രണ്ട് ആക്സിഡന്‍റുകളും തമ്മില്‍ മൂന്നു വര്‍ഷത്തെ വ്യത്യാസം മാത്രം... ഈ സാമ്യതകള്‍ അവരെ അമ്പരപ്പിച്ചു. നവി മുംബൈയിലെ അതേ പാം ബീച്ച് റോഡിലാണ് രണ്ട് പേര്‍ക്കും അപകടമുണ്ടാകുന്നത്. 2003 ജൂണ്‍ 22 -നാണ് അനൂപിന് ആക്സിഡന്‍റുണ്ടാകുന്നത്. 2005 നവംബര്‍ 22 -ന് നെഹാലും അതേ ഇടത്ത് വെച്ച് അപകടത്തില്‍ പെട്ടു. രണ്ടുപേര്‍ക്കും സ്പൈനല്‍ ഇഞ്ച്വറി. ആ അപകടം രണ്ടുപേരെയും വീല്‍ച്ചെയറിലാക്കി. 

പല കാരണങ്ങളും രണ്ട് പേരെ തമ്മിലടുപ്പിക്കാറുണ്ട്. ഒരുമിച്ച് പഠിച്ചവര്‍, ഒരുമിച്ച് ജോലി ചെയ്യുന്നവര്‍, ഒരേ താല്‍പര്യമുള്ളവര്‍, ഇതൊന്നുമല്ലാതെ കണ്ട് ഇഷ്ടപ്പെടുന്നവര്‍... അങ്ങനെ... അങ്ങനെ... പക്ഷെ, നെഹാല്‍ താക്കറിന്‍റെയും അനൂപ് ചന്ദ്രന്‍ സാഗയുടേയും പ്രണയം ഇങ്ങനെയൊന്നുമായിരുന്നില്ല.

11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, മുംബൈയില്‍ വെച്ചൊരു മെഡിക്കല്‍ കണ്‍വെന്‍ഷനില്‍ വെച്ചാണ് നെഹാലും അനൂപും കണ്ടു മുട്ടുന്നത്. അവര്‍ പരസ്പരം സംസാരിച്ചു. അപ്പോഴാണ് അവരുടെ ഇരുവരുടെയും ജീവിതത്തിലുണ്ടായ അത്രമേല്‍ സാമ്യമുള്ള രണ്ട് അപകടങ്ങളെ കുറിച്ച് ഇവരും അറിയുന്നത്.

നവി മുംബൈയില്‍ വെച്ച് നടന്ന ഒരു റോഡ് ആക്സിഡന്‍റില്‍ അനൂപിന് സ്പൈനല്‍ ഇഞ്ച്വറി ഉണ്ടാവുകയും നടക്കാനുള്ള കഴിവ് നഷ്ടമാവുകയും ചെയ്തിരുന്നു. അതേപോലെയുള്ള, അതേ മോഡല്‍ കാറിനാല്‍, അതേ തീയ്യതിയില്‍, അതേ സ്ഥലത്ത് വെച്ച് നടന്ന ആക്സിഡന്‍റിലാണ് നെഹാലിനും സ്പൈനല്‍ ഇഞ്ച്വറിയുണ്ടാകുന്നതും വീല്‍ച്ചെയറിലേക്ക് ജീവിതം മാറുന്നതും. 

രണ്ട് ആക്സിഡന്‍റുകളും തമ്മില്‍ മൂന്നു വര്‍ഷത്തെ വ്യത്യാസം മാത്രം... ഈ സാമ്യതകള്‍ അവരെ അമ്പരപ്പിച്ചു. നവി മുംബൈയിലെ അതേ പാം ബീച്ച് റോഡിലാണ് രണ്ട് പേര്‍ക്കും അപകടമുണ്ടാകുന്നത്. 2003 ജൂണ്‍ 22 -നാണ് അനൂപിന് ആക്സിഡന്‍റുണ്ടാകുന്നത്. 2005 നവംബര്‍ 22 -ന് നെഹാലും അതേ ഇടത്ത് വെച്ച് അപകടത്തില്‍ പെട്ടു. രണ്ടുപേര്‍ക്കും സ്പൈനല്‍ ഇഞ്ച്വറി. ആ അപകടം രണ്ടുപേരെയും വീല്‍ച്ചെയറിലാക്കി. 

ഈ സാമ്യതയാണ് ഇരുവരേയും സുഹൃത്തുക്കളാക്കിയത്. ആദ്യമാദ്യം അവര്‍ രണ്ടുപേരും സംസാരിച്ചത് അവര്‍ക്ക് സംഭവിച്ച അപകടത്തെ കുറിച്ചായിരുന്നു. വീല്‍ച്ചെയറിലായിപ്പോയ അവരുടെ ജീവിതത്തെ കുറിച്ചായിരുന്നു. അവര്‍ പരസ്പരം പിന്തുണ നല്‍കി. പയ്യെപ്പയ്യെ സുഹൃത്തുക്കള്‍ക്കൊപ്പം ഇരുവരും ഒരുമിച്ച് സിനിമ കാണാന്‍ പോവുകയും, കോഫി ഷോപ്പില്‍ പോവുകയും ചെയ്തു. പിന്നീട്, മെസ്സേജുകളയക്കാന്‍, പലപ്പോഴും അവരുടെ മെസ്സേജുകള്‍ പുലര്‍ച്ചെ നാല് മണി വരെയൊക്കെ നീണ്ടുപോയി. 

