീകളുടെ കൂട്ടായ്മ അവർ രൂപീകരിച്ചിരുന്നു. അസിസുൻ പീരങ്കി താവളങ്ങളിലൊന്ന് അവരുടെ ആസ്ഥാനമാക്കി മാറ്റി. ഉപരോധത്തിൻ്റെ ആദ്യദിവസം മുതൽ തന്നെ ആ താവളത്തില്‍നിന്ന് വെടിയുണ്ടകളും ഷെല്ലുകളും ചീറിപ്പാഞ്ഞു. ഉപരോധസമയത്ത്, അസീസുൻ‌ പട്ടാളക്കാർക്കിടയിലുണ്ടായിരുന്നു. രണ്ടാം റെജിമെന്റിൻ്റെ കുതിരപ്പടയാളികൾ അവളുടെ കൂട്ടുകാരായിരുന്നു. കനത്ത വെടിവയ്പ്പിനിടയിലും, തോക്കുകൾ ധരിച്ച് അവർക്കിടയിൽ അവൾ നിലയുറപ്പിച്ചിരുന്നു എന്ന് ദൃക്‌സാക്ഷികളിൽ ഒരാൾ പരാമർശിക്കുന്നു” സിംഗ് കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ധൈര്യത്തോടെ പോരാടിയ നിരവധി കൊട്ടാരനര്‍ത്തകിമാരില്‍ ഒരാളായിരുന്നു അവർ. ചിലർ മൂടുപടത്തിന് പിന്നിൽ, ചിലർ ഇല്ലാതെ! ആ കൂട്ടത്തിൽ മറ്റൊരു ശ്രദ്ധേയമായ പേര് ഹുസൈനിയുടെയാണ്. തടവിലാക്കപ്പെട്ട നൂറിലധികം ബ്രിട്ടീഷ് സ്ത്രീകളുടെയും, കുട്ടികളുടെയും മരണത്തിന് കാരണമായ കുപ്രസിദ്ധ ബീബിഘർ കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായിരുന്നു ഹുസൈനിയെന്ന് സിംഗ് ചൂണ്ടിക്കാണിക്കുന്നു.

അതുപോലെതന്നെ ഈ കൂട്ടത്തിൽ മറ്റൊരാളാണ് സ്വാതന്ത്ര്യസമരത്തെ പിന്തുണയ്ക്കുന്നതിനായി സ്വരാജ് ഫണ്ടിലേക്ക് സജീവമായി സംഭാവന നൽകിയ ഗൗഹർ ജാൻ. പ്രശസ്‍തയായ ഗായികയായിരുന്നു അവര്‍. ഗാന്ധിജിയുടെ അഭ്യർത്ഥനപ്രകാരം, അദ്ദേഹം പരിപാടിയിൽ പങ്കെടുക്കുമെന്ന വ്യവസ്ഥയിൽ ഒരു ധനസമാഹരണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഈ നിബന്ധന പാലിക്കുന്നതിൽ ഗാന്ധിജി പരാജയപ്പെട്ടുവെങ്കിലും, വരുമാനത്തിൻ്റെ പകുതിയും ഗൗഹർ ജാൻ പ്രസ്ഥാനത്തിലേക്ക് നൽകി, വിക്രം സമ്പത്തിൻ്റെ 'മൈ നെയിം ഈസ് ഗൗഹർ ജാൻ' എന്ന പുസ്തകത്തിൽ പറയുന്നു.

“കലാപത്തിൽ അസീസുനെപ്പോലുള്ള സ്ത്രീകളുടെ പങ്കിനെക്കുറിച്ച് നൂറുകണക്കിന് കഥകളുണ്ട്, പക്ഷേ ഇവയിൽ മിക്കതും രേഖപ്പെടുത്തിയിട്ടില്ലെന്ന് തോന്നുന്നു. ലഖ്‌നൗവിൽ അവരെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്, കലാപത്തിന് അതീവ രഹസ്യമായി ധനം ഉദാരമായി സംഭാവന ചെയ്തവർ എന്നാണ്” സിംഗ് പ്രബന്ധത്തിൽ എഴുതി.  

