ജപ്പാനിൽ ഏത് തെരുവിലായാലും, കെട്ടിടത്തിലായാലും കാണുന്ന ഒരു സ്ഥിരം കാഴ്ചയാണ് വെൻഡിംഗ് മെഷീനുകൾ. ഗ്രാമപ്രദേശങ്ങളിൽ പോലും അവയെ ധാരാളമായി കാണാം. അവരുടെ സംസ്‍കാരത്തിന്റെ, ജീവിതശൈലിയുടെ ഒഴിവാക്കാനാവാത്ത ഘടകമാണ് ഈ വെൻഡിംഗ് മെഷീനുകൾ. ജപ്പാനിലെ മൊത്തം വെൻഡിംഗ് മെഷീനുകളുടെ എണ്ണം കണക്കാക്കിയാൽ 5.5 ദശലക്ഷത്തിലധികം വരും. അതായത് ഓരോ 23 പേർക്കും ഒരെണ്ണം എന്ന അനുപാതത്തിൽ. ശീതളപാനീയങ്ങൾ, കോഫി, സിഗരറ്റ്, മിഠായി, സൂപ്പ്, ചൂടുള്ള ഭക്ഷണം, ബിയർ എന്ന് വേണ്ട സകലതും അതിലൂടെ വിൽക്കപ്പെടുന്നു.  

പ്രശസ്‍ത ഫോട്ടോഗ്രാഫർ ഈജി ഒഹാഷി അവയുടെ ഫോട്ടോകൾ പകർത്താൻ വർഷങ്ങളോളം ജപ്പാനിലുടനീളം സഞ്ചരിക്കുകയുണ്ടായി. രാത്രി ഇരുട്ടിൽ പ്രകാശം ചൊരിഞ്ഞുനിൽക്കുന്ന അവയുടെ ചിത്രങ്ങൾ Roadside Lights എന്ന പുസ്തകത്തിൽ അദ്ദേഹം ഉൾപ്പെടുത്തുകയും ചെയ്തു. “ഒൻപത് വർഷം മുമ്പാണ് ഞാൻ ഈ പ്രൊജക്റ്റ് ആരംഭിച്ചത്. രാത്രി ജോലികഴിഞ്ഞ് മടങ്ങിവരുമ്പോൾ എന്റെ വീടിനടുത്ത് പ്രകാശിച്ച് നിൽക്കുന്ന ഒരു വെൻഡിംഗ് മെഷീനിൽ എന്റെ കണ്ണുകളുടക്കി. ആ സമയത്ത്, ഞാൻ ജപ്പാന്റെ വടക്ക് ഭാഗത്തുള്ള ഒരു പട്ടണത്തിലാണ് താമസിച്ചിരുന്നത്. തണുപ്പ് കാലത്ത് മഞ്ഞ് മൂടിക്കിടന്ന തെരുവുകളിൽ അതിന്റെ വെളിച്ചം എനിക്ക് വഴികാട്ടിയായി” ഒഹാഷി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.  

ഒഹാഷിയുടെ മാത്രം അനുഭവമല്ല ഇത്. ജപ്പാനിലെ മിക്ക ആളുകളും ദീർഘനേരം ജോലി ചെയ്യുന്നവരാണ്. ഇത്തരം വെൻഡിംഗ് മെഷീനുകൾ അവർക്ക് കൂടുതൽ സൗകര്യമാണ്. കടകളിൽ കാത്തുനിന്ന് സമയം കളയേണ്ട എന്നതും, എത്ര വൈകിയാലും ആഹാരം കിട്ടുമെന്നുള്ളതും ഇതിന്റെ ഗുണങ്ങളാണ്. മാത്രവുമല്ല, വെൻഡിംഗ് മെഷീനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും ഒരാശ്വാസമാണ്. യാത്രയിൽ ഭക്ഷണശാലകൾ ഇല്ലാത്ത സ്ഥലങ്ങളിലായാൽ പോലും, വിശന്നാൽ കൈയെത്തും ദൂരെ അവ ഉണ്ടാകും.  