അനൂപ് ജോലി ചെയ്തിരുന്നത് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിലായിരുന്നു. നെഹാല്‍ സ്വന്തമായി ഇവന്‍റ് കമ്പനിയും നടത്തുന്നു. ജോലി ചെയ്തും സ്വാഭാവികമായ ജീവിതം നയിച്ചും തങ്ങള്‍ക്കുണ്ടായ അപകടത്തെ തരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു ഇരുവരും. 

നെഹാലിന് പലപ്പോഴും ആരെയും ബുദ്ധിമുട്ടിക്കാതെ തനിയെ എല്ലാ കാര്യങ്ങളും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അനൂപ് അവളെ ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കാനും തനിച്ച് യാത്ര ചെയ്യാനും സഹായിച്ചു. അനൂപിന്‍റെ ജോലി സ്ഥലത്തെയോ അല്ലാത്തെയോ സമ്മര്‍ദ്ദങ്ങളൊക്കെ നെഹാല്‍ ശ്രദ്ധയോടും ക്ഷമയോടും കേട്ടു. അവന് മാനസികമായ പിന്തുണകള്‍ നല്‍കി. 

മെസ്സേജുകള്‍ അവരെ കൂടുതല്‍ അടുപ്പിച്ചു. പക്ഷെ, അപ്പോഴും അവര്‍ തമ്മില്‍ പ്രണയത്തിലാവുകയാണെന്ന് അവര്‍ക്ക് മനസിലായിട്ടുണ്ടായിരുന്നില്ല. അത് പുറത്താവുന്നത് നെഹാല്‍ രാജ്യത്തിന് പുറത്ത് പോയപ്പോഴാണ്. ഇരുപത് ദിവസത്തെ ആ യാത്രയ്ക്കിടയില്‍ ദിവസവും മെസ്സേജ് അയക്കുന്നത് ആഴ്ചകളിലൊരു ഫോണ്‍കോളിലേക്ക് മാത്രം ഒതുങ്ങി. ആ അകല്‍ച്ച അവരുടെ അടുപ്പം കൂട്ടി. 

രണ്ടുപേരും ഒരുപാട് മിസ്സ് ചെയ്തുവെന്ന് പരസ്പരം പറഞ്ഞു. പിന്നീട്, അവര്‍ പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞു. പുറത്ത് പോകാന്‍ തുടങ്ങി. അതുപക്ഷെ, ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. കാരണം, രണ്ടുപേരും വീല്‍ച്ചെയറിലായിരുന്നുവെന്നത് തന്നെ. അവര്‍ക്ക് മിക്കപ്പോഴും റെസ്റ്റ്റൂമില്‍ പോകാനോ, റെസ്റ്റോറന്‍റിലെത്താനോ ഒക്കെ പുറത്തൊരാളുടെ സഹായം ആവശ്യമായി വന്നു. 

ഏഴ് വര്‍ഷത്തെ ഡേറ്റിങ്ങിനൊടുവില്‍ ഇരുവരും വിവാഹിതരാവാന്‍ തീരുമാനിച്ചു. പക്ഷെ, അപ്പോഴും അവരുടെ മാതാപിതാക്കള്‍ക്ക് സംശയമായിരുന്നു. രണ്ടുപേരും വീല്‍ച്ചെയറിലാകുമ്പോള്‍ അവരുടെ ജീവിതം എങ്ങനെ മുന്നോട്ട് പോകുമെന്നായിരുന്നു അവരുടെ ഭയം. 

പക്ഷെ, പിന്മാറാന്‍ നെഹാലും അനൂപും തയ്യാറായില്ല. കാരണം, ആ ഏഴ് വര്‍ഷം കൊണ്ട് അവരത്രമേല്‍ പരസ്പരം മനസിലാക്കിയിരുന്നു. ഒരു വീല്‍ച്ചെയറിന്‍റെ പേരില്‍ നമ്മളെ പിരിക്കാനാവില്ല എന്ന് അവര്‍ ഉറച്ച് പറഞ്ഞു. അത്രയും വര്‍ഷങ്ങള്‍ കൊണ്ട് സ്വയം കാര്യങ്ങള്‍ നോക്കാനാകുമെന്ന് ഇരുവരും തെളിയിച്ചിരുന്നു. രണ്ടുപേരും ഗോവയില്‍ വരെ തനിച്ച് പോയി വന്നു. രണ്ടുപേരും ഭിന്നശേഷിക്കാരായിരിക്കാം, പക്ഷെ, പരസ്പരം ചേരുമ്പോള്‍ അവരൊന്നാണ് എന്നായിരുന്നു അവര്‍ വിശ്വസിച്ചത്. 2018 ജനുവരി -യില്‍ രണ്ടുപേരും ഒന്നായി. 

ഒരുമിച്ച് സ്വപ്നം കണ്ട് ഒരുമിച്ച് മുന്നോട്ട് പോയി. വൈരുധ്യമെന്താണെന്ന് വെച്ചാല്‍, അവര്‍ക്ക് അപകടമുണ്ടായ അതേ റോഡരികിലാണ് അവരിപ്പോള്‍ താമസിക്കുന്നത് എന്നാണെന്ന് അനൂപ് പറയുന്നു. ഏതായാലും അവരിരുവരും പരസ്പരം ഇന്ന് ചേര്‍ത്തു പിടിക്കുന്നു, സ്വപ്നങ്ങള്‍ കാണുന്നു.