എങ്ങനെ ആ മൃതദേഹം കേടുപാടുകളുണ്ടാകാതെ ഇരുന്നുവെന്നല്ലേ. സ്റ്റവ് നിര്‍മാണത്തില്‍ പേരുകേട്ട ഒരു കമ്പനി നിര്‍മ്മിച്ച ശവപ്പെട്ടിയായിരുന്നു അത്. 1800 കളുടെ മധ്യകാലം മുതലാണ് അവര്‍ അത്തരം ഉറപ്പുള്ള ശവപ്പെട്ടികളുടെ നിര്‍മ്മാണം തുടങ്ങിയത്. 

ക്വീന്‍സ്: ന്യൂയോര്‍ക്കിലെ ക്വീന്‍സ് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്ന നിര്‍മാണ തൊഴിലാളികളാണ് ആ പെട്ടി ആദ്യം കണ്ടത്. നീളത്തിലുള്ളൊരു ഇരുമ്പു പെട്ടിയായിരുന്നു അത്. പെട്ടി കിട്ടിയാല്‍ ആരാ തുറന്നു നോക്കാത്തത്. വെറുമൊരു കൌതുകത്തിന്‍റെ പുറത്ത് തൊഴിലാളികളും പെട്ടി തുറന്നു നോക്കി. പെട്ടി തുറന്നതും അവര്‍ ഞെട്ടി. അതിലൊരു പെണ്‍കുട്ടിയുടെ മൃതദേഹമായിരുന്നു. കാല്‍മുട്ടുവരെ സോക്സൊക്കെ ധരിച്ചൊരു പെണ്‍കുട്ടി. അധികം പഴക്കമില്ല മൃതദേഹത്തിന്. കണ്ടാല്‍ ഒരു ധനിക പെണ്‍കുട്ടിയുടെ മൃതദേഹമാണ്. ആരോ കൊന്നു പെട്ടിയിലടച്ചതാകണമെന്നും അവര്‍ വിധിയെഴുതി. ഏതായാലും വിവരം അവര്‍ പൊലീസിലറിയിച്ചു. പൊലീസ് ഫോറന്‍സിക്കിലും. 

അങ്ങനെ ഫോറന്‍സിക് ആര്‍ക്കിയോളജിസ്റ്റ് സ്കോട്ട് വര്‍നഷിന്‍റെ സഹായത്തോടെ ആ പെണ്‍കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരമറിയാനുള്ള ശ്രമമായി. അത്ര ചില്ലറക്കാരനൊന്നുമല്ല സ്കോട്ട്. എത്ര വര്‍ഷം മുമ്പുള്ള മൃതദേഹമാണെങ്കിലും കൃത്യമായ വിവരങ്ങള്‍ കിട്ടും. 25 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. 2001 സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണസമയത്തടക്കം ഫോറന്‍സിക് പരിശോധനക്ക് പോയ വ്യക്തിയാണ്. അദ്ദേഹമാണ് പരിശോധിച്ച് ആ മൃതദേഹത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ആ മൃതദേഹത്തിന്‍റെ പഴക്കം ഏകദേശം 150 വര്‍ഷമാണ്. 

അപ്പോഴും സംശയം തീര്‍ന്നില്ല. ഇത്രയും വര്‍ഷത്തെ പഴക്കം എന്തുകൊണ്ടാണ് ആ മൃതദേഹത്തിന് തോന്നാത്തത്. എന്തുകൊണ്ടാണ് അത് നശിച്ചു പോകാത്തത്. അങ്ങനെയാണ് ആ ശവപ്പെട്ടിയെ കുറിച്ചുള്ള രഹസ്യം വെളിപ്പെട്ടത്. പത്തൊന്‍പതാം നൂറ്റാണ്ടിലെ ധനികരായ ആളുകളുപയോഗിക്കുന്ന ശവപ്പെട്ടിയായിരുന്നു അത്. അങ്ങനെ രേഖകള്‍ പരിശോധിച്ചു. അപ്പോഴാണ് ആ കുട്ടിയുടെയും കുടുംബത്തെയും കുറിച്ചുള്ള വിവരങ്ങള്‍ കിട്ടുന്നത്. മാര്‍ത്ത പീറ്റേഴ്സണ്‍ എന്നായിരുന്നു അവളുടെ പേര്. ആഫ്രിക്കന്‍-അമേരിക്കന്‍ പെണ്‍കുട്ടിയായിരുന്നു അത്. ക്വീന്‍സിലെ ധനികരും പ്രശസ്തരുമായ മാതാപിതാക്കളുടെ മകളായിരുന്നു അവള്‍. ചിക്കന്‍ പോസ്ക് പിടിപെട്ടായിരുന്നു അവളുടെ മരണമെന്നാണ് കരുതുന്നത്. 

