ബി‌ബി‌സി പത്രപ്രവർത്തകൻ സൽമാൻ രവി അടുത്തിടെ കാൽനടയായി ഛത്തർപൂരിലേക്ക് പോകുകയായിരുന്ന ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികളുമായി സംസാരിക്കുകയുണ്ടായി. ഹരിയാനയിലെ അംബാലയിൽ നിന്ന് ആറ് ദിവസമായി അവർ നടക്കുകയായിരുന്നു. അവരിൽ ചിലരെ പൊലീസ് വടികൊണ്ട് അടിച്ചെന്നും, അവർക്ക് അതിർത്തി കടക്കാൻ കഴിയില്ലെന്നും അവർ സങ്കടപ്പെട്ടു.

ഇതിനിടയിൽ തൊഴിലാളികളിൽ ഒരാൾ ചെരിപ്പില്ലാതെ നില്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ചെരിപ്പുകൾ എവിടെപ്പോയെന്ന് അദ്ദേഹം ആ തൊഴിലാളിയോട് തിരക്കി. തന്റെ ചെരിപ്പുകൾ കീറിപ്പോയി എന്നും കടുത്ത ചൂടിൽ ചെരിപ്പില്ലാതെയാണ് താൻ നടക്കുന്നതെന്നും തൊഴിലാളി മറുപടി പറഞ്ഞു. ആ പാവത്തിന്റെ ദുരവസ്ഥ കണ്ട് മനം നൊന്ത സൽമാൻ തന്റെ ചെരിപ്പ് ഊരി ആ തൊഴിലാളിയ്ക്ക് നൽകുകയായിരുന്നു. അത് കൂടാതെ ഫരീദാബാദ് പൊലീസിന്റെ സഹായത്തോടെ കുടിയേറ്റ കുടുംബത്തിന് ഒരു അഭയകേന്ദ്രം കണ്ടെത്താനും സൽമാൻ രവിക്ക് കഴിഞ്ഞു.

 

അടുത്തിടെ, ബറേലി സ്വദേശിയായ 12 വയസുകാരനെ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നതിനിടെ പൊലീസുകാർ മർദ്ദിച്ചത് വലിയ വാർത്തയായിരുന്നു. അച്ഛൻ കുളിക്കാൻ പോയ സമയം അച്ഛന്റെ അഭാവത്തിൽ അവൻ പച്ചക്കറി വണ്ടി നോക്കുകയായിരുന്നു. അപ്പോഴാണ് രണ്ടു പൊലീസുകാർ ചേർന്ന് അവനെ കച്ചവടം ചെയ്യുന്നോ എന്ന് ചോദിച്ച് മർദിച്ചത്. നീരുവച്ച് വീർത്ത കൈയുമായി അവൻ കരഞ്ഞു കൊണ്ടിരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ, ഇത് കണ്ട ബി‌എസ്‌ടിവിയിൽ നിന്നുള്ള റിപ്പോർട്ടർ അജയ് കശ്യപ് അവന്റെ സങ്കടം മാറ്റാൻ കേക്കുകളും ചോക്ലേറ്റുകളുമായി അവനെ വീട്ടിൽ ചെന്ന് കാണുകയുണ്ടായി. ഒരുപാട് വലിയ കാര്യങ്ങൾ ഒന്നും ചെയ്യാൻ സാധിച്ചില്ലെങ്കിലും, നമ്മെ കൊണ്ട് കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സഹായിക്കാൻ നമ്മൾ ശ്രമിക്കണമെന്ന് അദ്ദേഹം നമുക്ക് പറഞ്ഞു തരുന്നു.  

ഭോപ്പാലിലെ ഒരു മാധ്യമ പ്രവർത്തകനും, ഗവേഷകനുമാണ് രവി മിശ്ര. ആരിഫ് എന്ന അയാളുടെ ഒരു പരിചയക്കാരനിൽ നിന്ന് ഒരു ദിവസം മിശ്രയ്ക്ക് ഒരു കോൾ വന്നു. അടുത്തുള്ള പലചരക്ക് കടയിൽ താൻ പോയെന്നും, അവിടെ സാധങ്ങൾ വാങ്ങാൻ പണമില്ലാതെ ആളുകൾ കഷ്ടപ്പെടുന്നുവെന്നുമാണ് ആരിഫ് മിശ്രയോട് പറഞ്ഞത്. ഇത് കേട്ട മിശ്ര അവരെ തന്നെക്കൊണ്ടാകുന്ന രീതിയിൽ സഹായിക്കാൻ തീരുമാനിച്ചു. ഇതിനായി താൻ സ്വരുക്കൂട്ടി വച്ചിരുന്ന തുകയിൽ നിന്ന് കുറച്ചെടുത്ത് 11 കുടുംബങ്ങൾക്ക് അവശ്യ സാധങ്ങൾ അദ്ദേഹം വാങ്ങി നൽകി. എന്നാൽ ഇതുകൊണ്ടൊന്നുമാകില്ല എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം പതുക്കെ സാമൂഹ്യ മാധ്യമങ്ങൾ വഴിയും, സുഹൃത്തുക്കൾ വഴിയും സംഭാവനകൾ സ്വീകരിക്കാൻ തുടങ്ങി. ഇന്ന് അദ്ദേഹം ഈ ലോക്ക് ഡൗൺ സമയത്ത് അനേകം നിർധനരായ കുടുംബങ്ങൾക്ക് അവശ്യ സാധങ്ങൾ സൗജന്യമായി എത്തിച്ച് കൊടുക്കുന്നു.