പാവപ്പെട്ടവൻ സമ്പന്നനായ കഥകളും, സാധാരണക്കാരൻ നായകരായ കഥകളും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, കാടിന്‍റെ നടുക്ക് ജീവിക്കുന്ന ഒരു ഗോത്രവർഗ്ഗക്കാരൻ 1925 -ൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴിലുള്ള പരമോന്നത ധീരതാ പുരസ്‍കാരം വാങ്ങിയ കഥ കേട്ടിട്ടുണ്ടോ? ആൽബർട്ട് മെഡൽ എന്നറിയപ്പെടുന്ന ഈ പുരസ്‍കാരം നേടിയ ഏക ഗോത്രക്കാരനാണ് സമ വെലാഡി. അന്ന് ബ്രിട്ടനിലെ ഓരോ പ്രധാന പത്രവും അദ്ദേഹത്തിന്റെ ധീരതയെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്‍തിരുന്നു. ബ്രിട്ടീഷ് ചക്രവർത്തിയായ ജോർജ്ജ് അഞ്ചാമനാണ് ഈ പദവി അദ്ദേഹത്തിന് നൽകിയത്. എങ്ങനെയാണ് ഈ പുരസ്‌കാരം മൈലുകൾക്കപ്പുറത്തുനിന്ന് അദ്ദേഹത്തെ തേടി വന്നത്? 

ലണ്ടൻ ഗസറ്റ് റിപ്പോർട്ട് അനുസരിച്ച്, 1925 മെയ് 12 -ന് രാവിലെ കേന്ദ്ര പ്രവിശ്യകളിലെ സൗത്ത് ചന്ദ ഡിവിഷന്‍റെ ഡെപ്യൂട്ടി കൺസർവേറ്റർ എച്ച് എസ് ജോർജ്ജ് വനപരിശോധന നേരത്തെ പൂർത്തിയായി ക്യാമ്പിലേക്ക് മടങ്ങുകയായിരുന്നു. സമ വെലാഡിയും അദ്ദേഹത്തെ അനുഗമിച്ചു. ജോർജ്ജ് മുന്നിൽ നടന്നു. കാട്ടുപാതയിലൂടെ സമ ജോർജ്ജിന്‍റെ തോക്കും പിടിച്ച് പുറകെ നടക്കുകയായിരുന്നു. നിശബ്‍ദമായ ആ വനവീഥിയിൽ അവരുടെ കാലൊച്ച മാത്രം മുഴങ്ങിക്കേട്ടു. അപ്പോഴാണ് പെട്ടെന്ന് ഒരു കടുവ അവരുടെ മുന്നിലേയ്ക്ക് ചാടിവീണത്. ആ നരഭോജി ജോർജിന്റെ അടുത്തേക്ക് പാഞ്ഞുവന്നു. പേടിച്ചരണ്ട് നിൽക്കുന്ന അദ്ദേഹത്തിന്റെ മേലിൽ അത് ചാടിക്കയറി. ഒരു ഞൊടിയിടയിൽ അദ്ദേഹത്തിന്‍റെ കഴുത്തിൽ അമർത്തിപ്പിടിച്ച് അദ്ദേഹത്തെ അത് കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകാൻ തുടങ്ങി. ഇതുകണ്ട സമ അദ്ദേഹത്തെ രക്ഷിക്കാനായി പുറപ്പെട്ടു. കടിച്ച് കീറാൻ ഒരുങ്ങിനിൽക്കുന്ന കടുവയുടെ അടുത്തേക്ക് അസാമാന്യ ധീരതയോടെ സമ ഓടിയടുത്തു. കടുവയെ ലക്ഷ്യമാക്കി തോക്കിന്‍റെ കാഞ്ചി വലിക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ, സുരക്ഷാ ക്യാച്ച് കാരണം വെടിയുതിർക്കാൻ സമയ്ക്ക് കഴിഞ്ഞില്ല.  

തുടർന്ന് നടന്ന അക്രമാസക്തമായ പോരാട്ടത്തിൽ, കടുവയുടെ തലയിൽ തോക്കിന്റെ അഗ്രം കൊണ്ട് സമ അടിക്കാൻ തുടങ്ങി. ഒടുവിൽ, ജോർജ്ജിന്റെ തൊണ്ടയിൽ നിന്ന് അതിന്റെ പിടി അയഞ്ഞു. അതൊരു ജീവൻമരണ പോരാട്ടമായിരുന്നു. പിന്നീട്, കടുവയുടെ പല്ലിന്റെ അടയാളങ്ങൾ തോക്കിന്റെ ബാരലിന് എട്ട് ഇഞ്ച് മുകളിൽ പതിഞ്ഞു. ഒടുവിൽ ഒച്ചവെച്ചും, കൈകൊട്ടിയും കടുവയെ അദ്ദേഹം ഒരുവിധം ഓടിച്ചു വിട്ടു. തുടർന്ന് ജോർജ്ജ് എഴുന്നേറ്റെങ്കിലും ഉടനെ സമയുടെ കൈകളിലേക്ക് തളർന്ന് വീഴുകയായിരുന്നു. "കടുവ ജോർജ്ജിന്റെ കഴുത്തിൽ ഗുരുതരമായ മുറിവേൽപ്പിച്ചു. സമ ഒഴുകിയിറങ്ങിയ രക്തം തുടച്ച്, മുറിവ് തുണികൊണ്ട് മൂടിക്കെട്ടി. തുടർന്ന് രണ്ട് മൈൽ അകലെയുള്ള ക്യാമ്പ് വരെ ജോർജ്ജിനെ എടുത്ത് സമ ഓടി" റിപ്പോർട്ടിൽ പറയുന്നു.  

