ചിന്തു അവളെ തന്‍റെ മുറിയിലേക്ക് കൂട്ടി. അവന്‍റെ സഹോദരനായ പിന്‍റുവിനോടും കാര്യം പറഞ്ഞു. അവര്‍ താമസിക്കുന്ന അതേ കെട്ടിടത്തില്‍ അവള്‍ക്ക് കൂടി ഒരു മുറി ശരിയാക്കിക്കൊടുത്തു. വാടക ചിന്തുവും സഹോദരനും നല്‍കി. അടുത്ത ഇരുപത് ദിവസം അവരവളെ പരിചരിച്ചു.  

നോയ്ഡ: ഈ ലോകത്തിന്‍റെ നന്മ നശിച്ചിട്ടില്ല എന്ന് തെളിയിക്കുന്നൊരു വാര്‍ത്തയാണ് നോയ്ഡയില്‍ നിന്നുള്ള ഈ വാര്‍ത്ത. ഈ സഹോദരന്മാര്‍ ആരുമില്ലാത്ത, അനാഥയായ, തെരുവില്‍ കണ്ടൊരു പെണ്‍കുട്ടിക്ക് വേണ്ടി ചെയ്തത് അറിഞ്ഞാല്‍ ആരുടെയും ഹൃദയം നിറഞ്ഞുപോകും. വെറുമൊരു പെണ്‍കുട്ടിയല്ല, കൂട്ട ബലാത്സംഗത്തിനിരയായ, ഏഴ് മാസം ഗര്‍ഭിണിയായ, വെറും പതിനാറ് വയസുമാത്രമുള്ള അനാഥയായ ഒരു പെണ്‍കുട്ടിക്കായി.

ഇതാണ് സംഭവം: പതിനെട്ടുകാരനായ ചിന്തു നോയിഡയിലെ ഒരു ഗ്രാമത്തിലേക്ക് വെള്ളവുമായി പോവുകയായിരുന്നു. അപ്പോഴാണ് അവന് വെള്ളം കൊടുക്കേണ്ട വീടിനു സമീപത്തെ തെരുവില്‍ ഒരു പെണ്‍കുട്ടി ഇരിക്കുന്നത് കണ്ടത്. അവളാകെ തളര്‍ന്നിരിക്കുകയായിരുന്നു. അവളോട് മിണ്ടാതെ വരാന്‍ അവന് തോന്നിയില്ല. ചിന്തു ആ പെണ്‍കുട്ടിയോട് സംസാരിച്ചു. 

അപ്പോഴാണ് വേദനിപ്പിക്കുന്ന ചില കാര്യങ്ങള്‍ ആ പെണ്‍കുട്ടി അവനോട് പറഞ്ഞത്. പതിനാറ് വയസാണ് അവളുടെ പ്രായം. വാരാണസിയില്‍ നിന്ന് നോയിഡയിലേക്ക് പത്തുവര്‍ഷം മുമ്പാണ് അവള്‍ അമ്മക്കൊപ്പം എത്തിയത്. അവളുടെ അച്ഛന്‍റെ മരണത്തെ തുടര്‍ന്നായിരുന്നു ഇത്. 

ഒരു വര്‍ഷം മുമ്പ് അവളുടെ അമ്മയുടെ ആരോഗ്യവും മോശമായിത്തുടങ്ങി. അവള്‍ സഹായത്തിന് അയല്‍ക്കാരനായ സൂരജ് എന്നൊരു മനുഷ്യനെ സമീപിച്ചു. അവളുടെ അമ്മയുടെ ചികിത്സക്കായി അയാള്‍ 20,000 രൂപ നല്‍കി. പക്ഷെ, ചികിത്സയൊന്നും ഫലിച്ചില്ല. അവളുടെ അമ്മയും മരിച്ചു.

അതോടെ സൂരജ് അയാളുടെ തനിനിറം കാണിച്ചു തുടങ്ങി. അയാള്‍ പെണ്‍കുട്ടിയെ ബ്ലാക്ക്മെയില്‍ ചെയ്തു തുടങ്ങി. അയാളോടൊപ്പം ചെല്ലാന്‍ നിര്‍ബന്ധിച്ചു. വീട്ടില്‍ കൊണ്ടുപോയ ശേഷം അവള്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടു. തീര്‍ന്നില്ല, ക്രൂരനായ സൂരജും അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് അവളെ ബലാത്സംഗം ചെയ്തു, പലതവണ. 

