Asianet News MalayalamAsianet News Malayalam

നിങ്ങളൊന്ന് പൊട്ടിക്കരയാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഈ ഗുണങ്ങളുണ്ട്, കരയാന്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ പറയുന്നു

കരച്ചിൽ നിങ്ങളുടെ മാനസികാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും, ഹൃദയമിടിപ്പ് മന്ദഗതിയിലാക്കാനും, മനസ്സിനെ ശാന്തമാക്കാനും അതിന് കഴിയുമെന്നും 45 -കാരൻ വിശദീകരിക്കുന്നു. 

The teacher who teaches people to cry
Author
Japan, First Published Oct 17, 2020, 9:41 AM IST

'കരച്ചിൽ വന്നാൽ അടക്കരുത് കരഞ്ഞു തന്നെ തീർക്കണം' എന്ന് നമ്മൾ പൊതുവെ പറയും. എന്നാൽ, പലപ്പോഴും നമുക്ക് അങ്ങനെ പൊട്ടിക്കരയാൻ കഴിയാറില്ല. ദുഃഖം നമ്മുടെ ഉള്ളിൽ ഒരു വിങ്ങലായിത്തന്നെ നിലനിൽക്കും. ഒന്ന് കരയാൻ കഴിഞ്ഞെങ്കിൽ എന്ന് നമ്മൾ ആഗ്രഹിച്ചു പോകുന്ന സന്ദർഭങ്ങൾ നിരവധിയാണ്. എന്നാൽ, അത്തരക്കാർക്ക് ഒരാശ്വാസമാണ് ജപ്പാനിലെ ഹിഡെഫുമി യോഷിഡ എന്ന കണ്ണുനീർ അദ്ധ്യാപകൻ. പേരുകേൾക്കുമ്പോൾ തന്നെ ഏകദേശം കാര്യം പിടികിട്ടിയിട്ടുണ്ടാകും. എല്ലാവരും ചിരിയുടെയും സന്തോഷത്തിന്റെയും ഗുണങ്ങളെപ്പറ്റി പഠിപ്പിക്കുമ്പോൾ, ഹിഡെഫുമി നമ്മെ കരച്ചിലിന്റെ ഗുണങ്ങളെ പറ്റിയാണ് പഠിപ്പിക്കുന്നത്. ഹൃദയം തുറന്ന് ഒരിക്കലെങ്കിലും പൊട്ടിക്കരയണമെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നമ്മൾ കരുതുന്നതിലും കൂടുതൽ ഗുണങ്ങളുണ്ട് അതിന്.  

പൊതുവെ കരയുന്നത് മോശമായി കാണുന്ന ഒരു സമൂഹമാണ് ജപ്പാൻ. എന്നാൽ, കഴിഞ്ഞ എട്ട് വർഷമായി ആളുകളെ കരയാൻ പ്രേരിപ്പിക്കുന്ന ഹിഡെഫുമി പറയുന്നത്, സമ്മർദ്ദത്തെ ലഘൂകരിക്കാനും, ജീവിതത്തിൽ കൂടുതൽ സന്തോഷം കൊണ്ടുവരാനും ആഴ്ചയിൽ ഒരിക്കലെങ്കിലും ഒന്ന് കരയണം എന്നാണ്. കരച്ചിലിന്റെ പ്രയോജനങ്ങളെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുകയാണ് അദ്ദേഹം ഇന്ന്. കഴിഞ്ഞ വർഷങ്ങളിൽ  50,000 -ത്തിലധികം ആളുകളെ കണ്ണീരൊഴുക്കാൻ സഹായിച്ചുവെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. സമ്മർദ്ദം കുറക്കാൻ ചിരിയേക്കാൾ നല്ലത് കരച്ചിലാണെന്നും അദ്ദേഹം പറയുന്നു.   

