Asianet News MalayalamAsianet News Malayalam

വെള്ളപ്പൊക്കത്തില്‍ കാണാതായ ഭാര്യയ്ക്കായി അലഞ്ഞത് 19 മാസം; ഒടുവില്‍...

ലീലയെ കാണാതായ അന്നുമുതല്‍ അയാള്‍ ഉത്തരാഖണ്ഡില്‍ തന്നെ നിന്നു. ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ കയറിയിറങ്ങി അവളെ കണ്ടെത്തുന്നതിന്. 'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. അവളെ കണ്ടുമുട്ടുമെന്ന് എന്‍റെ മനസ് പറഞ്ഞു.' വിജേന്ദ്ര ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

this man search for his wife 19 months
Author
Ajmer, First Published Nov 4, 2018, 5:49 PM IST

അജ്മീര്‍: വിജേന്ദ്ര സിങ്ങിനെ പോലെ ഒരു ഭര്‍ത്താവ് ലീലയുടെ ഭാഗ്യമായിരിക്കും. കാരണം, ഒരാളും കാണാതായ ഭാര്യയെ തേടി ഇത്രയും അലഞ്ഞു കാണില്ല.

വിജേന്ദ്ര സിങ് റാത്തോര്‍, രാജസ്ഥാനിലെ അജ്മീറില്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്യുകയായിരുന്നു. ജോലിയുടെ ഭാഗമായി പല സ്ഥലത്തും അയാള്‍ യാത്ര ചെയ്തിട്ടുമുണ്ട്. പക്ഷെ, 2013 -ല്‍ കേദാര്‍നാഥിലേക്ക് നടത്തിയ യാത്ര അയാള്‍ക്ക് ഒരിക്കലും മറക്കാനാകാത്തതാണ്. അയാളുടെ ജീവിതത്തെ എന്നേക്കുമായി അത് മാറ്റിമറിച്ചു കളഞ്ഞു. 30 യാത്രക്കാര്‍ക്കൊപ്പം വിജേന്ദ്രയുടെ ഭാര്യ ലീലയും അത്തവണ കേദാര്‍നാഥിലേക്ക് വന്നു. 

ഭീകരമായ വെള്ളപ്പൊക്കമുണ്ടായപ്പോഴാണ് അവര്‍ ഉത്തരാഖണ്ഡിലെത്തിയത്. അന്ന്, ലീലയെ ആ വെള്ളപ്പൊക്കത്തില്‍ കാണാതായി. പരസ്പരം ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ലാതായി. അവിടെ ആരെയും ലീലക്കോ വിജേന്ദ്രക്കോ പരിചയമുണ്ടായിരുന്നില്ല. വിജേന്ദ്ര ലീലയ്ക്കു വേണ്ടി തിരച്ചിലാരംഭിച്ചു. ആകെ കയ്യിലുണ്ടായിരുന്നത് ലീലയുടെ ഒരു ഫോട്ടോ മാത്രമായിരുന്നു. കാണുന്ന ഓരോ മനുഷ്യന് നേരെയും അയാള്‍ ആ ഫോട്ടോ നീട്ടി, 'തന്‍റെ ഭാര്യയെ കണ്ടിരുന്നോ' എന്ന് അന്വേഷിച്ചു. 

ഒരു ദിവസം കഴിഞ്ഞു, ഒരുമാസം കഴിഞ്ഞു, പല മാസങ്ങളും കഴിഞ്ഞു. വിജേന്ദ്രക്ക് ലീലയെ കണ്ടെത്താനായില്ല. കാണുന്നവരെല്ലാം വിജേന്ദ്രക്ക് ഭ്രാന്താണ് എന്ന് പറഞ്ഞു തുടങ്ങി. പക്ഷെ, വിജേന്ദ്ര പ്രതീക്ഷ കൈവിട്ടില്ല. ആ സമയത്ത് രാജ് ലക്ഷ്മി, പിങ്കി, പുഷ്പ, സീമാദേവി, സാഗര്‍ എന്നിവര്‍ മാതാപിതാക്കളുടെ വരവിനായി കാത്തുനില്‍ക്കുകയായിരുന്നു. ഒരിക്കലും മോശമായ വാര്‍ത്തയുമായി ചെല്ലില്ലെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. 

