പത്തൊമ്പതാമത്തെ വയസില്‍ യു.കെയില്‍ നിന്ന് ഇന്ത്യയിലെത്തി, ഇന്ന് അറിയപ്പെടുന്ന ജൈവകര്‍ഷകനാണ് ഇദ്ദേഹം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 20, Dec 2018, 11:46 AM IST
this man from uk is now a known natural farmer
Highlights

എന്തുകൊണ്ട് ഇങ്ങനെയൊരു കൃഷിരീതി അവലംബിക്കുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടിയും തിരികെ വേറൊരു ചോദ്യമാണ്, 'നിങ്ങളുപയോഗിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? ആരാണ് അവ ഉണ്ടാക്കുന്നതെന്നും അതിലെന്തൊക്കെ ചേര്‍ക്കുന്നുണ്ടാകുമെന്നും അറിയാമോ?'

കൃഷ്ണ മാക്കെന്‍സി പത്തൊമ്പതാമത്തെ വയസിലാണ് ഇന്ത്യയിലെത്തിയത്. ജെ.കൃഷ്ണമൂര്‍ത്തി സ്കൂള്‍ ഓഫ് യു.കെയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഉടനെയായിരുന്നു അത്. ഇന്ത്യയിലെത്തിയ കൃഷ്ണ തമിഴ് നാട്ടിലെ ഓറോവില്‍ എന്ന സ്ഥലത്തെത്തി അവിടുത്തുകാരനായിരിക്കുകയാണ്. 

തമിഴ് നാട്ടിലെ ആഗോള നഗരമാണ് ഓറോവില്‍. അവിടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളും പുരുഷന്മാരുമായി 50,000 പേരാണ് ജീവിക്കുന്നത്. പരിസ്ഥിതി സൌഹാര്‍ദ്ദപരമായ ജീവിതം അവര്‍ അവിടെ പരിശീലിക്കുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കൃഷ്ണ എന്ന ചെറുപ്പക്കാരന്‍ ഇംഗ്ലണ്ടില്‍ നിന്നും തമിഴ് നാട്ടിലെത്തുന്നത്. ഇപ്പോള്‍ നാല്‍പതുകളിലെത്തിയ അദ്ദേഹം ഇന്ന് ആ ടൗണിലെ ഒരു കൊച്ച് സെലിബ്രിറ്റിയാണ്. 

അതിന് കാരണം, കൃഷിയില്‍ അദ്ദേഹം കൈവരിച്ച വിപ്ലവകരമായ നേട്ടമാണ്. പഠിക്കുന്ന സമയത്ത് കൃഷണമൂര്‍ത്തി സ്കൂളിലെ വിക്ടോറിയന്‍ വെജിറ്റബിള്‍ ഗാര്‍ഡന്‍ നടത്തിയ പരിചയമുണ്ടായിരുന്നു അദ്ദേഹത്തിന്. കൃഷ്ണ അദ്ദേഹത്തെ തന്നെ വിളിക്കുന്നത് 'ജൈവ കര്‍ഷകന്‍' എന്നാണ്. കൃഷ്ണ പറയുന്നത്, പ്രകൃതി തന്നെ പൂര്‍ണമാണ്. അതിനെ വിപുലീകരിക്കാന്‍ നാമായി ഒന്നും ചെയ്യേണ്ടതില്ല എന്നാണ്. അതിനാല്‍ ജൈവ കൃഷിയാണ് ഏറ്റവും മികച്ച കൃഷിരീതിയെന്നും. ഇതില്‍ നിന്നുകൊണ്ടാണ് അദ്ദേഹം കൃഷി നയിച്ചത്. ഇന്ന് അദ്ദേഹത്തിന്‍റെ സോളിറ്റിയൂഡ് ഫാമില്‍ (Solitude Farm) 140 തരം ചെടികളുണ്ട്. അതില് തന്നെ പഴവും പച്ചക്കറിയും ധാന്യവര്‍ഗങ്ങളുമെല്ലാം പെടുന്നു. 

സീതാപ്പഴം, മാങ്ങ, പപ്പായ, പേരയ്ക്കാ, തക്കാളി, കാരറ്റ്, ബീന്‍സ്, വാഴപ്പഴം, വിവിധ ഔഷധസസ്യങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നു. നൂറു ശതമാനവും ജൈവ കൃഷിയാണ്. രാസവളങ്ങളൊന്നും തന്നെ അദ്ദേഹം ചേര്‍ക്കുന്നുമില്ല. ഈ വിഭവങ്ങളെല്ലാം തയ്യാറാക്കി അദ്ദേഹം അത് കഫെയില്‍ വിളമ്പുന്നുമുണ്ട്. യാതൊരു മായവും ചേര്‍ക്കാതെ തന്നെ അത് നമ്മുടെ പ്ലേറ്റുകളിലെത്തും.