മുൻ ഹൈസ്കൂൾ അദ്ധ്യാപകനായ ഹിഡെഫുമി, സ്വയം വിളിക്കുന്നത് ‘നമീദ സെൻസി’ (‘കണ്ണുനീർ ടീച്ചർ’) എന്നാണ്. തന്റെ കരയാനുള്ള സാങ്കേതിക വിദ്യയെ 'റൂയി-കട്സു' എന്നാണ് അദ്ദേഹം പേരിട്ടു വിളിക്കുന്നത്. അതിന്റെ അർത്ഥം 'കണ്ണീർ തേടൽ' എന്നാണ്. ഇന്ന് ജപ്പാനിലുടനീളം ഒരുപാട് വർക് ഷോപ്പുകളും പ്രഭാഷണങ്ങളും അദ്ദേഹം സംഘടിപ്പിക്കുന്നു. കരയുന്നതിന്റെ ഗുണങ്ങൾ ആളുകളെ പഠിപ്പിക്കുന്നതിനൊപ്പം, അത് ചെയ്യാൻ അവരെ സഹായിക്കുകയും ചെയ്യുന്നു അദ്ദേഹം. “നിങ്ങൾ ആഴ്ചയിൽ ഒരിക്കൽ കരഞ്ഞാൽ, നിങ്ങൾക്ക് സമ്മർദ്ദരഹിതമായ ജീവിതം നയിക്കാൻ കഴിയും” അദ്ദേഹം ജപ്പാൻ ടൈംസിനോട് പറഞ്ഞു.  

കരച്ചിൽ നിങ്ങളുടെ മാനസികാരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും, ഹൃദയമിടിപ്പ് മന്ദഗതിയിലാക്കാനും, മനസ്സിനെ ശാന്തമാക്കാനും അതിന് കഴിയുമെന്നും 45 -കാരൻ വിശദീകരിക്കുന്നു. എന്നാൽ, കരയുന്നതിന് ഓരോ രീതികളുണ്ടെന്നും അദ്ദേഹം പറയുന്നു. ഹ്രസ്വമായ വൈകാരിക അനുഭവങ്ങൾ മൂലമുണ്ടാകുന്ന കരച്ചിലാണ് ഏറ്റവും നല്ലത്. ഒരു നാടകം അല്ലെങ്കിൽ ഒരു റൊമാന്റിക് സിനിമ കണ്ടോ, ഒരു പുസ്തകം വായിച്ചോ, അല്ലെങ്കിൽ ഒരു പാട്ട് കേട്ടോ കരയുന്നതാണ് ഏറ്റവും ഗുണകരം.  

എട്ട് വർഷമായി കരച്ചിലിന്റെ ഗുണങ്ങളെ കുറിച്ച് ഹിഡെഫുമി പ്രസംഗിക്കുന്നുണ്ടെങ്കിലും 2015 -ലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. "കരച്ചിലിലൂടെ ആളുകൾക്ക് ഉന്മേഷം പകരുക എന്നതാണ് എന്റെ ജോലി” അദ്ദേഹം അടുത്തിടെ ബിബിസിയോട് പറയുകയുണ്ടായി. സിനിമകളും, പുസ്തകങ്ങളും ഉപയോഗിച്ചാണ് അദ്ദേഹം ആളുകളെ കരയിപ്പിക്കുന്നത്. കുടുംബം, മൃഗങ്ങൾ, അത്ലറ്റുകൾ അല്ലെങ്കിൽ പ്രകൃതി എന്നിങ്ങനെയുള്ള വ്യത്യസ്ത തീമുകളുള്ള സിനിമകൾ അദ്ദേഹം ആളുകളെ കാണിക്കുന്നു. പ്രകൃതിയുടെ മനോഹരമായ രംഗങ്ങൾ കാണുമ്പൊൾ ചിലർ കരയുമെന്നും അദ്ദേഹം പറഞ്ഞു.  അദ്ദേഹം ടോക്കിയോവിൽ ഒരു കഫെയും തുറന്നിട്ടുണ്ട്. കരയാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അവിടെ ചെന്നിരുന്ന് കരയാം. ഒരു നല്ല കുളി പാസ്സാക്കുമ്പോൾ തോന്നുന്ന അതേ ഉന്മേഷമാണ് പൊട്ടിക്കരയുമ്പോൾ നമുക്ക് ലഭിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.  


Follow Us:
Download App:
  • android
  • ios