രണ്ട് വര്‍ഷമാണ് കിടക്കയില്‍ മാത്രം കഴിഞ്ഞത്. തകര്‍ന്നുപോയ ദിവസങ്ങള്‍. പക്ഷെ, തോറ്റുകൊടുക്കാനൊരുക്കമായിരുന്നില്ല. കഴിയുന്ന ജോലിയൊക്കെ ചെയ്തു. ബേബിസിറ്ററായി, കോള്‍ സെന്‍ററില്‍ ജോലിക്ക് പോയി, കാറ്ററിങ്ങ് നടത്തിക്കൊടുക്കുന്ന ആളായി
മുംബൈ: മുംബൈയില്‍ നിന്നുള്ള പമ്മു എന്നു വിളിക്കുന്ന പര്‍വീന്ദര്‍ ചാവ്ല നടത്തിയ യാത്രകള്‍ കുറച്ചു പ്രത്യേകതയുള്ളതാണ്. 48 വയസിനുള്ളില്‍ ആറ് ഭൂഖണ്ഡങ്ങളിലായി പമ്മു സന്ദര്‍ശിച്ചത് 23 രാജ്യങ്ങളാണ്. ഈ യാത്രകളെല്ലാം നടത്തിയത് വീല്‍ചെയറിലും. ഒറ്റയ്ക്കായിരുന്നു യാത്രകളെല്ലാം.
അതില്‍തന്നെ സാഹസികവും, കഠിനവുമായ യാത്രകളുണ്ട്. തായ് വാനിലെ പാരാഗ്ലൈഡിങും, ഇക്വാഡോറിലെ അപകടമേഖലകള്‍ സന്ദര്‍ശിക്കലും അതില്‍ പെടുന്നു. ലുധിയാനയിലാണ് പമ്മു ജനിച്ചത്. ആറില്‍ പഠിക്കുമ്പോള്‍ നേരെ മുംബൈയിലേക്ക്. പതിനഞ്ചാമത്തെ വയസിലാണ് വാതരോഗബാധ കണ്ടെത്തുന്നത്. ഹോട്ടല്‍ നടത്തുകയായിരുന്നു പമ്മുവിന്‍റെ കുടുംബം. നാല് മക്കളില്‍ ഇളയവള്‍. പ്രായം കൂടുന്തോറും പലവിധപ്രശ്നങ്ങള്‍ അവളെ അലട്ടിത്തുടങ്ങി. ഭക്ഷണം കൊടുക്കുമ്പോള്‍ പൂര്‍ണമായും വായ തുറക്കാന്‍ പോലുമായില്ല. ഡോക്ടര്‍ക്കും വീട്ടുകാര്‍ക്കും രോഗം വഷളാവുന്നുവെന്ന് മനസിലായെങ്കിലും അവള്‍ അതിനത്ര പ്രാധാന്യം നല്‍കിയില്ല. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗം ഗുരുതരമായിത്തുടങ്ങിയത്. ക്ലാസുകളെ അത് ബാധിച്ചു തുടങ്ങി. അസഹ്യമായ വേദന ശരീരത്തെ ബാധിച്ചു തുടങ്ങി. സ്റ്റിറോയ്ഡിന്‍റെ സഹായം വേണ്ടിവന്നു പരീക്ഷയെഴുതാന്‍. പമ്മു തളര്‍ന്നത് സഹോദരിയുടെ വിവാഹ നാളുകളിലായിരുന്നു. പഞ്ചാബില്‍ വെച്ചായിരുന്നു അത്. വിവാഹാഘോഷത്തിന്‍റെ ഭാഗമായുള്ള നൃത്തപരിശീലനം നേരത്തേ തുടങ്ങി. പക്ഷെ, നൃത്തം ചെയ്യാന്‍ പോയിട്ട് ശരിക്കൊന്നു നില്‍ക്കാന്‍ പോലുമായിരുന്നില്ല അവള്‍ക്ക്.

രണ്ട് വര്‍ഷമാണ് കിടക്കയില്‍ മാത്രം കഴിഞ്ഞത്. തകര്‍ന്നുപോയ ദിവസങ്ങള്‍. പക്ഷെ, തോറ്റുകൊടുക്കാനൊരുക്കമായിരുന്നില്ല. കഴിയുന്ന ജോലിയൊക്കെ ചെയ്തു. ബേബിസിറ്ററായി, കോള്‍ സെന്‍ററില്‍ ജോലിക്ക് പോയി, കാറ്ററിങ്ങ് നടത്തിക്കൊടുക്കുന്ന ആളായി. പിന്നീട് യാത്രകളും. കാശ്മീരിലേക്കുള്ള യാത്രയില്‍ ഒരിക്കല്‍ തളര്‍ന്നു, ജോലിക്കാര്‍ അവളെ തടയുകയും െചയ്തു. പക്ഷെ, ആത്മവിശ്വാസവും ആഗ്രഹവും കൈമുതലാക്കി അവളാ യാത്ര അവിസ്മരണീയമാക്കി. അതോടെ പിന്നെയും യാത്ര നടത്താനുള്ള ആഗ്രഹങ്ങള്‍ക്കും തുടക്കമായി. ട്രാവല്‍ ഏജന്‍സികളെ സമീപിക്കുമ്പോള്‍ സഹായി ഇല്ലാതെ യാത്ര അനുവദിക്കാനാകില്ല എന്നായി. പക്ഷെ, പമ്മു അടങ്ങിയിരുന്നില്ല. യാത്രകള്‍ പ്ലാന്‍ ചെയ്തു. വില കുറഞ്ഞ മുറികളും മറ്റും താമസത്തിനായി തെരഞ്ഞെടുത്തു. വിമാനച്ചെലവും കുറഞ്ഞ രീതിയില്‍ നോക്കി. ചെലവു ചുരുക്കി ഒരുപാട് യാത്രകള്‍...

അമേരിക്കയും യൂറോപ്പും സഞ്ചരിച്ചു. അവിടെയുള്ളവരുമായി സൌഹൃദത്തിലായി. ഒരിക്കല്‍ റോമില്‍ വച്ച് കയ്യിലുണ്ടായിരുന്ന പണമെല്ലാം നഷ്ടപ്പെട്ടു. ചൈനയില്‍ ചെന്നപ്പോള്‍ താമസിക്കാന്‍ തീരുമാനിച്ച ഹോട്ടല്‍ തകര്‍ന്നുവീണു. ആ സമയത്തുതന്നെ പനിയും പിടിച്ചു. ഗൂഗിളൊന്നും കിട്ടുന്നുമില്ല. അവസാനം അവിടെത്തന്നെയുള്ളൊരാളുടെ സഹായത്തോടെ താമസിക്കാനിടം കണ്ടെത്തി. പക്ഷെ, അതിനൊന്നും തളര്‍ത്താനാകില്ലായിരുന്നു പമ്മുവിന്‍റെ യാത്രാപ്രണയത്തെയും, ആത്മവിശ്വാസത്തേയും. മരിക്കുന്നതിന് മുമ്പ്, ഈ ജീവിതമങ്ങ് അടിച്ചുപൊളിച്ച് ജീവിക്കാനാണ് പമ്മുവിന്‍റെ തീരുമാനം.
പമ്മുവിന് ഒരു ബ്ലോഗുമുണ്ട്. യാത്ര ടിപ്പുകളും അനുഭവങ്ങളുമൊക്കെ അവിടെ കിട്ടും. wheelchair and eye എന്നാണ് പേര്.