 

എന്തുകൊണ്ട് ഇങ്ങനെയൊരു കൃഷിരീതി അവലംബിക്കുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിന്‍റെ മറുപടിയും തിരികെ വേറൊരു ചോദ്യമാണ്, 'നിങ്ങളുപയോഗിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങള്‍ക്കറിയുമോ? ആരാണ് അവ ഉണ്ടാക്കുന്നതെന്നും അതിലെന്തൊക്കെ ചേര്‍ക്കുന്നുണ്ടാകുമെന്നും അറിയാമോ? നമ്മള്‍ ഒരു ദിവസം മൂന്നുനേരം ഭക്ഷണം കഴിക്കുന്നു. അവ എവിടെ നിന്ന് എങ്ങനെ ഉണ്ടാക്കുന്നവയാണെന്നത് പൂര്‍ണമായും നമ്മളവഗണിക്കുന്നു. നമ്മുടെ പ്ലേറ്റുകളിലെത്തുന്നതിന് മുമ്പ് അവ എവിടെയൊക്കെ സഞ്ചരിച്ചുവെന്നും നമുക്കറിയില്ല. പ്രകൃതിയെ നശിപ്പിക്കാതെ തന്നെ അതിനെ ഉപയോഗിച്ചുകൊണ്ട് ആരോഗ്യകരമായ ഭക്ഷണം ഈ സമൂഹത്തിന് നല്‍കാന്‍ നമുക്ക് കഴിയണ'മെന്ന് അദ്ദേഹം പറയുന്നു. 

ഇന്ന് നമ്മുടെ സമൂഹത്തില്‍ പണമാണ് തീരുമാനിക്കുന്നത് നമ്മളെന്ത് കഴിക്കണമെന്ന്. പണം കൊടുത്ത് നമ്മളൊരു വാഴപ്പഴം വാങ്ങുന്നു. അത് മാത്രമേ നമുക്ക് കിട്ടൂ. എന്നാല്‍ ഒരു തൈ വച്ചാല്‍ വാഴയുടെ കാമ്പും കൂമ്പും എല്ലാം ഉപയോഗിക്കാം. അതില്‍ മറ്റ് രാസവളങ്ങളൊന്നും ചേര്‍ക്കുന്നില്ല എന്ന ഉറപ്പും ലഭിക്കും. ആ ഗ്രാമത്തിലെത്തുന്ന എല്ലാവര്‍ക്കും അദ്ദേഹം ജൈവ കൃഷിയുടെ ഗുണങ്ങളെ കുറിച്ച് പറഞ്ഞുകൊടുക്കുന്നു. കൂടാതെ വര്‍ക്ക് ഷോപ്പുകള്‍ സംഘടിപ്പിക്കുകയും, സ്കൂളിലെയും കോളേജിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നല്‍കുകയും ചെയ്യുന്നു. 

സ്കൂളിലെ വിദ്യാര്‍ത്ഥികളെ തരിശായിക്കിടകുന്ന നിലത്ത് കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുകയും അതില്‍ നിന്നും അവര്‍ക്കാവശ്യമുള്ള പച്ചക്കറികള്‍ ഉണ്ടാക്കുവാനും അവരെ സഹായിച്ചു. 

കൃഷ്ണ എത്തിയ സമയത്ത് വെള്ളവും വൈദ്യുതിയും പോലുമില്ലാത്ത ഇടം എന്നതില്‍ നിന്നും ഇന്നത് കൃഷിയിടങ്ങളാല്‍ ചുറ്റപ്പെട്ട മനോഹരമായ വീടും പറമ്പും ആയിരിക്കുന്നു. കൂടെ തമിഴ് നാട്ടുകാരിയായ ഭാര്യയും കുട്ടികളുമുണ്ട്. അവരും കൃഷിയില്‍ കൃഷ്ണയെ സഹായിക്കുന്നു. കൂടുതല്‍ പേരില്‍ ജൈവകൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് എത്തിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. അതിലൂടെ ആരോഗ്യമുള്ള ഒരു സമൂഹമുണ്ടാകുമെന്നും വിശ്വസിക്കുന്നു. 

loader