2020 ജൂലൈ 13 -ന് ന്യൂ ഓർലിയാൻസിലെ വീടിന്‍റെ പരിസരത്ത് കളിക്കുമ്പോഴാണ് ഒമ്പത് വയസുകാരനായ ദേവാന്റെ ബ്രയന്‍റ് അജ്ഞാതനായ ഒരാളാല്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ജൂലൈയിൽ നടന്ന വെടിവയ്പ്പ് അക്രമത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ആ കുരുന്ന്. അമേരിക്കയിലുടനീളം ഏഴ് കുട്ടികളെങ്കിലും കഴിഞ്ഞമാസം നടന്ന വിവിധ വെടിവയ്പ്പുകളിൽ മരണപ്പെട്ടിട്ടുണ്ട്. അക്രമകാരികളിലേറെയും ചെറിയ പ്രായക്കാരാണ്. അവര്‍ കൂടുതലും ലക്ഷ്യമിടുന്നതാവട്ടെ കുട്ടികളെയും. ദേവാന്‍റെ ബ്രയന്റ് കൊല്ലപ്പെട്ട വാർത്ത തലകെട്ടുകളിൽ നിറഞ്ഞപ്പോൾ ആ നാടാകെ വേദനിച്ചു. 

സംഗീതജ്ഞൻ ഷമർ അലനെയും ഇത് വല്ലാതെ സ്‍പർശിച്ചു. വാർത്ത വായിച്ച അദ്ദേഹം തന്റെ ഒമ്പത് വയസ്സുള്ള മകനെക്കുറിച്ച് അറിയാതെ ഓർത്തു. മരിച്ച കുഞ്ഞിന്‍റെ സ്ഥാനത്ത് തന്റെ മകനായിരുന്നെങ്കിലോ എന്നോർത്തപ്പോൾ അദ്ദേഹം അറിയാതെ നടുങ്ങിപ്പോയി. ഇതിനെതിരെ എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, ഇതിനെ ചെറുക്കാൻ ന്യൂ ഓർലിയൻസ് ഗായകനും ബാൻഡ്‌ലീഡറുമായ അദ്ദേഹത്തിന്റെ കൈയിൽ ഒരു ആയുധമേ ഉണ്ടായിരുന്നുള്ളൂ, സംഗീതം. തോക്കുകൾക്ക് പകരമായി കുട്ടികൾക്ക് വാദ്യോപകരണമായ ട്രംപെറ്റ് നൽകാൻ അദ്ദേഹം പദ്ധതിയിട്ടു.  

"ന്യൂ ഓർലിയാൻസിലെ എല്ലാ യുവാക്കളും നിങ്ങളുടെ തോക്ക് എനിക്ക് തരിക, പകരമായി ഞാൻ നിങ്ങൾക്ക് ഒരു ട്രംപെറ്റ് തരാം. ഞാൻ എന്റെ കൈയിലുള്ള ട്രംപെറ്റുകൾ തീരുന്നതുവരെ ഇത് തുടരുന്നതായിരിക്കും" അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. തോക്ക്-ട്രംപെറ്റ് കൈമാറ്റ പരിപാടിയിലൂടെ തനിക്ക് കഴിയുന്നത്ര തോക്കുകൾ തെരുവിൽ നിന്ന് ശേഖരിക്കാനാകുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചെങ്കിലും, തന്റെ അടുത്തെത്തുന്ന കുട്ടികൾക്ക് സുരക്ഷിതത്വം തോന്നേണ്ടത് പ്രധാനമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പൊലീസിനെ ഭയന്ന് അവര്‍ തോക്കുകളുമായി ട്രംപെറ്റ് വാങ്ങാന്‍ വരില്ല എന്നും അദ്ദേഹത്തിന് തോന്നി.

 

 
 
 
 
 
 
 
 
 
 
 
 
 

Since everyone is posting side by sides of their kids here y’all go

A post shared by Shamarr Allen (@shamarrallen) on Mar 31, 2020 at 8:10am PDT

തന്‍റെ പദ്ധതിയെ കുറിച്ച് ന്യൂ ഓർലിയൻസ് മേയർ ലൊട്ടോയ കാൻ‌ട്രെലിനോടും, പൊലീസ് മേധാവി ഷോൺ ഫെർഗൂസനോടും അലൻ സംസാരിച്ചു. കൊണ്ടുവരുന്ന തോക്കുകളുടെ വിശദാംശങ്ങളെ കുറിച്ച് യുവാക്കളോട് ഒന്നുംതന്നെ ചോദിക്കാൻ പാടില്ലെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞു. അത് കേട്ട് പൊലീസ് മേധാവി പറഞ്ഞു, "ശ്രദ്ധിക്കൂ, എനിക്ക് ഈ കുട്ടികളുടെ മനസ്സറിയാം. കാരണം ഞാൻ അവരെപ്പോലെതന്നെയാണ് വളർന്നത്. അവർ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം. അവർ മോശം കുട്ടികളല്ല, സാഹചര്യങ്ങളാണ് അവരെ അങ്ങനെ ആക്കുന്നത്." തെരുവിൽ നിന്ന് തോക്കുകൾ എടുത്ത് മാറ്റേണ്ടത് ഒരു അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് വിശദാംശങ്ങൾ തിരക്കാതെ തോക്കുകൾ സ്വീകരിച്ചോളാം എന്ന് സമ്മതിച്ചു.