അതുപോലെ ടോക്കിയോ പൊതുവെ ചിലവേറിയ ഒരു നഗരമായിട്ടാണ് അറിയപ്പെടുന്നത്. എങ്കിലും ജപ്പാനിലെ വെൻഡിംഗ് മെഷീനുകളിൽ വിൽക്കുന്ന പാനീയങ്ങളുടെ വില ഇപ്പോഴും വളരെ കുറവാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ്, ഓരോ പാനീയത്തിനും ഒരൊറ്റ നാണയമായിരുന്നു വില. എന്നാൽ, ഉപഭോക്തൃനികുതി ഉയർത്തിയപ്പോൾ വെൻഡിംഗ് മെഷീൻ പാനീയങ്ങളുടെ വിലയും കൂടി. എന്നിരുന്നാലും, മെഷീനിൽ പാനീയങ്ങൾ താരതമേന്യ കുറവ് വിലക്കാണ് ഇന്നും വിൽക്കപ്പെടുന്നത്.  

മറ്റൊരു കാര്യം, ജപ്പാനിലെ ജനസംഖ്യ ഓരോ വർഷവും കുറഞ്ഞു വരികയാണ്. അവിടെ തൊഴിലാളികളെ ലഭിക്കുകയെന്നത് പ്രയാസം നിറഞ്ഞതും, ചെലവേറിയതുമാണ്. അതുകൊണ്ട് തന്നെ തൊഴിലാളികളെ ആവശ്യമില്ലാത്ത ഇത്തരം വെന്‍ഡിംഗ് മെഷീനുകളെ ആളുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ, വെൻഡിംഗ് മെഷീനുകൾ ഇത്രയ്ക്ക് പുരോഗമിക്കാനുള്ള ഒരു കാരണം അവിടത്തെ ആളുകളുടെ സംസ്കാരം തന്നെയാണ്. മോഷണം വളരെ കുറവാണ് അവിടെ. ഒരുപക്ഷേ ലോകത്തിൽ തന്നെ ഏറ്റവും കുറവ് പിടിച്ചുപറി നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. അതുകൊണ്ട് തന്നെ മുക്കിലും മൂലയിലും ഇരിക്കുന്ന ഇവയെ നശിപ്പിക്കുമെന്ന പേടി വേണ്ട. ജപ്പാനിലെ വെൻഡിംഗ് മെഷീനുകൾ അപൂർവമായി മാത്രമേ കൊള്ളയടിക്കുകയോ നശിപ്പിക്കുകയോ ചെയ്യപ്പെടുന്നുള്ളൂ. മറിച്ച്, അവയെ നന്നായി സംരക്ഷിക്കുകയെന്നതാണ് അവിടത്തുകാർ ചെയ്യുന്നത്.    

വെന്‍ഡിംഗ് മെഷീനുകളുടെ പ്രാധാന്യം ഈ കൊവിഡ് കാലത്ത് കൂടുതൽ പ്രസക്തമാണ്. സൂപ്പർ മാർക്കറ്റിലും, ഭക്ഷണശാലകളിലും പോയി ആളുകൾക്കിടയിൽ തിക്കിത്തിരക്കേണ്ട എന്നതും, ചില്ലറയ്ക്ക് വേണ്ടി കാത്തുനിൽക്കാതെ കൃത്യമായ പണം അടച്ച് സാധനം കൈക്കലാക്കാമെന്നതും, തൊഴിലാളികൾ ആവശ്യമില്ല എന്നതും ഇന്നത്തെ കാലത്ത്  വെൻഡിംഗ് മെഷീനുകളെ ദാഹം മാറ്റാനുള്ള തീർത്തും സുരക്ഷിതമായ ഒരു ഓപ്ഷനാക്കി മാറ്റുകയാണ്.