പുതുവര്‍ഷ രാവില്‍ തനിക്കെതിരെ ലൈംഗിക അതിക്രമം നടന്നതായി ചൈതാലി എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലും തുറന്നു പറഞ്ഞു. 

ജോലി കഴിഞ്ഞ് പുലര്‍ച്ചെ ഒന്നര മണിക്ക് വീട്ടിലേക്ക് പോവുമ്പോഴാണ് തനിക്കെതിരെ ലൈംഗികാതിക്രമം നടന്നതെന്ന് ചൈതാലി വാസ്‌നിക് പറഞ്ഞു. രണ്ടു യുവാക്കള്‍ തനിക്കെതിരെ വന്നപ്പോള്‍ അവര്‍ പോവാന്‍ താന്‍ ഒതുങ്ങി നിന്നതായി അവര്‍ പറഞ്ഞു. 'അതിലൊരാള്‍ പൊടുന്നനെ ദേഹത്ത് കയറിപ്പിടിച്ചു. 

എന്താണ് അയാള്‍ ചെയ്യാന്‍ പോവുന്നതെന്ന് ഒരു പിടിയുമില്ലായിരുന്നു. ആകെ അമ്പരന്നു പോയി. ഈ സാഹചര്യത്തില്‍, തന്നെ സഹായിക്കുന്നതിന് പകരം അവിടെ ഉണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ അയാളെ സംരക്ഷിക്കുകയായിരുന്നു. 

അയാളെ പ്രതിരോധിക്കാന്‍ ഞാന്‍ ശ്രമിച്ചു. അയാളെ ഇടിക്കുകയും ചവിട്ടുകയും ചെയ്തു. അയാള്‍ക്ക് തല്ലുകിട്ടുന്നത് കണ്ടപ്പോള്‍ സമീപത്തുള്ള പുരുഷന്‍മാര്‍ തനിക്കെതിരെ തിരിയുകയായിരുന്നുവെന്നും ഈ യുവതി പറഞ്ഞു. ഇത് പുതുവല്‍സരാഘോഷമാണ്, ഇങ്ങനെയൊക്കെ ഉണ്ടാവും എന്ന മട്ടിലായിരുന്നു അവര്‍' -ചൈതാലി പറഞ്ഞു. 

തനിക്കു മാത്രമല്ല, ബംഗളുരുവിലെ ഏറ്റവും തിരക്കുള്ള എം.ജി റോഡില്‍ ആ സമയം ഉണ്ടായിരുന്ന അനേകം സ്ത്രീകള്‍ക്കും ഇതേ അനുഭവം ഉണ്ടായതായി അവര്‍ സാക്ഷ്യപ്പെടുത്തി. മദ്യലഹരിയിലുള്ള പുരുഷന്‍മാര്‍ പുതുവര്‍ഷ ദിനത്തില്‍ സ്ത്രീകള്‍ക്കെതിരെ ബംഗളുരുവില്‍ അഴിഞ്ഞാടുകയായിരുന്നു. 45 സുരക്ഷാ ക്യാമറകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടും പൊലീസ് ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍, ചില സ്ത്രീകള്‍ തങ്ങള്‍ക്കെതിരായി നടന്ന അതിക്രമങ്ങള്‍ തുറന്നു പറഞ്ഞതിനെ തുടര്‍ന്ന്, ലൈംഗിക അതിക്രമങ്ങള്‍ നടന്നു എന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി ഇന്ന് പൊലീസ് സമ്മതിച്ചു. 

പതിനായിരം പൊലീസുകാര്‍ പട്രാളിംഗിനുണ്ടായിരുന്നുവെന്ന അഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ അവകാശവാദങ്ങള്‍ ചൈതാലി ചോദ്യം ചെയ്തു. തനിക്കെതിരായ അതിക്രമം നടക്കുമ്പോള്‍ നാലഞ്ച് പൊലീസുകാര്‍ ഇതൊക്ക കണ്ടു നില്‍ക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സഹായം അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ ഇടപെട്ടില്ലെന്നും ചൈതാലി പറഞ്ഞു.