എന്നിരുന്നാലും, ഈ യാത്രയിലുടനീളം, കടുവ സമയെ പിന്തുടരുന്നുണ്ടായിരുന്നു. കടുവ രക്തത്തിന്റെ ഗന്ധം പിന്തുടർന്ന് അവരെ തേടി വന്നുകൊണ്ടിരിക്കുമ്പോൾ സമ കുത്തനെയുള്ള വരമ്പുകളിലൂടെയും അരുവികളിലൂടെയും കഴിയുന്നത്ര വേഗത്തിൽ അദ്ദേഹത്തെയും ചുമന്ന് കൊണ്ട് ഓടുകയായിരുന്നു. കടുവ അവരെ കുറച്ചുദൂരം പിന്തുടർന്നു. പക്ഷേ, സമ ഒച്ചയിട്ടും ബഹളം വച്ചും അതിനെ അകറ്റി നിർത്തി. ഒടുവിൽ എങ്ങനെയൊക്കെയോ സമ ജോർജ്ജിനെ ക്യാമ്പിൽ എത്തിച്ചു. അവിടെ നിന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി നാഗ്‍പൂരിലെ മയോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 11 മാസമെടുത്തു അദ്ദേഹം സുഖം പ്രാപിക്കാൻ.  

താമസിയാതെ സമയുടെ വീരകഥ ലോകമറിഞ്ഞു. തുടർന്ന് സമയെ തേടി ആൽബർട്ട് മെഡൽ എത്തി. എന്നാൽ, അവാർഡ് സ്വീകരിക്കാൻ ലണ്ടനിലേക്ക് പോകാനാകാത്തതിനാൽ അദ്ദേഹത്തെ പ്രവിശ്യാ തലസ്ഥാനമായ നാഗ്‍പൂരിലേക്ക് വിളിപ്പിച്ചു. കേന്ദ്ര പ്രവിശ്യകളുടെ ഗവർണർ സർ ഫ്രാങ്ക് സ്ലിയിൽ നിന്ന് അദ്ദേഹം അത് സ്വീകരിച്ചു. അക്കാലത്ത് സാമ ഒരു കൗപീനം മാത്രമേ ധരിച്ചിരുന്നുള്ളൂ. അതിനാൽ, മെഡൽ കുത്തുന്നതിന് പകരം ഗവർണർ അത് അദ്ദേഹത്തിന്‍റെ കൈയ്യിൽ കൊടുത്തു. മെഡലിന് പുറമെ ബഹുമാനാർത്ഥം ഒരു വെള്ളി ബെൽറ്റും വെള്ളി വളയും അദ്ദേഹത്തിന് നൽകി. കൂടാതെ, സമയ്ക്ക് സ്വന്തമായി ഭൂമിയില്ലെന്ന് മനസ്സിലാക്കിയ ജോർജ്ജ്  അദ്ദേഹത്തിന് രണ്ട് കാളകളും വീടും 45 ഏക്കർ ഭൂമിയും അനുവദിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നിരുന്നാലും, ആദിവാസി മാഡിയ വംശജർ വേട്ടക്കാരായിരുന്നു, കർഷകരായിരുന്നില്ല. അതുകൊണ്ട് തന്നെ സമ ഒരിക്കലും ആ ഭൂമി കൈവശപ്പെടുത്തിയില്ല. എച്ച്.എസ്. ജോർജ് 1967 -ൽ അന്തരിച്ചു, സമ 1968 -ലും.  

ഏകദേശം 40 വർഷത്തിനുശേഷം, സമയുടെ പിൻഗാമികൾ അന്ന് സമയ്ക്ക് വാഗ്ദാനം ചെയ്‍ത ഭൂമിക്ക് വേണ്ടി അധികാരികളെ സമീപിച്ചെങ്കിലും, സമയെക്കുറിച്ചോ സംഭവത്തെക്കുറിച്ചോ യാതൊന്നും അറിയാത്ത അധികൃതർ അവരുടെ ആവശ്യം അംഗീകരിച്ചില്ല. സമയുടെ പിൻഗാമികൾ ഇപ്പോഴും ഭൂമിക്കായുള്ള യുദ്ധത്തിലാണ്. അതേസമയം, സമയുടെ ഓർമ്മക്കായി ഒരു സ്‍മാരകക്കല്ല് കുടുംബം വനത്തിൽ സ്ഥാപിക്കുകയുണ്ടായി. കള്ളിഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി അവിടെ ഒരു വലിയ മുളകൊണ്ടുള്ള  കുപ്പിയും ആളുകൾ തൂക്കിയിരിക്കുന്നു. എല്ലാ ഉത്സവങ്ങളിലും അവർ പതിവായി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു. പ്രാദേശിക ആചാരമനുസരിച്ച്, എല്ലാ വർഷവും അവരുടെ വിളവെടുപ്പിന്റെ ആദ്യഫലം ആ സ്‍മാരകക്കല്ലിൽ അവർ കാണിക്കയായി സമർപ്പിക്കുന്നു. തങ്ങളെ ആക്രമിക്കാൻ വരുന്ന വന്യജീവികളിൽനിന്ന് സമ അവരെ കാക്കുമെന്ന് നാട്ടുകാർ  പ്രതീക്ഷിക്കുന്നു.