പരിപാടി ആരംഭിച്ചതിന് ശേഷമുള്ള രണ്ടാഴ്‍ചയ്ക്കുള്ളിൽ, ആറ് തോക്കുകൾ ശേഖരിക്കാൻ അദ്ദേഹത്തിനായി. പൂർണ്ണമായും ലോഡ് ചെയ്‍ത തോക്കുമായി വന്ന ഒരു പെൺകുട്ടിക്കാണ് അദ്ദേഹം ആദ്യമായി ട്രംപെറ്റ് കൈമാറിയത്. അലൻ പറഞ്ഞു, "അവളെ കണ്ടാൽ, അവളുടെ കൈയിൽ തോക്ക് ഉണ്ടെന്ന് ആരും സംശയിക്കില്ല. ട്രംപെറ്റ് കിട്ടിയപ്പോൾ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി." കുട്ടികൾക്ക് സൗജന്യ സംഗീത ക്ലാസ്സുകൾ നൽകാൻ സന്നദ്ധത അറിയിച്ച പ്രാദേശിക സംഗീതജ്ഞരുടെ വിവരങ്ങളും അദ്ദേഹം കുട്ടികൾക്ക് നൽകി. തന്റെ ശേഖരത്തിൽ ഉണ്ടായിരുന്ന നാല് ട്രംപെറ്റുകളും തീർന്നപ്പോൾ അലൻ കൂടുതൽ പണം ശേഖരിക്കുന്നതിനായി ഒരു ഓൺലൈൻ ഫണ്ട് ശേഖരണം ആരംഭിച്ചു. കാരണം ഇനിയും ഒരുപാട് കുട്ടികൾ ഇതാഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. 

'The Trumpet is My Weapon Gun Exchange പ്രോഗ്രാം തോക്കുകൾക്ക് പകരം നൽകാൻ 250 ഡോളർ വീതമുള്ള ട്രംപെറ്റുകളും സംഗീത പുസ്‍തകങ്ങളും വാങ്ങാൻ പണം സ്വരൂപിക്കുന്നു' അദ്ദേഹം എഴുതി. "ന്യൂ ഓർലിയാൻസിലെ ലോവർ ഒൻപതാം വാർഡിൽ വളർന്ന ഒരു വ്യക്തിയെന്ന നിലയിൽ എനിക്കറിയാം അവിടുത്തെ കുട്ടികളും യുവാക്കളും കടന്നുപോകുന്ന വഴികൾ, അവർ അനുഭവിക്കുന്ന സംഘർഷങ്ങൾ. ഞാനും അവരിൽ ഒരാളായിരുന്നു. അത്തരം പ്രവൃത്തികളിൽ ഞാനും ഏർപ്പെടാറുണ്ടായിരുന്നു. എന്നാൽ എന്നെ രക്ഷിക്കുകയും എന്റെ വഴി വഴിതിരിച്ചുവിടുകയും ചെയ്‍തത് സംഗീതമാണ്. ഒപ്പം എന്നെ ബന്ധിപ്പിച്ച നഗരത്തിന്റെ സംസ്‍കാരവും" അദ്ദേഹം പറഞ്ഞു. 

ആദ്യമൊക്കെ പോക്കറ്റ് മണിക്കായാണ് അദ്ദേഹം ഫ്രഞ്ച് ക്വാർട്ടേഴ്‍സിൽ ട്രംപെറ്റ് വായിക്കാൻ പോയിരുന്നത്. എന്നാൽ, ഒടുവിൽ സംഗീതത്തിനായി സ്വയം സമർപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്തെങ്കിലും ഒരു ദുഃഖം വന്നാൽ, മനസ്സ് അസ്വസ്ഥമായാൽ അദ്ദേഹം ട്രംപെറ്റ് വായിക്കും. ഇപ്പോൾ ട്രംപെറ്റ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. ട്രംപെറ്റ് ഈസ് മൈ വെപ്പൺ കാമ്പയിനിന്‍റെയും ഗൺ എക്സ്ചേഞ്ച് പദ്ധതിയുടെ ലക്ഷ്യവും അത് തന്നെയാണ്. 

"സംഗീത ഉപകരണങ്ങൾ കുട്ടികളുടെ കൈയിൽ വച്ച് കൊടുക്കുമ്പോൾ, ഇതുവരെ അവർ കണ്ട ലോകമല്ല, അതിലും മികച്ച ഒന്ന് അവർക്കായി കാത്തിരിക്കുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നെ രക്ഷിച്ചത് പോലെ സംഗീതം നിങ്ങളെയും രക്ഷിക്കുമെന്ന് അവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു" അലൻ പറഞ്ഞു. ഇതുവരെ പദ്ധതി വഴി 27 ലക്ഷത്തോളം സമാഹരിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. കൂടാതെ ചിലർ സ്വന്തം സംഗീതോപകരണങ്ങൾ സംഭാവന ചെയ്യാൻ സ്വയം മുന്നോട്ട് വരുന്നതും ഒരു നല്ല മാറ്റമായി അദ്ദേഹം കാണുന്നു.  തെരുവുകളിൽ വെടിയൊച്ചകൾക്ക് പകരം സംഗീതത്തിന്റെ മാധുര്യം നിറയുന്ന ഒരു ദിവസം വരുമെന്ന് അലൻ പ്രതീക്ഷിക്കുന്നു.