Asianet News MalayalamAsianet News Malayalam

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം തടങ്കൽ പാളയങ്ങളിൽ നിന്ന് മോചിപ്പിച്ച ആളുകൾക്ക് പിന്നീട് സംഭവിച്ചത്?

അതുപോലെ തന്നെ, തടങ്കൽപ്പാളയത്തിൽ നിന്ന് മോചിതനായ ഒരാൾ ആദ്യം ആഗ്രഹിക്കുന്നത് സ്വന്തം വീടും, വീട്ടുകാരെയും കാണാനായിരിക്കും. എന്നാൽ, രക്ഷപ്പെട്ട പലർക്കും അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല.

The state of prisoners' after being liberated from concentration camps
Author
Germany, First Published Jan 9, 2021, 11:04 AM IST

1944 ജൂലൈ 23 -ന് സോവിയറ്റ് പട്ടാളക്കാർ പോളണ്ടിലെ മജ്ദാനെക് ക്യാമ്പിൽ പ്രവേശിച്ചപ്പോഴാണ് രണ്ടാം ലോകമഹായുദ്ധകാലത്തെ തടങ്കൽപ്പാളയ വിമോചനം ആരംഭിച്ചത്. തടവുകാരെ കണ്ടെത്താനും സ്വതന്ത്രരാക്കാനുമുള്ള ഒന്നിലധികം രാജ്യങ്ങളുടെ ശ്രമങ്ങൾ 1945 വരെ തുടർന്നു. തടവുകാരുടെ ദുരിതം നിറഞ്ഞ ചിത്രങ്ങൾ പലരെയും വേട്ടയാടി. യുദ്ധാനന്തരം ഈ ആളുകളുടെ അവസ്ഥ എന്തായിരുന്നു? എരിതീയിൽ നിന്ന് വറചട്ടിയിലേയ്ക്ക് എന്ന് പറയുമ്പോലെ തടങ്കൽ പാളയത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ പലരും രോഗികളായി. ചിലർ പട്ടിണി മൂലം മരണപ്പെട്ടു. ബാക്കി ചിലർ ആത്മഹത്യ ചെയ്‌തു.  

പട്ടിണിമരണങ്ങൾ വളരെ കൂടുതലായിരുന്നു. വളരെ കാലം തടങ്കൽ പാളയങ്ങളിൽ പട്ടിണി കിടന്ന തടവുകാർ പുറത്തിറങ്ങിയപ്പോൾ ഭക്ഷണം കഴിക്കാൻ പാടുപെട്ടു. നീണ്ടുനിന്ന പട്ടിണിയുടെ ഫലമായി, അവർക്ക് ഭക്ഷണം നേരാംവിധം കഴിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു. ഭക്ഷണം കഴിക്കാൻ സാധിക്കാതെ പലരും മരിച്ചു. ഓഷ്വിറ്റ്സിൽ ജീവനോടെ കണ്ടെത്തിയ തടവുകാരിൽ പകുതിയും അവിടെ നിന്ന് രക്ഷപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മരിച്ചു. പുനരധിവാസ ക്യാമ്പുകളിലെ മെഡിക്കൽ സ്റ്റാഫ് നൽകിയ എളുപ്പം ദഹിക്കുന്നതും, പോഷകസമൃദ്ധവുമായ ആഹാരം കുറച്ചുപേരുടെ ജീവൻ നിലനിർത്തി. അത് അവരെ സാവധാനം ശക്തി പ്രാപിക്കാനും ജീവനോടെ തുടരാനും സഹായിച്ചു.  

 

The state of prisoners' after being liberated from concentration camps

തടങ്കൽപ്പാളയങ്ങളിൽ നിന്ന് തടവുകാരെ മോചിപ്പിക്കുമ്പോൾ അവർ പട്ടിണികിടക്കുന്നവരും രോഗബാധിതരുമായിരുന്നു. തൽഫലമായി, പുനരധിവാസ ക്യാമ്പുകളിൽ ടൈഫസ് പോലുള്ള അണുബാധകൾ കാട്ടുതീ പോലെ പടർന്നു. ഈ രോഗങ്ങൾ പലപ്പോഴും മാരകമായി. ബർഗൻ-ബെൽസണിൽ നിന്ന് രക്ഷപ്പെട്ട 50,000 പേരിൽ 13,000 പേരും രോഗം വന്ന് മരണപ്പെട്ടു. അതിജീവിച്ചവരുടെ മൃതദേഹങ്ങളും വസ്തുവകകളും അണുവിമുക്തമാക്കി. രോഗം ബാധിച്ചെന്ന് സംശയിക്കുന്ന ആയിരക്കണക്കിന് പേരുടെ മൃതദേഹങ്ങൾ പുറന്തള്ളപ്പെട്ടു. ചില സന്ദർഭങ്ങളിൽ, രോഗം പടരാതിരിക്കാൻ തടങ്കൽപ്പാളയങ്ങൾ കത്തിക്കുക വരെ ചെയ്‌തു.  

