'ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ' എന്ന് അറിയപ്പെടുന്ന ജാദവ് പയംഗ് അസമിൽ നിന്നുള്ള ഒരു പരിസ്ഥിതി പ്രവർത്തകനും, എളിയ കർഷകനുമാണ്. ആയിരം ഏക്കറോളം വരുന്ന ഹരിതവനം സ്വന്തം കൈകൊണ്ട് നിർമ്മിച്ച അദ്ദേഹം പത്മശ്രീ അവാർഡ് ജേതാവുകൂടിയാണ്. എന്നാൽ, ഇപ്പോൾ ഇന്ത്യക്കാകെ അഭിമാനമായി അദ്ദേഹത്തിന്റെ ജീവിതം യുഎസ്സിലെ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതോടെ, അദ്ദേഹത്തിന് അതുല്യസേവനം സ്വന്തം രാജ്യത്തിന് മാത്രമല്ല, വിദേശത്തുള്ള വിദ്യാർത്ഥികൾക്കും ഒരു പ്രചോദനമായി മാറുകയാണ്. അദ്ദേഹത്തിന്റെ കഥയിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇനി ആ വിദ്യാർത്ഥികൾ പഠിക്കും.

അദ്ദേഹത്തിന്റെ നാലു പതിറ്റാണ്ട് നീണ്ട ജീവിതയാത്ര ഇപ്പോൾ ബ്രിസ്റ്റോൾ കണക്റ്റിക്കട്ട് സ്‍കൂളിലെ ആറാംക്ലാസുകാരുടെ പാഠ്യപദ്ധതിയിലാണ് ഇടം നേടിയിരിക്കുന്നത്. ബ്രിസ്റ്റോൾ കണക്റ്റിക്കട്ടിലെ ഗ്രീൻ ഹിൽസ് സ്‍കൂളിലെ അദ്ധ്യാപികയായ നവമി ശർമ്മയാണ് ഈ വാർത്ത പങ്കുവെച്ചത്. ഒരു വ്യക്തി വിചാരിച്ചാലും മാറ്റങ്ങൾ കൊണ്ടുവരാനാകും എന്നും, ദൃഢനിശ്ചയവും, സമർപ്പണവും ഉണ്ടെങ്കിൽ ജീവിതത്തിൽ ഒരു വലിയ പോസിറ്റീവ് മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും കുട്ടികളെ ബോധ്യപ്പെടുത്താനാണ് അദ്ദേഹത്തിന്റെ ജീവിതം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതെന്ന് അവർ പറഞ്ഞു. ഇനി അവിടത്തെ ഭാവി തലമുറകൾക്ക് ഒരു മാതൃകയായി അദ്ദേഹം മാറും.      

ആറാം ക്ലാസിലെ വിദ്യാർത്ഥികളുടെ എക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് കരിക്കുലത്തിന്‍റെ ഭാഗമായാണ് പയംഗിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ അവിശ്വസനീയമായ ഗ്രീൻമിഷനെ എടുത്തുകാണിക്കുന്ന ഏതാനും ഡോക്യുമെന്‍ററികളും വിദ്യാർത്ഥികളെ കാണിക്കും. യുഎസ് സ്ഥാപനത്തിൽ നിന്ന് ഔദ്യോഗിക ആശയവിനിമയം നടന്നിട്ടില്ലെങ്കിലും, തന്റെ കഥ ഇപ്പോൾ അമേരിക്കയിലെ കുട്ടികൾ പഠിക്കുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പയംഗ് പറഞ്ഞു. അമേരിക്കൻ സ്‌കൂൾ പയംഗിന് നൽകിയ ബഹുമതിയെ പ്രശംസിച്ച അസം മുഖ്യമന്ത്രി സർബാനന്ദ സോനോവൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ആ പരിസ്ഥിതി പ്രവർത്തകന്‍റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ സംസ്ഥാനത്തും രാജ്യത്തുമുള്ള ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്‍തു.

ഒരു ട്വീറ്റിൽ സോനോവൽ പറഞ്ഞു, "ഒരു അമേരിക്കൻ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പാഠ്യപദ്ധതിയിൽ 'ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ' ഉൾപ്പെടുന്നത് അദ്ദേഹത്തിന്റെ ആഗോള പ്രശസ്‍തിയെ കാണിക്കുന്നു. അസമിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനകരമായ നിമിഷമാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനും നമ്മുടെ പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കാനും ഒരുമിച്ച് പരിശ്രമിക്കണമെന്നും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു." തന്റെ ദ്വീപിലെ പാരിസ്ഥിതിക തകർച്ച കണ്ട പയംഗ് തരിശായി കിടക്കുന്ന ഭൂമിയില്‍ മരങ്ങൾ നടാൻ തുടങ്ങി. ഒടുവിൽ അത് വലിയൊരു വനമായി മാറുകയും ആന, മാൻ, കാണ്ടാമൃഗം, കടുവകൾ തുടങ്ങിയ നിരവധി മൃഗങ്ങള്‍ അവിടേക്കെത്തുകയും ചെയ്യുകയായിരുന്നു.