ഭൂമിയിലെ ഏറ്റവും ഊർജ്ജസ്വലമായ ജീവികളിൽ ഒന്നാണ് ഡയബോളിക്കൽ അയൺക്ലാഡ് ബീറ്റിൽ. ഇതിന്റെ സംരക്ഷണ ഷെല്ലിന് അസാമാന്യ പ്രതിരോധ ശേഷിയുണ്ട്. കണ്ടാൽ കറുത്ത്, പരുപരുപ്പുള്ള പുറംതോടോടു കൂടിയ ഒരു ചെറിയ പ്രാണിയാണെങ്കിലും, ആളൊരു ഭയങ്കരനാണ്. ഒരു കാർ കയറി ഇറങ്ങിയാൽ പോലും അതിനെ കൊല്ലാൻ കഴിയില്ലെന്നാണ് പറയുന്നത്. 2015 -ൽ, വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്ത് നിന്ന് കണ്ടെത്തിയ ഒരു വണ്ട് ഒരു കാർ കയറി ഇറങ്ങിയാൽ പോലും ചാവില്ല എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ഒട്ടും അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇതൊന്ന് പരീക്ഷിച്ചിട്ട് തന്നെ കാര്യം എന്നദ്ദേഹം കരുതി.

അങ്ങനെ ഒരുദിവസം അദ്ദേഹം ആ  കറുത്ത വണ്ടിനെ ഒരു പാർക്കിംഗ് സ്ഥലത്ത് മണലിൽ പൊതിഞ്ഞ് വച്ചു. തുടർന്ന് ഒരു സുഹൃത്തിനോട് ടൊയോട്ട കാർ അതിന്റെ പുറത്തുകൂടി രണ്ടുതവണ കയറ്റി ഇറക്കാൻ പറഞ്ഞു. തുടർന്ന് ആ വണ്ട് ചത്തത് പോലെ തോന്നിച്ചുവെങ്കിലും, തൊട്ടുനോക്കിയപ്പോൾ അത് വീണ്ടും അനങ്ങാൻ തുടങ്ങി. അദ്ദേഹത്തിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനൊന്നും സംഭവിച്ചിട്ടില്ലെന്നും, അതിന് ജീവനുണ്ടെന്നും റിവേര കണ്ടെത്തി. എന്നാൽ, ഈ അത്ഭുതം എങ്ങനെ സംഭവിച്ചു എന്നറിയാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതിന് എങ്ങനെ ഈ അസാമാന്യ ശക്തി കിട്ടിയെന്നു മനസ്സിലാക്കാനായി അദ്ദേഹം കൂടുതൽ അതിനെ കുറിച്ച് പഠിക്കാൻ തുടങ്ങി.  

ഒരു അരിമണിയുടെ വലിപ്പമേ ഇവയ്ക്കുള്ളൂവെങ്കിലും, അതിന്റെ പുറന്തോട് വഴി അതിന് അതിന്റെ ശരീരഭാരത്തിന്റെ 39,000 ഇരട്ടി ശക്തിയെ പ്രതിരോധിക്കാൻ കഴിയുന്നു എന്ന് ഗവേഷണ സംഘം കണ്ടെത്തി. സാധാരണ നിലയ്ക്ക് ഒരു ജീവിയെ കൊല്ലാൻ മാത്രമല്ല, മറിച്ച് പേസ്റ്റ് പരുവത്തിലാക്കാൻ ഈ ഭാരം ധാരാളമാണ്. എന്നാൽ വണ്ടിന്റെ ഈ കഴിവ് നൂറ്റാണ്ടുകളുടെ പരിണാമത്തിൽ ഉരുത്തിരിഞ്ഞതാണ് എന്ന് വിശ്വസിക്കുന്നു. അതേപോലെ ഡയബോളിക്കൽ അയൺക്ലാഡ് ബീറ്റിൽ എന്ന പേര് കേട്ടാൽ തോന്നും അതിന്റെ പുറംതോടിൽ ഇരുമ്പ് പോലുള്ള ധാതുക്കൾ അടങ്ങിയിരിക്കുന്നുവെന്ന്, എന്നാൽ, ഇതിന്റെ സംരക്ഷണ ഷെല്ലിൽ ജൈവ ഘടകങ്ങൾ മാത്രമേ അടങ്ങിയിട്ടുള്ളൂ. ഈ പ്രകൃതിദത്ത കവചം പ്രോട്ടീനുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. 

അത് മാത്രവുമല്ല, അതിന്റെ ശരീരത്തിൽ കുത്തിയാലും അതിന് ഒന്നും സംഭവിക്കില്ല. പ്രാണികളെ ശേഖരിക്കുന്നവർ ഒരു സ്റ്റീൽ പിന്നുപയോഗിച്ച് ബോർഡിൽ ഇതിനെ തുളച്ചു കയറ്റാൻ നോക്കിയപ്പോൾ, പിൻ വളഞ്ഞു പോവുകയാണ് ഉണ്ടായത്. വണ്ടിന്റെ കഠിനമായ പുറംചട്ട തുളക്കാൻ ഒടുവിൽ ഡ്രില്ലർ കൊണ്ടുവരേണ്ടി വന്നു. അത്രക്ക് കട്ടിയാണ് അതിന്റെ പുറംതോടിന്. നൂതന ഇമേജിംഗ് ടെക്നിക്കുകൾ ഉപയോഗിച്ച് അതിനെ പരിശോധിച്ചപ്പോൾ, വണ്ടുകൾക്ക് അതിന്റെ പുറംചട്ടയിൽ ജിഗ്‌സോ ആകൃതിയിലുള്ള സന്ധികളുടെ ഒരു നിരയുണ്ടെന്ന് ഗവേഷകർ കണ്ടു. ശക്തമായതും എന്നാൽ വഴക്കമുള്ളതുമായ ഈ ഘടന വണ്ടുകളെ പാറകൾക്കടിയിൽ ഒളിക്കാനോ, വൃക്ഷത്തിന്റെ പുറംതൊലിയിലെ ചെറിയ ഇടങ്ങളിൽ ഇറുകി ഇരിക്കാനോ സഹായിക്കുന്നു. ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ വരുത്താത്ത രീതിയിൽ ശരീരത്തെ ചുരുക്കാൻ ഇത് സഹായിക്കുന്നു. ഇത് പ്രധാനമായും യുഎസിലും മെക്സിക്കോയിലുമാണ് കാണപ്പെടുന്നത്. അവിടെയുള്ള ഓക്ക് മരങ്ങളിൽ ഇവ കാണപ്പെടുന്നു. നേച്ചർ ജേർണലിലാണ് ഈ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുള്ളത്.