ലീലയെ കാണാതായ അന്നുമുതല്‍ അയാള്‍ ഉത്തരാഖണ്ഡില്‍ തന്നെ നിന്നു. ആയിരക്കണക്കിന് ഗ്രാമങ്ങളില്‍ കയറിയിറങ്ങി അവളെ കണ്ടെത്തുന്നതിന്. 'ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. അവളെ കണ്ടുമുട്ടുമെന്ന് എന്‍റെ മനസ് പറഞ്ഞു.' വിജേന്ദ്ര ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 

ആഴ്ചകള്‍ക്ക് ശേഷം ഗവണ്‍മെന്‍റ് ലീലയെ കണ്ടെത്താനാകാത്തതിനാല്‍ അവര്‍ മരിച്ചുവെന്ന് എഴുതിച്ചേര്‍ത്തു. ഒമ്പത് ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരം. പക്ഷെ, വിജേന്ദ്ര അത് സ്വീകരിച്ചില്ല. തന്‍റെ ഭാര്യ ജീവിച്ചിരിപ്പുണ്ടാകുമെന്ന് തന്നെ അയാള്‍ വിശ്വസിച്ചു. 19 മാസങ്ങള്‍ അയാള്‍ തന്‍റെ തിരച്ചില്‍ തുടര്‍ന്നു. തനിക്കുള്ളതെല്ലാം വിറ്റ് അതിനിടയില്‍ കുട്ടികളുടെ കാര്യം നോക്കി. പല രാത്രികളിലും അയാള്‍ റോഡരികില്‍ കിടന്നുറങ്ങി. ഭക്ഷണം കഴിച്ചില്ല. പക്ഷെ, എന്നിട്ടും ലീല മരിച്ചിട്ടുണ്ടാകില്ലെന്ന് ഉറച്ച് വിശ്വസിച്ച് ഗവണ്‍മെന്‍റ് നല്‍കിയ നഷ്ടപരിഹാരം സ്വീകരിച്ചില്ല. 

2015 ജനുവരി 27 -ന് അവിടെയൊരു ഗ്രാമത്തിലെ കുറച്ച് പേരാണ് പറഞ്ഞത് അവര്‍ മാനസികമായി പ്രശ്നമുള്ള ഒരു സ്ത്രീയെ കണ്ടുവെന്നും അവര്‍ക്ക് ലീലയോട് സാമ്യമുണ്ടെന്നും. വിജേന്ദ്ര ആ ഗ്രാമവാസികളെ പിന്തുടര്‍ന്നു. അതെ, അത് ലീല തന്നെയായിരുന്നു. ഒടുവില്‍ അദ്ദേഹം അന്വേഷണത്തില്‍ വിജയിച്ചു. 

അനുഭവിച്ച വേദനകളും ബുദ്ധിമുട്ടുകളും ലീലയുടെ മാനസികനില തകരാറിലാക്കിയിരുന്നു. ഇപ്പോള്‍, വിജേന്ദ്രയും കുടുംബവും അവളെ പഴയപോലെയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവളുടെ മുഖത്തെ പുഞ്ചിരി തിരികെ വരുമെന്നു തന്നെ അവര്‍ പ്രതീക്ഷിക്കുന്നു. 

മൂന്നു വര്‍ഷമായി ലീലയും വിജേന്ദ്രയും വീണ്ടും കണ്ടുമുട്ടിയിട്ട്. ലീലയ്ക്ക് പുരോഗതിയുണ്ടെന്നും അവര്‍ പറയുന്നു. ലീലയുടേയും വിജേന്ദ്രയുടേയും കഥയറിഞ്ഞ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ അത് സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ്. 

വിജേന്ദ്രയെന്ന 'റിയല്‍ ഹീറോ'യുടെ ജീവിതം ആരാണ് ഇഷ്ടപ്പെടാതിരിക്കുക. 

 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)

Follow Us:
Download App:
  • android
  • ios