യുഎസ്എയിലേക്ക് പോകുന്നതിനുമുമ്പ് 12 വർഷത്തോളം ഡോ. ഹരി നാഥ് ഇന്ത്യയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (ഡിആർഡിഒ) ഒരു മുതിർന്ന ഗവേഷകനായി ജോലി ചെയ്‌തു. തുടർന്ന് യുഎസിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പേറ്റന്റ് ലഭിച്ച മരുന്നുകൾ കണ്ടെത്തുന്നതിനായി പ്രവർത്തിച്ചു. എന്നാൽ, പിന്നീട് ലക്ഷക്കണക്കിന് ആളുകൾ ആഗ്രഹിക്കുന്ന ആ സ്വപ്നജീവിതം ഉപേക്ഷിച്ച് അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ആ വരവിന് പിന്നിൽ ഒരു ഉദ്ദേശമേയുണ്ടായിരുന്നുള്ളൂ, കൃഷി. 

സ്വന്തം നാടായ തമിഴ്‌നാട്ടിലെ പെന്നഗരത്തിലേക്ക് അദ്ദേഹം താമസം മാറ്റി. എന്നാൽ, ഇത്തരമൊരു തീരുമാനത്തിൽ എത്തിയതിന്റെ പിന്നിൽ വ്യക്തമായ ഒരു കാരണമുണ്ടായിരുന്നു. കൃഷിക്കാരുടെ കുടുംബത്തിൽ ജനിച്ച ഹരിയുടെ അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചു. അമ്മയാണ് ഹരിയേയും സഹോദരങ്ങളെയും വളർത്തിയത്. ചെന്നൈയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയശേഷം വെല്ലൂരിലെ സിഎംസിയിൽ ലക്ചററായി കുറച്ചുകാലം അദ്ദേഹം ജോലി ചെയ്തു. പിന്നീട് 1993 -ൽ അദ്ദേഹം ഡിആർഡിഒയിൽ ചേർന്നു. ആ കാലയളവിൽ ഡോ. ഹരി നാഥിന് അബ്ദുൾ കലാമുമായി ചേർന്ന് പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി. ഡോ. എപിജെ അബ്ദുൾ കലാമുമായി വ്യക്തിപരമായി പല അവസരങ്ങളിലും സംസാരിക്കാൻ തനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പിന്നീട്‌ പറയുകയുണ്ടായി. അതിനുശേഷം യുഎസിൽ ഒരു മരുന്ന് ഗവേഷകനായി അദ്ദേഹം ജോലി നോക്കി. 

എന്നാൽ, തന്റെ ഗവേഷണത്തിന്റെ ഭൂരിഭാഗവും വേണ്ട രീതിയിൽ ആവശ്യക്കാരിലേയ്ക്ക് എത്തുന്നില്ല എന്നത് അപ്പോഴാണ് അദ്ദേഹം മനസിലാക്കുന്നത്. കോർപ്പറേറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ലാഭം കൂട്ടാനുള്ള മാർഗ്ഗമാണിതെന്ന് അദ്ദേഹത്തിന് തോന്നി. ആ സമയത്താണ് അദ്ദേഹത്തിന്റെ അമ്മയ്ക്ക് വാതവും, സ്പോണ്ടിലൈറ്റിസും പിടിപെട്ടത്. സാധാരണ മെഡിക്കൽ നടപടിക്രമമനുസരിച്ച്, അമ്മ വേദനസംഹാരികൾ കഴിച്ചു. എന്നിട്ടും പക്ഷേ വേദന കുറഞ്ഞില്ല. പകരം, പാർശ്വഫലമായി ഗ്യാസ്ട്രിക് അൾസർ ബാധിച്ചു. പതുക്കെ പതുക്കെ മരുന്നുകളോട് അമ്മയുടെ ശരീരം പ്രതികരിക്കാതായി. അങ്ങനെ ഇരിക്കെയാണ് ഒരുദിവസം പരമ്പരാഗത ചികിത്സാരീതികൾ ഒന്ന് പരീക്ഷിച്ചാലോ എന്നദ്ദേഹത്തിന് തോന്നിയത്. തുടർന്ന് അമ്മയോട് എല്ലാ ദിവസവും രാവിലെ മുരിങ്ങയില ജ്യൂസ് കുടിക്കാൻ അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അമ്മയിൽ നല്ല മാറ്റം കാണാൻ തുടങ്ങി. ഇതേ തുടർന്ന്, തന്റെ ഗ്രാമത്തിലേക്ക് മടങ്ങാനും പരമ്പരാഗത ചികിത്സയെക്കുറിച്ചും ജൈവകൃഷിയെക്കുറിച്ചും ആളുകളിൽ അവബോധം സൃഷ്ടിക്കാനും അദ്ദേഹം ആഗ്രഹിച്ചു.  