എങ്ങനെ ആ മൃതദേഹം കേടുപാടുകളുണ്ടാകാതെ ഇരുന്നുവെന്നല്ലേ. സ്റ്റവ് നിര്‍മാണത്തില്‍ പേരുകേട്ട ഒരു കമ്പനി നിര്‍മ്മിച്ച ശവപ്പെട്ടിയായിരുന്നു അത്. 1800 കളുടെ മധ്യകാലം മുതലാണ് അവര്‍ അത്തരം ഉറപ്പുള്ള ശവപ്പെട്ടികളുടെ നിര്‍മ്മാണം തുടങ്ങിയത്. പ്രിയപ്പെട്ട ആള്‍ക്കരുടെ മൃതദേഹം പെട്ടെന്ന് നശിക്കാതിരിക്കാനായിരുന്നുവത്രേ അത്തരം ശവപ്പെട്ടികളില്‍ അടക്കിയിരുന്നത്. മാത്രവുമല്ല, മാര്‍ത്ത മരിച്ചത് ചിക്കന്‍ പോക്സ് ബാധിച്ചാണല്ലോ. വായുവിലൂടെ പകരുന്ന രോഗം മറ്റൊരാള്‍ക്കും പകരാതിരിക്കാനണ് ഇത്തരം പെട്ടികളിലടക്കിയിരുന്നത്. പെട്ടിയുടെ മുകളില്‍ ഒരു ഗ്ലാസുമുണ്ടായിരുന്നു. അതുകൊണ്ട് പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി അവളെ കാണാനും സാധിച്ചു. 

പിന്നീട്, മാര്‍ത്തയുടെ മൃതദേഹം ഗവേഷകര്‍ പഠനത്തിനുപയോഗിച്ചു. 2011ലാണ് മൃതദേഹം ലഭിക്കുന്നത്. പിന്നീട്, അഞ്ചു വർഷക്കാലം ഡിജിറ്റൽ തന്ത്രങ്ങളിലൂടെ അതിനെക്കുറിച്ച് ഗവേഷണം നടന്നു. അങ്ങനെ പെൺകുട്ടിയുടെ യഥാർഥ മുഖവും ‘വിർച്വലി’ രൂപപ്പെടുത്തിയെടുത്തു. സിടി സ്കാനിലൂടെ തലയോട്ടി സ്കാൻ ചെയ്ത്, സർക്കാർ രേഖകളിൽ നിന്ന് മാർത്തയുടെ വയസ്സ് കണ്ടെത്തി, പൂർവികരുടെ ചിത്രങ്ങളും അതിനുവേണ്ടി ശേഖരിച്ചു. അതുവഴി അവളെ ‘പുനർജനിപ്പിച്ചു’. ഗവേഷണമൊക്കെ കഴിഞ്ഞ്, 2016 നവംബറിൽ മാർത്തയുടെ മൃതദേഹം അടക്കുകയും ചെയ്തു. മാർത്തയുടെ ഇരുമ്പു ശവപ്പെട്ടി വഴി ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി യുഎസ് പബ്ലിക് ബ്രോഡ്കാസ്റ്റിങ് സർവീസ് ഒരു ഡോക്യുമെന്ററിയും പുറത്തിറക്കിയിരുന്നു. ‘സീക്രട്ട്സ് ഓഫ് ദ് ഡെഡ്: ദ് വുമൺ ഇൻ ദി അയൺ കോഫിൻ’ എന്നായിരുന്നു ആ ഡോക്യുമെന്‍ററിയുടെ പേര്.