ചിലർ ജീവിതത്തെ പ്രത്യാശയോടെ കാണാൻ ശ്രമിച്ചു. തടങ്കൽ പാളയങ്ങളിൽ സഹിച്ച ഭയാനകമായ അനുഭവങ്ങളെ അതിജീവിച്ച അവരിൽ പലരും ക്യാമ്പുകളിൽ താമസിക്കുമ്പോൾ, നാടകസംഘങ്ങൾ ഉണ്ടാക്കുകയോ, സ്വന്തമായി പത്രങ്ങൾ ആരംഭിക്കുകയോ, ഒന്നിലധികം കായിക ടീമുകൾ തുടങ്ങുകയോ ചെയ്തു. മറ്റ് ചിലർ സ്കൂളുകൾ ആരംഭിക്കുകയോ, പുതിയ ആരാധനാലയങ്ങൾ പണിയുകയോ ചെയ്തു. ഈ പ്രവർത്തനങ്ങളിലൂടെ, വിവിധ കൂട്ടായ്മകൾ രൂപീകരിക്കുകയും, സൃഷ്ടിപരമായ കഴിവുകൾ പ്രകടിപ്പിക്കുകയും, സാംസ്കാരിക സ്വത്വയെ ഉണർത്താൻ ശ്രമിക്കുകയും ചെയ്തു അവർ.

The state of prisoners' after being liberated from concentration camps

അതുപോലെ തന്നെ, തടങ്കൽപ്പാളയത്തിൽ നിന്ന് മോചിതനായ ഒരാൾ ആദ്യം ആഗ്രഹിക്കുന്നത് സ്വന്തം വീടും, വീട്ടുകാരെയും കാണാനായിരിക്കും. എന്നാൽ, രക്ഷപ്പെട്ട പലർക്കും അവരുടെ വീടുകളിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. അവരുടെ വീടുകൾ നശിപ്പിക്കപ്പെടുകയോ, അവശേഷിക്കുന്ന കുടുംബാംഗങ്ങൾ ഇല്ലാതാവുകയോ ചെയ്തു. അതേസമയം ജർമ്മനിയിൽ നിന്ന് രക്ഷപ്പെട്ട സ്വദേശികളായ കുറച്ച് പേരെ സംബന്ധിച്ചിടത്തോളം, അവരുടെ ജന്മനാട് ഒരു ശപിക്കപ്പെട്ട മണ്ണായിരുന്നു. സ്വന്തം നാട്ടിൽ നിന്ന് കഴിയുന്നിടത്തോളം അകന്നു നിൽക്കാനാണ് അവർ ആഗ്രഹിച്ചത്. 

The state of prisoners' after being liberated from concentration camps

ഇതൊന്നും കൂടാതെ, ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ട നിരവധി പേർ ആത്മഹത്യ ചെയ്തു. ഹോളോകോസ്റ്റ് അനുഭവത്തിന്റെ ആഘാതം അവരിൽ വിഷാദം, ഉത്കണ്ഠ പോലുള്ള ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. കൂടാതെ, രോഗങ്ങൾ ബാധിച്ചതും, പ്രിയപ്പെട്ടവരുടെ വിയോഗവും എല്ലാം അവരെ കൂടുതൽ തളർത്തി. ഇന്ന്, പഠനങ്ങൾ സൂചിപ്പിക്കുന്നത് ഹോളോകോസ്റ്റ് അതിജീവിച്ചവർ ആത്മഹത്യ ചെയ്യാനുള്ള സാദ്ധ്യത സാധാരണ ജനങ്ങളേക്കാൾ മൂന്നിരട്ടിയാണ് എന്നാണ്.  

1945 ഏപ്രിൽ 29 -ന് അമേരിക്കൻ സൈനികർ ആളുകളെ മോചിപ്പിക്കാൻ ഒരു തടങ്കൽപ്പാളയത്തിൽ എത്തി. അവിടെ, ആയിരക്കണക്കിന് മൃതദേഹങ്ങൾ ബോക്സുകളിലായി ചിതറിക്കിടക്കുന്നത് അവർ കണ്ടു. കെട്ടികിടക്കുന്ന മനുഷ്യന്റെ മലമൂത്ര വിസർജ്ജനവും, തറയിൽ ചിതറി കിടക്കുന്ന മനുഷ്യതലച്ചോറുകളും, അപ്പോഴും മരിച്ചിട്ടില്ലാത്ത ഗുരുതരാവസ്ഥയിലായിരുന്നു ആളുകളെയും അവർ അവിടെ കണ്ടു. അന്ന് ജർമ്മനി 7,000 -ത്തിലധികം തടവുകാരെ, കൂടുതലും ജൂതന്മാരെ, കൊലപ്പെടുത്തി. ചിലരെ വെടിവച്ചിട്ടു, ബാക്കി പലരും വിശപ്പ്, തണുപ്പ്, ക്ഷീണം എന്നിവ മൂലം മരിച്ചു. മൃതദേഹങ്ങൾ നിറച്ച 30 -ലധികം റെയിൽ‌വേ കാറുകളാണ് അന്ന് അമേരിക്കൻ സൈന്യം അവിടെ കണ്ടെത്തിയത്, എല്ലാം അഴുകിയ അവസ്ഥയിൽ‌. എന്നാൽ, അമേരിക്കൻ സൈനികർ രക്ഷപ്പെടുത്താൻ വന്ന നേരം തടവുകാർ പ്രതികാരം ചെയ്തു. തങ്ങളെ തടവിലാക്കിയവരെ അവർ അടിച്ചുകൊന്നതായി പറയുന്നു. അന്ന് ഏകദേശം 50 ജർമ്മൻ കാവൽക്കാരാണ് മരിച്ചത്. 

 

Follow Us:
Download App:
  • android
  • ios