ബ്രിട്ടീഷ് പട്ടാളക്കാർക്കെതിരെ യുദ്ധം ചെയ്യുന്നതിൻ്റെ ഭാഗമായി ഒരുപാട് കൊട്ടാരം/കോഠാ നര്‍ത്തകിമാരാണ് ഇങ്ങനെ രഹസ്യമായി വിവരങ്ങൾ നല്കുന്നവരോ, പണം നല്കുന്നവരോ ആയി പ്രവർത്തിച്ചിട്ടുള്ളത്. അവധിലെ അവസാന നവാബായ വാജിദ് അലി ഷായുടെ ഭാര്യ ബീഗം ഹസ്രത്ത് മഹൽ അത്തരമൊരു വ്യക്തിയായിരുന്നു. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, വിവാഹത്തിന് മുമ്പ് അവൾ ഒരു കൊട്ടാരം നര്‍ത്തകിയായിരുന്നു. കലാപസമയത്ത്, നാടുകടത്തപ്പെട്ട ഭർത്താവിൻ്റെ കുറവ് നികത്താൻ അവർ ആ സ്ഥാനം ഏറ്റെടുക്കുകയും, തൻ്റെ ആളുകളെ നയിക്കുകയും ചെയ്തു. അങ്ങനെ ലക്നൗവിൻ്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇന്ത്യൻ സൈനികരെ അവർ നയിച്ചു.  

അവരുടെ സജീവമായ ഇടപെടൽ കാരണം, താവൈഫുകൾക്ക് അതിൻ്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവന്നു. 1900 -കളോടെ അവരുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥയ്ക്ക് മങ്ങൽ സംഭവിക്കാൻ തുടങ്ങി. അവരുടെ പ്രൗഢിയും പതുക്കെ നശിക്കാൻ തുടങ്ങി. 

1920 മുതൽ 1922 വരെ, വാരണാസിയിൽ നിന്നുള്ള ഒരു കൂട്ടം നര്‍ത്തകിമാര്‍ ഒരു താവൈഫ് സഭ രൂപീകരിച്ച് സ്വാതന്ത്ര്യസമരത്തിന് പിന്തുണ നൽകുകയുണ്ടായി. ഹുസ്‌ന ബായാണ് സഭയുടെ അധ്യക്ഷത വഹിച്ചതെന്ന് സിംഗ് എഴുതുന്നു. സ്വാതന്ത്ര പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വിദേശവസ്തുക്കൾ ബഹിഷ്‌കരിക്കാനും, ആഭരണങ്ങൾക്ക് പകരം ഇരുമ്പ് ചങ്ങലകൾ ധരിക്കാനും അംഗങ്ങളെ അവർ പ്രോത്സാഹിപ്പിച്ചു. 

ഇത്രയൊക്കെ ചെയ്ത അവരെ പക്ഷേ ലോകം മറക്കാൻ തീരുമാനിച്ചു. ഇന്ത്യയെ മോചിപ്പിക്കുന്നതിനുള്ള അവരുടെ പങ്ക് എല്ലാവരും അവഗണിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ അവരുടെ  സംഭാവനകൾ വെറും കൊട്ടാരം നര്‍ത്തകിമാരോടും ഗണികമാരോടും ഉപമിച്ച് ഒരു വികലമായ പ്രതിച്ഛായയിലേക്ക് അവരെ തരംതാഴ്ത്തി. അവരെ  മഹത്തായ ചരിത്രത്തിൻ്റെ താളുകളിൽനിന്ന് മനഃപൂർവം ഒഴിവാക്കി. വിസ്‌മൃതിയിലാണ്ട് പോയ അത്തരം പ്രചോദനാത്മകമായ കഥകൾ നമ്മുടെ എക്കാലത്തെയും വലിയ നഷ്ടമാണ് എന്നതില്‍ സംശയമില്ല. 

(കടപ്പാട്: ബെറ്റര്‍ ഇന്ത്യ)

Follow Us:
Download App:
  • android
  • ios