കുറച്ച് കഴിഞ്ഞയുടനെ അവള്‍ ഗര്‍ഭിണിയാണെന്ന സത്യവും തിരിച്ചറിഞ്ഞു. സൂരജ് അതറിഞ്ഞതോടെ അവളെ വീടിനു പുറത്താക്കി. അവളെ വീടിനു പുറത്താക്കി വാതിലടച്ച് കുറച്ച് കഴിഞ്ഞപ്പോഴാണ് ചിന്തു അവളെ കണ്ടത്. അവളുടെ കഥ കേട്ടയുടനെ അവളെ സഹായിക്കണമെന്ന് അവന് തോന്നി. 

ചിന്തു അവളെ തന്‍റെ മുറിയിലേക്ക് കൂട്ടി. അവന്‍റെ സഹോദരനായ പിന്‍റുവിനോടും കാര്യം പറഞ്ഞു. അവര്‍ താമസിക്കുന്ന അതേ കെട്ടിടത്തില്‍ അവള്‍ക്ക് കൂടി ഒരു മുറി ശരിയാക്കിക്കൊടുത്തു. വാടക ചിന്തുവും സഹോദരനും നല്‍കി. അടുത്ത ഇരുപത് ദിവസം അവരവളെ പരിചരിച്ചു. 

പിന്നീട് അവളെ ആശുപത്രിയിലെത്തിച്ചു. അപ്പോഴാണ് അവള്‍ ഏഴ് മാസം ഗര്‍ഭിണി ആണെന്നറിയുന്നത്. ആ പെണ്‍കുട്ടിക്ക് ആ കുഞ്ഞിനെ വേണ്ടെന്ന് തന്നെയായിരുന്നു ആഗ്രഹം. പിന്‍റു ഒരു ഡ്രൈവറായിരുന്നു. അവന്‍ താനെടുക്കുന്ന വാഹനത്തിന്‍റെ ഉടമയോട് ഉപദേശം തേടി. അയാളാണ് അവിടെയുള്ള ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ കാര്യം അവരോട് പറയുന്നത്. സ്മിത പാണ്ഡേ. അവര്‍ ഒരു എന്‍.ജി.ഒ നടത്തുകയായിരുന്നു. 

''ചിന്തുവും പിന്‍റുവും ചേര്‍ന്ന് അവളെ ഞങ്ങളുടെ അടുത്തെത്തിച്ചു. ഞാനവളോട് സംസാരിച്ചു. ഇത്രയും വൈകിയ വേളയില്‍ ഒരു അബോര്‍ഷന്‍ എത്രമാത്രം അപകടകരമാണെന്ന് ബോധ്യപ്പെടുത്തി. മാത്രമല്ല സൂരജിനെതിരെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ ഒരു പരാതി കൊടുക്കാനും അവളോട് പറഞ്ഞു. അങ്ങനെ പരാതി കൊടുത്തു. ഐ.പി.സി സെക്ഷന്‍ 376, പോക്സോ സെക്ഷന്‍ 3,4 പ്രകാരം അയാള്‍ക്കെതിരെ നടപടിയെടുത്തു.'' 

''സൂരജിന്‍റെ കുടുംബം അവളോട് ഒരു കോംപ്രമൈസിലെത്താന്‍ പറഞ്ഞിരുന്നു. പക്ഷെ, അയാള്‍ കുറ്റവിമുക്തനായാല്‍ ആ പെണ്‍കുട്ടിയെ ഉപദ്രവിക്കുകയോ ചിലപ്പോള്‍ കൊല്ലുകയോ തന്നെ ചെയ്തേക്കാം. അതുകൊണ്ട് അവളോട് വ്യാജമായ പ്രലോഭനങ്ങളില്‍ വീഴരുത് എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവളോട് ഒന്നും ഭയക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. അവള്‍ക്ക് ഞങ്ങളെല്ലാവരുമുണ്ട്.'' സ്മിത പാണ്ഡേ പറയുന്നു. ഇപ്പോള്‍, സ്മിതയുടേയും അവരുടെ എന്‍.ജി.ഒയുടെയും സംരക്ഷണം അവള്‍ക്കുണ്ട്. കോടതി നിര്‍ദ്ദേശപ്രകാരം അവളെ ഏതെങ്കിലും സുരക്ഷിത സ്ഥലത്ത് ഏല്‍പ്പിക്കും. 

ഇതിനെല്ലാമുപരി ചിന്തുവിന്‍റെയും പിന്‍റുവിന്‍റേയും നന്മയ്ക്ക് മുന്നില്‍ സ്മിത നന്ദി പറയുകയാണ്. ലോകത്തിലുള്ള പ്രതീക്ഷ നിലനിര്‍ത്തുന്നതാണ് അവരുടെ നല്ല മനസ്. 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)