തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു വൃദ്ധനായ പോസ്റ്റുമാന്‍ തന്‍റെ ജോലിയോട് കാണിച്ച ആത്മാർത്ഥതയുടെ പേരിൽ സോഷ്യൽ മീഡിയയിൽ താരമാവുകയാണ്. ഈ മാസം ആദ്യം വിരമിച്ച പോസ്റ്റുമാന്‍ ഡി. ശിവന്‍റെ കഥ പങ്കുവച്ചത് ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥയായിരുന്നു. കത്തുകൾ നൽകാനായി കൊടുംകാടുകളും, കുന്നിൻ ചെരുവുകളും, വഴുക്കലുള്ള പാറക്കെട്ടുകളും കടന്ന് ദിവസവും 15 കിലോമീറ്റർ ദൂരമാണ് അദ്ദേഹം നടന്നിരുന്നത്. അതും ഒന്നും രണ്ടും വർഷമല്ല, 30 വർഷക്കാലം കാൽനടയായി ഡി ശിവൻ തമിഴ്‌നാട്ടിലെ വിദൂര സ്ഥലത്തേക്ക് കത്തുകൾ കൊണ്ടുപോയി കൊടുത്തു! 

കൂനൂരിനടുത്തുള്ള ഹിൽ‌ഗ്രോവ് പോസ്റ്റോഫീസിൽ നിന്ന് നീലഗിരി മൗണ്ടെയ്ൻ റെയിൽ‌വേ ട്രാക്കിലൂടെ നടന്ന് അദ്ദേഹം സമീപപ്രദേശങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളികൾക്ക് കത്തുകളും പെൻഷനും നൽകിവന്നു. ദുർഘടമായ കാട്ടുപാതയിലൂടെ നടന്ന് നീങ്ങുന്ന അദ്ദേഹത്തിന് പലപ്പോഴും ആനകളെയും, പാമ്പുകളെയും വന്യമൃഗങ്ങളെയും നേരിടേണ്ടി വരാറുണ്ട്. 2016 -ൽ ദി ഹിന്ദു ഒരു റിപ്പോർട്ടിൽ  പറഞ്ഞിരുന്നത്, പോസ്റ്റുമാന് തന്റെ ജോലിക്ക് പ്രതിമാസം 12,000 രൂപയാണ് ലഭിച്ചിരുന്നത് എന്നാണ്. അങ്ങേയറ്റം അർപ്പണബോധത്തോടെ തന്റെ കടമ നിർവഹിച്ച പോസ്റ്റുമാനെ ഐ‌എ‌എസ് ഉദ്യോഗസ്ഥ സുപ്രിയ സാഹു ട്വിറ്ററിൽ പ്രശംസിച്ചിരുന്നു. 'പോസ്റ്റുമാന്‍ ഡി. ശിവൻ കൂനൂരിലെ എത്തിപ്പെടാൻ പ്രയാസമുള്ള പ്രദേശങ്ങളിൽ കത്തുകൾ എത്തിക്കുന്നതിനായി വനത്തിലൂടെ ദിവസവും 15 കിലോമീറ്റർ നടന്നു” അവർ എഴുതി. 'ആനകൾ, കരടികൾ, വഴുവഴുപ്പുള്ള അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെ അതിജീവിച്ച് കഴിഞ്ഞയാഴ്‍ച വിരമിക്കുന്നതുവരെ 30 വർഷത്തോളം അർപ്പണബോധത്തോടെ അദ്ദേഹം തന്‍റെ കടമ നിർവഹിച്ചു.” അവർ ട്വീറ്റ് ചെയ്‌തു. 

സാഹുവിന്റെ ട്വീറ്റിന് നിരവധിപ്പേരാണ് പ്രതികരിക്കുകയും റീട്വീറ്റ് ചെയ്യുകയും ചെയ്‍തിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അര്‍പ്പണബോധത്തെ പലരും അഭിനന്ദിച്ചു. അദ്ദേഹത്തെ 'ഒരു യഥാർത്ഥ സൂപ്പർഹീറോ' എന്നും വിളിച്ചു. 'അദ്ദേഹം നിരാലംബരായ ആളുകളുടെ പടിവാതിൽക്കൽ കത്തുകൾ എത്തിക്കാൻ സഹായിച്ചു'വെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടത്.