വിശദീകരിക്കാൻ കഴിയാത്ത പല അത്ഭുതങ്ങളും ഇന്ന്  പ്രകൃതിയിൽ നടക്കുന്നതായി നമുക്കറിയാം. കാലാവസ്ഥ മാറ്റവും, ആഗോളതാപനവും, മലിനീകരണവുമൊക്കെ അതിൽ കാര്യമായ പങ്കുവഹിക്കുന്നു. ആസിഡ് മഴയും, മുൻപ് കേട്ടിട്ടില്ലാത്ത രോഗങ്ങളും എല്ലാം അതിനുദാഹരണങ്ങളാണ്. എന്നാൽ, ഡെന്മാർക്കിലെ ഫറോ ദ്വീപിൽ പോയാൽ വേറൊരു സംഭവം കൂടി കാണാം. വളരെ വലിയൊരു അത്ഭുതമാണ് അവിടത്തെ മലനിരകളിൽ നമുക്ക് കാണാൻ കഴിയുക. ആ മലനിരകളിൽ മനോഹരമായ ഒരു വെള്ളച്ചാട്ടമുണ്ട്. അവിടെ പക്ഷേ, മറ്റെല്ലായിടത്തും കാണുന്നപോലെ വെള്ളം താഴോട്ടല്ല പകരം മുകളിലോട്ടാണ് ഒഴുകുന്നത്. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും, സംഭവം വാസ്തവമാണ്.

18 പ്രധാന ദ്വീപുകൾ ഒത്തുചേർന്നതാണ് ഡെൻമാർക്കിലെ ഫറോ ദ്വീപുകൾ. പരുക്കൻ ഭൂപ്രദേശമായ ഫറോയിൽ എപ്പോഴും കാറ്റുവീശുന്ന, തണുത്ത കാലാവസ്ഥയാണുള്ളത്. ഈ മനോഹരമായ പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ 41 -കാരനായ സാമി ജേക്കബ്സനാണ് മുകളിലേക്ക് ഒഴുകുന്ന ജലനിരയെ കണ്ടത്. 470 മീറ്റർ നീളമുള്ള മലഞ്ചെരിവിലൂടെ മുകളിലേക്ക് ഒഴുകുന്ന വെള്ളത്തിൻ്റെ നിര അദ്ദേഹത്തെ വിസ്മയിപ്പിച്ചു. ഉടനെതന്നെ അദ്ദേഹം അതിൻ്റെ വീഡിയോ സ്വന്തം ക്യാമറയിൽ ചിത്രീകരിച്ചു.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗ്രെഗ് ഡേ‌ഹർസ്റ്റിൻ്റെ അഭിപ്രായത്തിൽ, ഈ ജലപാത ഒരു ചുഴലിക്കാറ്റ് പോലെയാണ്. ചുഴലിക്കാറ്റ് പക്ഷേ ഭൂമിയിലല്ല, മറിച്ച് വെള്ളത്തിന് മുകളിലാണ് രൂപപ്പെടുന്നത് എന്നുമാത്രം. പർവ്വതനിരകളിലെ ശക്തമായ കാറ്റ് അതിനെ കറക്കുന്നു. ചുഴലിക്കാറ്റ് വളരെ വേഗത്തിൽ രൂപം കൊള്ളുന്നതിന് ഇത് കാരണമാകുന്നു.  

സമുദ്രത്തിന് മുകളിലോ മറ്റേത് ജലാശയത്തിന് മുകളിലോ ഒരു കൊടുംകാറ്റ് പോലെ രൂപംകൊള്ളുന്ന ഇത്തരത്തിലുള്ള കാറ്റിനെ മലഞ്ചെരിവ്‌ വൃത്താകൃതിയിൽ ശക്തമായി കറക്കുന്നു. അങ്ങനെ വെള്ളവും കാറ്റും കലർന്ന ഇത്‌ ഒരു വെള്ളത്തിൻ്റെ ചുഴലിക്കാറ്റായി മാറി മുകളിലേക്ക് ഉയരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇത്തരം മുകളിലേക്ക് ഒഴുകുന്ന വെള്ളത്തിൻ്റെ ചാലുകൾ രൂപപ്പെടുന്നത്.  

നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പറയുന്നതനുസരിച്ച്, ഭൂമിയിലുണ്ടാകുന്ന  ചുഴലിക്കാറ്റിൻ്റെ അതേ സ്വഭാവമാണ് വെള്ളത്തിലെ ഈ ചുഴലിക്കാറ്റിനുമുള്ളത്. ഇതിനോടൊപ്പം ശക്തമായ  ഇടിമിന്നലും, ശക്തമായ കാറ്റും, വലിയ ആലിപ്പഴവും ഉണ്ടാകാറുണ്ട്. എന്ത് തന്നെയായാലും, ഇത് ആളുകളെ അത്ഭുതപ്പെടുത്തുന്നു. ഇൻറർനെറ്റിൽ ഈ വീഡിയോ അനേകായിരം ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.