കൊറോണ വൈറസ് മഹാമാരി ലോകമെമ്പാടുമുള്ള വ്യവസായങ്ങളെ കാര്യമായ രീതിയിൽ ബാധിച്ചു കഴിഞ്ഞു. ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകൾ എന്നിവയ്ക്ക് പുറമെ വിദ്യാഭ്യാസ മേഖലയും ദുരിതത്തിലാണ്. മിക്കയിടത്തും ക്ലാസ്സുകൾ ഓൺലൈനായി മാറുമ്പോൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരുമാനവും കുറയുന്നു. പലയിടത്തും മാതാപിതാക്കൾ ഫീസ് അടക്കാൻ പോലും പാടുപെടുകയാണ്. എന്നാൽ, ബാലിയിലെ ഒരു ഹോസ്പിറ്റാലിറ്റി കോളേജ് ഈ പ്രശ്‍നത്തിന് രസകരമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. കൊവിഡ് -19 പാൻഡെമിക് സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർത്ഥികളുടെ കൈയിൽ നിന്ന് ട്യൂഷൻ ഫീസ് പണമായി വാങ്ങാതെ അതിന് പകരം നാളികേരമായി വാങ്ങുകയാണ് കോളേജ്.   

ബാലിയിലെ Tegalalang -ലെ വീനസ് വൺ ടൂറിസം അക്കാദമിയാണ് വിദ്യാർത്ഥികളില്‍ നിന്ന് നാളികേരത്തിന്റെ രൂപത്തിൽ ട്യൂഷൻ ഫീസ് ഈടാക്കുന്നത്. സാമ്പത്തികമാന്ദ്യവും നഷ്ടവും കാരണം ഫീസ് അടയ്ക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് ഇത് ഒരു മികച്ച പരിഹാര മാർഗ്ഗമാണെന്ന് അക്കാദമി പറയുന്നു. കൂടാതെ, ഈ നൂതന പദ്ധതി വിദ്യാർത്ഥികളിൽ സംരംഭകത്വ മനോഭാവം വളർത്തുമെന്നും സ്ഥാപനം കൂട്ടിച്ചേർത്തു. ഇങ്ങനെ കൊണ്ടുവരുന്ന തേങ്ങകൾ അക്കാദമി വെന്ത വെളിച്ചെണ്ണ (വെർജിൻ കോക്കനട്ട് ഓയിൽ) ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. അക്കാദമി ഡയറക്ടർ വയാൻ പസേക് ആദി പറയുന്നത്: "ഈ കൊവിഡ് മഹാമാരി സമയത്ത് ഞങ്ങൾ കൂടുതൽ സൗകര്യപ്രദമായ ഒരു മാർഗം സ്വീകരിച്ചു. വിദ്യാർത്ഥികൾ ഫീസ് രൂപത്തിൽ തരുന്ന നാളികേരങ്ങൾ ഉപയോഗിച്ച് ഞങ്ങൾ വെർജിൻ കോക്കനട്ട് ഓയിൽ ഉത്പാദിപ്പിക്കുന്നു." ഇത് കൂടാതെ മുരിങ്ങ ഇലയും, പ്രാദേശിക ഔഷധസസ്യമായ ഗോട്ടു കോളയുടെ ഇലകളും സ്‍കൂൾ ഫീസായി സ്വീകരിക്കുന്നു. ഇങ്ങനെ കിട്ടുന്ന വെളിച്ചെണ്ണയും വിവിധതരം ഇലകളും ഹെർബൽ സോപ്പ് ഉൽ‌പന്നങ്ങളാക്കി വിറ്റ് അക്കാദമി പണം സ്വരൂപിക്കുന്നുവെന്നാണ് പറയുന്നത്.  

"തുടക്കത്തിൽ, ട്യൂഷൻ തുക മൂന്ന് ഗഡുക്കളായിട്ടാണ് അടച്ചിരുന്നത്. ആദ്യം 50 ശതമാനം, രണ്ടാമത്  20 ശതമാനം, മൂന്നാമത് 30 ശതമാനം എന്നിങ്ങനെ തവണകളായിട്ടായിരുന്നു അത്. എന്നാൽ, ഈ കൊവിഡ് മഹാമാരി കാരണം ഞങ്ങൾ പഴയ നയങ്ങൾ മാറ്റുകയാണ്” പസേക് ആദിപുത്ര പറഞ്ഞു. ഈ തീരുമാനം 2020 മാർച്ച് മുതൽ നടപ്പിലാക്കിയെന്ന് അദ്ദേഹം balipuspanews.com നോട് പറഞ്ഞു. "നിരവധി വിദ്യാർത്ഥികൾ ഫീസായി നാളികേരങ്ങൾ നൽകുന്നു. ഈ മഹാമാരിയെ എങ്ങനെ സജീവമായി നേരിടാമെന്ന് ഞങ്ങൾ അവരെ പഠിപ്പിക്കുന്നു" അദ്ദേഹം പറഞ്ഞു. നിർബന്ധിത മാസ്‍ക് ധരിക്കൽ, കുട്ടികളുടെ എണ്ണം കുറയ്ക്കൽ, പതിവ് ഊഷ്‍മാവ് പരിശോധന എന്നിവ ഉൾപ്പെടെ നിരവധി സുരക്ഷാനടപടികൾ കൊവിഡ് 19 പാൻഡെമിക് സമയത്ത് അക്കാദമി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.