നാട്ടിലെത്തിയ അദ്ദേഹം അമ്മയുടെ പ്രോത്സാഹനത്തോടെ, ഭൂമി വാങ്ങി അവിടെ ധാന്യങ്ങൾ, ഔഷധസസ്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ രാസരഹിതമായി കൃഷി ചെയ്യാൻ തുടങ്ങി. സന്ധിവാതം, പ്രമേഹം, വിളർച്ച, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ചികിത്സിക്കുന്നതിനായി ഔഷധ സസ്യങ്ങളിൽ നിന്ന് 'മുരിങ്ങ ബുള്ളറ്റ്' അദ്ദേഹം നിർമ്മിച്ചു. ഇന്ന് ജൈവകൃഷിയുടെ നേട്ടങ്ങൾ പങ്കുവെക്കുന്നതിനായി ഹരി കർഷക വിപണികളിലും മറ്റ് സമ്മേളനങ്ങളിലും പങ്കെടുക്കുന്നു. "കൃഷി എനിക്ക് ഒരു ശാസ്ത്രമാണ്; കലയാണ്, സംസ്കാരമാണ്. ലോകം മുഴുവൻ ഒരു കുടുംബമായി കഴിയാനുള്ള മാർഗ്ഗമാണ് അത്" അദ്ദേഹം പറഞ്ഞു. ഇന്നത്തെ കാലത്ത് ഉണ്ടാകുന്ന മിക്ക രോഗങ്ങൾക്കും കാരണം നമ്മുടെ ജീവിത രീതികളും, ഭക്ഷണവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.    

ഇരുപത്തിയാറ് വർഷത്തിനുശേഷം, അദ്ദേഹം ഇന്നും സജീവമായി ഗവേഷണങ്ങൾ നടത്തുന്നു. വിവിധ രോഗങ്ങളുടെ മൂലകാരണം കണ്ടെത്തുന്നതിനും, സുഖപ്പെടുത്തുന്നതിനുമുള്ള പ്രകൃതിദത്ത മാർഗ്ഗങ്ങൾ അദ്ദേഹം തേടുന്നു. കൃഷിയും വൈദ്യശാസ്ത്രവും ഒന്നിപ്പിച്ച് കൊണ്ട് അദ്ദേഹം രോഗങ്ങൾക്കുള്ള മരുന്നുകൾ കണ്ടെത്താൻ ശ്രമിക്കുന്നു. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം ആരംഭിച്ച ഈ പോരാട്ടത്തിൽ, ഇന്ന് ആ ഗ്രാമം മുഴുവൻ അദ്ദേഹത്തിന് കൂട്ടായിട്ടുണ്ട്. അദ്ദേഹവും കുടുംബാംഗങ്ങളും സ്ത്രീകളുടെ ഗ്രൂപ്പുകളിലും, കാർഷിക വിപണികളിലും, ജൈവകൃഷിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നു. കാർഷിക വൈദ്യശാസ്ത്രത്തെക്കുറിച്ച് പഠിപ്പിക്കുന്ന ഒരു സ്ഥാപനവും അദ്ദേഹം ചെന്നൈയ്ക്ക് സമീപം സ്ഥാപിച്ചിട്ടുണ്ട്. 

(കടപ്പാട്: ദ ബെറ്റർ ഇന്ത്യ)